*റമളാൻ ചിന്ത - 4:3* *പുതിയ കാലത്തോട് ചിലത് പറയാനാവണം പഴമക്ക്*
Dr.ജയഫറലി ആലിച്ചെത്ത്
മനസ്സിനെ അലട്ടുന്ന വല്ലാത്തൊരു ചോദ്യമുണ്ട്.പുതിയ കാലമാണോ, പുതിയ തലമുറയാണോ യഥാർത്ഥത്തിൽ പഴിചാരേണ്ടവർ?. പുതിയ തലമുറയുടെ അനാരോഗ്യ പ്രവണതകളെ കുറ്റപ്പെടുത്തി സ്വയം ന്യായീകരിക്കുന്ന ഓൾഡന്മാർ ശരിക്കും തങ്ങളുടെ നിസ്സഹായതയുടെ ഇരകളാണ് എന്ന് പറയാം.
തങ്ങൾ ആർജ്ജിച്ചെടുത്ത അനുഭവജ്ഞാനങ്ങളെ പുതുമയോടെ കൈമാറ്റം ചെയ്യുന്നതിൽ പരാചയപ്പെട്ട നിസ്സഹായവർഗ്ഗം. കുഴപ്പം തലമുറകൾക്കല്ല, പുതിയ കാലത്തിന് തന്നെയാണ്. പുതിയ കാലത്തെ ഉൾക്കൊണ്ട് പഴയ തലമുറ നൽകേണ്ട അനുഭവജ്ഞാനം പകർന്നു നൽകാൻ മടി കാണിക്കുന്നു എന്നത് വലിയ പ്രതിസന്ധിയാണ്. ഈ പ്രതിസന്ധിയുടെ ഫലമാണ് ഉൾക്കരുത്ത് നഷ്ടമാകുന്ന പുതിയ കാലത്തെ പുതുതലമുറ എന്നത്. ചെറിയ പ്രതിസന്ധികളിൽ പോലും പതറിപ്പോകുന്ന മനക്കരുത്തില്ലാത്തവരായി പുതിയ കാലത്തെ മനുഷ്യർ മാറുന്നു എന്നത് ഈ ഉത്തരവാദിത്തബോധമില്ലായ്മയുടെ ഫലമാകാം.
ഒരിക്കൽ യേശുവിനെക്കാണാൻ ഗ്രീക്കിൽ നിന്ന് ചില പണ്ഡിതന്മാർ വരികയുണ്ടായി. തങ്ങളുടെ അറിവും, ശാസ്ത്രബോധവും ലോകത്ത് എക്കാലത്തും മികച്ചു നിൽക്കുന്നു എന്ന തെല്ലഹങ്കാരത്തോടെയാണ് അവർ യേശുവിൻ്റെ മുന്നിൽ ഇരുന്നത്.
വന്നവരുടെ അഹങ്കാരത്തെ മനസ്സിലാക്കുമാറ് യേശു യോഹന്നാൻ പന്ത്രണ്ടാം അധ്യായത്തിലെ ഒരു വചനം രേഖപ്പെടുത്തിയ പോൽ ഇങ്ങനെ പറയുകയുണ്ടായി. " ഒരു ഗോതമ്പുമണി നിലത്തു വീണ് അഴുകുന്നില്ലെങ്കിൽ, അത് അതേപടിയിരിക്കും, അഴുകുന്നെങ്കിലോ വളരെ ഫലം പുറപ്പെടുവിക്കും." തങ്ങളുടെ പ്രതാപകാല ജ്ഞാനം കൊണ്ട് അഹങ്കരിക്കുന്നതിൽ കാര്യമില്ലെന്നും, പുതിയ കാലക്രമത്തിനനുസരിച്ച് അവ പരുവപ്പെടുത്തേണ്ടതുണ്ടെന്നുമുള്ള ലളിതമായ ഒരു ഓർമ്മപ്പെടുത്തൽ.
ജീവിതത്തിൻ്റെ സുഖങ്ങളിൽ മാത്രം അഭിരമിക്കുന്ന പുതിയ തലമുറ വർത്തമാന കാലത്തെ പ്രതിസന്ധികളുടെ അനുഭവസാക്ഷ്യം കൂടി പകർന്നു നൽകി പാകപ്പെടുത്തേണ്ടതുണ്ട് എന്നത് നിഷേധിക്കാനാവാത്ത യഥാർത്ഥ്യമാണ്. പഴഞ്ചനെന്ന് മുദ്രകുത്തി മുതിർന്ന തലമുറയെ മാറ്റി നിർത്തുന്ന പ്രവണത പോലും അപകടകരമാണെന്ന് പറയുന്നത് തന്നെ പഴഞ്ചനാക്കുമെന്നറിയാം.
