റമളാൻ ചിന്ത - 3:5 അന്തരിക പരിവർത്തനം അനിവാര്യം

Dr. ജയഫർഅലി ആലിച്ചെത്ത്
കേവലതയിൽ അഭിരമിക്കുന്നത് ഒരു ആത്മനിർവൃതിയായി മാറുന്നുണ്ട് ഈ കാലത്ത്. ചിന്തിക്കുന്നതും, ചെയ്യുന്നതുമെല്ലാം ശരിയാണെന്ന മിഥ്യയെ ശരികേടാണെന്ന് ബോധ്യപ്പെടാത്തയവസ്ഥ. എന്തിലും, ഏതിലും ഉന്മാദം കണ്ടെത്തുന്ന തലമുറ. വിവേകത്തെക്കാൾ വികാരത്തിന് പ്രാധാന്യം നൽകുന്നു എന്ന് പറയാം!. പാരമ്പര്യങ്ങളും, സാമൂഹിക മൂല്യങ്ങളുമറിഞ്ഞ് പ്രവർത്തിക്കുന്നതിൽ അവിവേകികളായിത്തീരുന്നു. ആശയങ്ങളുടെ ആത്മവിമർശനം കുറഞ്ഞ് കൊണ്ടിരിക്കുന്നു. പരസ്പര സംവാദങ്ങൾ പോലും വൈകാരികതയിലും, ശത്രുതയിലും അവസാനിക്കുന്നുവോ?. രാഷ്ട്രീയ മേലധികാരന്മാരും, രാഷ്ട്ര നിയന്ത്രകരുമെല്ലാം അധികാരത്തിലഭിരമിക്കുന്ന വല്ലാത്തൊരവസ്ഥ. അധികാരത്തിൻ്റെ അന്ധതയിൽ മാനുഷിക ഗുണങ്ങൾ പോലും അന്യമാക്കപ്പെടുന്നു. മൂല്യാധിഷ്ഠിത ജീവിതത്തിൻ്റെ നന്മകൾ വിസ്മരിക്കപ്പെടുകയും, ആൾക്കൂട്ട യുക്തി ആശയങ്ങളായി പരിവർത്തിക്കുകയും ചെയ്യുന്ന പോസ്റ്റ്മോഡേണിസഭ്രമം. നീതി, സത്യം, ധർമ്മം തുടങ്ങിയതെല്ലാം പരിശുദ്ധാത്മാക്കളിലോ, പുണ്യ ഗ്രന്ഥങ്ങളിലോ ഒതുക്കപ്പെടുകയും. ഭൗതിക ലാഭങ്ങൾ കണ്ടെത്താൻ അനർത്ഥമായ വഴികൾ തേടുകയും ചെയ്യുന്നു. തൻ്റെ പ്രത്യയശാസ്ത്രമാണ് ലോകത്ത് മേൽക്കോയ്മയിലുള്ളത് എന്ന് മിഥ്യാധാരണവെച്ച്, വിരുദ്ധാശയങ്ങൾ നശിപ്പിക്കപ്പെടണം എന്ന വാശിയേറ്റുന്ന വൈര്യ രാഷ്ട്രീയ കോലങ്ങൾ. എന്തിനാണ് തൻ്റെ മാത്രം ലോകം പടുത്തുയർത്തുന്നത് എന്ന വ്യക്തത ഇത്തരം അധാർമ്മിക തത്വങ്ങൾക്കുണ്ടാവില്ല. നീതിയും, നീതികേടുമെല്ലാം കണ്ണുമൂടിയ നിയമ പ്രകിയക്കകത്ത് ഒതുങ്ങി, പുതിയ ന്യായങ്ങളെ വ്യാഖ്യാന വഴികളിലൂടെ നിർമ്മിച്ചെടുക്കുന്നു. അത്തരം വ്യാഖ്യാനങ്ങൾ പൊതുബോധത്തെ ഗ്രഹിക്കുമാറ് സത്യമായി ചിത്രീകരിക്കുന്നു. എന്നിട്ട് ആ നവ സംഹാര പ്രത്യയശാസ്ത്ര നായാട്ടുകൾക്ക് ആൾക്കൂട്ടങ്ങളെ നിർമ്മിച്ചെടുത്ത് ലക്ഷ്യം നേടുന്നു. ഒന്നും ആന്തരികമായി ഗ്രഹിക്കാത്ത ചില പേക്കൂത്തുകളായി മാറുന്നു. താളത്തിനൊത്തു ആടുന്നെങ്കിലും താളമുൾക്കൊള്ളാനാവാത്തയവസ്ഥ. എന്തിനാണ്, ആരുടെ ലാഭത്തിനാണ് ഇത്തരം അന്ധമാർന്ന അനുകരണമെന്ന് മനസ്സിലാക്കാതെ, മാതൃകാ തത്വങ്ങളായി അവാഹിക്കുകയും, അതിനായി അക്രമങ്ങളിലേർപ്പെടുകയും ചെയ്യുന്നവരുടെ കാലത്ത് സമാധാനമെങ്ങിനെ നിർവ്വചിക്കും.?. ശങ്കരാചാര്യരുടെ ജീവിത ചരിത്രത്തിലെ ഒരു സംഭവം ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. ഗുരുവിനെ അന്ധമായി അനുകരിക്കുന്ന ശിഷ്യൻ. നടപ്പും, വേഷവും, സംസാരവുമെല്ലാം അക്ഷരംപ്രതി പിന്തുടരുന്നു. ശിഷ്യനെ പരീക്ഷിക്കാൻ ഗുരു തീരുമാനിച്ചു. ഒരു യാത്രക്കായി ഒരുങ്ങുന്നു, ശിഷ്യനെ കൂടെയനുഗമിക്കാൻ ക്ഷണിച്ചു. കൊടുംവേനലിൻ ചൂടിൽ കഠിന ദാഹം, "നല്ല ദാഹം", ഗുരു പറഞ്ഞു. ശിഷ്യനും ഏറ്റുപറഞ്ഞു. ചുറ്റും നോക്കിയ ഗുരു ഓട്ടുപാത്രം ഒരുക്കിയെടുക്കുന്ന ആലയിലേക്ക് നീങ്ങി. പിറകെ ശിഷ്യനും, ഗുരു തിളച്ച് മറിയുന്ന ദ്രവകം മൊന്തയിലെടുത്തു വായിലൊഴിക്കുന്നു. പിന്നീട് ശിഷ്യന് നേരെ മൊന്തനീട്ടി. ശിഷ്യൻ അന്ധാളിച്ചു പോയി, പേടിച്ച് വിറക്കുന്ന കരങ്ങൾകൂപ്പി, "ഇത് കുടിച്ചാൽ ദാഹമല്ല, താൻ തന്നെ ദഹിച്ചു പോകുമെന്ന് പറയുന്നു". ഗുരുമന്ദഹസത്തോടെ ശിഷ്യനെ ഓർമ്മിപ്പിക്കുന്നു. "അന്തമായ അനുകരണം ആപത്താണ്, മഹത്തുക്കളെ ബാഹ്യമായല്ല, അന്തരികമായി പകർത്താനാവണം". അന്ധമായ അനുകരണം അപകടകരമായ ചുറ്റുപാടുകളെ നിർമ്മിച്ചെടുക്കാനെ ഉപകരിക്കൂ. യുക്തിയും, വിവേകവും കൈമുതലാക്കുമ്പോഴെ വ്യക്തി വികാസം കൈവരിക്കാനാവൂ... ശുഭദിനം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Model Question by Dr. JR