റമളാൻ ചിന്ത 4
                           🌹🌹🌹

ലക്ഷ്യ പ്രയാണത്തിന് ദൃഢവിശ്വാസം



പ്രഭാതത്തിലെ പ്രകൃതി ഭംഗി മനസ്സംതൃപ്തി നൽകാത്തവരായി ആരുമുണ്ടാകില്ല. ഓരോ പുലരിയും എത്ര താളാത്മകമായാണ് പൂർണ്ണത വരിക്കുന്നത്. പ്രദോശം വരെ ചിട്ടയായി പ്രവർത്തിക്കുന്നതിന്, ഓരോ ഘടകങ്ങൾക്കും കൃത്യമായ ചുമതലകൾ ഏൽപ്പിച്ചു നൽകി അച്ചടക്കത്തോടെ കർമ്മനിരതരാകുന്ന സംവിധാനങ്ങൾ. പ്രകൃതിയെ ചിലച്ചുണർത്തുന്ന പക്ഷികൾ, പ്രഭാതക്കുളിരിൽ വിടർന്നുയരുന്ന പുഷ്പങ്ങൾ മുതൽ സൂര്യരശ്മികൾ വരെ നിജപ്പെടുത്തിയ ലക്ഷ്യങ്ങളിലേക്ക് പ്രയാണമാരംഭിക്കുന്നു. ഭൂമിയിലെ ഇതര ജീവ- അജൈവ സംവിധാനങ്ങളെല്ലാം പ്രത്യേകമായൊരു ലക്ഷ്യപ്രാപ്തിക്കായി രൂപാന്തരപ്പെടുമ്പോൾ മനുഷ്യർ മാത്രം ഈ ഘടനാ സംവിധാനങ്ങളിൽ വിഭിന്നമാകുന്നതെങ്ങനെ?. പ്രപഞ്ചത്തിന് ഊർജ്ജമേകേണ്ട തൻ്റെ ദൗത്യത്തിൽ നിന്ന് വഴിമാറാൻ സൂര്യ - ചന്ദ്രന്മാർ മെനക്കെടാറില്ലല്ലോ?. അന്നം തേടി ചില്ല വിട്ടകലുന്ന പക്ഷി തിരിച്ചു കൊക്കിലൊരു കതിരെങ്കിലും കരുതാതെ തിരികെ വരാറില്ലല്ലോ?. നമ്മുടെ ചുറ്റുപാടുകളിൽ നാം ദർശിക്കുന്ന ഏതൊരു വസ്തുവിനും അതിൻ്റെ പ്രധമമായൊരു ജൻമോദ്ദേശമുണ്ടല്ലോ?. ചെറുകല്ലു മുതൽ വൻ പർവ്വതങ്ങൾ വരെ നിശ്ചിതമായൊരു ലക്ഷ്യത്തിലേക്കല്ലാതെ സൃഷടിക്കപ്പെട്ടിട്ടില്ലെന്ന വേദവാക്യങ്ങൾ രായ്ക്കു രാമായണം ഉരുവിടുന്ന മനുഷ്യൻ പക്ഷേ തൻ്റെ പിറവിയുടെ കാതലായ വശം മറന്നു പോകുന്നെന്നത് വിരോധാഭാസമാകാം.

"പരിശ്രമം ചെയ്യുകിലെന്തിനേയും
വശത്തിലാക്കാൻ കഴിവുള്ള വണ്ണം
ദീർഘങ്ങളാം കരങ്ങളെ നൽകിയത്രേ
മനുഷ്യനെ പാരിലയച്ചദീശൻ "

