റമളാൻ ചിന്ത - 30

 


Dr. ജയഫർ അലി ആലിച്ചെത്ത്


*കാഴ്ചപ്പാടും, പരിഗണനയും*


രണ്ട് തരത്തിലുള്ള കാഴ്ചപ്പാടുകൾ നമുക്ക് കാണാനാവും. ഒന്ന്, എന്താണോ താൻ എന്നതിനെ മറച്ചു പിടിച്ച് പുറം കാഴ്ചകൾക്കായി കൃത്രിമത്വവുമായി നിലകൊള്ളുന്നവർ. മറ്റൊന്ന്, ചുറ്റുപാടുകളിലെ കാഴ്ചക്കാർ എന്തു കരുതുമെന്ന ആധിയില്ലാതെ പച്ചയായി ജീവിക്കുന്നവർ.പക്ഷെ ഇവരെ സമൂഹം അവഗണിക്കാനും, അറപ്പുവെച്ച് അകലെ മാറ്റി നിർത്താനുമാവും കൂടുതൽ ശ്രമിക്കുക. *കാപട്യങ്ങൾക്ക് അംഗീകാരം നൽകുമ്പോൾ യാഥാർത്ഥ്യങ്ങൾക്ക് അവഹേളനമേകുന്ന നിർഭാഗ്യത.*


ബാഹ്യമായ ദർശനങ്ങളിൽ പലപ്പോഴും യഥാർത്ഥ്യങ്ങളെ മറച്ചു പിടിച്ചായിരിക്കും നാം പ്രത്യക്ഷപ്പെടുക. എന്നാൽ ഉള്ളറകളിൽ പരാധീനതകളുടെ കൂത്തരങ്ങായിരിക്കും. ഉള്ളിൽ കരയുമ്പോഴും മുഖത്ത് വാടാത്ത പുഞ്ചിരി കാക്കുന്നവർ. ഇതിൽ സ്വന്തത്തെ പരസ്യപ്പെടുത്താത്ത വ്യക്തിത്വമാണ് കുറ്റക്കാരനെങ്കിൽ, മറ്റൊരു കാഴ്ചപ്പാട് കൂടി നമുക്ക് പരിശോധിക്കേണ്ടതുണ്ട്.

കാഴ്ചകളിൽ അരോചകമെങ്കിലും, യാഥാർത്ഥ്യത്തിൽ വലിയ മനുഷ്യരായവർ. *ചളിപുരണ്ട മേലുടുപ്പുകളെ വെച്ച് അവരെ വിലയിരുത്തുന്ന നമുക്കാവും പിഴവ് സംഭവിക്കുക. മേലങ്കികളിലല്ല, ഉൾക്കരുത്തിലാണ് ജീവിത വിജയം എന്ന് മനസ്സിലാക്കി പ്രവർത്തിക്കുന്നവരാണവർ.*

ഞാൻ കണ്ടതാണ് ശരി എന്ന് നിർബന്ധം നമുക്കുണ്ടാവരുത്. അത്തരം കാഴ്ചകൾ കൂടുതൽ അറിയാൻ ശ്രമിക്കുമ്പോൾ നമ്മുടെ ധാരണകൾ പാടെ തെറ്റാണെന്ന് ബോധ്യമാകും. *കാണുന്ന കാഴ്ചകളെ അടിസ്ഥാനപ്പെടുത്തിയാവരുത് നമ്മുടെ വിധി നിർണ്ണയം.*


വർഷങ്ങൾക്ക് മുമ്പ് ഹാർവാർഡ് യൂണിവേഴ്സിറ്റിയുടെ കവാടം കടന്ന്  ഓഫീസിലേക്ക് സാവധാനം കടന്നു വരുന്ന, കണ്ടാൽ തന്നെ അവശത പ്രകടമാകുന്ന വൃദ്ധ ദമ്പതികൾ. ദു:ഖാർദ്രമായ മുഖവും, ക്ഷീണം വമിക്കുന്ന ശരീര ഭാഷയുമായി  ക്യാമ്പസിൻ്റെ പ്രൌഢമായ വഴിയോരങ്ങൾക്ക് അലോസരമായ രണ്ട് പേർ. ഒരു പരിഗണയും ലഭിക്കാതെ, പുഛത്തോടെ നോക്കുന്ന കണ്ണുകളിലേക്ക് നോട്ടമിടാനാവാതെ എളിമയോടെ പ്രസിഡൻ്റിനെ കാണാനാണ് വന്നതെന്ന് അറിയിക്കുന്നു. കാഴ്ചയിൽ ആകർഷണമൊട്ടുമില്ലാത്ത അവരെ പരിഗണിക്കാൻ അവിടത്തെ ഓഫീസ് ബോയിപോലും മടി കാണിച്ചു. റിസപ്ഷനിസ്റ്റ് നീരസത്തോടെ അവരോട്, 

