വാക്കത്തിയുമായി കുതിച്ച വിപ്ലവകാരികളെ തുരത്തിയ നിസ്കാര കുപ്പായക്കാരി
മാതൃദിനത്തിലെ നാട്ടറിവിൻ യാത്രയിൽ ഇന്ന് കൂടറിവ്
വാക്കത്തിയുമായി കുതിച്ച വിപ്ലവകാരികളെ തുരത്തിയ നിസ്കാര കുപ്പായക്കാരി
മമ്മീര്യം |
2013 - 14 അധ്യായന വർഷത്തിൽ പ്രിയ ഗുരുവര്യൻ K K. N കുറുപ്പ് സാറിന്റെ മേൽനോട്ടത്തിൽ ചാലിയത്ത് നടന്ന മൂന്ന് ദിവസത്തെ പ്രാദേശിക ചരിത്ര രചനാ ശിൽപശാലയാണ് ചില പ്രദേശിക ഗവേഷണ താൽപര്യത്തിലേക്കുള്ള ചുവടുവെപ്പിന് ഹേതുവായത്. അന്നവിടന്നു ലഭ്യമായ ഗവേഷണ രീതിശാസ്ത്ര ക്ലാസുകൾ മുന്നോട്ടുവച്ചൊരു പ്രധാന നിർദേശം ഓർമയിൽ നിൽക്കുന്നത്, ജീവിത പരിസരത്തിൽ കാണുന്ന ചേതന - അചേതന ഘടകങ്ങളുടെ രേഖപ്പെടുത്തണമെന്നാഗ്രഹിക്കുന്ന വസ്തുതകളെ അന്വേഷിച്ചറിയുക, അവയേ ലഭ്യമായ മാർഗങ്ങളിലൂടെ പൊതു ജന സമക്ഷത്തിലേക്കു വെളിപ്പെടുത്തുക.
അകാഡമിക സദസ്സുകളിലെ ബുജി തീക്ഷണതയിൽ പാകപ്പെടുത്തിയെടുക്കുന്ന ചർച്ചകൾ അല്ലെങ്കിൽ ദേശീയ-അന്തർ ദേശീയ നിലവാര പട്ടം ലഭ്യമായ നീണ്ടക്ക പുസ്തകങ്ങളോ മാത്രം ചരിത്ര രേഖയും പടനവുമായി ചുരുങ്ങുമ്പോൾ, അതിനപ്പുറം വിശാല സാധ്യതകൾ, ഒരു ഗ്രാമാന്തരങ്ങളിലെ മറഞ്ഞിരിക്കുന്ന യഥാർത്യങ്ങളിൽ പകരാനുണ്ടെന്ന ബോധ്യപ്പെടലും ചരിത്ര ദൗത്യമാണെന്ന വിശ്വാസത്തെ മനസ്സിൽ ഉറപ്പിക്കുന്നു.
ഇന്ന് കേട്ടറിഞ്ഞ ചരിത്രം, ഒരു പ്രദേശത്തിന്റെ സാഹിത്യരചനകളിൽ പരിമിധപ്പെടുത്തിയേക്കാവുന്ന ഒരു ചെറുകഥകണക്കേ തോന്നാം എങ്കിലും നാട്ടറിവിൻ യാത്രയിൽ കൂടറിയണമെന്ന തോന്നലാണ് ചരിത്ര സ്മരണകളില്ലാത്ത, തുച്ചമാം രേഖപ്പെടുത്തലായി മാറിയ എന്റെ ജന്മ ദേശത്തിലൂടെയാവാം എന്ന് കരുതിയത്.
