മധ്യകാല കേരളത്തിലെ അധിനിവേശ പ്രതിരോധങ്ങളും സമകാലീന  മാപ്പിള നിലപാടുകളും
Dr. Jayafarali Alichethu[1]

തെക്കൻ ഇന്ത്യയുടെ അതിർമുനമ്പായ അറബിക്കടലിന്റെ ഓരങ്ങളിൽ ഏകദൈവ ആരാധനയിൽ അധിസ്ഥിതമായ മതസംഹിതകളുടെ ആഗമനവും വ്യാപനവും അതി ശക്തമായ രീതിയിൽ നടമാടിയതിനു വ്യക്തമായ നിരവധി ഉപധാനങ്ങൾ ലഭ്യമാകുന്നു എന്നത് ചരിത്രപരമായി വളരെ പ്രാധാന്യമുണ്ട്. അറേബ്യൻ മരുപ്പച്ചയിൽ തൗഹീദിന്റെ ധ്വനി മുഴക്കം കേൾക്കുന്ന ഏഴാം നൂറ്റാണ്ടിന്റെ ആദ്യ പാതിക്കും  മുന്നെ  എത്രെയോ നൂറ്റാണ്ടുകൾ അറബ് കടൽ സഞ്ചാരികൾക്കും, വ്യാപാരികൾക്കും ഹാർദ്ദമായി സ്വാഗതമോതി  ഏഷ്യൻ തുരുത്ത്. കച്ചവട ലക്ഷ്യം മാത്രം മുൻ നിർത്തി പാകപ്പൽ ഏറിയ സഞ്ചാരപ്രിയരായ അറബ് വർത്തക സംഘങ്ങൾ, രാഷ്ട്രീയ-അധിനിവേശ ചിന്തകൾക്ക് പ്രാധാന്യം നൽകിയില്ല എന്നതും എടുത്തുദ്ധരിക്കേണ്ട ഒരു സംഗതിയാണ്.  ഇത്തരം മാനുഷിക മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച അറബികൾ മലബാർ തീരത്ത് ഒരു സമാധാന അന്തരീക്ഷം സൃഷ്ട്ടിച്ചു എന്ന് തന്നെ പറയാം. ഇത്തരം മാന്യമായ ഇടപഴകലുകളുടെ ഫലം ആവോളം നുകർന്നതു തെക്കേ ഇന്ത്യയുടെ കിഴക്കൻ തീരപ്രദേശത്തെ തെക്കേ കരയായ, ‘കുരുമുളക് സംഭരണി’ എന്ന് ചരിത്രം വിവരിച്ച കോഴിക്കോടായിരുന്നു. എന്നാൽ വ്യാപാര തല്പരത മാത്രം കൈമുതലാക്കി നൂറ്റാണ്ടുകളോളം അറബിക്കടലിന്റെ ശാന്തമായ ഓളങ്ങളെ കാറ്റിന്റെ ഗതിക്കനുസരിച്ച് പാകപ്പെടുത്തി പ്രാദേശിക സാമൂഹിക പരിഷ്കരണങ്ങളിൽ കാതലായ ഇടപെടലുകൾ നടത്തിയിരുന്ന അറബികളുടെ നിർലോഭമായ സഞ്ചാരത്തെ തകർത്തെറിഞ്ഞതു പതിനഞ്ചാം നൂറ്റാണ്ടോടു കൂടിയാണ്. ഭൂലോകത്തിന്റെ കിഴക്കൻ നാണ്യ സമ്പത്തുകളെ അറബി മധ്യ വർത്തികളിലൂടെ മാത്രം ആസ്വദിക്കാൻ സാധിച്ചിരുന്ന പടിഞ്ഞാറൻ സാമ്രാജ്യങ്ങൾക്കു, കേവല ഉപഭോഗ സംസ്കാരത്ത് നിന്ന് സമ്പൂർണ്ണ നിയന്ത്രിത  താല്പര്യത്തിലേക്കു  മനംമാറ്റമുണ്ടാകുകയും, അതിന്റെ ഫലമായി 'ഇന്ത്യ കണ്ടെത്തൽ' യജ്ഞങ്ങൾക്കു തുടക്കമിടും ചെയ്തു. സ്വപ്ന പൂർത്തീകരണത്തിനു നിരന്തര പരിശ്രമത്തിൽ ഏർപ്പെട്ട യൂറോപ്പ്യൻ ഭരാണാധികാരികളിൽ കിഴക്കൻ കടൽ സഞ്ചാര നിയന്ത്രണമുണ്ടായിരുന്ന പോർച്ച്ഗീസ് ഭരണാധികാരി ഹെൻഡ്രി നാവികന്റെ അകൈതവമായ പിന്തുണയും ശ്രമങ്ങളുമായപ്പോൾ 1948 ലെ ഗാമ വിജയത്തിന് ലോകം കടപ്പെട്ടു. പശ്ച്ചാത്യമായി സൃഷ്ടിക്കപ്പെട്ടിരുന്ന കുരിശുയുദ്ധ വിരോധവും, ഇന്ത്യൻ ചരക്കു നിയന്ത്രണ കുത്തക അറബികളിൽ നിന്ന് പിടിച്ചടക്കുക എന്ന സ്വപ്നവുമായി  മലബാർ തീരമണഞ്ഞ വാസ്കോഡ ഗാമ മുതൽ പതിനെട്ടാം നൂറ്റാണ്ടിലെത്തിയ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തത്തിന്റെ ഉടമകൾ വരെ, തങ്ങളുടെ സ്വാര്തഥതക്കും രാഷ്ട്രീയ ഇച്ഛകൾ നേടിയെടുക്കുന്നതിനും വേണ്ടി മലബാറിലെ നിരപരാധികാളായ മനുഷ്യ ജീവിതങ്ങളോട് ചെയ്ത നികൃഷ്ട ചെയ്തികളും, അതിനു തടയിടുന്നതിനു സ്വയം എരിഞ്ഞടഞ്ഞ അപരിഷ്കൃതർ എന്ന് പടിഞ്ഞാറൻ സംസ്കാര ദാസ്യന്മാർ വിളിച്ച മാപ്പിള സമൂഹത്തിന്റെ സുധീരമായ പോരാട്ട ചരിതങ്ങൾ അനാവരണം ചെയ്യുക എന്നതാണ് ഗവേഷണ പ്രബന്ധത്തിന്റെ  ലക്ഷ്യം.

ഇന്ത്യൻ സമുദ്ര വ്യാപാര കുത്തക സ്വായത്തമാക്കി, അതിലെ മേൽക്കോയ്യെ ദൃഢമാക്കുന്നതിനും, വലിയ രീതിയിൽ വിഘ്നം സൃഷ്ടിച്ചിരുന്ന അറബികളെമലബാർ തീരങ്ങളിൽ നിന്ന് തുരത്തുകഎന്നതും, അവരെ വളർത്തുന്നതിൽ നിസ്സീമമായ പിന്തുണ നൽകുന്ന കോഴിക്കോടിന്റെ ഭരണ കൂടസംവിധാനത്തെ ധിക്കരിക്കുക എന്നുമായിരുന്നു ആക്രമണ മനോഗതിക്കാരായ ഗാമൻ സംഘത്തിന്റെ ലക്‌ഷ്യം. ആഗോള ലോക സമുദ്ര വ്യാപാര നിയമങ്ങളെയും, ദേശത്തിന്റെ സമാധാന സാഹചര്യങ്ങളെ തകർത്തെറിഞ്ഞ പോർച്ച്ഗീസ് കടൽ ഭീകരർക്കെതിരെ അതി ശക്ത്തമായ നിലപാടുകളുമായി മുന്നോട്ടു വരുന്നതിൽ സാമൂതിരി രാജാവിന് തന്റെ മാപ്പിള പ്രജകളുടെയും, നായർ പടയാളികളുടെയും  നിസ്വാർത്ഥ സേവനം ലഭിക്കുകയുണ്ടായി.  സാമൂതിരി രാജാവിന്റെ നിസ്സീമമായ പിന്തുണയിൽ തുടക്കം കുറിച്ച ഇത്തരം പ്രധിരോധ പരിശ്രമങ്ങൾ പിന്നീട് ലോക ചരിത്രത്തിലെ അതി ശക്തമായ അധിനിവേശ പോരാട്ടമായി രൂപാന്തരം പ്രാപിക്കുകയുണ്ടായി.