 "പ്രസിഡൻ്റ് തിരക്കിലാണെന്ന മറുപടി കൊടുക്കുന്നു". ഒരു ഭാഗത്തേക്ക് മാറി നിന്ന് ആ ദമ്പതികൾ കാത്തിരിക്കുന്നു. കുറച്ച് നേരം കാത്തിരുന്ന് മടുത്താൽ ഇറങ്ങിപ്പോകുമെന്ന് കരുതിയ റിസപ്ഷനിസ്റ്റിന് അവരുടെ ക്ഷമയ്ക്കും, വിനയത്തിനും മുന്നിൽ കീഴൊതുങ്ങേണ്ടി വന്നു. മനസ്സില്ലാ മനസ്സോടെ പ്രസിഡൻ്റിൻ്റെ ചേമ്പറിലേക്ക് അവരെ അയക്കുന്നു.


കാഴ്ചക്ക് അരോചകമായ ആ പഴഞ്ചൻ ദമ്പതികളെ പുഛത്തോടെ നോക്കി നിർവ്വാഹമില്ലാതെ അദ്ദേഹം സ്വീകരിച്ചിരുത്തി. "ഈ ക്യാമ്പസിൽ പഠിച്ച്, യൂറോപ്യൻ യാത്രക്കിടെ  മരണപ്പെട്ട തങ്ങളുടെ മകന് വേണ്ടി, അവന് ഏറ്റവും ഇഷ്ടപ്പെട്ട ഈ ക്യാമ്പസിൽ ഒരു സ്മാരകം പണിയാനാഗ്രഹമുണ്ടെന്ന്",  അവർ അറിയിച്ചു.  പ്രസിഡന്റിന് അത്ഭുതം തോന്നി."ഈ യൂണിവേഴ്സിറ്റിയിൽ പഠിച്ചു മരണപ്പെട്ട എല്ലാവർക്കും ഓർമകുടീരങ്ങൾ നിർമിച്ചാൽ ഇവിടെ ഒരു സെമിത്തേരിയായി മാറും."പ്രസിഡന്റിന്റെ വാക്കുകൾ കേട്ട് ദമ്പതികൾ നിരാശരായി."

വൃദ്ധ ദമ്പതികളുടെ ആത്മവിശ്വാസം ചോർത്തിക്കളയും വിധം അവരെ നിസ്സാരമാക്കി കൊണ്ടുള്ള സംസാരം. ഹാർഡ് വാർഡ് യൂണിവേഴ്സിറ്റിക്കായി ഒരു കെട്ടിടം മോൻ്റെ പേരിൽ പണിയാനാണ് തങ്ങൾ ഉദ്ദേശിക്കുന്നത് എന്ന മറുപടിയാണ് അവരിൽ നിന്നുണ്ടായത്. ദമ്പതികൾ വാർദ്ധക്യ സഹചമായ അസുഖക്കാരാണെന്ന് കരുതി അദ്ദേഹം അവരുടെ ചുളിവാർന്ന മുഖത്തേക്ക് ഒന്ന് കൂടെ കണ്ണോടിച്ചു. എന്നിട്ട് അല്പം പുച്ഛത്തോടെ പറഞ്ഞു. "ഹാർവാർഡിന്റെ കെട്ടിടങ്ങൾക്ക് വരുന്ന വിലയെന്താണെന്നു നിങ്ങൾക്കറിയുമോ? ഏഴര മില്യൺ ഡോളർ !!!." പ്രസിഡന്റിന്റെ സംസാരം കേട്ട് ദമ്പതികൾ നിശ്ശബ്ദരായി.അവർ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റു.സമയ നഷ്ടം ഒഴിഞ്ഞതിൽ പ്രസിഡന്റും സന്തോഷിച്ചു. 


