*റമളാൻ ചിന്ത 4:4* *ഒറ്റ 'മുറി' ദുരന്തങ്ങളാവാതിരിക്കാം'*
Dr.ജയഫറലി ആലിച്ചെത്ത്.
മനോരമ ബുക്സ്പ്രസിദ്ധീകരിച്ച ടി.പി.വേണുഗോപാലൻ നായരുടെ 'ദൈവം തിരിച്ചയച്ച പ്രാർത്ഥനകൾ' എന്ന കഥാസമാഹാരത്തിന് വലിയൊരു പ്രത്യേകതയുണ്ട്. കഥാകൃത്ത് തന്നെ വിശേഷിപ്പിച്ചപോൽ ഇതിലെ കഥകൾ ഒറ്റവരിക്കഥകളാണ്. വലിയ ആശയങ്ങളെ ചുരുങ്ങിയ വരികളിലേക്ക് ഒതുക്കി വെക്കുന്ന രചനാരീതി. ഈ പുസ്തകത്തിൻ്റെ പ്രധാന്യം പറയാനല്ല ഈ എഴുത്ത്. അതിലെ ഒരു കഥയുമായി ചേർന്ന് നിൽക്കുന്നതാണ് ഈ ദിനത്തിലെ ചിന്ത.
ദൈവം തിരിച്ചയച്ച പ്രാർത്ഥനകൾ എന്ന ഒറ്റവരിക്കഥാ സമാഹാരത്തെ വിശേഷിപ്പിച്ച് ജെസ്ന നാഗൂർ പറഞ്ഞ് വെച്ച ചില വരികൾ ആദ്യമെ പകർത്തട്ടെ. *"എത്ര അക്ഷരങ്ങൾ കൂട്ടിവച്ചാലാണ് ഒരു വാക്കുണ്ടാവുക. ഇനി എത്ര വാക്കുകൾ കൂട്ടിവെച്ചാലാവും ഒരു വരിയുണ്ടാവുക. മനസ്സിലുള്ളവ മുഴുവൻ പറഞ്ഞൊപ്പിക്കണമെങ്കിൽ എത്ര പെട്ടി വാക്കുകൾ കുടഞ്ഞിടണം. പറയാതെ പോയ എത്രയോ വാക്കുകളുടെ ശേഷിപ്പുകൾ ഇപ്പോഴും മനസ്സിലുണ്ടാകും."*
അതെ പലപ്പോഴും നമുക്ക് പറയാൻ ഉള്ള വാക്കുകൾ പറയാനാവാതെ പോകുന്നിടത്തോ, പറഞ്ഞു പോയ വാക്കുകളുടെ ദൈർഘ്യം കൊണ്ട് പായാനുള്ളത് പറഞ്ഞ പോലെ ഉൾക്കൊള്ളാനാവാതെ പോകുന്നിടത്തോ ആണ് ഈ കഥാ സമാഹാരത്തിലെ ചില കഥകൾക്ക് പ്രാധാന്യമുള്ളത്.
മനുഷ്യരുടെ വ്യഥകൾ പങ്കുവെക്കാൻ സാധിക്കുമാറ് വാക്കുകൾ വാർത്തെടുക്കാനും, പറയുന്ന ആളുടെ മനോഭാവത്തെ അതെ അർത്ഥ തലത്തിൽ നിന്നു കൊണ്ട് മനസ്സിലാക്കാനും സാധിക്കാതെ പോകുന്നു ഇക്കാലത്തെ ബന്ധങ്ങൾക്ക് എന്നത് വല്ലാത്ത ദുരന്തമാണ്.
എല്ലാത്തിനോടും 'യാന്ത്രിക'മായൊരടുപ്പമുണ്ടാക്കിയെടുത്തപ്പോൾ മനുഷ്യരുടെ ജൈവിക ബന്ധങ്ങളിൽ കാര്യമില്ലാതെ പോകുന്നു?. ആർക്കും ആരോടും ആത്മാർത്ഥത കാണിക്കാനാവാത്ത ആന്തരിക പ്രതിസന്ധി എന്ന് വിശേഷിപ്പിക്കാം.
എല്ലാ വികാരങ്ങളും ഇന്ന് ഒറ്റ ഇമോജികളിൽ ഒതുങ്ങുമ്പോൾ പറയാനുള്ളതിൻ്റെ ഉൾക്കാമ്പ് നഷ്ടപ്പെട്ടു പോകുന്നു. ഉള്ളു തുറന്ന് പറയാനാവാതെ പലരും പറയാൻ പ്രാപ്തി ഉണ്ടായിട്ടും സംസാരശേഷി നഷ്ടപ്പെട്ട് വല്ലാതെ മൂകമായൊവസ്ഥയിൽ അഭയം പ്രാപിക്കുന്നു.
പറയാനും, കേൾക്കാനും നാം മറന്ന് പോകുന്നിടത്താണ് ടി.പി.വേണുവിൻ്റെ കഥയായ 'മുറി' എന്ന എഴുത്ത് പ്രാധാന്യം കൈക്കൊള്ളുന്നത്. ഒറ്റവരിക്കഥ യായതിനാൽ ചുരുങ്ങിയ വരികളിൽ ആശയം കൈമാറാൻ എഴുത്തുകാരൻ ശ്രദ്ധിക്കുന്നുമുണ്ട്!.
മനുഷ്യരുടെ വ്യഥകൾ പകരാൻ ഇടമില്ലാത്തിടത്ത് കഥയിലെ കഥാപാത്രത്തിൻ്റെ ആലോചനക്ക് ആധുനിക മനുഷ്യൻ്റെ കപടമുഖം വലിച്ചു കീറാൻ ശക്തിയുണ്ടെന്ന് കാണാം.
കഥയുടെ വരികൾ ഇത്രയെ ഒള്ളൂ *"വീടിന്റെ പ്ലാൻ വരയ്ക്കുമ്പോൾ അയാൾക്ക് ഒരു നിർദ്ദേശമേ ഉണ്ടായിരുന്നുള്ളൂ, ആരും കാണാതെ ആരും കേൾക്കാതെ കരയാൻ ഒരു മുറി".* തന്നിലെ നിഷ്കളങ്ക മനുഷ്യനെ ഈ ലോകത്തിന് കേൾക്കാൻ സാധിക്കാതിരിക്കുമ്പോൾ, അല്ലെങ്കിൽ താൻ എന്തെന്നത് ലോകത്തോട് പറയാൻ മടി കാണിക്കുന്ന സ്വാർത്ഥതക്കുള്ള പരിഹാരമെന്നോണം. സ്വന്തത്തിലേക്ക് ചുരുങ്ങാൻ, മറ്റാർക്കും തൻ്റെ വ്യഥകൾ അലോസരമാകാതിരിക്കാൻ സ്വയം തീർക്കുന്ന പ്രതിരോധമാണ് ഈ 'മുറി'.
ഇന്നത്തെ കാലത്ത് സന്തോഷ - ദു:ഖങ്ങൾ പങ്കുവെക്കാൻ അവസരങ്ങൾ നഷ്ടപ്പെടുന്നിടത്ത് നാം ഉണ്ടാക്കിയെടുക്കുന്ന 'മുറി'കൾക്ക് വലിയ പ്രാധാന്യമുണ്ട്. അത്തരം ഒറ്റമുറികളിൽ ഒതുങ്ങാതിരിക്കാൻ നമുക്കും വാക്കുകളെ നിയന്ത്രിക്കാതെ പറയാനും, കേൾക്കാനുമാകട്ടെ.
ശുഭദിനം
അഭിപ്രായങ്ങള്‍