മധ്യ കാല ലോക വൻ ശക്തികളായ പോർച്ചുഗിസ് അത്യാധുനിക യുദ്ധ സജ്ജീകരണങ്ങളെയും, പടിഞ്ഞാറിന്റെ ആധുനിക പടക്കോപ്പുകളെയും തുലോം പരിമിതമായ പ്രാദേശിക നിര്മിതികളായ ചെറു ആയുധങ്ങളായ പടകത്തിയും, ഉറുമിയും കൊണ്ട് ചെറുക്കേണ്ടി വന്ന മലബാർ പടയുടെ ദൈന്യത നിറഞ്ഞ വീരോതിഹാസങ്ങളെ അല്പമെങ്കിലും ഈ ഉത്തരാധുനിക തലമുറക്കായി പകർത്തേണ്ടതുണ്ട്. സുപ്രധാനമായ ഒരു ചോദ്യം ഉയർന്നു വരേണ്ടതുണ്ട് ഈയവസരത്തിൽ. സ്വന്തം ശരീരത്തിൽ ജീവന്റെ തുടിപ്പ് അവശേഷിപ്പിക്കില്ല യൂറോപ്പിന്റെ വെടിക്കോപ്പുകൾ എന്ന് പരിപൂർണ്ണ ബോധ്യം ഉണ്ടായിട്ടും, മാതാപിതാക്കളിൽ നിന്നും, ഭാര്യ മക്കൾ കുടുംബങ്ങളിൽ നിന്നുമെല്ലാം അന്ത്യ യാത്ര ചോദിച്ചു മലബാറിന്റെ മലയോര- കടലോര ഗ്രാമങ്ങളിൽ നിന്ന് സാമൂതിരി രാജാവിന്റെ സൈനിക നീക്കങ്ങൾക്കൊപ്പവും, അല്ലാതെ മുസ്ലിം നേത്രത്തത്തിന്റെ കീഴിൽ അണിയായും മാപ്പിള പുരുഷാരം ജീവത്യാഗം വരിച്ചതിന്റെ ചേതോവികാരം എന്ത്? പടിഞ്ഞാറൻ ചരിത്ര കൂലിയെഴുത്തുകാർ ഉറപ്പിച്ച പോലെ അതൊരു മത ഭ്രാന്തിന്റെ അല്പത്തരം മാത്രമായിരുന്നോ? അതോ ദൈവീക പ്രീതി നേടിയെടുത്തു പുനർ ജൻമ്മത്തെ സുരക്ഷിതമാക്കാൻ ഏറ്റെടുത്ത ജിഹാദി ഉദ്യമങ്ങളോ?. എന്ത് വികാരമാണ് നൂറ്റാണ്ടുകളോളം ഒരു ജനതയെ പടിഞ്ഞാറൻ അധിനിവേശ ശക്തികൾക്കെതിരെ പ്രധിരോധമതിലാക്കി മാറ്റിയത്?
തികച്ചും സാമ്രാജത്യ അടിമകളാൽ രൂപപ്പെടുത്തി ലോക ചരിത്ര സൂക്ഷിപ്പുകളിൽ ഭദ്രമായി കെട്ടിവെച്ചിട്ടുള്ള നിർമിത അയഥാർഥ്യങ്ങളെ ഒരല്പം അന്വേഷണ ത്വരയോടെ ചികഞ്ഞെടുത്താൽ ഏതൊരു യുക്തിക്കും ബോധ്യമാകും; ജീവിക്കുന്ന മണ്ണിനും, വിശ്വസിക്കുന്ന സംഹിതക്കും വേണ്ടി സ്വയംഹുതി  ചെയ്ത ആയിരക്കണക്കിനു അതി സാഹസിക ചരിതങ്ങൾ. അതിൽ മത സൗഹാർദ്ദവും, ദേശ സ്നേഹവും, രാജ ഭക്തിയും, സഹജീവി സ്നേഹവും, രാഷ്ട്ര സുരക്ഷയുമെല്ലാം പ്രശോപിതമാകുംകൂടാതെ ഏറ്റവും മുഖ്യമായ അധിനിവേശ വിരുദ്ധതയുമെല്ലാം ദർശിക്കാതെ പഠന പരിസമാപ്തി കുറിക്കാനാവില്ല.
