റമളാൻ ചിന്ത 7
 🌹🌹🌹





പ്രാകൃതമാക്കാം വികൃതമാക്കിയ പ്രകൃതിയെ

പ്രകൃതിയേയും  മനുഷ്യനേയും വിപരീത ധ്രുവങ്ങളിലാക്കി  നടക്കുന്ന ചർച്ചകൾ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. മനുഷ്യകുല പ്രാരംഭ ഘട്ടത്തിൽ പ്രകൃതിയെ ജീവിത മടിത്തട്ടിലാക്കി വളർന്ന മനുഷ്യൻ പക്ഷേ, അവൻ്റെ പുരോഗമന ഘട്ടങ്ങളിൽ പ്രകൃതി വിരുദ്ധനായി രൂപാന്തരം പ്രാപിക്കുകയായിരുന്നല്ലോ. സ്വർഗ്ഗീയാരാമത്തിൽ ജനനമെടുത്ത ആദാമിൽ നിന്ന് തന്നെ പ്രകൃതി വിരുദ്ധ മനോഗതി ദർശിക്കാനാകുന്നു എന്നത് അതിശയോക്തിയല്ലല്ലോ? വേദഗ്രന്ഥങ്ങളിലെ വിവരണ പ്രകാരം.

ഇണയെ സൃഷ്ടിക്കപ്പെട്ട ആഹ്ലാദത്തിമിർപ്പിൽ കൃതാർഥതനായി കഴിയുമ്പോഴാണല്ലോ മനുഷ്യൻ്റെ ആദ്യപാപം ഉടലെടുത്തത്. ഹവ്വാ മതാവിൻ്റെ ഉൽഘടമായ ആവശ്യത്തിലലിഞ്ഞ് ദൈവകൽപ്പനക്കെതിരായി പ്രകൃതിക്ക് ആദ്യ ക്ഷതം ഏൽപ്പിക്കപ്പെടുന്നു. ആകർഷിക്കരുതെന്ന് ഏത് പഴത്തെപ്പറ്റി ഓർമ്മപ്പെടുത്തിയോ അതേ പഴം പൈശാചിക പ്രേരണയാൽ അറുത്തെടുത്ത്, സൃഷ്ടി സ്വഭാവികതയിൽ കൈ കടത്തിയതിൻ്റെ കോപമേറ്റു വാങ്ങി സ്വർഗീയ ജീവിതം തന്നെ നഷ്ടപ്പെടുത്തേണ്ടി വന്നു. അങ്ങനെ ദൈവ സൃഷ്ടിയിലാദ്യ അഘാതമേൽപ്പിച്ചതിൻ്റെ ഫലമാണല്ലോ ഭൂമിയിലേക്കുള്ള പരീക്ഷണയോട്ടം.

നഗ്നനായി ഭൂമിയിലെത്തിയ ആദo പിതാവിനും - ഹവ്വ മതാവിനും വിശപ്പും, നാണവും ഉടലെടുക്കുകയും, അങ്ങിനെ കായ്ക്കനികൾ പറിച്ച് വിശപ്പകറ്റിയും, ഇലകൾ കൊണ്ട് നാണം മറച്ചും മനുഷ്യനിലേ ആദ്യ ആധുനികവത്കരണത്തിന് നാന്ദിയായി. പിന്നീടിന്നോളം കുടിക്കാൻ പുഴയും, കൊയ്യാൻ പാടവുമടക്കം കൈവശപ്പെടുത്തി പ്രകൃതി വിരുദ്ധതയുടെ മൂർത്തീഭാവത്തിലാറാടി കൊണ്ടിരിക്കുന്ന മനുഷ്യർ. എത്രത്തോളമെന്ന് വെച്ചാൽ പ്രകൃതി ചൂഷണത്തിൻ്റെ ഉഛസ്ഥായിയടയാളപ്പെടുത്തി ഏറ്റവും അധികം കാർബൺ ബഹിർഗമന തോത് അനിയന്ത്രിതമാം വിധം വർദ്ധിച്ചെന്നയാളപ്പെടുത്തിയത് കൊഴിഞ്ഞു പോയ ആണ്ടിലാണ്.
മലയാളത്തിലെ അക്ഷരസുൽത്താൻ കുറിച്ചു വെച്ച വരികൾ എത്ര അർത്ഥവത്താക്കുന്നു ആധുനിക ത്വരമൂത്ത മനുഷ്യർ എന്ന് അത്ഭുതം തോന്നുന്നു. ഒരു പ്രവാചകാധ്യാപനം പോൽ ആ വരികൾ നമ്മുടെ കർണ്ണ പടങ്ങളിൽ പ്രതിധ്വനി തീർക്കുന്നു. *"അഞ്ഞൂറുകൊല്ലത്തിനകത്ത് ഈ ഭൂമിയിലുള്ള സർവ ജന്തുക്കളെയും പക്ഷികളെയും മൃഗങ്ങളെയുമെല്ലാം മനുഷ്യൻ കൊന്നൊടുക്കും. മരങ്ങളെയും ചെടികളെയും നശിപ്പിക്കുകയും മനുഷ്യൻ മാത്രം ഭൂമിയിൽ അവശേഷിക്കും. എന്നിട്ട് ഒന്നടങ്കം ചാകും"*(ഭൂമിയിലെ അവകാശികൾ).
പ്രകൃതി എന്തെന്ന് പാഠപുസ്തക സിലബസുകളിൽ പടിക്കും മുമ്പ് പ്രകൃതി ചൂഷക ലോക രാഷ്ട്ര ഭരണാധിപന്മാരുടെ മുഖത്തിനു നേരേ വിരൽ ചൂടാൻ സ്വീഡിഷ് ബാലിക 