പുതിയ കാലത്തിൻ്റെ അനുഭവ പരിസരത്തിലേക്ക് നമ്മുടെ അറിവുകളെ പരിവർത്തിക്കേണ്ടതുണ്ട്. ശരിയും, തെറ്റും, സുഖവും, ദു:ഖവും, ആയാസവും, പ്രയാസവുമെല്ലാം പുതിയ കാലത്തേക്ക് കൂടി പരുവപ്പെടുത്തി പകരാൻ പരിശ്രമിക്കേണ്ടതുണ്ട് അതിൽ നിന്ന് കരുത്താർജ്ജിക്കുന്ന ഒരു യുവതലമുറയെ വാർത്തെടുക്കാൻ സാധിക്കേണ്ടതുണ്ട്.
ഉള്ള ജ്ഞാനത്തെ ഒതുക്കി വെച്ചാൽ വളർച്ച പ്രാപിക്കുന്നതിനെക്കാൾ നാം മുരടിക്കുകയാണ് ചെയ്യുന്നത്. ഗോതമ്പ് മണി അതിൻ്റെ സുന്ദരമായ പുറംതോടിനെ അഴുകാൻ അനുവദിക്കുമ്പോൾ മാത്രമാണ് അത് മുളപൊട്ടി കതിരിടുന്നതും പുതിയ കാലത്തിന് ഉപയോഗപ്പെടുമാറ് വിള നൽകുന്നതും.
അത് പോലെ സ്വയം പരീക്ഷിക്കപ്പെടുന്നതിൽ നിരാശനാകാതെ പുതിയ നേട്ടങ്ങൾക്കുള്ള പാകപ്പെടുത്തലാണ് നടക്കുന്നെതെന്ന ബോധ്യം പുതിയ കാലത്തെ ആളുകളിൽ ഉണ്ടാവേണ്ടതുണ്ട്.
പ്രവാചകൻ്റെ അനുചരന്മാരിൽപ്പെട്ട ഔസ് ബ്നു ഹാരിഥഃ മരണാസന്ന വേളയില്‍ തന്‍റെ മകനെ വിളിച്ചുകൊണ്ട് നൽകുന്ന ഉപദേശം എങ്ങിനെയാണ് പഴയ തലമുറയുടെ ജ്ഞാനം പുതിയ കാലത്തെ യുവതക്ക് പകർന്നു നൽകാനാകുമെന്നതിൻ്റെ ഉദാഹരണമാണ്.
അദ്ദേഹം മകനെ വിളിച്ചിങ്ങനെ പറഞ്ഞു; “മോനെ, ജീവിതത്തില്‍ രണ്ട് ദിനങ്ങളേ ഉള്ളൂ. ഒരു ദിവസം നിനക്ക് അനുകൂലമാണെങ്കില്‍ ഒരു ദിവസം നിനക്ക് പ്രതികൂലമാകാം. നിനക്ക് അനുകൂലമാണ് ദിനങ്ങളെങ്കില്‍ നീ അഹങ്കരിക്കാതിരിക്കുക. നിനക്ക് പ്രതികൂലമാണ് ദിനങ്ങളെങ്കില്‍ നീ അങ്ങേയറ്റം ക്ഷമകൈക്കൊള്ളുക. രണ്ട് ദിനങ്ങള്‍ക്കും അല്‍പായുസ്സു മാത്രമേ ഉള്ളൂ എന്ന് മനസ്സിലാക്കി ജീവിക്കുക.” എന്നതായിരുന്നു ആ പിതാവിൻ്റെ മകനോടുള്ള അവസാന വചനങ്ങൾ.
പുതിയ കാലത്ത് നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് ഇത്തരം ആന്തരിക ബല കൈമാറ്റങ്ങളാണ്.അതിനാലാണ് ചെറിയ പരാചയങ്ങളെപ്പോലും ഉൾക്കൊള്ളാനാവാതെ നൈമിഷിക വികാരങ്ങൾക്കടിമപ്പെട്ട് അപകടകരമായ പ്രതികരണങ്ങളാണ് നിത്യേന നാം കണ്ടുകൊണ്ടിരിക്കുന്നത്. ജീവിതം ഒരു കളി പോലെയാണ്. ചിലപ്പോൾ നിങ്ങൾ വിജയിക്കും, ചിലപ്പോൾ നിങ്ങൾ തോൽക്കും. നിങ്ങൾക്ക് അത് നിങ്ങളുടെ മുന്നേറ്റത്തിൽ എടുക്കാൻ കഴിയണമെന്നവരെ ബോധ്യപ്പെടുത്താൻ മറന്നു പോകുന്നു നാം ചിലപ്പോഴെല്ലാം. അതിനെ മറികടക്കാനുള്ള ലളിതമായ മാർഗ്ഗമാണ് തലമുറകളുടെ അനുഭവജ്ഞാന കൈമാറ്റം. അത് നടക്കേണ്ടതുണ്ട്, ഒന്ന് ചീഞ്ഞാൽ മറ്റൊന്നിന് വളമാകുമെന്ന പഴമൊഴിപോൽ, മുൻ തലമുറയുടെ അനുഭവജ്ഞാനമാകട്ടെ പുതിയ തലമുറയുടെ സുനക്ഷിത ഭാവിക്കായുള്ള കരുതിവെക്കൽ.
ശുഭദിനം
അഭിപ്രായങ്ങള്‍