ഇന്ത്യൻ സമുദ്ര വ്യാപാര ചരിത്രത്തിൽ എക്കാലവും മാതൃകയായിരുന്ന അനിയന്ത്രിത വാണിജ്യ സഹകരണ സംഹിതക്കുമേൽ പതിച്ച അതിശക്തമായൊരു ദുരന്തമായിരുന്നു പോർച്ചുഗിസ് നാവികരുടെ മലബാർ തീരത്തേക്കുള്ള ആഗമനം. 'വാസ്കോഡ ഗാമ എപോച്ച്' എന്നൊക്കെ അനർഹമായ സ്ഥാനപ്പേരുകൾ നൽകി, ഇന്ത്യൻ ചരിത്ര അപോസ്റ്റലൻമ്മാരായി വാഴുന്നവർ തന്നെ പുകഴ്ത്തുന്ന കേവല കടൽ സഞ്ചാരത്തെ, ചരിത്ര പരമായി പാശ്ചാത്യർക്ക് മാത്രം ലാഭം നൽകുകയും, സംസ്കാര സമ്പന്നവും, അത്യപൂർവ്വ ഫലവ്യഞ്ജനങ്ങളാൽ അനുഗ്രഹീതമായിരുന്ന അറബികൾ സ്നേഹത്തോടെ 'അൽ ഹിന്ദ്' എന്ന് വിളിച്ചിരുന്ന ഒരു രാഷ്ട്രത്തിന്റെ വന സമ്പത്തും, ധന സമ്പത്തും ചൂഷണം ചെയ്തു ദരിദ്രമാക്കിയ കച്ചവട സ്വാർത്ഥതരായ കടൽ കൊള്ളക്കാരെ മഹത്വൽക്കരിക്കുന്ന ചരിത്ര ബോധം ദേശീയ വികാരമാളുന്ന ഓരോ ഇന്ത്യൻ മനസ്സും മാറ്റേണ്ടതുണ്ട്. ഇത്തരം ദേശ വിരുധ്ധ ശക്തികൾക്കെതിരെ നിരായുധ സാഹചര്യത്തിലും ധർമ്മ യുദ്ധം നയിച്ച്, ചെറുത്തുനിൽപ്പ് വിജയം നേടിയ ഒരു തലമുറയ്ക്ക് നേത്രത്തം നൽകിയ മഖ്ദൂം ഒന്നാമർ മുതൽ ഉമർ ഖാളിയുടെ പിന്മുറക്കാരിൽ വരെ എത്തുന്ന നാലര നൂറ്റാണ്ടിലേറെ ദൈർഗ്യമുള്ള ഒരു ചരിത്രം തിരിച്ചെടുക്കേണ്ടതും, അവ പുനർ വായനക്കു വിധേയമാക്കേണ്ടതുമുണ്ട്,ഓരോ സ്വാതന്ത്രേതര ഇന്ത്യൻ ചരിത്ര കുതുകികളും, പൊതുസമൂഹവും.
ഇത്തരം അധിനിവേശ വിരുദ്ധ പോരാട്ടങ്ങൾ ബഹുജന പങ്കാളിത്തത്തോടെ പരിപൂര്ണതയിൽ എത്തിക്കുന്നതിൽ അഹോരാത്രം പ്രയത്നിച്ചത് അക്കാലങ്ങളിൽ ജീവിച്ചിരുന്ന മത- സാമുദായിക നേതൃത്തങ്ങൾ തന്നെ ആയിരുന്നു എന്ന് സംശയലേശമന്യേ പറയാനാകും. ഇത്തരം ദുർഘട സാഹചര്യങ്ങളിൽ തുലോം ചാഞ്ചാട്ടം ഇല്ലാതെ ദുർബല വിഭാഗങ്ങളെ അടക്കം തങ്ങളുടെ ആത്മീയവും- വൈജ്ഞാനികവുമായ പ്രാപ്തിയും സ്വാധീനവുമുപയോഗിച്ച് സ്ഥൈര്യയമേകാൻ അവർ നിസ്സീമമായി ഉപയോഗപ്പെടുത്തി.
സൈനുദ്ധീൻ മഖ്ദൂം കബീറിന്റെ 'അൽ തഹ്‌രീള് അലൽ ഈമാൻ'; ഏഷ്യയിലെ തന്നെ പ്രഥമ അധിനിവേശ വിരുദ്ധ പ്രത്യയ ശാസ്ത്ര നിർമിതിയായി അഭിമാനത്തോടെ ഉയത്തിപ്പിടിക്കാവുന്നതാണ്. മാത്രമല്ല ലോക അധിനിവേശ ചരിത്ര കാവ്യങ്ങളുടെ തുടക്കക്കാരൻ എന്ന് ഗ്രന്ഥരചയിതാവിനെയും, തത് ഗണത്തിൽ രജിക്കപ്പെട്ട കാവ്യ സൃഷ്ടികളുടെ വഴികാട്ടി എന്ന് രചനയെയും വിശേഷിപ്പിക്കാം. കേവല