ഗ്രേറ്റ ട്യൂൻബർഗിന് പാഠപുസ്തകം മടക്കി വെക്കേണ്ടി വന്നെങ്കിൽ, ഇങ്ങ് ഇന്ത്യയിലുമുണ്ടല്ലോ ഒരെട്ടുവയസ്സുകാരി ഗ്രേറ്റ, ലിസി പ്രിയ കാംഗുജം. ആർത്തി മൂത്ത് ഇരിക്കും കൊമ്പ് മുറിക്കുന്ന പ്രകൃതി ചൂഷകരെ നിരന്തരം വേട്ടയാടുന്ന എത്രയെത്ര സമരങ്ങൾ കണ്ടു ഈ സംസ്കൃതി തൻവിളയിടത്തിൽ. മുമ്പ് ഫേസ് ബുക്ക് പേജിൽ കുറിച്ചിട്ട പോൽ *"കാട് വെട്ടി വീട് വെച്ച് ചൂടെടുത്ത് വീടടച്ച് കാട്ടിലുല്ലസിക്കേണ്ടി വരുന്ന"* ഗതികേടുകൾ ദൈവത്തിൻ്റെ സ്വന്തം നാടെന്നഹങ്കരിക്കുന്ന ഈ കൊച്ചു കേരളത്തിനു മുണ്ടല്ലോ?.  *'ഭൂമി നമ്മുടേതല്ല, നാം ഭൂമിയുടേതാണ്'* എന്ന് ഒന്നര നൂറ്റാണ്ടു മുൻപ് ഗോത്രത്തലവനായ സിയാറ്റിൽ മൂപ്പൻ നടത്തിയ വെളിപാട് മനുഷ്യന് ഇന്നും ബോധ്യമായിട്ടില്ല. വെട്ടിമുറിച്ചും, മാന്തിക്കുഴിച്ചും, മണ്ണിട്ട് മൂടിയും തൻ്റെ തന്നെ കുഴിമാടം തീർക്കുന്ന മനുഷ്യർ.

അഥർവവേദത്തിൽ, 'ഹേ ഭൂമീ!, നിന്നിൽനിന്ന് ഞാൻ എടുക്കുന്നതെന്തോ അത് വേഗം വീണ്ടും മുളച്ചുവരട്ടെ. പാവനയായവളേ, നിന്റെ മർമങ്ങളെയും ഹൃദയത്തെയും പിളർക്കാതിരിക്കട്ടെ' എന്ന വിധം പ്രത്യക്ഷപ്പെട്ട പരിസ്ഥിതിവിവേകത്തെയും മനുഷ്യന് ഉൾക്കൊള്ളാനായിട്ടില്ലെന്നത് നമ്മേ ബോധ്യപ്പെടുത്തിയത് പ്രകൃതിയുടെ വികൃതിയായ വിരുന്നുകാരൻ കൊറോണക്കാലമാഗമായപ്പോഴാണ്. മിതമായി ഉപയോഗം കൊണ്ട് ഭൂമിയിടെ മലിനാവസ്ഥകളിൽ വൻതോതിൽ കുറവ് വന്നിരിക്കുന്നു എന്ന സന്തോഷ വാർത്ത നിത്യവും കേട്ടുകൊണ്ടിരിക്കുന്നു. മനുഷ്യർ അകത്തടച്ചപ്പോൾ പ്രകൃതി ജാലകങ്ങളർമ്മാദിക്കുന്നു.
പ്രകൃതി ചൂഷണത്തിനെതിരെ കാവ്യം കൊണ്ട് കലഹിച്ചു, മലയാളകവിതയിൽ പരിസ്ഥിതിവിവേകത്തിന്റെ വിത്തുകൾ ആദ്യമെറിഞ്ഞത് പി. കുഞ്ഞിരാമൻ നായരായിരുന്നു.

