*റമളാൻ ചിന്ത - 3:2* *ജീവിതമറിഞ്ഞ് സമ്പാദിക്കാം*

Dr.ജയഫർഅലി ആലിച്ചെത്ത് ആയുസ്സിൻ്റെ പ്രധാന പങ്കും ഭൗതികസൗകര്യങ്ങളൊരുക്കാൻ ചിലവഴിക്കുന്നവരാണല്ലോ ബഹുഭൂരിഭാഗം ആളുകളും. സ്വന്തമായി അദ്ധ്വാനിക്കാൻ തുടങ്ങുന്നത് മുതൽ പിന്നെ ജീവിതമൊടുങ്ങും വരെ നിധി തേടിയുള്ള യാത്ര. ഭൂമിയിലെ അവതരണ ലക്ഷ്യം തന്നെ സമ്പാദിക്കാനുള്ളതെന്ന തെറ്റിധാരണയിൽ വിശ്രമമില്ലാത്ത ഓട്ടം. ചുറ്റുമുള്ളവരെ ശ്രദ്ധിക്കാനോ, കുടുംബങ്ങളോട് ഒരൽപ്പനേരം ഇടപഴകാനോ അവസരം കാണാനാകാതെ അത്യാർത്ഥിയിലൊടുങ്ങുന്ന നിരാശ ജീവിതങ്ങൾ. തൻ്റെ ജീവിതത്തിൻ്റെ മുഖ്യ പങ്കും ജീവിക്കാൻ മറന്നു സമ്പാദ്യങ്ങൾ കുന്നുകൂട്ടുവാൻ ചില വഴിച്ച് ആയുസ്സിൻ്റെ ആസ്വാദനം മറക്കുന്നവർ. സമ്പാദിക്കലാണ് ജന്മാവതാര ലക്ഷ്യമെന്ന് തോന്നിക്കുമാറ് മനസ്സമാധാനമില്ലാതെ ജീവിക്കുന്നവർ. സമ്പാദ്യം തിട്ടപ്പെടുത്താൻ മാത്രം സമയം കണ്ടെത്തി ജീവിക്കാൻ മറന്ന പിശുക്കനായ കോടീശ്വരൻ്റെ ഗതിയാവും ഒടുക്കം ഇത്തരം ലക്ഷ്യമിടുങ്ങിയ ജീവനുകൾക്ക്. തൻ്റെ ജീവിതവും, ആരോഗ്യ കാലഘട്ടവും സമ്പാദ്യത്തിന് വേണ്ടി മാത്രം നീക്കി വെച്ച അയാൾ, കിട്ടുന്നതെല്ലാം ഒരു സഞ്ചിയിൽ കെട്ടിവെച്ച് സ്വരുക്കൂട്ടി വെച്ചു. ചെറിയ കുടിലിൽ, വരണ്ട കൃഷിഭൂമിക്ക് നടുവിൽ ദരിദ്ര ജീവിതം നയിക്കുന്ന ഒരു സമ്പന്നനെന്ന് പറയാം. പണം കുന്നുകൂടുന്നതോടെ സ്വസ്ഥമായിട്ടുറങ്ങാനാവാത്ത അവസ്ഥ. നിത്യവും കിടക്കുന്നതിന് മുമ്പ് പറമ്പിൽ കുഴിയെടുത്ത് ഒളിപ്പിച്ച് വെച്ച നിധിയെടുത്ത് തിട്ടപ്പെടുത്തി അരവയറിൻ്റെ കാളലിൽ കഴിച്ചു കൂട്ടുന്ന ദിനങ്ങൾ. ഒരിക്കൽ തൻ്റെ പതിവു പരിശോധനക്ക് സമ്പാദ്യം എടുത്ത് തിട്ടപ്പെടുത്തുന്നത് കണ്ട് മനസ്സിലാക്കിയ കള്ളൻ, ഒരു പ്രയാസവുമില്ലാതെ അവ കൈക്കലാക്കുന്നു. അടുത്ത ദിവസം പറമ്പിലെത്തിയപ്പോൾ ജീവിതത്തിൻ്റെ മുഴുവൻ സമ്പാദ്യവും നഷ്ടപ്പെട്ടതറിഞ്ഞ് ബോധരഹിതനായി വീഴുന്നു. ഒടുക്കം അന്ത്യവും സംഭവിച്ചു. കാര്യങ്ങളെല്ലാം അറിയാവുന്ന അയൽക്കാരൻ മൂന്ന് കഷ്ണം തുണിയിൽ പൊതിഞ്ഞ് കുഴിമാടത്തിലിറക്കുന്ന ആ ദരിദ്ര കോടീശ്വരനെ നോക്കി പറഞ്ഞ വാക്കുകൾക്ക് നനാർത്ഥങ്ങൾ ഉണ്ട്. സമ്പാദിക്കാൻ ചില വഴിച്ച് ദ്രവിച്ച ആയുസ്സിന് ഗ്രീസിടാൻ മടികാണിച്ച്, സ്വയം നശിച്ച് പോകുന്ന ചില ജന്മങ്ങൾ ഇത് മനസ്സിലാക്കേണ്ടതുണ്ട്. കുന്നുകൂട്ടുന്ന സമ്പന്നതയുടെ ബാലൻസ് ബുക്കിന് തിരിച്ച് തരാനാകാത്ത വിധം നഷ്ടപ്പെടുന്ന ആയുസ്സിൻ്റെ മഹാത്മ്യത്തോളം മറ്റെന്ത് നേട്ടം. ചിലവഴിക്കാനാവാത്ത, ആവശ്യങ്ങൾ നിറവേറ്റാൻ മടി കാണിച്ച് കുന്നുകൂട്ടുന്ന സമ്പാദ്യം, പറമ്പിൽ കിടക്കുന്ന കല്ലിനോളം വിലയെ കാണാനാവൂ. സ്വന്തത്തിന് പോലും ഉപകാരപ്പെടാത്ത ഇത്തരം സമ്പാദനത്തിന്, ഉപകാരപ്പെടാത്ത സ്വരുക്കൂട്ടലിന്, ഒരിക്കലുമുപയോഗപ്പെടാത്ത കല്ല് പോലെയെ വിലയിടേണ്ടതൊള്ളൂ. ആയുസ്സറിഞ്ഞ്, ജീവിക്കാൻ പഠിച്ച് നമുക്ക് സമ്പാദ്യമുണ്ടാക്കാം. തനിക്കും, കുടുംബത്തിനും, സമൂഹത്തിനും ഉപകാരപ്പെടുന്ന വിധം അത് വിനിയോഗിക്കാനുള്ള മനസ്സ് വളർത്തിയെടുത്താവട്ടെ ജീവിതത്തിൻ്റെ അർത്ഥമറിഞ്ഞുള്ള ജീവിതം ജീവിക്കാൻ. അല്ലെങ്കിൽ സമ്പാദിക്കാൻ ജീവിച്ച്, ജീവിക്കാൻ മറന്ന വെറും ജീവിതമായിപ്പോകും ജീവിതം. ശുഭദിനം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Model Question by Dr. JR