റമളാൻ ചിന്ത 6
                              🌹🌹🌹


ബന്ധങ്ങൾ ഒരു കലയാണ്

കൂടിയല്ലാ പിറക്കുന്ന നേരത്ത്
കൂടിയല്ലാ മരിക്കുന്ന നേരത്ത് മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിനു നാം വൃഥാ!? (
പൂന്താനം)
വളരെ ഹൃസ്വമായ ഈ വരികൾ മുന്നോട്ടു വെക്കുന്ന അതി തീക്ഷണമായ ചില ചോദ്യങ്ങൾ ഉണ്ട്. വളരെ ചെറിയ കാലത്ത് ഭൂമിതൻ മാറിലേക്കിറങ്ങുന്നത് ഏകനായിട്ട്. ശരീരത്തിൻ്റെയും ചിന്തകളുടെയും വളർച്ചക്കിടയിൽ നാം വ്യാപ്തമാക്കുന്ന പരിസരങ്ങൾ രൂപപ്പെടുത്തുന്ന അമൂല്യമായ സമ്പാദ്യമാണല്ലോ നമ്മുടെ സൗഹൃദങ്ങൾ അല്ലെങ്കിൽ ബന്ധങ്ങൾ. സാമൂഹിക ജീവിയായ മനുഷ്യനു അഭിവാച്യമായ ഒന്നാണല്ലോ അത്.
ഒരോ ഘട്ടങ്ങളിൽ രൂപപ്പെടുത്തുന്ന ബന്ധങ്ങൾ പലതരത്തിലാവാം, ചിലപ്പോൾ വ്യക്തിപരമാവാം, കുടുംബ പരമാവാം, സൗഹൃദപരമാവാം, ആശയ പരവുമാവാം. തീർച്ചയായും ഏതു തലത്തിലുള്ള സൗഹൃദത്തിനും അതിൻ്റേതായ പ്രധാന്യം കാണേണ്ടതും, നൽകേണ്ട പരിഗണനയുണ്ടാകേണ്ടതുമാണ്.
അവാസ പരിസരത്തിൽ നിന്ന് ഒരു വ്യക്തി നിർമ്മിച്ചെടുക്കേണ്ട ഉദാത്തമായ സത്ഗുണമാണല്ലോ നിബന്ധനയില്ലാത്ത സൗഹൃദങ്ങൾ. അത് രൂപപ്പെടുന്നത് യാദൃക്ഷികമാകാം, ചിലത് നിർണ്ണിതവ്യവസ്ഥയിലാവാം. ഏതുതരം സൗഹൃദവും നമ്മിൽ രൂപപ്പെടുമ്പോൾ നമ്മിലേക്കെത്തിയാൽ അതിൻ്റെ സ്ഥായി ഭാവത്തെ കണ്ടെത്തേണ്ടതുണ്ട്.
ഓഷോ കഥകളിൽ നമുക്ക് ദർശിക്കാനാവുന്ന ഒരു യോഗിയുടെ കഥയിങ്ങനെയാണ്..