കവിതാ രചന രീതി ശാസ്ത്രങ്ങളുടെ ആസ്വാദന ലക്ഷ്യത്തുലുപരി, ഭൂമി ശാസ്ത്രപരമായി ഒരു പ്രാധാന്യവുംലഭിക്കാത്ത, ലോകരാഷ്ട്രീയ ഭൂപടത്തിൽ ഒരു നെരിപ്പോടുപോലും ശ്രദ്ധ പതിയാത്ത, വിശ്വാസ പ്രമാണങ്ങളെ രാഷ്ട്ര സംരക്ഷണ ഉത്തരവാദിത്തമായി കാണാൻ ഒരു ഭരണാധികാരി ഇല്ലാത്ത ഒരു ജനതയുടെ പോരാട്ട വീര്യത്തെ അന്നത്തെ ലോക മുസ്ലിം രാഷ്ട്ര നേതാക്കൻമ്മാരിലേക്കു എത്തിക്കുക എന്നൊരു മഹനീയ പദ്ധതിയുടെ തിരുശേഷിപ്പായിട്ടു വേണം ഒരു സമകാലീന കാവ്യ പ്രേമി ഈ മൂല്യവത്തായ രചനയെ കാണേണ്ടത്. അതിനുമപ്പുറം ചരിത്രധാർമികതക്ക് വേണ്ടി പോലും രേഖപ്പെടുത്താൻ യോഗ്യതയില്ലാത്ത, കേവല അപരിഷ്‌കൃത ഇന്ത്യൻ ഗോത്ര വർഗ പിടിച്ചുപറി സംഭവം മാത്രമായി മാറേണ്ടിയിരുന്ന ഒരു പാശ്ചാത്ത്യ വിരുധ്ധ പ്രവർത്തനത്തെ, യുക്തിസഹജമായി, ഒട്ടും അതിശയോക്തിയോ, അനാവശ്യ കൂട്ടിച്ചേർക്കലോ ഇല്ലാതെ, യാഥാർഥ്യങ്ങളുടെ നേർ വിവരണമായി ചരിത്ര സൂക്ഷിപ്പുകളിലെ ഒരമൂല്യ നിധിയായി ഇന്നും ഉപയോഗിക്കാൻ ഉതകും വിധം വാർത്തെടുക്കാൻ ഈ കാവ്യത്തിനാകുന്നു എന്നത് തന്നെ വലിയ പ്രത്യേകതയാണ്. അധിനിവേശ ചരിത്രത്തിലെ കൃത്രിമ നിർമിതികളിൽ പടിഞ്ഞാറൻ താല്പര്യ സംരക്ഷണ വിധേയമാകുമായിരുന്ന ഒരു ചരിത്ര സംഭവം രേഖപ്പെടുത്തുക വഴി മഖ്ദൂം കബീർ നിർവഹിച്ചത് ഒരു ദേശ പൈതൃക സംരക്ഷണ യജ്ഞമാണ്. മതഭ്രാന്തിന്റെ കുരിശുയുദ്ധ പ്രതികാരമായി ഇസ്ലാം വിശ്വാസ സംഹിതയെ തന്നെ നിഷ്കാസനം ചെയ്യാൻ ഇറങ്ങി പുറപ്പെട്ട അധിനിവേശകർ എങ്ങിനെ മാപ്പിള പോരാട്ടങ്ങളെ യാഥാർത്ഥ്മായി രേഖപ്പെടുത്തും?, മാത്രമല്ല അറബിക്കടലിലൂടെ വാണിജ്യ നിയന്ത്രണം കണ്ടെത്തിയ പോർച്ഛ്ഗീസ് സേനാനായകൻ ഇന്ത്യൻ മഹാ സമുദ്ര വാണിജ്യം കൈപ്പിടിയിലൊതുക്കി,കിഴക്കിൽ നിന്നുള്ള  വാണിജ്യ നിധി കുംഭം കൊള്ളയടിച്ച് ഒരു ജനതയെ ദുരിതത്തിലേക്കു തള്ളിവിടുകയും, രാഷ്ട്രത്തിന്റെ സമ്പത് വ്യവസ്ഥയെ താറുമാറാക്കുകയും ചെയ്തിട്ട്, എങ്ങിനെ ഒരു ഇന്ത്യൻ അനുകൂല ചരിത്ര എഴുത്തിനു മുതിരും?,. ഇത്തരം ചരിത്ര ദുർവിധികളുടെ വിദൂര സാധ്യത പോലും ഇല്ലാതെയാക്കാൻ, അതി ബ്രിഹത്തായ ഒരു ദേശ പോരാട്ടത്തെ എക്കാലത്തേക്കുമായി നിർമിച്ച് വെക്കാൻ തഹ്‌രീള് എന്ന ദേശീയ സമര രേഖപ്പെടുത്തലിനായി എന്ന് അഭിമാനത്തോടെ പ്രസ്താവിക്കാനാവും.