ഹാർവാർഡിന്റെ റിസപ്ഷൻ കടന്നു പുറത്തിറങ്ങിയ ആ വൃദ്ധ ദമ്പതികൾ പരസ്പരം സന്തോഷത്തോടെ ചോദിക്കുകയായിരുന്നു  ഹാർവാർഡിന്റെ കെട്ടിടങ്ങൾക്ക് ഏഴര മില്യൺ ഡോളർ മാത്രമാണ് വിലയെങ്കിൽ നമുക്കെന്തുകൊണ്ട് സ്വന്തമായൊരു യൂണിവേഴ്സിറ്റി തന്നെ നിർമ്മിച്ചുകൂടാ?  


ലാലന്റ് സ്റ്റാൻഫോർഡ് ദമ്പതികൾ അങ്ങനെ ഹാർവാർഡിന് വേണ്ടാതിരുന്ന തങ്ങളുടെ മകന് വേണ്ടി, കാലിഫോർണിയയിൽ മറ്റൊരു യൂണിവേഴ്സിറ്റി തന്നെ പണിതുയർത്തി. 8180 ഏക്കർ സ്ഥലവും 40 മില്യൺ ഡോളറും അതിനായി വിനിയോഗിച്ചു. 130 വനിതകളടക്കം 550 വിദ്യാർഥികളുമായി തുടക്കംകുറിച്ച സ്ഥാപനത്തിനാവശ്യമായ മുഴുവൻ ഫണ്ടും നൽകയിരുന്നത് ലിലാന്റ് സ്റ്റാൻഫോർഡായിരുന്നു.

അമേരിക്കയിലെ പ്രശസ്തമായ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയുടെ പിറവിക്ക് പിന്നിൽ അപമാനിക്കപ്പെട്ട ആ വൃദ്ധ ദമ്പതികളുടെ നീറുന്ന അനുഭവം ഉണ്ട്. കാഴ്ചയിൽ നിസ്സാരരെന്ന് കരുതി അവരെ പുഛിച്ചു തള്ളിയ പ്രസിഡൻ്റിൻ്റെ കാഴ്ചപ്പാടാണ് ലോകത്തിന് മറ്റൊരു മഹത്തര കലാലയം സന്മാനിച്ചത് എന്ന് നമുക്കാനന്ദിക്കാം. എന്നാൽ അദ്ദേഹത്തിൻ്റെ സമീപനം ഉണ്ടാക്കിയ നീറ്റലിൻ്റെ തീവൃത എത്രത്തോളമാണെന്ന് ആ ദമ്പതികളുടെ നിശ്ചയധാർഢ്യത്തിൽനിന്ന് നമുക്ക് ബോധ്യപ്പെടും.


ആളുകളെ നമ്മുടെ തോന്നലുകളുടെ അളവ് കോലിനാൽ കണക്കാക്കരുത്. *രൂപം കൊണ്ട് നിസ്സാരമെങ്കിലും, കർമ്മം കൊണ്ട് മഹാരഥന്മാരായ അത്തരക്കാരെ ഉൾക്കൊള്ളാൻ ശ്രമിച്ചില്ലെങ്കിലും, നിന്ദിക്കാതിരിക്കാം.* സ്വീകരിച്ചിരുത്തിയില്ലെങ്കിലും, ഒന്ന് പരിഗണിച്ചാലെങ്കിലും ഒരു പക്ഷെ അതായിരിക്കും വലിയ അംഗീകാരം.*മാറ്റി നിർത്തലുകളിലല്ല, ചേർത്തു നിർത്തലിലാണ് യഥാർത്ഥ സൗന്ദര്യം എന്ന് നമുക്ക് മനസ്സിലാകേണ്ടതുണ്ട്. അതാണ് നിരുത്സാഹത്തേക്കാൾ, പ്രോത്സാഹനമായി ഭവിക്കുക.*


ശുഭദിനം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Tarikh-i-Firoz Shahi