സുദീർഘമായൊരു യാത്രക്കൊരുങ്ങി ആശ്രമം വിട്ട ആ താപസൻ ഒരു നദിക്കരയിലെത്തുന്നു. ഭൗതിക പ്രലോഭനങ്ങളൊന്നുമില്ലാത്ത, ദരിദ്രാവസ്ഥ വിളിച്ചോതുന്ന ആ അപരിഷ്കൃത രൂപം തന്നെ മറ്റുള്ളവരിൽ അവമതിപ്പുളവാക്കും. യാത്രക്കായി വഞ്ചി കാത്തിരിക്കുന്ന ചില യുവാക്കളുടെ പരിഹാസരൂപേണയുള്ള സംസാരങ്ങളൊന്നും ശ്രവിക്കാത്ത പോലെ അദ്ദേഹം തൻ്റെ പ്രാർത്ഥനകളുരുവിട്ടു കൊണ്ടിരുന്നു. വഞ്ചിയെത്തി യാത്ര തുടങ്ങിയപ്പോൾ തന്നെ താപസൻ ധ്യാനത്തിലാണ്ടു. ഇതിനിടക്ക് യുവാക്കളുടെ ശല്യം വർദ്ധിക്കുകയും, ഒരുത്തൻ ചെരുപ്പൂരി അദ്ദേഹത്തിൻ്റെ തലയിൽ ശക്തമായി അടിക്കുകയും ചെയ്തു. നിശബ്ദനായി, കണ്ണുകളടച്ച് പ്രാർത്ഥനയിൽ മുഴുകിയ യോഗിയുടെ കണ്ണിൽ നിന്ന് വേദനയാൽ മിഴിനീർ ഒലിച്ചിറങ്ങി. പക്ഷേ ഒരു തരത്തിലുള്ള പ്രതികരണവും അദ്ദേഹത്തിൽ നിന്ന് ഉണ്ടായില്ല. പെട്ടെന്ന് ഒരശരീരി മുഴങ്ങി, "ഹേ ഭക്താ'' നീയൊന്ന് മനസ്സിൽ ശപിച്ചാൽ ഞാൻ ഈ വഞ്ചി മുക്കിയീ അഹങ്കാരികളെ നശിപ്പിക്കാം". ഇതോടെ കുരുത്തക്കേടു കാണിച്ചിരുന്ന യുവാക്കൾ ഭീതിയിലായി. അവർ താപസൻ്റെ മുന്നിൽ വീണ് ക്ഷമാപണം നടത്തി. അൽപ്പനേരത്തേ മൗനം വെടിഞ്ഞ് അദ്ദേഹം പറഞ്ഞു പേടിക്കേണ്ട, ഒരത്യാഹിതവും സംഭവിക്കില്ല കൂട്ടുകാരെ... എന്നിട്ട് മുകളിലേക്ക് കരമുയർത്തി ചോദിച്ചു, "അല്ല ദൈവമേ നീ ഏത് സാത്താൻ്റെ ഭാഷയാണിപ്പോൾ സംസാരിച്ചത്, ചുരുങ്ങിയ സമയമെങ്കിലും എൻ്റെ സഹയാത്രികരായ ഇവരുടെ മനോഭാവത്തെ മറിച്ചിടൂ, അല്ലാതെ അപായപ്പെടുത്താനല്ല. ഹൃസ്വമെങ്കിലും ഇവർ എൻ്റെ യാത്ര പ്രയാസങ്ങളിൽ സഹായമേകേണ്ടവരല്ലോ?."  ഉപദ്രവത്തിലും സൗഹാർദ്ദത്തിന് വിലയേകിയ താപസൻ്റെ സൗഹൃദ ചൈതന്യത്തിൽ തൃപ്തനായി ദൈവം മടങ്ങി.
എത്ര ഉപദ്രവപരവും, നിസ്സാരമെങ്കിലും ബന്ധങ്ങൾ മാനിക്കപ്പെടേണ്ടതും, ചേർത്തു വെക്കേണ്ടതാണെന്നുമുള്ളൊരു ഓർമ്മിപ്പിക്കൽ.
"മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുവിന്‍. ബന്ധുക്കളോടും അനാഥരോടും അഗതികളോടും നന്നായി പെരുമാറുവിന്‍. ബന്ധുക്കളായ അയല്‍ക്കാരോടും സഹവാസികളോടും സഞ്ചാരികളോടും നിങ്ങളുടെ അധീനതയിലുള്ള ദാസിദാസന്മാരോടും നന്നായി വര്‍ത്തിക്കുവിന്‍.’ (വിശുദ്ധ ഖുർആൻ)
അതെ ഏതൊരു പ്രതികൂല സാഹചര്യത്തിലും നാം രൂപപ്പെടുത്തേണ്ടത് നിഷ്കളങ്ക സ്നേഹവും, വിശ്വാസവും, നിബന്ധനയില്ലാത്തതുമായ സൗഹൃദ ബന്ധങ്ങളും തന്നെയാണ്. അവ ആരോട്, ഏതൊരു താൽക്കാലിക ലക്ഷ്യപ്രാപ്തിക്കായി എന്നതിനെ അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തുന്നതാവരുത്. അത്തരം ശുഷ്ക മനോഗതിയിൽ നിന്നുടലെടുക്കുന്ന സൗഹൃദങ്ങളോളം കാപട്യമുള്ള മറ്റൊന്നുമില്ലല്ലോ?. ഓരോ സൗഹൃദങ്ങളുടെ പ്രാരംഭത്തിനും ഒരു കാരണം ഉണ്ടാവാം, എന്നാൽ കാര്യകാരണങ്ങൾക്കപ്പുറത്തേക്കതിനെ വളർത്തിയെടുക്കുന്നവനാണല്ലോ ഉൽകൃഷ്ടൻ. പ്രമാണം പോൽ രൂപപ്പെടുത്തുന്ന സൗഹൃദത്തിൽ കൈമാറുന്ന സ്നേഹോഷ്ളത വളരെ പ്രാധാന്യമുള്ളതാണ്. അതാണല്ലോ "സ്നേഹവും, വിദ്യയും പങ്കുവെച്ചാൽ സമ്പാദ്യം പോൽ കുറവു വരില്ല " എന്ന് പറയുന്നതിൻ്റെ പെരുൾ.
ഓരോ ബന്ധങ്ങളും ഒരു പക്ഷി പോലാണെന്ന് പറയാറുണ്ട്. വല്ലാതെയതിനെ കൈകളിലാട്ടണച്ചുപിടിച്ചാൽ ശ്വാസം കിട്ടാതെ ചത്തുപോകും. എന്നാൽ അയച്ചുപിടാച്ചാലോ അതെന്നെന്നേക്കുമായി പറന്നുപോകുകയും ചെയ്യും. അതിനാൽ വളരെ ശ്രദ്ധയോടെ പരിപാലിക്കാനായാൽ മാത്രമേ എക്കാലത്തേക്കുമത് കരുതി വെക്കാനാവൂ...
വിശ്വസ്ത സൗഹൃദവും, കപട സൗഹൃദവും വേർതിരിച്ചെടുക്കാൻ നാം രൂപപ്പെടുത്തുന്ന ആത്മബന്ധങ്ങൾക്കാവണം, "A friend of all is not a friend at all" എന്നാണല്ലോ. ചില ബന്ധങ്ങൾ എക്കാലവും നമുക്ക് ബാധ്യതയാവാം, ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്ന പഴമൊഴി പോൽ മുഖ്യമാണ് "ചങ്ങാത്തം ചെകുത്താൻ്റെ ഗുണം ചെയ്യുമെന്നതും". എങ്കിലും ബന്ധങ്ങളിൽ ഉണ്ടാകുന്ന കേടുപാടുകളെ ചികഞ്ഞെടുത്ത് അതിനെ നിലനിർത്താൻ ശ്രമിക്കേണ്ടതഭിവാജ്യമാണ്. പരസ്പരമറിഞ്ഞുള്ള ബന്ധങ്ങൾ റോസാപ്പൂവ് പോലെ എന്ന് പറയാറുണ്ട്, ഇതൾവാടിക്കൊഴിഞ്ഞാലും അവ പകർന്ന ഓർമ്മതൻ സൗരഭ്യം ഹൃദയാന്തരത്തെ മദിച്ചു കൊണ്ടേയിരിക്കും. നല്ലതോ - ചീത്തതോ ബന്ധമെന്നതിൽ ശ്രദ്ധ വേണമെങ്കിലും, ദുശിച്ച സൗഹൃദങ്ങളെ പാടെ ഉപേക്ഷിക്കാതിരിക്കാൻ ശ്രമിക്കാം.. കാരണം അത് അഴുക്ക് കലർന്ന വെള്ളത്തിൻ്റെ ഫലം ചെയ്യുമെന്ന് പറയാറുണ്ട്, കുടിച്ചിറക്കാനാവില്ലെങ്കിലും, ചെടി നനക്കാനെങ്കിലുമുപകരിക്കും.