നിലമ്പൂർ താലൂക്കിലെ കാളികാവ് പഞ്ചായത്തിലെ മൂന്നാം വാർഡ് വെന്തോടൻ പടി, ഒരു മൂന്ന് പതിറ്റാണ്ട് മുമ്പ് പന്നിക്കോട് എന്നറിയപ്പെട്ട കർഷകഗ്രാമം (ഗ്രാമ ചരിത്രത്തെ കണ്ടെത്തി കൊണ്ടിരിക്കുകയാണ്, അവ തുടർ വായനകളിലേക്ക് ലഭ്യമാക്കാം എന്നാശിക്കുന്നു), റബ്ബർ തൊഴിലാളികളിൽ കുടിയേറ്റ താൽപര്യമുദിപ്പിക്കുന്നത് മൂന്ന് സുപ്രധാന ബ്രിട്ടീഷ് കമ്പനി ഉടമസ്ഥതയിലുണ്ടായിരുന്ന എസ്റ്റേറ്റുകളിലെ സ്ഥിര ജോലിയാണ്. പുരുഷൻമാർ റബ്ബർ വെട്ടുകാരും ( ടാപ്പിംഗ്), സ്ത്രീകൾ തോട്ടം പണിക്കുമായി വന്നിരുന്ന കേരള, പുല്ലങ്കോട്, മധുമല എസ്റ്റേറ്റുകൾ. കാലക്രമേണ ചുറ്റുമുള്ള ഗ്രാമങ്ങളുടെ സാമ്പത്തിക, സാമൂഹികാന്തരീക്ഷത്തിൽ നിർണ്ണായകമായ പല പരിവർത്തനങ്ങളും സാധ്യമായി എന്നതാണ് മനസ്സിലാക്കാനായത്. സ്വാതന്ത്രപുലരിയിൽ അധിനിവേശ ശക്തികളിലെ സ്വാധീനങ്ങൾ പല നാട്ടുസായിപ്പമ്മാരിലേക്ക് കൈമാറ്റപ്പെടുകയും, ക്രമേണ ചൂഷണപ്രവണതകൾ ഉടലെടുക്കുകയും ചെയ്യുന്നു.
തൊഴിലാളി മേഖല ശക്തിപ്പെടുകയും സഖാവ് കുഞ്ഞാലിയുടെ പ്രവർത്തനങ്ങൾ അസംഘടിത തോട്ടം തൊഴിലാളി വർഗ്ഗത്തെ സംഘശക്തിയാക്കുകയും അതിലൂടെ, വിപ്ലവാത്മക മുന്നേറ്റങ്ങൾ തെഴിൽ മേഖലയിൽ പ്രാവർത്തികമാക്കാൻ സാധിക്കുകയുണ്ടായി. ഇതിനിടയിൽ, ചില നൂതന വിഘടന പ്രക്രിയകൾ വിരുദ്ധ ചേരികളാക്കി തോട്ടം സംഘങ്ങളെ ക്ഷയിപ്പിക്കുന്നു. രാഷ്ട്രീയ, ആശയ വൈരുദ്ധ്യങ്ങൾ പലപ്പോഴും തൊഴിൽ മേഖലകളിലെ അനീതിക്കെതിരെ ഉള്ള നീതി യജ്ഞങ്ങളിൽ തടസ്സങ്ങൾ സൃഷടിക്കപ്പെടുകയും, തൊഴിലാളി മനോഭാവങ്ങളിൽ കാതലായ മാറ്റങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. അവ തൊള്ളായിരത്തി എഴുപതുകളുടെ പകുതികളിൽ തോട്ടം മേഖലകളിൽ ശക്തമായ തൊഴിൽ പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുകയും, അതിലൂടെ മനേജ്മെന്റ്, എംപ്ലോയി ഘടനകളിൽ ചില രൂപ മാറ്റങ്ങൾ വരുത്തുകയും, അവ നിരന്തര സമരങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഈ പ്രതിസന്ധി ഘട്ടത്തെ മുറിച്ചു കാടക്കാൻ സാധിച്ച പുല്ലങ്കോട്, കേരള എസറ്റേറ്റുകളിൽ നിന്ന് വിഭിന്നമായി മധുമല എസ്റ്റേറ്റിൽ കോടതി ഇടപെട്ടു ലോക്കൗട്ട് പ്രഖ്യാപിക്കുന്നു. മധ്യതിരുവിതാംകൂറിൽ നിന്ന് മലബാറിലെ തോട്ടം മേഖലയിൽ പണം മുടക്കിയ മി: ഐസക് തന്റെ തൊഴിലാളികളുടെ ചെയ്തികൾ തീർത്ത നഷ്ടങ്ങൾ ഉയർത്തി കാണിച്ചാണ് അനുകൂല വിധി നേടിയത്.
