വായനാദിനത്തെ വായിക്കാതെ വരക്കാനാവില്ലല്ലോ?

 


അറുപത്തിനാല് പേജുകളിൽ 13 വിത്യസ്ഥ തലക്കെട്ടുകളിലായി ലിപി പബ്ലിക്കേഷനിറക്കിയ ഈജിപ്ഷ്യൻ എഴുത്തുകാരൻ മുസ്തഫാ ലുത്വഫി മൻഫലൂത്വിയുടെ മലയാള മൊഴിമാറ്റം റഹ്മാൻ വാഴക്കാടിൻ്റെ ഭാഷാനൈപുണ്യത്തിൽ.


അറബ് സാഹിത്യരചനകളിൽ തുടികൊള്ളുന്ന ധാർമ്മികാവബോധവും, സഹജീവി സ്നേഹവും, മനുഷ്യസ്നേഹവുമെല്ലാം തുടികൊള്ളുന്ന 13 കഥകൾ. മനുഷ്യ ചിന്തയിലേക്ക് ആഴ്ന്നിറങ്ങി, പുനർ വിചിന്തനത്തിന് സാധ്യത ഒരുക്കുന്ന ലളിതമായ ആഖ്യാനങ്ങൾ. നിത്യജീവിത പരിസരങ്ങളിൽ നിന്നടർത്തി എടുത്ത സാഹചര്യങ്ങളെ അല്ലങ്കിൽ സംഭവങ്ങളെ തന്നിലെ ഭാവനയുടെ അച്ചിലിട്ട് കൃത്യത വരുത്തി പേന തുമ്പിലൂടെ കടലാസു പ്രതലത്തിലാവാഹിപ്പിച്ച് വായനക്കാരിലേക്ക് പകരുന്ന അനുഭവം. 


കഥകൾ ബാല്യത്തിൻ്റെ ഓർമ്മകളിൽ മാത്രം തളച്ചിടുന്ന ഭാവനകളല്ലല്ലോ?. ഒരു കഥയുടെയെങ്കിലും ഓർമ്മ തളം കെട്ടാത്തവർ ഭൂമിയിലുണ്ടാവുമോ?. പുസ്തകത്തിൻ്റെ പ്രാരംഭത്തിൽ അവതാരികയിൽ അഷ്റഫ് കാവിൽ ഓർമ്മിച്ചപോലെ, "കഥ കേൾക്കുകയും, പറയുകയും ചെയ്യാത്ത ഒരു ജനപദം ഭൂമിയിൽ ജീവിച്ചു കഴിഞ്ഞ് പോയിട്ടുണ്ടാവില്ല" എന്നത് തന്നെയാണ് ഭാഷാന്തരങ്ങളെ മറികടന്ന്, സാമൂഹിക പശ്ചാതലങ്ങളെ ഭേദിച്ച്, കലാന്തരങ്ങളില്ലാതെ കഥകൾ തൻ മാസ്മരികത പ്രസരിക്കുന്നത്.


മൻഫലൂത്വിയുടെ ചിന്തകളും, ആശയങ്ങളും എത്ര ലളിതമാണെന്ന ധാരണ വെച്ചെങ്കിലും, ഓരോ കഥകളും പുനർവിചിന്തനത്തിന് വഴി ഒരുക്കുന്നതാണ് എന്ന് പറയാം. ആദ്യ കഥയായ 'യത്തീം' മുതൽ ഒടുക്കത്തിലുള്ള 'ഒന്നാമത്തെ ചഷകം' വരെ പതിമൂന്ന് ചിന്തകൾ. 

