റമളാൻ ചിന്ത 5

🌹🌹🌹




*വിജയ ജ്ഞാനം*


മനുഷ്യർ തുല്യരായി ജനിക്കുന്നു എന്നാൽ ചിലർ മാത്രംഅതുല്യരായി മരിക്കുന്നു. ഇതിൽ ചിലർ മാത്രം എന്തേ അതുല്യരാകുന്നു?. ബഹുഭൂരിപക്ഷവും ഈ ചിലരിൽ പെടുന്നില്ല എന്നതിൻ്റെ കാരണം എന്താണ്?. എന്താണ് ചിലർ മാത്രം വിജയിക്കുകയും, മറ്റുള്ളവർ വൻ പരാജയങ്ങളായി കൊഴിഞ്ഞ് പോകുകയും ചെയ്യുന്നത്?. ഈ വിജയത്തിലെത്തിയവർ ദൈവത്തിൻ്റെ അമൂല്യ സൃഷിടിപ്പിൻ്റെ അനുകൂല്യം നേടിയവരോ? ബാക്കിയുള്ളവരെയെല്ലാം വിധിപരാജയപ്പെടുത്തുന്നതാണോ?. അല്ല ! ആരാണീ വിജയിച്ചവർ? എന്താണവരുടെ വിജയ രഹസ്യം? ഈ വിജയത്തിൻ്റെ മാനദണ്ഡം എന്താണ്?.

