രേഷ്മ ഖുറേഷി എന്ന ധീരവനിത
ലോക്ക് ഡൗൺ കാലത്തെ വായന
''നിങ്ങൾ അനുഭവിക്കുന്നത് എന്താണെന്നതിനെ അനുസരിച്ചാണ് സമയത്തിൻ്റെ ദൈർഘ്യം. ഞാൻ സമയത്തെ വെറുക്കുന്നു. അതൊരു ഒറ്റുകാരനാണ്. ചങ്ങാതിയാണെന്ന് വിശ്വസിപ്പിച്ച് അത് നിങ്ങളെ ശത്രു വിനെപ്പോലെ വളഞ്ഞിട്ട് പിടിക്കുകയും ജീവിതത്തെ അരുകിലേക്ക് തള്ളിമാറ്റുകയും ചെയ്യും".(ഞാൻ രേഷ്മ).
ലോക്ക് ഡൗൺ കാലത്ത് വായനാ താൽപര്യത്തിന് വലിയ തൃപ്തിയേകാം എന്ന വലിയ ചിന്ത നൽകിയ സമാശ്വാസത്തിലായിരുന്നു, അപ്രതീക്ഷിത കോവിഡ് - 19 വീട്ടുവാസം തുടങ്ങിയത്. പ്രതീക്ഷക്കൊപ്പം സമയം നീങ്ങാൻ മടി കാണിച്ചപ്പോൾ വായനയ്ക്ക് വേണ്ടത്ര വേഗത കൈവന്നോ എന്ന ആവലാതിയിലിരിക്കുമ്പോഴാണ്...
അവസാന മാസത്തേ ബുക്ക് ചാലഞ്ചിൽ വാങ്ങിക്കാനായ രേഷ്മ ഖുറേഷി എന്ന ഉത്തരേന്ത്യൻ വനിതയുടെ ജീവിത വഴികൾ വരച്ചുകാണിക്കുന്ന "ഞാൻ രേഷ്മ: ആസിഡ് അക്രമണത്തെ അതിജീവിച്ച ഒരു യുവതിയുടെ അസാധാരണ കഥ" കാണാനിടയായത്. പുറംചെട്ടയിലെ വികൃതമാക്കപ്പെട്ട മുഖത്തിൻ്റെ ചിത്രത്തെ കണ്ട മാത്രയിൽ സൗന്ദര്യബോധത്തിനെ സ്വഭാവികമായി ഖണ്ഡിക്കുന്ന ഒരു സങ്കൽപ്പമായപ്പോൾ വായനക്കാരൻ്റെ മനസ്ഥിതിയേക്കാൾ, സമൂഹത്തിൽ അന്തർലീനമായ അവഗണിക്കപ്പെടേണ്ട കോലങ്ങൾ എന്ന ചിന്തയാണ് മേൽക്കയ് നേടിയത്. അകത്തളങ്ങളിൽ എൻ്റെ ശീലങ്ങളെ അലോസരപ്പെടുത്തുന്ന വൈരുദ്ധ്യങ്ങൾ ഇനിയെത്രത്തോളം എന്നിലെ ശരാശരി വായനക്കാരൻ്റെ താൽപര്യത്തിനുതകുമെന്ന ആശങ്കയോടെ വായനക്ക് തുടക്കം കുറിച്ചത്.
215 പേജുകളിൽ ഗ്രന്ഥരചയിതാവും, രേഷ്മയുടെ സതീർത്ഥയുമായ താനിയ സിംഗ് വരച്ചു ചേർത്ത് അക്ഷര കൂട്ടുകൾ എത്ര ഹൃദ്യവും, അനുഭവജ്ഞാനവുമാണെന്ന് ബോധ്യമായത് അവസാന താളും മറിഞ്ഞപ്പോഴാണ്.