ഇന്ത്യൻ ദേശീയ പോരാട്ടങ്ങളിലെ അഭിവാജ്യ ഘടകമായ ആന്റി കൊളോണിയൽ സമര പോരാട്ടങ്ങളിലെ പ്രഥമവും, പ്രബലവുമായ പോർച്ചുഗീസ് കാലഘട്ടത്തിലെ ദേശാനുകൂല പ്രധിരോധങ്ങളുടെ പ്രാരംഭ സംഭവ വികാസങ്ങളെ അതെ പടി പകർത്തി തരുന്നതിൽ ചരിത്രകാരൻ വിജയിച്ചിരിക്കുന്നു. അതുപോലെ ആദ്യത്തെ പാശ്ചാത്യ അധിനിവേശത്തിന്റെ അപകടകരമായ രക്തദാഹിയാം മനോഭാവത്തിൽ ഒന്നുറക്കെ കരയാൻ പോലും കഴിയാത്ത വിധം നിസ്സഹായതയോടെ വിധിയെ നേരിട്ട ഒരു പൂർവ്വകാല സമൂഹത്തിന്റെ നേർ ചിത്രങ്ങൾ ഈ വരികൾ വരച്ചു കാണിക്കുന്നു. അസഹനീയമാണ് വിധം മനുഷ്യ ഗുണങ്ങളെ അറബിക്കടലിന്റെ ആഴങ്ങളിൽ ഉപേക്ഷിച്ച് ഗാമയും പിൻഗാമികളും മലബാർ തീരങ്ങളിലെ നിരായുധരായ മനുഷ്യരോട് പുലർത്തിയ പൈശാചിക മനോഭാവവും, പീഡന മുറകളും മനസാക്ഷി മരവിക്കാത്ത ഒരാൾക്കും ഉൾകിടിലത്തോടെയല്ലാതെ പരിശോധിക്കാനാവില്ല. ഹജ്ജ് യാത്രികരോടും, സ്ത്രീകളോടും, പിഞ്ചു പൈതങ്ങളോട് പോലും മനുഷ്യത്തം തീണ്ടിയിട്ടില്ലാത്ത യൂറോപ്യൻ രക്ത രക്ഷസ്സുകൾ ചെയ്ത ക്രൂരതകൾ എത്ര ദൈന്യതയോടെയാണാ കവിത വരച്ചു കാട്ടുന്നത്. അതിനെല്ലാം അപ്പുറം ലോക വ്യാപകമായി നിലനിർത്തിയിരുന്ന നയതന്ത്ര മൂല്യങ്ങളെ പോലും കാറ്റിൽ പറത്തി, വെടിക്കോപ്പിന്റെ മേൽക്കോഴ്മ ഉപയോഗിച്ച് നടപ്പിലാക്കാൻ,അംഗുലീ പരിമിത കപ്പലിൽ തീരമടഞ്ഞ അധിനിവേശ കാട്ടാളൻമ്മാർക്കായി. സാമൂതിരിയുടെ ദൂതന്മ്മാരെ പോലും അംഗഛേദം വരുത്തി മൃഗീയമായ ശിക്ഷാ നടപടികളിലൂടെ ആസ്വാദനം കണ്ടെത്തിയ പൈശാചികത ഒരു പീഡന പർവ്വം തന്നെ കാണിച്ച് തരുന്നു.

എല്ലാത്തിനുമുപരി അധിനിവേശ വിരുധ്ധപോരാട്ടങ്ങൾക്കു അതിശക്തമാം വിധം പ്രചോദനം നൽകുന്നതിന്, മതപരവും, സൈദ്ധാന്തിക പരവുമായ ഊർജ്ജം നൽകുകയും, ഇത്തരം പോരാട്ടങ്ങളെ പരിശുധ്ധ യുദ്ധങ്ങളുടെ ഗണത്തിലാക്കുന്നതിനു, അടിസ്ഥാന വിശ്വാസ പ്രമാണങ്ങളെ വിപുലമായി ഉപയോഗപ്പെടുത്തുകയും, ജീവിതത്തേക്കാൾ പോരാട്ടങ്ങളുടെ പവിത്രത ലഭ്യമാകുന്നത് മരണത്തിലൂടെയാണെന്നു ബോധ്യപ്പെടുത്തുകയും, വിശ്വസിപ്പിക്കുകയും ചെയ്തതിൽ അക്കാലഘട്ടത്തിലെ മത മേലാധ്യക്ഷൻമ്മാർക്ക് നിർണ്ണായക സ്വാധീനം ഉണ്ട്. ഇതിലൂടെ സമകാലീന മത പുരോഹിതരുടെ ആരാധനാ കേന്ദ്രങ്ങളിലെ അന്തപുരങ്ങളിൽ സ്വയം കെട്ടിയിട്ടു, സാമൂഹിക പ്രതിബദ്ധതകൾ ഒന്നുമില്ലാത്ത ഏകാന്ത വാസങ്ങൾക്കു നൽകുന്ന അതി ശക്തമായൊരു താക്കീതുമുണ്ട്. കേവലം ആരാധന നേതൃത്തത്തിനുമപ്പുറം സാമൂഹിക ഇടപെടലുകൾക്കും, പൊതുമണ്ഡലത്തിൽ നിരന്തരം നിർവഹിക്കേണ്ട ഉത്തരവാദിത്തത്തെ കാണിച്ച് തരുന്നു. മതകീയവും-സാമൂഹികവുമായ ഒരു വിശ്വാസ, ഇതര കമ്മ്യൂണിറ്റി നേരിടുന്ന പ്രശ്നങ്ങളിൽ നിതാന്ത ജാഗ്രത കാണിക്കാൻ വ്യഗ്രത കാണിക്കുന്ന ഒരു മനോഗതിയെ ആധുനിക പള്ളിമേടകളിലെ ഒറ്റമുറിയിൽ തളച്ചിടുന്ന മതപുരോഹിതക്കുണ്ട് എന്നോര്മിപ്പിക്കുകയും ചെയ്യുന്നു.
