*റമളാൻ ചിന്ത - 4:1* *അറിവല്ല തിരച്ചറിവാണ് മുഖ്യം*

Dr.ജയഫറലി ആലിച്ചെത്ത് ഗലീലിയോയുടെ വളരെ പ്രശസ്തമായൊരു ചിന്തയിങ്ങനെ വായിക്കാം; "ഒരു മനുഷ്യനെ ഒന്നും പഠിപ്പിക്കാൻ ആവില്ല;അത് സ്വയം കണ്ടെത്താൻ അയാളെ സഹായിക്കാനേ പറ്റൂ." മറ്റൊരാളെ വിവേകത്തോടെ പേരുമാറാൻ എത്ര കഠിന പരിശീലനം നൽകിയിട്ടും ചിലപ്പോൾ കാര്യമില്ല. എന്തിനാണ് തനിക്കീ പ്രാപ്തി ലഭ്യമായത് എന്ന ബോധ്യം ഉണ്ടാക്കിയെടുക്കുന്നത് വരെ. തൻ്റെ കഴിവുകൾ എന്തിന് വേണ്ടി സ്വായത്തമാക്കി എന്ന തിരിച്ചറിവ് നേടുകയാണ് ആ സിദ്ധിയാർജ്ജിച്ചെടുക്കുന്നതിനെക്കാൾ മുഖ്യം. തങ്ങളിൽ അന്തർലീനമായ മഹാത്മ്യത്തെ തിരിച്ചറിയാൻ സാധിക്കാത്ത വിധം അറിവില്ലായ്മയുടെ മേലങ്കിയണിഞ്ഞവരാണ് ഏറ്റവും വലിയ നഷ്ടത്തിലായവർ. വർഷത്തിലൊരിക്കൽ ഒരു പ്രത്യേക ദിനത്തിൽ തൻ്റെ ആവശ്യങ്ങളെല്ലാം പൂർത്തീകരിക്കാൻ പ്രത്യേക സിദ്ധി ലഭിച്ച ഒരു ഗുരുവിൻ്റെ കഥ വയിച്ചതോർമ്മയുണ്ട്. തനിക്കു സ്വന്തമാക്കാൻ സാധിച്ച പ്രത്യേക സിദ്ധിയിൽ ഗുരു അഭിമാനം കൊള്ളുകയും, ശിഷ്യരോട് അതിൻ്റെ മഹാത്മ്യം തെല്ലഹങ്കാരത്തോടെ ഇടക്കിടെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നത് അദ്ദേഹത്തിന് പ്രത്യേക ഹരമായിരുന്നു. ഒരിക്കൽ ഗുരു തനിക്ക് പ്രിയപ്പെട്ട ശിഷ്യനുമായി നീണ്ട ഒരു യാത്ര പുറപ്പെട്ടു. ഇടക്ക് വെച്ച് ചെറിയൊരു കൊള്ളസംഘം ഗുരുവിനേയും, ശിഷ്യനേയും തടവിലാക്കി. മോചന ദ്രവ്യമായി വലിയൊരു തുക ആവശ്യപ്പെട്ടപ്പോൾ ഗുരു പരിഭ്രാന്തിയിലായി. സമയബന്ധിതമായി ശിഷ്യൻ ഇടപ്പെട്ട് മോചന തുക താൻ ആശ്രമത്തിൽ നിന്ന് എത്തിക്കാം എന്ന് കൊള്ളസംഘത്തിന് വാക്ക് കൊടുത്തു. അങ്ങനെ ഗുരുവിനെ ബന്ധസ്ഥനാക്കി ശിഷ്യനെ മോചനദ്രവ്യത്തിന് വിടാൻ കൊള്ളസംഘത്തിൻ്റെ നേതാവ് ആജ്ഞാപിക്കുന്നു. പോകുന്നതിന് മുമ്പ് ശിഷ്യൻ ഗുരുവിൻ്റെ കാതിൽ സ്വകാര്യമായി ഒരോർമ്മപ്പെടുത്തൽ നടത്തി."താങ്കളുടെ പ്രത്യേക സിദ്ധി ഒരു കാരണവശാലും ഈ കൊള്ളസംഘത്തിന് മുന്നിൽ ഉപയോഗിക്കരുത്, മോചന തുകയുമായി താൻ പെട്ടെന്ന് തന്നെ എത്തിക്കോളാം." അങ്ങനെ ശിഷ്യൻ യാത്ര പറഞ്ഞ് പോയത് മുതൽ കൊള്ളസംഘം ഗുരുവിനെ കഠിനമായ ശിക്ഷാ മുറകൾക്ക് വിധേയനാക്കി. ഭക്ഷണമോ, വെള്ളമോ ലഭിക്കാതെ പ്രായാസത്തിൽപ്പെട്ടപ്പോൾ ഗുരു ചിന്തിച്ചു താനെന്തിന് ശിഷ്യൻ വരുന്നവരെ ഈ പീഡനം ഏറ്റുവാങ്ങണം. വർഷത്തിലൊരിക്കൽ തൻ്റെ ആഗ്രഹം നിർവ്വഹിക്കാൻ സാധിക്കുമാറ് ഒരു വരം കയ്യിലുള്ളപ്പോൾ! കൂടുതൽ ആലോചനക്ക് നിൽക്കാതെ ഗുരു കൊള്ളസംഘത്തിൻ്റെ നേതാവിനെ കണ്ട് താൻ മോചനദ്രവ്യം സ്വയം നൽകാമെന്നും, അതിനുള്ള