എത്ര അർത്ഥവത്തായ വരികൾ, പ്രപഞ്ചസൃഷ്ടിയിൽ ദൈവീകാനുഗ്രഹം ഇത്രത്തോളം സ്വായത്തമാക്കിയ മറ്റേതു ജന്മമുണ്ട്?. അപാരസാധ്യതകളെ ഉൾക്കൊള്ളിച്ച് രൂപപ്പെടുത്തിയ മനുഷ്യരിൽ പക്ഷേ ജീവിതത്തിൻ്റെ ലക്ഷ്യബോധം നഷ്ടപ്പെട്ടവരായി മാറുന്നു.  അനുഗ്രഹീതമായ മൂന്ന് ഗുണങ്ങളാൽ ജന്മമെടുക്കുന്ന മനുഷ്യർ (ഇച്ഛാശക്തി, ചിന്ത വിശ്വാസം) പക്ഷേ അവയെ തങ്ങളുടെ വിധി നിർണ്ണിത പാഥേയത്തിലെത്തിക്കാനുപയോഗപ്പെടുത്തുന്നില്ല എന്നത് വലിയ ദുരന്തം തന്നെ.  ലക്ഷ്യം രൂപപ്പെടുത്തി പ്രവർത്തിക്കാൻ മടി കാണിക്കുന്നവനായി ചുരുങ്ങുന്ന ബഹു ഭൂരിപക്ഷത്തിനും പറയാനുള്ളത് നിസ്സാരമായ വിഘ്നങ്ങളെപ്പറ്റി. 
ഓർക്കുക " ലക്ഷ്യപ്രാപ്തിയുടെ അല്ലെങ്കിൽ വിജയത്തിൻ്റെ പാത വർണ്ണപ്പരവതാനിയല്ല, അവ ദുർഘടവും മുൾപാതയുമാണ്. ലക്ഷ്യനേട്ടത്തിന് കൈ നീട്ടുന്നവൻ തേനെടുക്കാൻ തേനീച്ചക്കൂട്ടിലേക്ക് കയ്യിടുന്നത്പോലെയാണ്. തേനീച്ച കുത്തേൽക്കാതെ തേൻ നുകരാനാവില്ല. അതെ മനസ്സിലാകണം ഒരു ലക്ഷ്യത്തേ മുൻനിർത്തി പ്രയാണമാരംഭിക്കുമ്പോൾ പലതും നമുക്കുപേക്ഷിക്കേണ്ടി വരും, പല പ്രതിബന്ധങ്ങളിലൂടേയും കടന്നു പോകേണ്ടി വരും. ചെറിയൊരു തടസ്സം നേരിടേണ്ടി വരുമ്പോഴേക്കും ലക്ഷ്യത്തെ പിന്നോട്ടെറിഞ്ഞാൽ അത് പിന്നെ കേവലമൊരു സ്വപ്നം മാത്രമായവശേഷിക്കും. ലക്ഷ്യപ്രാപ്തിക്കായി നാം കൃത്യമായ മുൻകരുതലുകളും, പദ്ധതികളും തയ്യാറാക്കേണ്ടതുണ്ട്. 

"വിജയത്തിൻ്റെ പദ്ധതി രൂപപ്പെടുത്താത്തവൻ പരാചയത്തിനുള്ള പദ്ധതിയൊരുക്കുന്നവനാണെന്ന്" പറയാറുണ്ട്.
അങ്ങനെയെങ്കിൽ ലക്ഷ്യവിജയത്തിനായി നാം ഓരോ നിമിഷത്തേയും ഒരുക്കേണ്ടതുണ്ട്, അതിനായി നമ്മുടെ സാഹചര്യങ്ങളെ ന്യൂതനമായി പരിചയിക്കാനും, അത് ഘട്ടം, ഘട്ടമായി മനസ്സിലാക്കാനും തയ്യാറാകേണ്ടതുണ്ട്. അങ്ങനെ ലക്ഷ്യം ദൃഢമാക്കി മുന്നേറുന്നവർക്ക് അത് നേടിയെടുക്കുന്നതിനുള്ള മാർഗ്ഗങ്ങൾ സ്വയം തെളിഞ്ഞു വരുമെന്നാണ് ആകർഷക  പ്രമാണം.

ലക്ഷ്യം നേടാൻ തനിക്കാവുമെന്ന ദൃഢവിശ്വാസം പുലർത്താനായാൽ അത് നേടാതിരിക്കാനാവില്ല എന്നതിന് ഒരു സൂഫി കഥ പറയാം.