"നദികൾ നാടിന്റെ ചോരഞരമ്പുകളാണെന്നും മരിച്ചാൽ പുലയുള്ളവരാണെല്ലാവരുമെന്നും പദ്ധതികളെല്ലാം ശത്രുചരാചരം എന്നും നിർത്തുക വീരന്മാരേ വിപിനവധോത്സവം എന്നുമൊക്കെ പാടിനടന്നദ്ദേഹം". 
പ്രകൃതി ചൂഷണത്തിനെതിരായി സ്ഥൈര്യം നിലയുറപ്പിക്കുന്നതിൽ മലയാള സാഹിത്യം വലിയ മുതൽക്കൂട്ടായിട്ടുണ്ട്.

എഴുപതുകളുടെ ഒടുവിൽ നടന്ന സൈലന്റ്വാലി സമരമാണ് കേരളത്തിൽ വ്യാപകമായ അളവിൽ പരിസ്ഥിതി അവബോധം സൃഷ്ടിച്ചത്. കേരളത്തിലെ രാഷ്ട്രീയ, സാംസ്കാരിക, സാഹിത്യ, പരിസ്ഥിതിപ്രേമികളും ഒന്നുചേർന്ന് അതിനെതിരേ പ്രതിരോധത്തിന്റെ അണ കെട്ടി. അങ്ങിനെ ലോക ചരിത്രത്തിലാദ്യമായി സാഹിത്യകാരന്മാരുടെ നേതൃത്വത്തിൽ 1980 ജൂൺ 6 ന് തിരുവനന്തപുരത്ത് വി.ജെ.ടി. ഹാളിൽ പ്രകൃതിസംരക്ഷണസമിതി രൂപമെടുത്തു. 

*'പ്രകൃതിയുടെ സംരക്ഷണത്തിനുവേണ്ടി, ജീവന്റെ നിലനില്പിനുവേണ്ടി'* എന്നതായിരുന്നു സമിതിയുടെ മുദ്രാവാക്യം. അത് വെറും മരപ്രേമമോ പൂന്തോട്ട പരിസ്ഥിതിബോധമോ ആയിരുന്നില്ലെന്ന് സമിതി 1983ൽ പുറത്തിറക്കിയ കവിതാ സമാഹാരം വനപർവ  ത്തിലെ 30 കവിതകൾ വിശദമാക്കുന്നുണ്ട്..
മണ്ണും, വിണ്ണും വിറ്റ് കാശാക്കുന്ന ഭരണകൂട ഭീകരതയെ ചെറുക്കുന്നതിൽ പ്രകൃതി സ്നേഹികളായ സാഹിത്യ- കലാകാരന്മാർ ഒരു പരിധി വരെ വിജയിച്ചിട്ടുമുണ്ട്.

പലഘട്ടങ്ങളിലും അവരൊരുക്കിയ ജീവിതത്തിന്റെ വാസ്തവചിഹ്നങ്ങളായ കഥകൾ എന്നും മനുഷ്യന്റെ വകതിരിവില്ലായ്മയെ ചോദ്യം ചെയ്യുകയും ഭൂമിയുടെ നിലനില്പിനെക്കുറിച്ച് ഉത്കണ്ഠപ്പെടുകയും ചെയ്തിട്ടുണ്ട്.