മഖ്ദൂം ജൂനിയർ രചിച്ച തുഹ്ഫത്-അൽ- മുജാഹിദീൻ എന്ന ആദ്യത്തെ ഇന്ത്യൻ അധിനിവേശ ചരിത്ര രചന എന്ന ഗണത്തിൽ ഉൾപ്പെടുത്താനാവും. രചനാ പരമായി പിതാമഹന്റെ കാവ്യത്തെ ഗദ്യ രൂപത്തിലേക്ക് മാറ്റിയെഴുതി എന്ന് വിഷയാടിസ്ഥാനത്തിൽ പറയാനാകും. മേൽ ഗ്രൻഥത്തിലെ പോർച്ചുഗീസ് കിരാത സാഹചര്യങ്ങളെ വിവരിക്കുന്ന ഗ്രന്ധകാരൻ, സാമൂഹിക പരിഷ്കർത്താക്കളാകാൻ മത നേതൃത്തത്തിന്റെ നിരന്തര ശ്രദ്ധയുണ്ടാവേണ്ടത് സ്വ- പ്രയത്നത്തിലൂടെ കാണിച്ച് തരുന്നു.   
  ഖാളി മുഹമ്മദും, മമ്പുറം തങ്ങൻമ്മാരുമെല്ലാം, മാപ്പിള അധിനിവേശ പോരാട്ട നേതൃത്തത്തിലും, അതിന്റെ പരിപൂർണ്ണ പ്രചോധകരുമായി വർത്തിച്ചവരായിരുന്നു. ഇത്തരം ശ്രമങ്ങളിലൂടെ അധിനിവേശ വിരുദ്ധ സമരങ്ങളിൽ തങ്ങളുടേതായ ഇടങ്ങൾ നിർമിച്ചെടുക്കുന്നതിലും, അത്തരം ദേശീയ സമരനേതൃത്തമേറ്റടുത്ത്  വിജയം വരിക്കാനും സാധിച്ചവരായിരുന്നു. കേവല ഉപദേശക സംവിധാനമായി, അകത്തെ പള്ളിയിൽ പ്രാർത്തനാ നിരതരായി സമയം കൊല്ലാതെ, കൊളോണിയൽ വിരുദ്ധ സമരമുഖത്ത് ആയുധമെടുത്ത് പടവെട്ടികൊണ്ടായിരുന്നു അവരെല്ലാം തങ്ങളുടെ പ്രാധിനിത്യം ഉറപ്പാക്കിയത്. അതുപോലെ അനുയായി വൃന്ദങ്ങളെ ശ്രിഷ്ട്ടിച്ചെടുത്ത്, ആശയ പ്രക്ഷാളനം നടത്തി ആയുധമെടുപ്പിച്ച്, സ്വയം ഒളിച്ചിരിക്കുന്ന ഇരുപത്തോന്നാം നൂറ്റാണ്ടിലെ കപട നേത്രത്തത്തിനു വലിയൊരു ഗുണപാഠം നൽകുന്നു ഈ മഹാരഥൻമ്മാർ. യുദ്ധ മുഖങ്ങളിലെ ഭീതിജനകമായ അനുഭവങ്ങളെ ഇടവേളകളിൽ കുറിച്ച് വെച്ച് ചരിത്ര നിർമിതിയുടെ ആവശ്യകതയും ബോധ്യപ്പെടുത്തിത്തരുന്നു. മതപരവും- രാഷ്ട്രീയപരവുമായി രാഷ്ട്രവും-ജനങ്ങളും നേരിടുന്ന പ്രശ്നങ്ങളെ പൊതുജന സമക്ഷം അവതരിപ്പിക്കുന്നതിൽ ഇത്തരം രേഖകൾ വലിയ മുതൽക്കൂട്ടായി വർത്തിച്ചു. അതിനു വേണ്ടിയവർ തങ്ങളുടെ നാക്കും, ബുക്കും, ഊക്കും ഉപയോഗിച്ചു. തീർച്ചയായും അത്തരം ഉദ്യമങ്ങളുടെ ഫലമായി രൂപപ്പെട്ടതാണ് അധിനിവേശ വിരുദ്ധ സമരമുഖത്തിനു ആവേശം ആവോളം പകർന്നു നൽകിയ മേൽ ഗ്രൻഥങ്ങളും, രചയീതാക്കളും. 