യത്തീം എന്ന കഥയിലെ ഏകാന്ത ജീവിതം നയിക്കുന്ന പ്രതിഭാശാലിയായ യുവാവ്. വായനയുടെ ലോകത്ത് അഭിരമിച്ച്, ചുറ്റുപാടുകളോട് വിരക്തി കാണിക്കുന്ന യുവാവിലേക്ക് എത്തി നോക്കുന്ന എഴുത്തുകാരനെന്ന അയൽവാസി. രോഗാവസ്ഥയിൽ നിസ്സഹായനാകന്ന യുവാവിൻ്റെ ജീവിത രഹസ്യങ്ങളിലേക്ക് വായനക്കാരനെ കൊണ്ടെത്തിക്കുന്നതും, രോഗാവസ്ഥക്ക് കാരണമായ നിശബ്ദ പ്രണയവും, വിരഹവുമെല്ലാം ഒത്ത് ചേർന്ന കഥാവികാസം. ചികിത്സക്കായി ഡോക്ടറെ വിളിക്കാൻ ശ്രമിക്കുമ്പോൾ  യുവാവ് പറയുന്ന വാക്കുകൾ, "അവർ മരണത്തിനല്ലല്ലോ ജീവിതത്തിനല്ലെ മുൻഗണന നൽകുന്നതെ"ന്നും, ആശ്വാസം പകരാൻ നിർദ്ദേശിച്ച മരുന്ന് ശീട്ടിനെ, "നമ്മുടെ ജീവന് അവർക്ക്ന ൽകുന്ന ടാക്സാണല്ലോ ശീട്ടിലെ മരുന്നുകൾ" പോലുള്ള ആലോചനകളും വായനയുടെ ആസ്വാദനമാണ്. " ഏതൊരുവൻ്റെയും സൗഭാഗ്യം തൻ്റെ  ഇഷ്ടക്കാർക്കൊപ്പം താമസിക്കുന്ന"തും, "വിജ്ഞാനം വെറുതെ പകർന്ന് കിട്ടില്ലല്ലോ. ഇതും മാർക്കറ്റ് പോലെയായി. ആവശ്യമുള്ളവർ സാധനം ക്യാശ് കൊടുത്ത് വാങ്ങുന്ന പോലെയായി വിജ്ഞാന"മെന്ന പോലുള്ള വിമർശനങ്ങൾ പാരമ്പര്യ നിഷ്ടകളിൽ നിന്നുള്ള സാമൂഹിക വ്യതിചലനമായി മനസ്സിലാക്കാനും സാധിക്കും. അവസാനം തൻ്റെ ഹൃദയത്തിലൊളിപ്പിച്ച പ്രണയം പോലെ അവൾക്ക് തിരിച്ചിങ്ങോട്ടുമുണ്ടായിരുന്നതും, അവൻ്റെ നാടുവിടലോടെ രോഗാവസ്ഥയിലായ അവൾ കുറിച്ച അവസാന കത്തുമായി വന്നെത്തുന്ന  വേലക്കാരിയിൽ നിന്ന് അറിയുമ്പോൾ സമയം അതിക്രമിച്ചിരുന്നു. അവസാന നോക്കിനായി കൊതിച്ചെഴുതിയ കത്ത് ആവശ്യക്കാരനിലെത്തും മുമ്പേ അവൾ വിട ചൊല്ലിയതറിയുമ്പോൾ അയാൾ ചോദിക്കുന്നതിങ്ങനെ."ഒരു തുള്ളി കണ്ണുനീർ തരുമോ അവൾക്ക് വേണ്ടി കരയാൻ? എൻ്റെ തെല്ലാം വറ്റിപ്പോയി". പൂർത്തീകരിക്കാത്ത ആഗ്രഹവുമായി മറഞ്ഞു പോയ പ്രണയിനിയോടുള്ള അഗാധ പ്രണയത്തിൻ കടമ നിർവ്വഹിക്കാൻ അവസാന ആഗ്രഹമായി സുഹൃത്തിനോട് പറയുന്നത്. " അവളുടെ ഖബറിനരികെ എൻ്റെ മയ്യത്ത് സംസ്കരിക്കുക, കൂടെ ഖബറിൽ അവളുടെ ഈ എഴുത്തുകൂടി വെക്കാൻ മറന്നു പോകരുത്. ജീവിതത്തിലെ അവളുടെ ആഗ്രഹം പൂർത്തീകരിക്കാനാവാതെ പോയി മരണത്തിലെങ്കിലും ഞങ്ങൾ ഒരുമിച്ചാണെന്നവളെ ബോധ്യപ്പെടുത്താൻ." അത് നിർവ്വഹിക്കാൻ പ്രതിജ്ഞാബദ്ധനായ സുഹൃത്തും. പ്രണയം അനശ്വരമാക്കിയ ചെറുകഥയുടെ വിരാമം ഒരു നീറ്റലായി ഹൃദയത്തിലവശേഷിക്കുന്നു.