എസ്റ്റേറ്റ് പൂട്ടിയതോടെ പണി നഷ്ടപ്പെട്ട തൊഴിലാളികൾ അതിജീവനത്തിനായി ശക്തമായ തുടർ സമരങ്ങളിൽ ഏർപ്പെടുകയും, കമ്പനിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സ്തംഭിപ്പിക്കുകയും ചെയ്യുന്നു. മുതലാളി അനുകൂല നിലപാടുകളെടുത്തിരുന്ന ഉയർന്ന ഉദ്യോഗസ്ഥരുടെ മേൽ രൂക്ഷവും, ശക്തമായ ഒരു വിരോധം സമരക്കാർക്കിടയിൽ രൂപപ്പെടുകയുണ്ടായി. കമ്പനി പൂട്ടിയതോടെ ഇത്തരം മാനേജർ, റൈറ്റർ തസ്തികളിലുണ്ടായിരുന്നവരേ സ്വഗ്രഹങ്ങളിലേക്ക് അയച്ചിരുന്നു. അക്കൂട്ടത്തിൽ തൊഴിലാളികളുടെ ബന്ധങ്ങളെ മനസ്സിലാക്കിയിരുന്ന എറണാകുളത്തുകാരൻ റൈറ്റർ ജോർജ്ജ് എന്ന യുവാവ് സമരാലയൊളികൾ അവസാനിച്ചെന്ന പ്രതീക്ഷയിൽ കമ്പനി കുക്കിനൊപ്പം, എസ്റ്റേറ്റ് സന്ദർശിക്കാൻ വരുന്നു. എന്നാൽ ജോർജ്ജിന്റെ ആത്മവിശ്വാസം അതികസമയം നീണ്ടു നിന്നില്ല, അവരുടെ വരവറിഞ്ഞ് ഏകദേശം ഇരുപത്തഞ്ചോളം സമര പോരാളികൾ ലഭ്യമായ ആയുധങ്ങൾ കൈവശപ്പെടുത്തി, തങ്ങളെ ദുരിതത്തിലേക്ക് തള്ളിയിട്ട മുതലാളിയുടെ ഏറാം മൂളികളുടെ ജീവനെടുക്കാൻ ആക്രോശിച്ചു കുതിച്ചെത്തി വന്നവരെ വളഞ്ഞാ ക്രമിക്കാൻ ശ്രമം നടത്തുന്നു. അപകടം മനസ്സിലാക്കി ജോർജും, അനുയായിയും ആർത്തട്ടഹസിച്ച് ജീവനും കൊണ്ട് രക്ഷതേടി ഓടുന്നു. മരകായുധങ്ങളുമായി ശത്രുവിനെ കീഴടക്കാൻ ഓടി കൂടുന്ന സമര സഖാക്കളിൽ നിന്ന് തലനാരികക്ക് രക്ഷപ്പെട്ട രണ്ട് ഹതഭാഗ്യർ ഊടും, തോടും ചാടി എത്തപ്പെട്ടത് മെയിൻ റോഡിനരികിൽ ഉള്ള വിട്ടുമുറ്റത്ത്.
പുറത്തേ ശബ്ദം കേട്ട് ളുഹർ നമസ്കാരത്തിന് അംഗശുദ്ധി വരുത്തി നിസ്കാര പായയിൽ തക്ബീർ കെട്ടാനിരിക്കുന്ന വീട്ടമ്മ തന്റെ നമസ്കാര പായയിൽ നിന്ന് മുറ്റത്തേക്കോടുന്നു. പുറത്തെത്തിയപ്പോൾ ജീവനു വേണ്ടി ഓടി തളർന്ന, ഒരിക്കൽ താൻ ജോലിക്കാരിയായിരുന്ന എസ്റ്റേറ്റിൽ പിന്നീട് വന്ന ഉദ്യോഗസ്ഥനും, സഹചാരിയും. വെപ്രാളത്തിൽ കാര്യം അന്വേഷിച്ചവർ, ജീവൻ രക്ഷിക്കാൻ സഹായമഭ്യർത്ഥിച്ച രണ്ട് പുരഷമ്മാരോടും തന്റെ നമസ്കാര മുറിക്കകത്ത് വിശ്രമിക്കാൻ അവശ്യപ്പെടുന്നു. എന്നിട്ട് വീടിന്റെ ഇറയിൽ നിന്ന് ചുട്ടുരാഖിയ വെട്ടുകത്തി (മടവാൾ) വലിച്ചെടുത്ത്, തന്റെ മുറ്റത്തേക്ക് കയറാൻ കുതിച്ചെത്തിയ 25 ഓളം യുവാക്കൾക്ക് നേരേ കത്തിയുയർത്തി "ഒരടി വെച്ചാൽ ആ കാല് വെട്ടും മമ്മീര്യം " എന്ന് ആർജ്ജവത്തോടെ പറഞ്ഞ്, കൊത്തി കീറാൻ വന്നവരിൽ നിന്ന് തന്റെ വെളുത്ത നിസ്കാര കുപ്പായത്തിൻ തിളക്കം പോലെ ഈമാൻ സ്ഫുരിപ്പിച്ച, രണ്ട് അന്യ മത ജീവനുകളെ വീണ്ടെടുക്കാൻ സധൈര്യം മുന്നോട്ടുവന്ന ഒരു ചരിത്രം നൽകുന്ന ഊർജ്ജം നമുക്കുണ്ട് എന്ന് നാട്ടുകാരോട് പറയേണ്ടതില്ലേ? . വൈകിട്ട് ഐസക് വിവരമറിഞ്ഞ് ബന്ധപ്പെട്ടപ്പോൾ എത്തിയ പോലീസുകാരോട് അവരുടെ ജീവൻ സംരക്ഷിക്കുമെന്നവർക്ക് ബോധ്യമുണ്ടേൽ നിങ്ങൾക്കൊപ്പം വരുന്നതിൽ വിരോധമില്ല എന്ന് പറഞ്ഞ് "വിശ്വാസമെങ്കിൽ പോകാം" എന്ന് ഭയവിഹ്വലരായ രണ്ടു പേരേയും അറിയിക്കുന്നു. അവസാനം അഞ്ച് മണിക്കൂറോളം നിലനിന്ന ആ ഭീകരന്തരീക്ഷം സൗമ്യമായി പരിഹരിക്കപ്പെടുന്നു. മരണത്തിൽ നിന്ന് സ്വന്തം ജീവൻ നോക്കാതെ നിലനിന്ന ആ ഉമ്മയോടുള്ള കടപ്പാട് ജോർജ് പിന്നീട് പലപ്പോയും അവരെ സന്ദർശിച്ച് അറിയിക്കാറുണ്ടായിരുന്നു.
( അന്നാ സമരകാഹളത്തിൽ മേൽ- കീഴ് നോക്കാതെ അക്രമിക്കാനെത്തിയ ചില പേരുകൾ ബോധപൂർവ്വം സുചിപ്പിക്കുന്നില്ല)
ഇത് ചരിത്രമാക്കേണ്ടതില്ലേ? ഇത്തരം ആവേശ സത്യങ്ങൾ ന്യൂ ജൻ അറിവിനായി കണ്ടെത്തി പറയേണ്ടതില്ലേ? അതിനിനിയും അച്ചടിപ്പേജുകളുടെ നീണ്ട സമയക്രമം നോക്കേണ്ടതുണ്ടോ?
ജീവിതതണലായ മണ്ണയിൽ കുട്ടുനൊപ്പം മമ്മീര്യം |
ഇല്ല അത്രക്ക് ക്ഷമ കാണിക്കാനാവുന്നില്ല, തെക്കഞ്ചേരി മൊയ്തീന്റെ മൂന്നു മക്കളിൽ രണ്ടാമത്തേതായി വന്ന ഏക പെൺതരി, പിന്നീട് മണ്ണയിൽ കുട്ടു എന്ന കമ്മ്യൂണിസ്റ്റുകാരനെ ജീവിതതണലാക്കിയ മമ്മീര്യം, ഏഴു മക്കൾക്ക് ജന്മം നൽകി. 2001 ൽ തന്റെ ഭർത്താവിന്റെ ഖബറിടത്തിനടുത്ത് അനശ്വര ജീവിതം തുടങ്ങി.
കടപ്പാട്: ഉമ്മയുടെ നിലപാടിലെ ആർജ്ജവം ഇന്നും ആവേഷത്തോടെ ഓർക്കുന്ന, ഈ സംഭവത്തിന് നേരിട്ട് ദൃക്ഷാക്ഷിയായ ആ ഒൻപതു വയസ്സുകാരൻ, മണ്ണയിൽ കോയ എന്ന 54 കാരനോട്.
Dr. ജയഫറലി ആലിച്ചെത്ത്
അഭിപ്രായങ്ങള്‍