ബഷീറിയൻ കൃതികൾക്കനന്തരം ധാരാളം പ്രകൃതി സ്നേഹ രചനകൾ മലയാളിയുടെ പുസ്തകപ്പുരകളെ അലങ്കരിച്ചിട്ടുണ്ടല്ലോ? കഴിഞ്ഞ ഒരു ദശകക്കാലമായി മലയാളകഥയിൽ പരിസ്ഥിതിവിവേകത്തിന്റെ കനലുകൾ അല്പം കൂടുതലായി കാണപ്പെടുന്നുണ്ട്. ഭൂമിയുടെ അവകാശി താൻ മാത്രമാണെന്ന അഹങ്കാരം വെടിഞ്ഞ, ആൽബർട്ട് ഷൈ്വറ്റ്സറുടെ വാക്കു പോലെ, *'ജീവിക്കാനവകാശമുള്ള, ഇതരജീവികൾക്കിടയിൽ ജീവിക്കാൻ കൊതിക്കുന്ന ജീവിയാണ് മനുഷ്യൻ'* എന്ന കീഴടങ്ങൽ ഈ കഥകളിലെല്ലാം സ്പന്ദിക്കുന്നുണ്ട്. അംബികാസുതൻ മാങ്ങാടിൻ്റെ 'എൻമകജെ', സോണിയ റഫീഖിൻ്റെ ഹെർബേറിയമെല്ലാം മലയാളി ചൂഷണ മനോഗതിയിലേക്കുള്ള എത്തിനോട്ടമാണ്.

പ്രകൃതിയുമായി തൻ്റെ പൊക്കിൾക്കൊടിബന്ധമറുത്ത മനുഷ്യൻ്റെ നേർ പരിഛേദമാണ് പി. വത്സലയുടെ 'ഒരു ചുവന്ന ചൂണ്ടുവിരൽ'. നഗരജീവികളായ ദമ്പതികൾ കാടിനു നടുവിൽ നിർമിച്ച കൊച്ചുവീട്ടിലെത്തുമ്പോൾ മുറ്റത്ത് ചുവന്ന ചൂണ്ടുവിരൽപോലെ ചിതൽപ്പുറ്റ്. അതിനെ നശിപ്പിച്ചതോടെ യുദ്ധം ആരംഭിച്ചു. ചിതൽ പല വഴിക്കും വീടിനകത്തേക്കു കയറി. മണ്ണെണ്ണകൊണ്ടുള്ള മനുഷ്യന്റെ ആക്രമണത്തിൽ ചിതലുകൾ കുറെ ചത്തു. യുദ്ധത്തിൽ ഒടുവിൽ ദമ്പതികൾ പരാജയം സമ്മതിക്കുന്നു. അതിക്രമിച്ചുകയറിയത് ചിതലുകളല്ല, തങ്ങളാണ് എന്നും തങ്ങളെക്കാൾ മണ്ണിന്റെ അവകാശികൾ ചിതലുകളാണ് എന്നും തിരിച്ചറിവുണ്ടായ അവർ പരാജിതരായി തിരിച്ചുപോകുമ്പോൾ വഴിയിൽ വിജയഗാഥ മുഴക്കിക്കൊണ്ട് ഉറുമ്പിൻപട ഉത്സാഹത്തോടെ മുന്നേറുന്ന കാഴ്ചയിൽ കഥ അവസാനിക്കുന്നു.

പ്രകൃതി ശക്തികള്‍ മനുഷ്യ ജീവിതത്തിനു അനുകൂലമാകുമ്പോള്‍ അത് സുകൃതിയായും, പ്രതികൂലമാകുമ്പോള്‍ വികൃതിയായും നാം കണക്കാക്കുന്നു. പ്രകൃതിക്കു സ്വതവേ തന്നെ സുകൃതിയും വികൃതിയുമുണ്ട്. പക്ഷെ ആധുനിക കാലത്തു നാം കാണുന്നത്, മനുഷ്യന്റെ ദുഷ്‌കൃതികള്‍ പ്രകൃതിയുടെ വികൃതികള്‍ക്കു ആക്കം കൂട്ടുന്നു എന്നതാണ്. ഇത്തരം മനുഷ്യ വികൃതങ്ങൾ തീർത്ത കേടുപാടുകൾ പരിഹരിക്കാൻ മാറ്റേണ്ടത് മനുഷ്യ ചിന്തയാണെന്ന തിരിച്ചറിവിനെങ്കിലും ഈ മഹാമാരിക്കാലം ഉപകാരപ്പെടട്ടെ എന്നാശംസിക്കുന്നു. കോൺക്രീറ്റ് സൗധത്തിനകത്തെ വേനൽച്ചൂടിലുരുകുമ്പോൾ ജനലുകൾ വഴി കണ്ടാ നന്ദിക്കാനെങ്കില്ലും പറമ്പിനെ നമുക്ക് പച്ചപുതപ്പിക്കാം. ശുഭദിനം

Dr. Jayafarali Alichethu

9946490994


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Tarikh-i-Firoz Shahi