'വെളുത്ത മുടി' ഒരു താത്വിക രചനയാണെന്ന് മനസ്സിലാക്കാം. കണ്ണാടിയിൽ കാണുന്ന ആദ്യ വെളുത്ത മുടിയിൽ നിന്ന് വളരുന്ന ചിന്ത. എത്ര മനോഹരമായ ഉപമകളാണ് ആ സന്ദർഭത്തെ ഉപയോഗപ്പെടുത്തി കഥാകൃത്ത് നെയ്തെടുക്കുന്നത്. "വിധി എൻ്റെ തലയിൽ ഊരിവെച്ച വാളുപോലെയോ എൻ്റെ അവധി അടുക്കാനായി എന്ന സന്ദേശം നൽകാനായി വന്ന ദൂതൻ വഹിച്ച പതാകപോലെ" ഉയരുന്ന അസ്വസ്ഥ ചിന്തകൾ. മുടിയിഴ "പ്രതീക്ഷക്ക് വിഘാതം നിൽക്കുന്നതോ, തീപ്പൊരിയോ, അതുമല്ലെങ്കിൽ കുളിപ്പിച്ചു പൊരിയാനുള്ള കഫൻ പുടവയുടെ ആദ്യ നൂൽപാളിയോ ആയിട്ടാണ് കഥാകാരന് തോന്നുന്നത്. " സന്ദർശകനായി വന്ന് കുടിയേറ്റക്കാരനായി മാറിയ വെള്ളക്കാരൻ്റെ അവസ്ഥയാണ് നിൻ്റേതെന്ന", ഉപമ അറബ് ലോകത്തിൻ്റെ നിരാശാ രാഷ്ട്രീയത്തെ കൂടി പ്രതിനിധാനം ചെയ്യുന്നു.  