വിജയം എന്ന മൂന്നക്ഷരത്തിൻ്റെ രഹസ്യം തേടിയിറങ്ങുമ്പോൾ ഉയർന്ന് വരുന്ന ചില നിസ്സാര ചിന്തകളാണ് മുകളിൽ പങ്കുവെച്ചത്. ഈ ചേദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനല്ല നമ്മുടെ ഇന്നത്തെ ചിന്ത, പകരം സ്വയം ഉത്തരം കണ്ടെത്തേണ്ടതിനായി സമർപ്പിക്കുന്നെന്ന് മാത്രം.
തുല്യാവസ്ഥയിൽ ജനിക്കുകയും എന്നാൽ വളർച്ചാ ഘട്ടങ്ങൾ പിന്നിടുമ്പോൾ ചിലർക്ക് ജീവിതവിജയത്തേരേറാനും, മറ്റുള്ളവർക്ക് പരാജയപ്പടുകുഴിയിൽ ജീവിതം ഹോമിക്കാനുമാണല്ലോ വിധി. ജീവിതം ജീവിച്ചു തീർക്കേണ്ടതാണെന്ന് നാം നിത്യേന പരിതപിക്കുകയും പക്ഷേ ബഹുഭൂരിപക്ഷവും പടിയിൽ കലമുടക്കുകയും ചെയ്യുന്നു. നമ്മിൽ എത്ര പേർക്ക് ജീവിതം ജീവിതമായി ആസ്വദിക്കാനും മന:സംതൃപ്തി നേടാനുമാവുന്നു. സമൂഹത്തിൽ ഭൂരിപക്ഷമാളുകളും തങ്ങളുടെ ജീവിതം പരിപൂർണ്ണമായെന്ന് വിശ്വസിക്കുന്നവരല്ല. എത്ര തന്നെ അനുഗ്രഹങ്ങൾ ലഭ്യമായാലും, ജീവിതത്തിൽ എത്രയൊക്കെ സൗഭാഗ്യങ്ങൾ അനുഭവിച്ചാലും സംതൃപ്തി നേടാനാകാതെ മുരടിച്ച് കാലം തീർക്കുന്ന മനുഷ്യൻ. ഒരോ ദിവസത്തിലും ഉറക്കത്തിൽ നിന്നുയരുന്നത് ഇന്നലെകളിൽ ചെയ്തു തീർക്കാനാവാത്ത അല്ലെങ്കിൽ സ്വായത്തമാക്കാൻ സാധിക്കാത്ത എന്തെങ്കിലും കാര്യമോർത്തുകൊണ്ടാവും. അതിനാൽ തന്നെ ഇന്ന് എന്ത് ചെയ്യാം എന്ന് ചിന്തിക്കാൻ പോലും നാം മറന്നു പോകുകയും മുന്നിലെ വിശാലമായ സാധ്യതകളെ കാണാതെ പോകുകയും, സ്വയം പരാജിതെനെന്ന് മുദ്ര ചാർത്തി അപഹാസ്യനായി കാലം തീർക്കുന്നു.
വ്യക്തി ജീവിതത്തിലും, കുടുംബ ജീവിതത്തിലും, തൊഴിൽ ജീവിതത്തിലും, സാമൂഹിക ജീവിതത്തിലും താൻ എന്താണ്, തൻ്റെ നേട്ട- കോട്ടങ്ങളെ എന്തൊക്കെയാണ് എന്ന് വിലയിരുത്താൻ ഒരാൾ ശ്രമം നടത്തിയാൽ തീരാവുന്നതെയൊള്ളൂ ഈ പരിതാപ ജന്മം. ചുറ്റുമുള്ളവരിലേക്ക് കണ്ണയച്ച് ഇല്ലായ്മകളെ പെരുപ്പിച്ചു കാണിക്കുന്നതിലല്ല നാം സമയം ചിലവയിക്കേണ്ടത്. നമ്മുടെ തന്നെ ഇന്നലെകളിൽ നിന്ന് നാളെയിലേക്കുള്ള പ്രയാണമളന്നു കൊണ്ടാവണം. സ്വന്തം പ്രതിരൂപത്തോട് ചോദിക്ക് ഇന്നലെ ഉണ്ടായിരുന്ന ഞാനാണോ ഇന്ന്, ഇന്നത്തെ ഞാനാവണോ നാളെയെന്ന്. അപ്പോളറിയാം വൈവിധ്യമാർന്ന ഈ പ്രപഞ്ചത്തിൽ ഞാനും പരിവർത്തിക്കുന്നു, അത് എൻ്റെ വിജയം തന്നെയാണെന്ന്. ബോധ്യപ്പെടുത്താം, മാറ്റിത്തിരുത്താം, ഉറച്ച കാൽപ്പാടുകളാൽ മുന്നോട്ടുഗമിക്കാം തിരുത്തേണ്ടത് തിരുത്തി കൊണ്ട്. എന്താണ് വിജയം എന്നത് വലിയ അളവ് കോലുകൾ വെച്ച് തിട്ടപ്പെടുത്തേണ്ടതില്ല, അതിന് വലിയ മത്സരങ്ങളുടെ ഫലം കാത്തിരിക്കുകയും വേണ്ട. ലളിതമായി പറഞ്ഞാൽ "സന്തോഷം നിറഞ്ഞ നിമിഷങ്ങളെ വാർത്തെടുത്ത്  ജീവിക്കാൻ നിനക്കാവുക എന്നതാണ് വിജയം".