പ്രസിദ്ധ സൂഫിവര്യൻ ജുനൈദൽ ബാഗ്ദാദിതൻ്റെ ശിഷ്യന്മാരിൽ പ്രമുഖനായ ഖഫീഫിനെ ഒരു തീർത്ഥാടനത്തിനയച്ചു. യാത്രക്കാവശ്യമായ അത്യാവശ്യം സാധനങ്ങൾ കരുതുന്നതിനിടയ്ക്ക് യാത്രക്കിടയിൽ ദാഹജലമെടുക്കാൻ ഒരു പാത്രവും കരുതി. തൻ്റെ ദീർഘയാത്ര മദ്ധ്യേ ഒരു ഗ്രാമത്തിലെത്തിയദ്ദേഹം നിറഞ്ഞ് കവിഞ്ഞ ഒരു കിണറിനരികിൽ നിന്ന് വെള്ളം കുടിക്കുന്ന മാനുകളെ കണ്ടു. ദാഹം കൊണ്ട് വെള്ളം കണ്ട മാത്രയിൽ തൻ്റെ കയ്യിലെ പാത്രവുമെടുത്തദ്ദേഹം കിണറിനടുത്തേക്ക് നടന്നു. അദ്ദേഹത്തേ കണ്ട് മാനുകൾ ഓടിയകലുകയും, തൻ്റെ കൈവശമുള്ള പാത്രത്തിൽ വെള്ളം കോരിയെടുക്കാൻ ശ്രമിച്ചപ്പോഴേക്കും വെള്ളം ആഴത്തിലേക്കിറങ്ങിപ്പോയി. അത്ഭുതസ്തബ്ദ്ധനായ ഖഫീഫ് യാത്ര മതിയാക്കി ഗുരു സമക്ഷത്തേക്ക് മടങ്ങി. നടന്നെതെല്ലാം ഗുരുവിനോട് വിവരിച്ചദ്ദേഹം തനിക്കുണ്ടായതെന്തനുഭവമെന്നാരാഞ്ഞു. ഗുരു മറുപടി നൽകിയതിങ്ങനെ. മാനുകൾക്ക് തങ്ങൾക്ക് ദൈവകൃപയാൽ വെള്ളം ലഭിക്കുമെന്ന ദൃഢവിശ്വാസമുള്ളതിനാൽ അവ വെള്ളമെടുക്കാനുള്ള പാത്രമോ മറ്റു പകരണങ്ങളോ കരുതിയില്ല, താങ്കളോ വിശ്വാസ കുറവ് കൊണ്ട് കയറുമായി നടന്നു. അതിനാൽ വിശ്വാസമുറപ്പിച്ച് യാത്ര തുടരുക തീർച്ചയായും വഴികൾ ദൈവം തുറന്നിടുന്നതാണ്. 

ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ വിശ്വാസമുറപ്പിക്കുക എന്ന മഹത്തായൊരു സന്ദേശത്തെ ഉൾകൊള്ളാനായി ഈ കഥയെ മനസ്സിലാക്കാം. നാമിന്നു നേരിടുന്ന പ്രയാസങ്ങൾ മറികടക്കേണ്ടതിന് കൃത്യമായ പദ്ധതികളും, വിശ്വാസ ദൃഢതയുമനിവാര്യമാണ്. കേവലം അകത്തളങ്ങളിൽ മടിപിടിച്ചിരിക്കാതെ പരിമിധ സാഹചര്യങ്ങളിൽ പ്രവർത്തനക്ഷമത കൈവര്യക്കാനും, കൊറോണാനന്തര കാലത്തിലേക്കുള്ള മുന്നൊരുക്കങ്ങൾക്കായി ക്രിയാത്മകമായി ഈ സമയങ്ങളെ ഉപയോഗപ്പെടുത്താനും ശ്രമിക്കുക. വിജയം സുനക്ഷിതമാണ്. ശുഭദിനം

Dr.jRAlichethu
9946490994

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Tarikh-i-Firoz Shahi