'കൊതുകും മനുഷ്യനും', നിരീക്ഷണ പാടവത്തിൻ്റെ കഥാ മാതൃക എന്ന് പറയാം. എഴുത്തുകാരൻ്റെ വിഷയാലോചനക്കിടയിൽ കടന്ന് വരുന്ന കൊതുകിൽ നിന്നുയരുന്ന കഥാതന്തു. " ഭിന്നിപ്പ് ഗുണം ചെയ്യുന്നതും, യോജിപ്പ് ദോഷം ചെയ്യുന്നതുമായ ഒരു സമൂഹം കൊതുകു സമൂഹമാണെന്ന" അവലോകനം!. ശക്തനായ മനുഷ്യന് ചെറിയ ജീവിയായ കൊതുകിനെ പ്രതിരോധിക്കാനുള്ള ശക്തി പോലുമില്ലാതെ പോകുന്നെന്നത്, എത്ര സമ്പുഷ്ടമായ ചിന്തയാണ്. കൊതുകിലൂടെ മനുഷ്യ വംശത്തിൻ്റെ അപചയങ്ങളെ വെളിപ്പെടുത്തുന്ന ചില ഭാഗങ്ങൾ ഇങ്ങനെ കാണാം, "ആളുകളെ ഉപദ്രവിക്കുന്ന വിഷയത്തിൽ കൊതുകും മനുഷ്യനും ഒരേ പോലെയാണ്.രൂപം രണ്ടാണെന്ന വിത്യാസം മാത്രമേ ഒള്ളൂ, ജോലി ഒന്നു തന്നെ". അടുത്ത ഭാഗത്ത് നമശനം കുറച്ചു കൂടി കനപ്പെടുത്തുന്നുണ്ട്; "കൊതുകുകൾ കൂട്ടമായി വന്ന് മനുഷ്യൻ്റെ ചോര കുടിക്കുന്നു. മനുഷ്യൻ തനിച്ച് ചെന്ന് സഹോദരനെ കുത്തി വീഴ്ത്തുന്നു". പരിഹാരമെന്നാണം കഥാകൃത്ത് നിർദ്ദേശിക്കുന്നത്, "കൊതുക് വളരെ കുറച്ച് മാത്രമേ ഉപദ്രവിക്കുന്നുള്ളൂ. കടി കൊണ്ട ഭാഗത്ത് കുറച്ച് നേരതേ പ്രയാസം ഉണ്ടാകും എന്ന് മാത്രം. മനുഷ്യന് ജീവിക്കാനുള്ള അവസരം നൽകുന്നു. ഇതു പോലെ മനുഷ്യനും വിചാരിച്ചിരുന്നെങ്കിൽ എത്ര നന്നായേന്നേ"!. അത്യാഗഹത്തിൻ്റെ ദൂഷ്യത മനസ്സിലാക്കാൻ, "കൊതുക് സാധ്യമായതിലധികം രക്തം കുടിക്കുന്നു.വയർ നിറഞ്ഞ് പൊട്ടിപ്പോകുന്നത് വരെ കുടിക്കും. മരണത്തിൻ്റെ വഴിയിലൂടെ ജീവിതം അന്വേഷിക്കുന്നു." അങ്ങെനെ കൊതുകിൻ്റെ വഴിയെ സഞ്ചരിച്ച് മനുഷ്യനെന്ന കപടത വ്യക്തമാക്കുന്ന കഥ എന്ന് പറയാം.

മീൻപിടുത്തക്കാരനിൽ നിന്ന് കിട്ടിയ ജീവിത ഉൾക്കാഴ്ചകൾ എന്ന് പറയാം. " സൗഭാഗ്യം എന്നത് മാനസികമായ ആനന്ദവും അതിൻ്റെ സുഖവുമാണെങ്കിൽ ദൗർഭാഗ്യം വേദനയും പ്രയാസവുമാണെങ്കിൽ ഞാൻ സൗഭാഗ്യവാനാണെന്ന വിശ്വാസവും വല്ലാത്ത ഊർജ്ജമാണ്.

'ധനികനും, ദരിദ്രനും' എന്ന കഥ ഒരു സാമൂഹിക വിമർശനം കൂടിയാണ്. ഭക്ഷണം കിട്ടാതെ വയറെരിയുന്ന ദരിദ്രനും, അമിതാഹാരത്താൽ വയർ അസ്വസ്ഥമാകുന്നതുമൊക്കെ അൽപ്പം കാര്യക്ഷമയോടെ വായിച്ചു തീർക്കേണ്ടതാണ്. "ധനികൻ്റെ ദഹനക്കേണ്ട് ദരിദ്രൻ്റെ വിശപ്പിൻ്റെ ശിക്ഷയാണ്". "വെള്ളം തരാതെ പിഴുക്ക് കാണിക്കാത്ത ആകാശവും, സസ്യ ലതാദികൾ മുളപ്പിക്കാതെ ഭൂമിയുമെല്ലാം അടയാളമായിട്ടും, ശക്തനായ ധനികൻ ദരിദ്രർക്ക് കൊടുക്കാതെ പ്രകൃതി വിരുദ്ധത കാണിക്കുന്നു.

പണവും മറ്റും സൂക്ഷിക്കാൻ ഏറെ അവകാശപ്പെട്ടത് തങ്ങളാണെന്ന ചിന്ത ധനികരിലും. തനിക്കതിൽ ഒരു അർഹതയുമില്ലെന്ന ദരിദ്രവിചാരവുമെല്ലാം ഇതിൻ്റെ വൈരുദ്ധ്യമാണ്. മനുഷ്യനും മൃഗവും തമ്മിൽ വേർതിരിവു കണാത്ത കഥാകൃത്ത് നന്മ പ്രവർത്തിക്കുന്നു എന്നതാണ് മാനവ മൂല്യം എന്ന് കാണിക്കുന്നു. 