വിജയിക്കാനാവുകയില്ലെന്ന് സ്വയം നിശ്ചയമെടുത്ത് പ്രവർത്താക്കാതിരിക്കുകയും, പരാജയപ്പെടുമെന്ന ഭീതി കൊണ്ട് പ്രവർത്തിക്കാതിരിക്കുന്നതും അസംബന്ധമാണ്. കാരണം ഓഗ്മണ്ടിനോ പറഞ്ഞതു പോലെ; "പരാചയപ്പെടാത്തവരായി ആരെങ്കിലുമുണ്ടെങ്കിൽ അവർ ജീവിതത്തിൽ ഒന്നും പ്രവർത്തിക്കാത്തവരായിരിക്കും". വിജയങ്ങളുടെ അധാരമെന്നത് പ്രവർത്തിക്കാനുള്ള മനസ്സും, അതിൽ ഞാൻ വിജയിക്കുമെന്ന ദൃഢബോധ്യവുമാണ്. പഴമക്കാർ പറയാറുണ്ട് " ഒൻപതു പ്രാവശ്യം അളന്ന ശേഷം ഒരു പ്രാവശ്യം മുറിക്കുകയെന്ന്". ചെയ്യേണ്ട കാര്യം എനിക്ക് സമയമുണ്ടായിട്ട് ചെയ്യാം എന്ന് നിനക്കരുത്, അങ്ങനെ ഒരു നേരം നമുക്കുണ്ടെന്നാരാണ് പറഞ്ഞത്. പ്രവർത്തിക്കാനുള്ളത് ഇന്ന് തന്നെ പ്രവർത്തിക്കുക. എത്ര വേഗം പ്രവർത്തിക്കാനും, പൂർത്തീകരിക്കാനാവുന്നു എന്നതാണ് വിജയത്തെ നിർണ്ണയിക്കുന്നത്.
പ്രസിദ്ധ ഈജിപ്ഷ്യൻ സൂഫി ദുന്നൂൻ തൻ്റെ ആത്മീയ സുഹൃത്തായ അബൂ യസീദ് ബിസ്തമിക്ക് പ്രാർത്ഥന സമയത്ത് ഉപകരിക്കുന്ന ഒരു പുതപ്പ് കൊടുത്ത് വിട്ടു. എന്നാൽ അതിൽ ഒരു കുറിപ്പ് വെച്ച് ബിസ്താമി തിരിച്ചൊരാവശ്യമറിയിക്കുന്നു. പുതപ്പിന് പകരം ചുമരിൽ ചാരിയിരിക്കുന്ന ഒരു തലയിണ കിട്ടിയാൽ ഉപകാരമെന്ന്. അങ്ങനെ ആത്മീയ തലത്തിൽ ഉന്നതിയിലേക്കുയരാൻ ബിസ്താമിക്കായെന്ന് ബോധ്യപ്പെട്ട ദുന്നൂൻ ഒരു തലയിണ കൊടുത്ത് വിടുന്നു. അപ്പോഴേക്കും ബിസ്താമി ആത്മീയ ഉന്നതി നേടി ദൈവ സമീപ്യം പ്രാപിച്ചിരുന്നു. ശിഷ്യർ തലയിണ തിരിച്ചയച്ചതിന് കൂടെ ഒരു കുറിപ്പ് വെച്ചു " ദൈവാനുഗ്രഹത്താൽ ഗുരുവിന് ഇതിൻ്റെ ആവശ്യം പോലുമില്ലാതായിരിക്കുന്നു. അദ്ദേഹം തൻ്റെ ലക്ഷ്യ പ്രാപ്തി കൈവരിച്ചിരിക്കുന്നു എന്ന് ". 
തങ്ങളുടെ ലക്ഷ്യപ്രാപ്തി കൈവരിക്കപ്പെടുന്നതിന് സമയക്രമം നമ്മിൽ നിയന്ത്രിതാതീതമാണെന്നും, അതിൻ്റെ സൗകര്യങ്ങൾ ലഭ്യമാകും വരെ പ്രവർത്തനക്ഷമത കൈവെടിയാനാവില്ലെന്നുമോർമ്മിപ്പിക്കുന്നൊരു സംഭവം.
ഭൗതിക സാഹചര്യങ്ങൾ ഒത്തുവന്നിട്ട് വിജയപ്രവർത്തിയിലേർപ്പെടാം എന്ന വ്യാമോഹം നാം പുലർത്താതിരിക്കുക. സൗകര്യങ്ങൾ ലഭ്യമാകുമെന്ന മിഥ്യയിൽ പ്രവർത്തിക്കാതിരുന്നാൽ, പ്രവർത്തന സമയം അതിക്രമിച്ചിരിക്കും. അതിനാൽ വിജയത്തിനായ് ഏറ്റവും ലളിതമായ ഉത്തരം സ്വന്തം കഴിവെന്താണെന്ന് മനസ്സിലാക്കി ഉത്സാഹത്തോടെ പ്രവർത്തിക്കാനാവുക എന്നതാണ്. അതിനായ് ഓരോ വിനാഴിയും എപ്രകാരം പ്രയോജനപ്പെടുത്തു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ജീവിതത്തിൻ്റെ വളർച്ചയും, തകർച്ചയും. ഈ കോവിഡ് കാലത്ത് നാളേക്ക് നീട്ടാതെ, പരിമിധികളെ പഴിചാരാതെ നമുക്ക് പ്രവർത്തിക്കാം... വിജയിക്കുന്ന ചിലരിൽ ഒരാളാവാം... ശുഭദിനം


അഭിപ്രായങ്ങള്‍

DISCOVER INDIA പറഞ്ഞു…
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
DISCOVER INDIA പറഞ്ഞു…
എഴുത്ത് നന്നായിട്ടുണ്ട്.
അക്ഷരത്തെറ്റുകൾ ശ്രദ്ധിക്കുക.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Tarikh-i-Firoz Shahi