കല്യാണപ്പാട്ടിന്റെ വാദ്യോപകരണങ്ങൾ
ചട്ടുകം |
നാട്ടറിവ് യാത്ര കല്യാണപ്പാട്ടിന്റെ വാദ്യോപകരണങ്ങൾ
മുന്നോ നാലോ പതിറ്റാണ്ടുകൾക്കപ്പുറം മലബാറിലെ മുസ്ലിം കല്യാണങ്ങളിലെ മാറ്റി നിർത്താനാവാത്ത അഭിവാജ്യ ഘടകമായിരുന്നു, വട്ടപ്പാട്ടെന്ന കോളാമ്പിപ്പാട്ടുകൾ. അക്കാലങ്ങളിൽ കല്യാണാലോചനകൾ നടക്കുമ്പോൾ തന്നെ പ്രഥമമായി തീരുമാനിക്കേണ്ടത് പാട്ടുകാരുടെ ഒഴിവുകളായിരുന്നു പോലും. വരന്റെയും, വധുവിന്റെയും പക്കക്കാരായി പാട്ടുകാരെ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത ഒരഭിമാനപ്രശ്നമായിരുന്നു എന്ന് അക്കാലത്തെ ഓർത്തെടുത്ത് പഴമക്കാർ പറയുന്നു.
രാത്രി കല്യാണങ്ങളിൽ പാട്ടുകൾ ഒരവശ്യ ഘടകമായത് വഴിദൂരമാണെന്ന് അഭിപ്രായമാണ് പല പാട്ട് ചരിത്ര വിവരണങ്ങൾക്ക്. പലപ്പോഴും വാഹന സൗകര്യം കുറവായതിനാൽ ഈ സുദീർഘമായ കാൽനടയാത്രകൾക്ക് ഉണ്ടായേക്കാവുന്ന തളർച്ചക്കും, മുഷിപ്പിനുമൊരു പരിഹാരമായി പാട്ടുകൾ മാറി. ഈ പാട്ടുസംഘങ്ങളിലെ അത്യാകർഷകമായൊരു ഘടകം വഴിയോരതടസ്സങ്ങൾ മനസ്സിലാക്കുന്നതിന് ഉപയോഗിച്ച പെട്രോൾ മാക്സുകളായിരുന്നു, പലയിടങ്ങളിലും വിളക്ക് പിടിക്കാനുള്ള സ്ഥിരം ആളുകൾ ഉണ്ടായിരുന്നതായി അറിയുന്നു. പ്രത്യേക വാൾവുകളിലൂടെ എയർ പ്രഷർ നിലനിർത്തി, പ്രകാശം വമിക്കുന്ന നേർത്ത വലകണക്കേയുള്ള മന്റിലുകൾ പൊട്ടിവീഴാതെ വേണം വെളിച്ചത്തെ ബാലൻസ് ചെയ്യിക്കാൻ, അതിനാൽ തന്നെ കാസറ്റ് വിളക്കുകൾ കാറ്റടിക്കുന്നതിന് വൈദിഗ്ദ്യം ഉള്ളവരായിരുന്നു ഈ വിളക്ക് ചുമട്ടുകാർ.
മണവാളൻ പുതു വസ്ത്രമണിഞ്ഞ് വധുഗ്രഹത്തിലേക്കിറങ്ങാൻ വേണ്ടി ബന്ധുക്കളോട് യാത്ര ചോദിക്കുമ്പോൾ, പാട്ടുകാർ ജോലി തുടങ്ങും. വരനു നൽകാനുള്ള പ്രസന്റേഷനുകൾ നൽകുന്നതിനുള്ള അറിയിപ്പ് പറഞ്ഞു കൊണ്ടാണ് പൊതുവേ പാട്ടുകൾ തുടങ്ങാറ്. പിന്നെ വഴി നീളെ "തന തന തന്താ... തനീനാ.. തനതെത്തു താനാ" പാടി സഞ്ചരിക്കുന്നു.
വധു ഗ്രഹത്തിലേക്ക് എത്തുന്നതിന് മുമ്പ് വഴിയിൽ വന്ന് വധുവിന്റെ ആളുകൾ സ്വീകരിക്കുന്നിടത്താണ് കല്യാണപാട്ടിന്റെ ആദ്യ മത്സരവേദി, വാശിയിൽ ഇരു ഭാഗക്കാരും പാട്ടു മുറുക്കുമ്പോൾ പുലരുവോളം വരനും കൂട്ടരും പെൺ വീടിന് വെളിയിൽ നിൽക്കേണ്ടി വന്നതായി അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.