നാളെ എന്ന കഥ, നാളെയെപ്പറ്റിയുള്ള മനുഷ്യരുടെ ആകുലതകളെ വെളിവാക്കുന്നു. ഇന്നുകളിൽ ജീവത ത്യാഗമർപ്പിക്കുന്നത് ഒരു പ്രതീക്ഷയുമില്ലാത്ത നാളേക്കു വേണ്ടിയാണെന്ന നിശിതവിമർഷനം. മനുഷ്യരുടെ ഇടപെടലിൽ വികസിച്ച സാങ്കേതികത പോലും അശക്തമാക്കപ്പെടുന്നു നാളെ എന്ന അദൃശ്യതയുടെ മുന്നിൽ." നാളെയേ! ഞങ്ങൾക്ക് ചെറുതും വലുതുമായ ധാരാളം പ്രതീക്ഷകളുണ്ട്, ഞങ്ങളോട് പറയുമാേഎവിടെയാണ് നീ അതിനെ വെച്ചത്." എന്ന ചോദ്യം പോലും അജ്ഞാതമായ നാളെയെ കുറിച്ചുള്ള ആശങ്കയാണെന്ന് പറയാം.

'കളവ്', വാക്കുകളിൽ കളവ് ഒളിപ്പിച്ചവൻ പ്രവൃത്തിയിലും ആത്മാർത്ഥത കാണിക്കില്ലെന്ന പരിചയപ്പെടുത്തൽ. "വാക്കുകളിൽ കളവ് പറയുന്നവൻ ഒരു പ്രാവശ്യം നിന്നെ വഞ്ചിക്കുന്നതിന് മുമ്പ് പ്രവർത്തികളിൽ കളവ് നടത്തുന്നവൻ നിന്നെ ആയിരം പ്രാവശ്യം ചതിച്ചിരിക്കും. കാരണം ഒരു കളവിന് തെളിവായി നിരവധി പ്രവർത്തനങ്ങൾ അവൻ ചെയ്തിരിക്കും". കളവിനെ തിന്മയുടെ തലതൊട്ടപ്പനായിട്ടാണ് എഴുത്തുകാരൻ വിശേഷിപ്പിക്കുന്നത്. കളവുകൾ സാധാരണവും, നിസാരവുമായ ഒരു കാലത്തിലൂടെ കടന്ന് പോകുമ്പോൾ, സത്യം പറയുന്നത് അപകടമായി കാണുന്നു. കരാർ ലംഘിക്കുന്ന സുഹൃത്തിനേയും, വ്യാജ സ്നേഹം നൽകുന്ന കൂട്ടുകാരനെയും, വിശ്വസ്തനല്ലാത്ത ഉപദേശിയെയും, രഹസ്യം പരസ്യമാക്കുന്ന വിവരദോഷിയെയും, വാചകങ്ങൾ തെറ്റായി ഉപയോഗിക്കുന്ന പണ്ഡിതനെയും, വ്യാജ സിദ്ധനേയും, വഞ്ചകരായ വ്യാപാരിയെയും, അടിമകളെ വിൽക്കുന്ന പോലെ മനുഷ്യബുദ്ധികളെ വിൽക്കുന്ന പത്രമാധ്യമ പ്രവർത്തകരെയും കാണുന്ന സത്യവാന് നാശ"മുണ്ടാകുന്നെന്നാണ് പരിഭവം.

