റമളാൻ ചിന്തകൾ 1

വിശ്വാസവും, പ്രതീക്ഷയും
🌹🌹🌹🌹

ഓഖിയും, നിപ്പയും, പ്രളയങ്ങളും, കോവിഡു 19 ൻ്റെ പ്രതിസന്ധി ഘട്ടത്തിൽ വിശ്വസത്തിൻ്റെ ബലത്തിൽ മറികടന്ന ഒരു സമൂഹമാണല്ലോ നാം മലയാളികൾ. പരസ്പര സഹകരണത്തിലും, മാനവസ്നേഹത്തിലുമനിഷ്ടിതമായൊരു ജീവിതക്രമം വാർത്തെടുക്കാൻ നമുക്കായതും വിശ്വാസപരത തന്നെ. സർക്കാർ, അരോഗ്യ, നിയമ പാലക സംഘത്തിലുള്ള വിശ്വാസത്തിലൂടെ നടപ്പു കാല പ്രതിസന്ധികളെ മറികടക്കുമെന്ന സുഭാപ്തി വിശ്വാസം നമ്മിലോരോരുത്തരിലുണ്ട്. അത് കേടാതെ സൂക്ഷിക്കുന്നത് നമ്മിലെ പ്രതീക്ഷയാണ്. വിശ്വാസവും, പ്രതീക്ഷയും പരസ്പര പൂരകങ്ങളാണ്. എല്ലാ പ്രതിസന്ധിഘട്ടത്തിനേയും പരീക്ഷണങ്ങളായി ഉൾകൊണ്ട്, അതിനൊരു അനുകൂല പരിവർത്തനം ലഭ്യമാക്കുമെൻ്റെ ജനയിതാവ് എന്ന വിശ്വാസമാണല്ലോ ലോകക്രമത്തിൽ മേൽക്കോയ്മയുള്ളത്. ത്യാഗനിർഭര ജീവിതവും, പ്രാർത്ഥനാ മനസ്സുമായി ഇത്തരം അസന്നിഗ്ധ ഘട്ടങ്ങൾ മറികടന്ന പൂർവ്വ ചരിതങ്ങൾ വേദഗ്രന്ഥങ്ങളിൽ നിന്ന് നാം ഉൾകൊള്ളേണ്ടതുണ്ട്. അചഞ്ചലമാം വിശ്വാസത്തിൽ ലഭ്യമാകുന്ന ചില തിരിച്ചറിവുകളാണ് ജീവിക്കാനുള്ള പ്രത്യാശയാകുന്നത്. 

വിശ്വാസവുമായി ബന്ധപ്പെട്ട  ഉദാഹരണം ലളിതമായി ഉൾക്കൊള്ളുന്ന ഒരു സൂഫികഥ വിവരിക്കാം. തൻ്റെ അധ്യാത്മിക സഞ്ചാരത്തിൽ വനാന്തരത്തിൽ വഴി നഷ്ടപ്പെട്ട ഒരു സൂഫി അലഞ്ഞു തിരിഞ്ഞ് ഒരു ഗ്രാമത്തിൽ എത്തുന്നു. അർദ്ധരാത്രി സുഖനിദ്രയിലാണ്ട ഗ്രാമാന്തരീക്ഷത്തിൽ പ്രത്യാശയേകി ഒരു കുടിലിൽ പ്രകാശം കണ്ട സൂഫി അവിടേക്ക് നടന്നു. കതകിൽ മുട്ടിയപ്പോൾ പുറത്തു വന്ന വ്യക്തിയോട് തൻ്റെ ദയനീയത വിവരിച്ചു, അഭയം തേടുന്നു. അപ്പോൾ ആ വീട്ടുകാരൻ താനൊരു തസ്കരനാണെന്നും, ജ്ഞാനിയായ താങ്കളുടെ വിശുദ്ധ ജീവിതത്തിനുൾക്കൊള്ളാനാകാത്ത ജീവിതമാകും എൻ്റേത് എന്നോർമ്മിപ്പിക്കുന്നു. നിർവ്വാഹമില്ലാതെ ആ രാത്രി അവിടെ കഴിച്ചുകൂട്ടാം എന്ന ബോധ്യത്തിൽ സൂഫി അകത്തേക്ക് പ്രവേശിച്ചു. കള്ളൻ അദ്ദേഹത്തിൻ്റെ കർമ്മമണ്ഡലം തേടി വീട് വിട്ടിറങ്ങി. പല കാരണങ്ങളാൽ തൻ്റെ യാത്ര വൈകിയ സൂഫി കുറച്ചു നാൾ കൂടി അവിടെ കഴിച്ചുകൂട്ടുന്നു.പല ദിനങ്ങളിലും കാര്യമായിട്ടൊന്നും ലഭിക്കാതെ മടങ്ങി വരുന്ന കള്ളനോട് നിരാശയില്ലേ ഇങ്ങനെ ഫലം കിട്ടാത്ത പ്രയത്നത്തിലെന്ന് ചോദിക്കപ്പെടുമ്പോൾ; അദ്ദേഹം നൽകിയ മറുപടി നിദാന്ത പരിശ്രമങ്ങളിൽ ഗുണമുണ്ടെന്ന് വിശ്വസിക്കുന്നവർക്ക് മുതൽക്കൂട്ടാണ്. സൂഫിയുടെ ചേദ്യത്തിന് മറുപടിയായി തസ്കരൻ പറഞ്ഞത് " ഇന്നൊന്നും ശരിയായില്ലെങ്കിൽ നാളെ അങ്ങനെ ആകുമെന്നില്ലല്ലോ?.. സാരമില്ല ഞാൻ എൻ്റെ പരിശ്രമം നന്നായി തുടരും പ്രതിഫലം നൽകുന്നത് ദൈവമാണല്ലോ?..."

 പ്രതീക്ഷാ നിർഭരമായ ആ വാക്ക് കേട്ട് സൂഫി ലജ്ജിച്ചു പോയി, ജ്ഞാനിയെന്നഹങ്കരിക്കുന്ന താൻ എത്ര നിസ്സാരമായാണ് ചെറിയ പരാചയങ്ങളുടെ പേരിൽ ശ്രമങ്ങൾ ഉപേക്ഷിച്ചിരിക്കുന്നത്. എന്നാൽ അധർമ്മകാരിയെന്ന് മുദ്ര ചാർത്തി നിസ്സാരനായി കണ്ട കള്ളൻ അവൻ്റെ വിശ്വാസത്തിൽ അടിയുറച്ച് പ്രതീക്ഷയോടെ ജീവിതം മുന്നോട്ടു നയിക്കുന്നു. വലിയ ചിന്തകളിലേക്ക് വാതായം തുറക്കുന്ന ഒരു നിസ്സാര കഥയാണിത്. പ്രവർത്തനങ്ങളിൽ പ്രതീക്ഷയർപ്പിച്ച്, പ്രാർത്ഥനയിൽ വിശ്വസിച്ച് മുന്നോട്ട് ഗമിക്കാൻ സാധിക്കട്ടെ മാനവരാശിക്കെന്ന് ഈ മഹാമാരിക്കാലത്ത് ഓർമ്മപ്പെടുത്തുന്നു.

Dr.jRAlichethu

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Tarikh-i-Firoz Shahi