പെൺ വീട്ടിൽ രണ്ടു ഭാഗമായി ഇരുന്ന് പാടുന്നതാണ് മത്സരപ്പാട്ടുകളിലെ ആവേശ ഘട്ടം. ഇന്നത്തെ കലോത്സവ വട്ടപ്പാട്ടിന്റെ തുടക്കം ഈ വട്ടത്തിലിരുന്നുള്ള കൈകൊട്ടു പാട്ടിൽ നിന്നാണ്. അവസാനം രമ്യതയുടെ ഭാഗമായി പെൺ വീട്ടുകാർ തോൽവിപാട്ട് പാടുന്നതോടെ മത്സരം അവസാനിക്കും.
നാട്ടിൻ പുറങ്ങളിൽ ഗുരു സന്നിധിയിൽ നിത്യ പരിശീലനം നേടിയ പ്രെഫഷണൽ സംഘങ്ങൾ ധാരാളമുള്ളതായി കാണാം. നൈമിഷികമായി പാട്ടുകൾ രൂപപ്പെടുത്തുന്നവരാണ് ഏറ്റവും പരിഗണനീയർ.
പാട്ടുകാർ പ്രധാനമായും ഉപയോഗിച്ചിരുന്ന ചില നാടൻ വാദ്യ ഉപകരണങ്ങളാണിതിന്റെ പ്രധാന സവിശേഷത. ചില പ്രദേശങ്ങളിൽ പാട്ട് സംഘങ്ങളിലെ സീനിയോരിറ്റി ക്കനുസരിച്ചായിരുന്നു ഇവയുടെ കൈകർത്തിത്തം എന്ന് മനസ്സിലാക്കാം
ഏറ്റവും പ്രധാനപ്പെട്ടത് കോളാമ്പിയാണ്: പണ്ട് വെറ്റില മുറുക്കി തുപ്പാനുപയോഗിച്ചിരുന്ന ഓട്ടു കോളാമ്പി. അതിന് മുകളിൽ വായുമർദ്ദം ഉപയോഗിച്ച് പ്രത്യേക ശബ്ദത്തിൽ പാട്ടിനനുസരിച്ച് താളം പിടിക്കാൻ കവുങ്ങിൻ പാള കൊണ്ട് നിർമിച്ച വിശറി ( ചൂടുകാലത്ത് കാറ്റു വിശാൻ ഉപയോഗിച്ചിരുന്നത്).
മറ്റൊരു ഉപകരണമാണ് ദഫ് മുട്ടിനും മറ്റുമൊക്കേ ഉപയോഗിക്കുന്ന തോലുകൊണ്ടുള്ള പരന്ന കിലുക്കമുള്ള ഉപകരണം.
കോളാമ്പി |
കുടാതെ പാട്ടുകാർ ഉപയോഗിക്കുന്ന മറ്റൊരു പ്രധാന സഹായ ഉപകരണമാണ് ചട്ടുകം, മരം കൊണ്ട് വിരലുകൾക്കിടയിൽ വെച്ച് വീതിയുള്ള വൃത്തഭാഗം കൊണ്ട് താളമിടുന്നത്.
പാട്ടിന്റെ മുറുക്കത്തിനൊത്ത് കേൾവിക്കാരനിൽ ആവേശം കൂട്ടുന്ന പ്രധാന ഉപകരണമാണ് കുയിരാളം. ഇലത്താളവുമായി രൂപ സാദൃശ്യമുള്ള ഈ കുഞ്ഞൻ ഒട്ടുപകരണം അടിക്കുന്നതിനനുസരിച്ച് പാട്ടിന്റെ രൂപവും മാറുന്നു.
മറ്റൊന്ന് കിലുക്ക് (ആദ്യകാലത്ത് സോഡാ കുപ്പിയുടെ അടപ്പുകൾ കമ്പിയിൽ കോർത്താണ് ഉണ്ടാക്കായിരുന്നത്).
ഇത്തരം ഉപകരണങ്ങൾ പാട്ടിൽ ചെലുത്തുന്ന സ്വാധീനവും, അവയുടെ ആവശ്യകതയും അനിർവ്വചനീയമാണ്.
കേൾവിക്കാരനിലേക്ക് പാട്ടുകാരന്റെ വികാര വിക്ഷോപങ്ങൾ എത്തിക്കുന്നതിൽ ഇവ നിർണ്ണായക സ്വാധീനം ചെലുത്തുന്നതായി നേരിൽ കാണുന്ന ഒരാൾക്ക് മനസ്സിലാക്കാം.
(ചില ഉപകരണങ്ങളെ പുനർ പഠനവിധേയമാക്കേണ്ടതുണ്ട്. ചില പ്രാധമിക അന്വേഷണങ്ങൾ വെച്ചാണ് ഈ എഴുത്ത് )
Dr. ജയഫറലി ആലിച്ചെത്ത്
അഭിപ്രായങ്ങള്‍