ഒരു കൗമാരക്കാരിയുടെ ചാപല്യങ്ങളിൽ ഉല്ലസിക്കുന്ന രേഷ്മയെന്ന ഗ്രാമീണ 17 കാരിയുടെ ജീവിതം മാറ്റിമറിച്ച ദൗർഭാഗ്യതയെ വായനക്കാരൻ്റെ അന്തരങ്ങളിലുണ്ടാക്കുന്ന ഭാരം കുറച്ചൊന്നുമല്ല. സ്വന്തം ചേച്ചിയുടെ ദൗർബല്യമാം പുരുഷാധിപത്യ മനോ വൈകൃതത്തിൽ വികൃതമാക്കപ്പെട്ടത് ഒരു യുവതിയുടെ സ്വപ്നങ്ങൾ മാത്രമല്ല, പകരം മകളുടെ മനോ സ്ഥര്യത്തെ തുലോം കുറവ് വരാനനുവദിക്കാതെ കത്തു സൂക്ഷിച്ച ഒരു കുടുംബത്തിൻ്റെ ദയനീയത കൂടിയാണ്.
തൻ്റെ പരീക്ഷണ ദിനങ്ങൾക്ക് പ്രാരംഭം കുറിക്കുന്ന പരീക്ഷാ ദിനത്തിൽ നിന്ന് ലോക മന്വേഷിക്കുന്ന ഒരു മാതൃകാ വനിതയിലേക്ക് മാറ്റം വരുത്തുന്ന ഇരുത്തം വന്ന അനുഭവസാക്ഷ്യങ്ങൾ അവസാനമെത്തും വരെ വായിക്കാതിരിക്കാനാവില്ല ആ പുസ്തകം കയ്യിലെടുക്കുന്നവർക്ക്.
പറഞ്ഞു വെക്കുന്ന അനുഭവങ്ങളിൽ ചിതറിത്തെറിക്കുന്ന കുറെയെറേ മനുഷ്യ ജീവിതങ്ങൾ മിന്നിമറയുന്നുണ്ട് ഈ പേജുകളിൽ; സ്നേഹ നിധികളായ സഹോദരങ്ങൾ മുതൽ തൻ്റെ ജീവിതത്തിൻ്റെ ഗതി മാറ്റം വരുത്തിയ ജമാലുദ്ധീനെന്ന വില്ലനിലൂടെ വളർന്ന് സഹായഹസ്തം നീട്ടിയ റിയ ശർമ്മയടക്കമുള്ള ധാരാളം മുഖങ്ങളെ കാണിച്ചുതരുന്നു. കുടെ രേഷ്മയുടെ വാക്ക് എടുത്ത് പറഞ്ഞാൽ " പഠിച്ച മനുഷ്യൻ വിവേകമുള്ള മനുഷ്യനാകണമെന്നില്ലെ"ന്നോർമിപ്പിച്ച Dr. ജെയിംസ് വരെയുള്ള വിത്യസ്ഥ മുഖങ്ങൾ.
മേക്ക് ലൗ, നോട്ട് സ്കാർസ് എന്ന സംഘടന ആസിഡ് അക്രമണ ഭ്രാന്തിൻ്റെ ബാക്കിപത്രങ്ങൾക്ക് നൽകുന്ന പിന്തുണയും, മനോ-ഭലവും വലിയ മതിപ്പുളവാക്കുന്നു. വികൃതമനോരോഗികളുടെ താൽക്കാലികാവേശം ചോർത്തി കളയുന്ന എത്ര ജീവഛവങ്ങൾ ഇന്ത്യയിലെ ഗ്രാമങ്ങളിൽ പെതു ബോധത്തിൻ്റെ ആട്ടും - തുപ്പുമേറ്റ് കൊണ്ട് ആത്മഹത്യയിലോ - ആത്മനിന്ദയിലോ അഭയം തേടുന്നത്. അത്തരം അപരവത്കൃതരെ പൊതു സമൂഹത്തിൻ്റെ ഇടങ്ങളിൽ സമരസപ്പെടുത്തുന്ന ദൗത്യം അത്ര ലളിത ക്രിയയല്ലെന്ന് രേഷ്മയുടെ ജീവിതം നമുക്ക് പടിപ്പിച്ചുതരുന്നു.