പ്രത്യേക സിദ്ധിതനിക്കുണ്ടെന്നും. അതിനാവശ്യമായ ചില സ്വകാര്യ കർമ്മങ്ങൾക്ക് സാഹചര്യമൊരുക്കണമെന്നും ആവശ്യപ്പെടുന്നു. അവിശ്വാസത്തോടെയെങ്കിലും സംഘ നേതാവ് അതനുവദിച്ചു. എന്നിട്ട് സംഘത്തിൽപ്പെട്ടവർ മാറി നിന്ന് ഗുരുവിൻ്റെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു. അവരെ അത്ഭുതപ്പെടുത്തി ഗുരുവിൻ്റെ മന്ത്രോച്ചാരണങ്ങൾക്ക് ശേഷം വില പിടിപ്പുള്ള സ്വർണ്ണാഭരണങ്ങളും മറ്റും മുന്നിൽ നിറയുന്നു. സമയം വൈകാതെ തന്നെ സംഘാഗങ്ങൾ ഗുരുവിനെ ബന്ധസ്ഥനാക്കി സമ്പാദ്യമെല്ലാം കൈക്കലാക്കുന്നു. ഇത്ര വലിയ സിദ്ധിയുള്ള ഒരാളെ എന്തിന് മോചിപ്പിക്കണമെന്ന അഭിപ്രായത്തിൽ അവർ ഗുരുവിനെ ബന്ധിയാക്കി അടുത്ത താവളത്തിലേക്ക് യാത്ര തുടർന്നു... ഇടക്ക് മറ്റൊരു കൊള്ള സംഘം ഇവരെ ആക്രമിക്കുകയും, സമ്പാദ്യമെല്ലാം കൈക്കലാക്കാൻ ശ്രമിക്കുന്നു. സ്വയം രക്ഷക്ക് വേണ്ടി കൊള്ളസംഘത്തിൻ്റെ നേതാവ് തനിക്കൊപ്പമുള്ള ഗുരുവിൻ്റെ അമൂല്യ സിദ്ധിയെക്കുറിച്ച് പുതിയ സംഘത്തിന് വിവരം നൽകുന്നു. ആദ്യ സംഘത്തെ ആക്രമിച്ച് വധിച്ച് അവരിൽ നിന്ന് മുഴുവൻ സ്വത്തുക്കളും കൈക്കലാക്കിയ പുതിയ സംഘം. ഇത്ര വിലപിടിപ്പുള്ള ആഭരണങ്ങൾ നൽകാൻ സാധിക്കുന്ന ഗുരുവിനെ തടവിലാക്കി കൂടുതൽ ലഭ്യമാക്കാൻ ആവശ്യപ്പെടുന്നു. എന്നാൽ ഇനി ഒരു വർഷത്തിന് ശേഷമേ തനിക്കതിന് സാധിക്കൂ എന്ന് ഗുരു അറിയിച്ചപ്പോൾ വിശ്വസിക്കാത്ത കൊള്ളസംഘം ഗുരുവിനെ വധിക്കുന്നു. അവസാനം കിട്ടിയ സ്വത്തിന് പരസ്പരം പോരടിച്ച് ആ സംഘത്തിലെ മുഴുവൻ പേരും വധിക്കപ്പെടുന്നതോടെ കഥയുടെ ആദ്യഭാഗം പൂർത്തീകരിക്കപ്പെടുന്നു. അപ്പോഴേക്കും ഗുരുവിൻ്റെ മോചനത്തിനാവശ്യമായ തുക സ്വരൂപിച്ചെത്തിയ ശിഷ്യൻ തൻ്റെ മുന്നിലെ കാഴ്ചകളിൽ നിന്ന് കാര്യങ്ങൾ ഗ്രഹിച്ചെടുക്കുന്നു. അറിവ് കൊണ്ട് ഗുരു മഹാനായിരുന്നെങ്കിലും, അനുഭവജ്ഞാനമില്ലായ്മയാണ് ഗുരുവിൻ്റെ അന്ത്യത്തിലേക്കും, ഒരു പാട് പേരുടെ മരണത്തിലേക്കും നയിച്ചതെന്ന ആത്മഗതത്തോടെ ചിതറിക്കിടക്കുന്ന സമ്പാദ്യമെല്ലാം സ്വരൂപിച്ച് ആശ്രമത്തിലേക്ക് തിരിക്കുകയും പിന്നീട് ഈ അനുഭവം തൻ്റെ സഹപാഠികൾക്ക് പകർന്നു നൽകുകയും ചെയ്യുന്നു. അറിവ് കൊണ്ട് എല്ലാം തികഞ്ഞവരാകാൻ ഒരാൾക്കും സാധ്യമല്ല, അനുഭവജ്ഞാനത്തിൽ നിന്ന് തിരിച്ചറിവ് നേടാൻ അയാൾ സ്വയം പ്രാപ്തി ആർജ്ജിക്കും വരെ എന്ന വലിയ പാഠം ഗലീലിയോയിൽ നിന്ന് വായിച്ചെടുത്ത് ഗുരുവിൻ്റെ അനുഭവത്തിലൂടെ നമുക്ക് ഗ്രഹിക്കാനാവട്ടെ. ശുഭദിനം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Model Question by Dr. JR