റമളാൻ ചിന്ത - 3:4 നഷ്ടപ്പെടാതെ ഇഷ്ടപ്പെടാം

Dr. ജയഫർ അലി ആലിച്ചെത്ത് ഹൃദയങ്ങൾ പരസ്പരം കൈമാറ്റം ചെയ്യപ്പെടുന്ന തീവ്ര വികാരത്തിൻ്റെ പേരാണല്ലോ പ്രണയം, സ്നേഹം, ഇഷ്ടം എന്നൊക്കെ പറയുന്നത്. ചുറ്റിലും ഇഷ്ടപ്പെടുന്നവർ ഉണ്ടാകുക എന്നതിനോളം സൗഭാഗ്യം മറ്റെന്തിന്! കാപട്യവും, വഞ്ചനയുമില്ലാതെ ഉള്ളറിഞ്ഞ് സ്നേഹം കൈമാറുന്നതിനോളം വലിയ കാര്യം എന്തുണ്ട്?. സ്നേഹിക്കപ്പെടാനും, സ്നേഹം പകരാനും ആരൊക്കെയോ ഉണ്ടെന്ന തോന്നൽ നൽകുന്ന ഒരു സുരക്ഷിതത്വം ഉണ്ടല്ലോ അതിനോളം ഒരു മനുഷ്യന് വേറെന്ത് വേണം?. ആൾക്കൂട്ടത്തിലായിട്ടും, ഒറ്റപ്പെട്ടു പോകുന്ന ഒരവസ്ഥയല്ലെ, ആത്ർത്ഥമായി ,ഉള്ളറിഞ്ഞ് ഇടപഴകാൻ ഒരാളില്ലാത്തവൻ്റെ അവസ്ഥ!. ആധുനികതയുടെ ഭ്രമങ്ങളിൽ ലയിച്ചർമ്മാദിക്കുന്ന പുരോഗമന കാലക്കാർക്ക്; ഇഷ്ടം, സ്നേഹമെന്നൊക്കെപ്പറഞ്ഞാൽ താൽക്കാലിക നേട്ടക്കച്ചവടമാണെന്ന് തോന്നിപ്പോവാറുണ്ട്. വർഷങ്ങൾ ഒരുമിച്ച് കഴിഞ്ഞാലും ഇഷ്ടാനിഷ്ടങ്ങൾ പങ്കുവെക്കാനും, മനസ്സിലാക്കാനും സാധിക്കാതെ പോകുന്ന ദാമ്പത്യങ്ങൾ, വീട്ടുജോലിക്ക് വന്ന അതിഥി തൊഴിലാളിയിൽ മനസ്സുടക്കി കൈക്കുഞ്ഞിനെപ്പോലും ഉപേക്ഷിച്ചോടുന്നവർ. എന്നെ ഒന്ന് കേട്ടിരുന്നെങ്കിൽ ഈ അനാവശ്യ ബന്ധം ഉണ്ടാവുമായിരുന്നില്ല എന്ന് പരിതപിക്കുന്ന എത്രയാളുകൾ. കിട്ടേണ്ട പരിഗണനയും, അംഗീകാരവും കിട്ടാതെ പോകുമ്പോൾ, അവ താൽക്കാലികമോ, കപടമായോ കിട്ടുന്നിടത്ത് അഭയം തേടാൻ വെമ്പുന്നു ഓരോ മനുഷ്യരും. '' ഇഷ്ടപ്പെടാൻ ചുറ്റുപാടുകൾ മടി കാണിക്കുമ്പോൾ നഷ്ടപ്പെടുന്ന വ്യക്തിത്വം കണ്ടെത്താനും, അത് നേടിയെന്ന വിജയ ഭാവം നടിക്കാനും ഇറങ്ങി പുറപ്പെടുന്നവർ, പിന്നീട് തിരിച്ചു കയറാനാവാത്ത വിധം പെട്ടു പോകുന്നു. ഒരു നിമിഷം കൊണ്ടു ഉപേക്ഷിച്ചെറിയുന്ന ബന്ധങ്ങളുടെ കെട്ടുപാടുകളും, തീരാത്ത പകയും മനുഷ്യൻ്റെ മാത്രം ദൗർഭല്യമാണോ?. നിമിഷങ്ങൾ കൊണ്ട് ഉപേക്ഷിച്ചെറിയാൻ മാത്രം രൂപപ്പെടുന്ന പതിറ്റാണ്ടുകളുടെ സനേഹക്കൈമാറ്റം കൊണ്ട് അർത്ഥമാക്കുന്നത് എന്താണ്? സിറ്റി ഓഫ് സാൻ അന്റോണിയോ അനിമൽ കെയർ സർവീസസിന്റെ ഫെയ്‌സ്ബുക്ക് പേജ് പങ്കിട്ട ഒരു കഥ വളരെ പെട്ടെന്നാണ് സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തത്. വളർത്തുനായ നഷ്ടപ്പെട്ട യജമാനൻ 10 വർഷങ്ങൾക്ക് ശേഷം സാംസൺ എന്ന നായയെ കണ്ടെത്തുമ്പോൾ ഉണ്ടാകുന്ന വികാരനിർഭര നിമിഷത്തെ പങ്കുവെച്ചതായിരുന്നു ആ വാർത്ത. ടെക്സസിലെ സി എന്ന വ്യക്തിയുടെ സാംസൺ എന്നു പേരായ നായ ഒരു ദിവസം നഷ്ടപ്പെടുന്നു. പിന്നീടുള്ള തൻ്റെ ഓരോ ദിവസവും സിക്ക് സാംസണെ തേടിയുള്ള യാത്രകളായിരുന്നു. ഉപേക്ഷിക്കപ്പെട്ട ആറു നായകളെ കണ്ടെത്തിയ ഷെൽട്ടർ ഹോം അധികൃതർ, അവശതയിലുള്ള നായയെ ചികിത്സക്കായി സ്കാൻ ചെയ്യുമ്പോൾ കണ്ട ചിപ്പിലൂടെ ഉടമസ്ഥനെ വിവരമറിയിക്കുന്നു. 10 വർഷത്തെ വേർപ്പാടിൻ്റെ മുറിവ് ഉണക്കുന്ന ആ മനുഷ്യ - മൃഗ സംഗമവേളയെ എത്ര ഹൃദയസ്പർശിയായാണ് കാണാനാവുന്നത്. ഇഷ്ടങ്ങളുടെ കളങ്കമില്ലാത്ത കൈമാറ്റത്തിൻ്റെ മാതൃകാനുകരണം. ഉപേക്ഷിക്കപ്പെട്ടിട്ടും, തിരിച്ചെത്തുമ്പോൾ പകർന്നു നൽകാൻ സ്നേഹം മാത്രം കൈമുതലുള്ള പ്രകൃതി സത്യത്തെ മലീനസപ്പെടുത്തുന്നത് മനുഷ്യർ മാത്രമാകും. സ്നേഹിക്കപ്പെടുന്നവർ ചതിക്കുമ്പോൾ, ആത്മാർത്ഥതക്ക് ആത്മവഞ്ചന പകരം വെക്കുമ്പോൾ തകർന്നടിയുന്ന യഥാർത്ഥ സ്നേഹങ്ങൾക്ക് / നിസ്സഹായമാം നിലവിളികൾക്ക് മുന്നിൽ ജോൺസനെന്ന നായയും, സിയെന്ന മനുഷ്യനും ഒരു മാതൃകയാകട്ടെ... ശുഭദിനം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Model Question by Dr. JR