റമളാൻ ചിന്ത - 3:3 അടയാളമാകാൻ ജീവിക്കാം
Dr.ജയഫർ അലി ആലിച്ചെത്ത്
ജീവിതത്തിൻ്റെ യഥാർത്ഥ നിർവചനം സാധ്യമാണോ?. വിത്യസ്ഥ സാഹചര്യങ്ങളിൽ, വ്യക്തികളുടെ കാഴ്ചപ്പാടിനനുസരിച്ച് അതിൻ്റെ വൈവിദ്ധ്യങ്ങൾ രൂപപ്പെടുന്നു. ജനിക്കുക എന്നത് സ്വാഭാവിക പ്രക്രിയ, ജനിച്ചതിൻ്റെ ലക്ഷ്യം കണ്ടെത്താനാകുന്നതിലാണല്ലോ യഥാർത്ഥ വിജയം.
ജീവിതത്തിൻ്റെ വിജയം നിർണ്ണയിക്കുന്നത് ഈ ലക്ഷ്യ നിർണ്ണയത്തിൻ്റെ വിജയത്തിനനുസരിച്ചാകുന്നു എന്നത് പലപ്പോഴും പ്രതിസന്ധികൾ ഉണ്ടാക്കാറുണ്ട്. ജീവിതത്തിൻ്റെ വിജയം ചില ലക്ഷ്യങ്ങൾ ലഭിച്ചതുകൊണ്ട് മാത്രം ഉണ്ടാകുന്നതാണെന്ന മിഥ്യാ ധാരണ പലപ്പോഴും വെച്ച് പുലർത്തുന്നതാണ് ഇത്തരം കാഴ്ചപ്പാടുകൾക്ക് കാരണം. "ജീവിതം ഒരു ലക്ഷ്യസ്ഥാനമല്ല, ലക്ഷ്യത്തിലേക്കുള്ള യാത്രയാണെന്ന്" പറയാറുണ്ട്. യാത്രയുടെ അവസാനത്തിൽ മാത്രം സംതൃപ്തി തേടലല്ല, ഓരോ ഘട്ടത്തിലും ലഭ്യമായതിൽ കണ്ടെത്തുന്ന സന്തോഷം എന്ന് പറയാം.
ലണ്ടൻ ഫിലിം ഫെസ്റ്റിവെലിൻ്റെ ഉദ്ഘാടന ചിത്രമായും, 2019ലെ ഐ.എഫ്.കെ യിൽ പ്രദർശിപ്പിച്ച
ഭൂട്ടാൻ ചലചിത്രം 'ലുനാന: എ യാക് ഇൻ ദി ക്ലാസ്റൂം' നമുക്ക് ജീവിതത്തിൻ്റെ തിരെഞ്ഞെടുപ്പുകളുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നു. ന്യൂ ജെൻ ചിന്താധാരയിൽ വളരുന്ന, അധ്യാപനത്തെ ജോലിയായി കണ്ട് നിർവ്വഹിക്കുന്ന ഉജെയ്ൻ ഡോർജി എന്ന കേന്ദ്ര കഥാപാത്രം. തൻ്റെ ഓസ്ട്രേലിയൻ യാത്ര മാത്രമേ ജീവിതത്തിൽ വിജയം നൽകൂ എന്നുറച്ച് വിശ്വസിക്കുന്നതിനാൽ, അധ്യാപകനായിട്ടും, തൻ്റെ ജീവിതത്തിൻ്റെ വഴി മറ്റെന്തോ എന്ന തോന്നലിൽ യാന്ത്രികമായി മാത്രം തൻ്റെ അദ്ധ്യാപനത്തിൽ ഏർപ്പെടുന്നു. വിദേശയാത്ര നീണ്ടതിനാൽ ഉൾഗ്രാമത്തിലേക്ക് സ്ഥലം മാറ്റം ലഭിക്കുകയും, അവിടെ എത്തുന്നതിലൂടെ തൻ്റെ ജീവിതം അദ്ധ്യാപനത്തോട് പുലർത്തിയ അവഗണന മനോഭാവം തെറ്റായിപ്പോയെന്ന് ബോധ്യപ്പെടുകയും ചെയ്യുന്ന ചിത്രീകരണം.
ആധുനികതയുടെ സ്വാധീനം തുലോം സ്പർശക്കാത്ത ഗ്രാമവാസികൾ അക്ഷരങ്ങളോടും, അത് പകർന്നു നൽകുന്നവരോടും പുലർത്തുന്ന ബഹുമാനവുമെല്ലാം തൻ്റെ ജന്മ ലക്ഷ്യം മനസ്സിലാക്കാൻ നായകനെ പ്രാപ്തനാക്കുന്നു എന്ന് മാത്രമല്ല, ഏറ്റെടുക്കുന്ന ഉത്തരവാദിത്തം എത്ര മഹത്തരമാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.
ചായ ഉണ്ടാക്കാൻ പേപ്പർ കത്തിക്കാമെന്ന ആശയത്തോട് നോട്ട് കത്തിക്കുന്നതിനെക്കാൾ വലിയ അപരാധമായി കാണുന്ന ജനത. പരിമിതമായ സാഹചര്യത്തിലും പഠനത്തോട് അവർ കാണിക്കുന്ന അഭിനിവേശം, അധ്യാപകനാവുക എന്നതിൽ പുണ്യം കാണാനും, "അധ്യാപകർ ഭാവിയെ തൊടാൻ കഴിവുള്ളവരാണെന്ന'' വാക്കുമെല്ലാം വല്ലാത്തൊരനുഭൂതിയിലെത്തിക്കുന്നു.
ജനിക്കുന്നതിൽ അവസാനിക്കുന്നതോ, ജീവിക്കുന്നതിൽ തുടങ്ങുന്നതോ ജീവിതം! എന്ന തിരിച്ചറിവാകും നമ്മിലെനമ്മെ കണ്ടെത്താനുള്ള മാർഗം. ജനിച്ചതല്ലെ, ജീവിച്ചു തീർക്കാം എന്നല്ല, ജീവിക്കാനുള്ള യാത്രയുടെ തുടക്കമാണ് ജനനം എന്ന് മനസ്സിലുറക്കണം. എന്തിന് ജീവിക്കണം എന്ന ബോധ്യപ്പെടലാണ് ഈ തുടക്കം എന്നതിൻ്റെ അർത്ഥം. അവിടെ എത്തപ്പെടുന്നിടെത്തെല്ലാം സംതൃപ്തമായ ഒരടയാളപ്പെടുത്തൽ നടത്താനാകുമെന്നതാണ് യാഥാർത്ഥ്യം.
ശുഭദിനം
അഭിപ്രായങ്ങള്‍