യൂട്യൂബ് ബ്യൂട്ടി ടിപ്സിലൂടെ വാർപ്പു മാതൃകകളെ പൊളിച്ചടുക്കി, ന്യൂയോർക്ക് ഫാഷൻ വീക്ക് റാംപിലൂടെ അർദ്ധ ഭംഗിയേന്തിയ വെച്ചുപിടിപ്പിക്കലിൻ്റെ മാംസ ച്ചുളിവുള്ള സൗന്ദര്യവുമായി നടന്ന് നീങ്ങാൻ ഒരു മൗഅയ്മനിലെ തെരുവ് ജീവിതത്തെ പ്രാപ്തമാക്കിയ ആ പിന്തുണ എത്ര മഹനീയമെന്ന് നാം പകർത്തേണ്ടതും, പിന്തുടരേണ്ടതുമാണ്.
അവസാനമായി ഈ വായനയിൽ ഉടക്കിയ മൂന്ന് ജീവിതങ്ങൾ നൽകുന്ന ഉൾക്കാഴ്ചയും, തിരിച്ചവും എത്രത്തോള ഹൃദ്യമെന്ന് വിവരണാതീതമാണ്. മുംബൈ നഗരാന്തരങ്ങളിൽ കുടുംബ പ്രാരാബ്ധങ്ങളേന്തി ടാക്സിയോടിച്ചു കടന്നു വരുന്ന അബ്ബ എന്ന ഭിസംബോധന ചെയ്യപ്പെടുന്ന സ്വന്തം പിതാവ്. ജീവിതത്തിൻ്റെ മൂന്ന് ഘട്ടങ്ങളിൽ അദ്ദേഹം കാണിക്കുന്ന മനസ്ഥര്യം പ്രചോദനമാണ്. സ്വന്തം ഭാര്യയേറ്റു വാങ്ങുന്ന അർബുദ വിധിയിൽ അദ്ദേഹമേറ്റു വാങ്ങുന്ന പ്രതിസന്ധിഘട്ടങ്ങൾ. ചികിത്സക്കായി തൻ്റെ ജീവിത വരുമാന മാർഗ്ഗമായ ടാക്സി വിൽക്കപ്പെടുന്നതും, അതിലൂടെ ലഭ്യമായ തുക കെട്ടിവെച്ച ആശുപത്രിയിൽ നഷ്ടപ്പെടുന്നതും, ആലംങ്കർത വിധിവൈകൃതത്തിൽ തളർന്നിരിക്കുമ്പോൾ അജ്ഞാതമായി ലഭിക്കുന്ന സഹായവുമെല്ലാം ഒരു സസ്പെൻസ് ത്രില്ലറാണ്. മൂത്ത മകൾ ഗുൽഷൻ്റെ വിവാഹ ജീവിതത്തിലെ തീക്ഷ്ണമായ ഘട്ടങ്ങളിൽ തൻ്റെ നിസ്സഹായതകൾക്കപ്പുറം ഒരു പിതാവിൻ്റെ റോൾ ഭംഗിയാക്കുന്നതും, പേരമകൻ നഷ്ടപ്പെടുമ്പോഴും, മരുമകൻ്റെ കാടത്തം ഇളയ മകളുടെ ജീവിതം തകർത്തപ്പോഴും നിശബ്ദമായി അദ്ദേഹം സഞ്ചരിക്കുന്നു വലിയ താങ്ങായിട്ട്.