കൊളോണിയൽ അധികാര സ്‌തംപങ്ങൾ മാറ്റപ്പെടുകയും, പഴത്തിനു പകരമായി പുതിയ പടക്കപ്പലുകളും, സൈന്യങ്ങളും രാജ്യ നിയന്ത്രണണം ഏറ്റെടുക്കുകയും ചെയ്തിട്ടും, ആതിഥേയ സമൂഹത്തിന്റെ ദുരിതങ്ങളും പ്രയാസങ്ങളും നിർലോഭം തുടർന്ന് കൊണ്ടിരുന്നു. ഗാമയിൽ നിന്ന് ഹെസ്റ്റണിലേക്കു ബാറ്റൺ മാറ്റപ്പെട്ടിട്ടും, അതിനിടക്ക് പതിനഞ്ചിൽനിന്നു പതിനെട്ടാം നൂറ്റാണ്ടിലേക്കു ലോകം സഞ്ചരിച്ചിട്ടും, മലബാറിലെ സമര ചാരിത്രത്തിനു ഒരൽപം പോലും ആവേശം ചോർത്തിയില്ല. അതിനിടക്ക് ഉലമാക്കളിൽ നിന്ന് വീര യോദ്ധാക്കളിലേക്കു സമര നേത്രത്തം കൈമാറ്റം ചെയ്യപ്പെട്ടു, കുഞ്ഞാലി മരക്കാന്മാരും, ബലീ ഹസ്സനെ പോലുള്ളവരിലൂടെ പത്തൊൻമ്പതാം നൂറ്റാണ്ടിലെ കാർഷിക സമരങ്ങൾ എന്ന് ചരിത്രകാരൻമ്മാർ തിരുത്തിവെച്ച ദേശീയ സമരം വളർച്ച പ്രാപിച്ചു. ഇക്കാലഘട്ടത്തിലും നേതൃത്ത ഗുണവും, പോരാട്ട വീര്യവും നിലനിർത്തുന്നതിൽ മലബാറിലെ മാപ്പിള കാക്കമാർ വിജയിച്ചു, ഇത്തരം നിലക്കാത്ത ആവേശത്തെ നിലനിർത്തുന്നതിൽ തങ്ങളുടെ മുൻഗാമികൾ ബാക്കിവെച്ച പോരാട്ട ചരിതങ്ങളും, സൈദ്ധാന്തിക അടിത്തറയും തന്നെയാണ്. പിന്നീട് ഇരുപതാം നൂറ്റാണ്ടിലുടനീളം രാജ്യമൊട്ടാകെ ഉയർന്നു വന്ന ദേശീയ പ്രസ്ഥാന  പ്രവർത്തനങ്ങളിൽ  സജീവമായി നിലനിൽക്കാനും, അതിൽ ഇന്ത്യൻ സ്വതന്ത്ര സ്വപ്നങ്ങൾക്കൊപ്പം അടിയുറച്ച് നിലകൊള്ളാനും മാപ്പിളമാർക്കു സാധിച്ചതു, മഖ്‌ദുമി തങ്ങമാരിലൂടെ തുടക്കം കുറിച്ച് മമ്പുറം മണ്ണിൽനിന്ന് ദൃഢത കൈവരിച്ചു കുഞ്ഞാലിമാരിലൂടെ പാകപ്പെടുത്തി വാരിയം കുന്നത്തും ആലിമുസ്ലിയാരുമെല്ലാം കാത്തുസൂക്ഷിച്ച ദേശീയതയോടുള്ള കൂറും കളങ്കമില്ലാത്ത മുഹബ്ബത്തുമാണ്. അത് കേവല രാഷ്ട്രീയ താല്പര്യങ്ങളിലും, അനാവശ്യ വിവാദങ്ങളിലും ഊട്ടി ഉറപ്പിക്കേണ്ട ഒന്നല്ല. ഓരോ മാപ്പിള മലയാളി മനസ്സിനെയും ശക്തമായി ഗ്രസിച്ചോരു വികാരവുമാണ്.



[1] Lecturer, Dept. of Islamic History, M.E.S Mampad College

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Model Question by Dr. JR