'സൗന്ദര്യം' എന്ന കഥയിൽ സൗന്ദര്യസ്വാദനത്തിൻ്റെ വിവിധ തലങ്ങൾ വിവരിക്കുന്നു. പല ആസ്വാദനങ്ങളും വികൃതമാണെന്ന അഭിപ്രായപ്രകടനമാണ് ഇതിൽ ദർശിക്കാനാവുന്നത്. ആസ്വാദനം ഒരു രോഗമായും, ഭ്രാന്തിന് ബുദ്ധിയെ ചികിത്സിക്കും പോലെ, രോഗത്തിന് ശരീരത്തെ ചികിത്സിക്കും പോലെ വികൃതാസ്വാദനത്തിനും ചികിത്സ വേണമെന്നാണ് ഇതിലെ ഇതിവൃത്തം.

'കാലം നൽകിയ പാഠം', സ്വന്തം ചെയ്തികളുടെ തിക്തഫലങ്ങൾ അനുഭവിക്കേണ്ടി വരുന്ന ഒരു പ്രഭുവിൻ്റെ തിരിച്ചറിവിൻ്റെ നേർ സാക്ഷ്യം. ആരോഗ്യ കാലത്ത് തൻ്റെ ദുർനടപ്പുകളിൽ മതിമറന്ന പ്രഭുവിനെ കാത്ത് കണ്ണുനീർ വാർത്തിരുന്ന ഭാര്യ. ഇന്ന് പ്രഭുരോഗശയ്യയിലായപ്പോൾ കടം വീട്ടാനെന്ന പോലെ തൻ്റെ രാത്രികളെ സജീവമാക്കുന്നു. മകൻ ദുർനടപ്പുകാരനാകുന്നത് തടയാൻ മറന്ന പിതാവ് ഇന്ന് മകൻ്റെ ദുർനടപ്പുകളെ കുറിച്ച് വേലക്കാരനിൽ നിന്ന് കേൾക്കുമ്പോൾ അശക്തനാകുന്നു. തൻ്റെ കൊട്ടാരവും, സമ്പാദ്യവും ഭാര്യാ കാമുകൻ സ്വന്തമാക്കുന്നതും, ജീവിതാവസാന നിമിഷങ്ങളിൽ കേൾക്കുന്ന ഉപദേശത്തിൽ തൻ്റെ തെറ്റുകളിലെ തിരിച്ചറിവുമുണ്ടാക്കുന്നു. "നിങ്ങൾ ഭാര്യയോട് കരാർ പാലിച്ചിരുന്നെങ്കിൽ അവൾ നിങ്ങളോടും കരാർ പാലിക്കുമായിരുന്നു. നിങ്ങൾ മകനെ സംസ്കാരം പഠിപ്പിച്ചിരുന്നെങ്കിൽ നിങ്ങളുടെ കൽപ്പന അവൻ കേൾക്കുമായിരുന്നു..." പ്രവർത്തനഫലം ലഭ്യമാകാതെ ജീവിതമില്ലെന്ന മഹത് സന്ദേശമുൾക്കൊള്ളുന്ന കഥ. 

മകൻ്റെ മരണത്തൽ വിലപിക്കുന്ന പിതാവിനെ "മറമാടപ്പെട്ട ബാലൻ' എന്ന കഥയിൽ ദർശിക്കാനാവും. പ്രിയപുത്രന്മാരെ നഷ്ടപ്പെട്ട, ചെറിയ കാലത്തിനിടക്ക് ജീവിതത്തിൽ അവരുടെ സ്വാധീനങ്ങൾ വിളിച്ചോതുന്ന കഥ. മക്കൾ പോയതിൽ പിന്നെ "മുളച്ചുവന്ന വിത്തുകൾ ഉണങ്ങിപ്പോയപോലെയുള്ള" അനുഭവം. 