രണ്ടാമത് ഐഷാഷ് എന്ന രേഷ്മയുടെ ബിരുദധാരിയായ സഹോദരൻ, തൻ്റെ പെങ്ങളുടെ ജീവിതത്തിനേറ്റ ദൗർഭാഗ്യങ്ങളിൽ പക്വമായി കൂടെ നിന്നതും, അവശ്യമായ ഇടപെടലുകൾ നടത്തുന്നതും എത്ര മഹത്തരമാണ്. ഹോസ്പിറ്റൽ സൗകര്യങ്ങൾക്കായും, ചികിത്സാ സഹായത്തിനുമായി നടത്തുന്ന നിരന്തരാന്വേഷണങ്ങൾ കാണിക്കുന്നത് അനുഭവ പ്രാപ്തിയാണ്, പ്രായത്തേക്കാൾ അഭികാമ്യമെന്നാണ്.
മൂന്ന് റിയശർമ എന്ന മറ്റൊരു കൗമാരക്കാരി, ഫാഷൻ ബിരുധവുമായി ലീഡ്സ് യൂനിവേഴ്സിറ്റിയിൽ നിന്ന് ഇന്ത്യൻ തെരുവിലേക്കിറങ്ങി, പരിഷ്കൃതനാട്യങ്ങളിലെ അപരിഷ്കൃത മനോവികൃതങ്ങളോട് കൊഞ്ഞനം കുത്തി ആസിഡ് അക്രമണങ്ങളിലൊളിക്കപ്പെട്ട ജീവിതങ്ങൾക്ക് സ്ഥര്യവും, കാര്യക്ഷമതയും വരുത്തുന്നതിൽ വിജയിച്ച "മേക്ക് ലൗ നോട്ട് സ്കാർസിൻ്റെ സ്ഥാപകയും, സന്നദ്ധ പ്രവർത്തകയും. അവരിൽ നിന്ന് പ്രസരിപ്പിക്കപ്പെടുന്ന പോസിറ്റീവ് രശ്മികൾ പ്രത്യാശാ ഭംഗം വന്ന ഒരു പറ്റം അരൂപികളിൽ നിറച്ച ലക്ഷ്യബോധം വലുതും. നിസ്തുലവുമാണ്.
അങ്ങിനെ പരിപൂർണ്ണമായും സംതൃപ്തിയേകിയ ചില ജീവിത നന്മകളെ സ്പർശിക്കാനായ ഒരു വയനാനുഭവമാണ്, ഈ കുറച്ച് ദിവസങ്ങളുടേതായി രേഖപ്പെടുത്താനുള്ളത്. അങ്ങനെ " മുഴുവൻ കരച്ചിലുകളും കരഞ്ഞ് തീർത്ത്, ആ നിശബ്ദ കണ്ണീരുകൾ തോൽവി ഏറ്റുപറച്ചിലാക്കിയ "ചില ബോധങ്ങൾ. മാത്രമല്ല അവ മുന്നോട്ടു വെക്കുന്ന "വാക്കുകൾ മാരകവും, ഏറെ പ്രഹര ശേഷിയുള്ളതുമാണെന്നും, അവകളാലുണ്ടാക്കപ്പെടുന്ന വടക്കുകൾ, മുഴുവൻ ജീവിതകാലത്തുമുണങ്ങാത്ത മുറിവുകളാണെന്നുമോർമിപ്പിക്കുന്നു. അതിനാൽ "ചെയ്ത തെറ്റുകളിൽ ചെറിയവ മാപ്പിനാലും, വലിയവ കാലക്രമേണ മാപ്പിരക്കാതെ പൊറുക്കപ്പെടാൻ അർഹമായതിനാൽ ലഭിക്കുന്നെന്ന" തിരിച്ചറിവ് ഏകുന്നു. അങ്ങിനെ ചെറിയ മാറ്റങ്ങളിലൂടെ വലിയ മാറ്റങ്ങൾ നേടിയവരുടെ അനുഭവമായി രേഷ്മ മുന്നേറുന്നു.
Dr.jRAlichethu
അഭിപ്രായങ്ങള്‍