നിസ്സാര ഘട്ടത്തിൽ നാം വാർത്തെടുത്ത സൗഹൃദമാണെങ്കിലും അതിൻ്റെ പ്രാമുഖ്യത്തേ കുറച്ചു കാണാനോ നിസ്സാരമായി അറുത്തുമാറ്റാനോ ശ്രമിക്കരുത്. ഏതൊരു സൗഹൃദബന്ധത്തിനും ഉപകാരപ്രദമാക്കേണ്ട സമയം ഉണ്ടാകും.  വിരുദ്ധ മനോഭാവമുള്ള മനുഷ്യരുടെ കൊടുക്കൽ - വാങ്ങലുകളുടെ ഫലമാണല്ലോ ബന്ധങ്ങൾ അതിൽ പൊട്ടലും, ചീറ്റലും സുനശ്ചിതം. എങ്കിലും നമ്മുടെ മുടിയോ, നഖമോ വളർന്നാൽ തലയും, വിരലും മൊത്തത്തിലല്ലല്ലോ മുറിച്ചുമാറ്റാറ്...അതു പോൽ സൗഹൃദങ്ങളിലെ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കാനാവണം പ്രാമുഖ്യം നൽകേണ്ടത്, അല്ലാതെ ബന്ധം അറുത്താവരുത്.
ഓരോ ബന്ധവും രൂപപ്പെടുന്നതിനെ ഒരു കർഷകൻ്റെ സൂക്ഷ്മതലമായി നിഷ്കർഷിക്കാം, വിത്തിട്ട് പരിപാലിച്ച് വിളയെടുക്കുന്നതിന് അയാൾ നൽകുന്ന പരിചരണം പോലെയാണ് മറ്റൊരാളുടെ ഹൃദയത്തിനകത്ത് സ്നേഹം വിതറി നാം കൂടുകൂട്ടുന്നത്. കലാവസ്ഥ വ്യതിയാനമറിഞ്ഞ് എത്ര കണ്ട് അതിനനുഗുണമായ വെള്ളവും, വളവും നൽകുന്നുവോ അത്ര കണ്ടത് തഴച്ചുവളരും. അതിനാൽ ചേർത്തു നിർത്താൻ ശ്രമിക്കാം ഓരോ സൗഹൃദങ്ങളേയും.
ആട്ടു തൊട്ടിലിൽ നിന്ന് അന്ത്യ കട്ടിൽ വരെ രൂപപ്പെടുത്തുന്ന ബന്ധങ്ങൾ അകലാതിരിക്കാൻ പരിശ്രമിക്കാം. "ചേർക്കുന്തോറും അടുക്കുന്നതും, ചേർത്തില്ലെങ്കിൽ തെറിക്കുന്നതുമാണല്ലോ"അവ. കണ്ണകന്നാൽ മനസ്സകന്നു എന്നത് പഴമൊഴിയിൽ ഒതുക്കാതെ കാത്തിടാം...പ്രത്യേകിച്ച് താലോടലിൽ നിന്ന് തോണ്ടലുകളിലേക്ക് വൈകാരിക പ്രകടനങ്ങൾ മാറിയ ഈ കാലത്ത്. മുഖത്തിന് പകരം മുഖപുസ്തകത്തിൽ സൗഹൃദമൊരുക്കുന്ന, സ്മൈലിന് പകരം സ്മൈലികൾ ചിരിക്കുന്ന കാലത്ത്, എനിക്കും ഒരു ചങ്ങായിയുണ്ട് എന്നഭിമാനിക്കാം. അല്ല ഞാൻ എൻ്റെ ബന്ധങ്ങളെ മാനിക്കുന്നെന്നുറക്കെ പ്രഖ്യാപിക്കാം...
ശുഭം
Dr. jRAlichethu
9946490994

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Tarikh-i-Firoz Shahi