കുറ്റവാളി ശിക്ഷ സ്വീകരിക്കുമ്പോൾ, കുറ്റക്കാരനെക്കാൾ അയാളെ അങ്ങിനെ ആക്കിയ ചുറ്റുപാടുകളെ കുറ്റപ്പെടുത്തുകയാണ് 'സമൂഹം നിന്നെ ചീത്തയാക്കി' എന്ന കഥയിൽ. കളവും, കൊലപാതകവും നടത്തി ശിക്ഷ ഏറ്റുവാങ്ങിക്കേണ്ടി വരുന്ന യുവാവിനെപ്പോലെ, അയാളെ നേർവഴിക്ക് നടത്താത്ത പിതാവും, തെറ്റിന് വഴി ഒരുക്കിയ സമൂഹവും, കുറ്റങ്ങൾക്കനുസൃതമായ ശിക്ഷ നൽകാതെ  പ്രചോദനമേകിയ സർക്കാര്യമെല്ലാം തുല്യ പ്രതികളാകുന്നു. ശിക്ഷയുടെ വിഹിതം ഇവർക്കൊക്കെ കൃത്യമായി വീതിച്ചു കൊടുക്കുന്നതിലാണ് ന്യായമെന്ന ബോധ്യമാണ് കഥ മുന്നോട്ടു വെക്കുന്നത്.

'എവിടെയാണ് സുകൃതം', ഇതുവരെ കാണാത്ത കാമുകിയെ തിരയുന്നപോൽ സുകൃതം തേടി നടത്തുന്ന യാത്ര. വഞ്ചകരായ കച്ചവടക്കാരും, അന്യായമായ നീതിന്യായ വ്യവസ്ഥയും, കാരുണ്യമൊട്ടുമില്ലാത്ത മുതലാളിമാരും, കപടന്മാരായ രാഷ്ട്രീയക്കാരും, അക്രമികളായ സൈനികരും, സ്വാർത്ഥരായ മതമേലാധികാരികളുമെല്ലാം സുകൃതം തേടുന്നു. എല്ലാവർക്കും സുകൃതമറിയാം, പക്ഷെ എങ്ങു തിരഞ്ഞാലും യഥാർത്ഥ സുകൃതത്തെ ദർശിക്കാനാവുന്നില്ല. സുകൃതമാണെന്ന പ്രഛന്നതിൽ വഞ്ചനാ മുഖങ്ങളാണ് ഇതിനെ വികൃതമാക്കുന്നത്.

അവസന കഥയായ 'ഒന്നാമത്തെ ചഷകം', ആത്മാർത്ഥ സുഹൃത്തിൻ്റെ ലഹരിയിൽ മുങ്ങിയ ജീവിതം വേർപ്പെടുത്തിയ സൗഹൃദവും, രോഗാവസ്ഥയിലകപ്പെട്ടപ്പോൾ കണാനായ ദയനീയാവസ്ഥയുമെല്ലാം വിവരിക്കുന്നു. ലഹരി ഉപയോഗിക്കുന്നവനിൽ ഗുണകരമെന്ന ബോധമുണ്ടാക്കി ദോശത്തിലേക്ക് നയിക്കുന്നു എന്ന് തെളിയിക്കുകയാണ് ഈ കഥ. ഒന്നാമത്തെ കപ്പ് നുണഞ്ഞില്ലായിരുന്നെങ്കിൽ ഈ ദുരിതക്കയത്തിലെത്തില്ലായിരുന്നെന്ന കുറ്റസമ്മതം കഥയുടെ ആകെ തുകയായി കാണാനാവും.

വിത്യസ്ഥ ഭാവവും, ആശയങ്ങളും, അർത്ഥ തലങ്ങളും വിവരിക്കുന്ന ചെറുകഥകൾ വലിയ വായനയുടെ ചിന്തയാണ് ലഭ്യമാക്കുന്നത്. മൂലഗ്രന്ഥത്തിൻ്റെ ആശയങ്ങൾ മലയാള വായനാനുഭവമാക്കുന്നതിൽ വിവർത്തന ഗ്രന്ഥത്തിനായി എന്ന് വിശ്വസിക്കാം. നല്ല വായന മുറിഞ്ഞതിൻ്റെ അസ്വസ്ഥതയുണ്ടെന്നാലും, ചിന്തകൾക്കലയാൻ ഒത്തിരി ബാക്കി വെച്ചുള്ള ഒരു വായന അവസാനിക്കുന്നു.


Dr.ജയഫറലി ആലിച്ചെത്ത്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Tarikh-i-Firoz Shahi