റമളാൻ ചിന്ത 3
                   🌹🌹🌹
        മനോഭാവമല്ലോ നാം

ജീവിത പരിസരങ്ങളിൽ നാം പടുത്തുയർത്തുന്ന മനോഭാവങ്ങൾ നമ്മിലെ വിജയ - പരാജയങ്ങളെ രൂപപ്പെടുത്തുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണല്ലോ. നമ്മുടെ മനോഗതികളെ അല്ലെങ്കിൽ ചിന്തകളെ അവ ഉയർത്തുന്ന സ്വഭാവമനുസരിച്ച് മൂന്ന് രൂപത്തിൽ വേർതിരിച്ചെടുക്കാവുന്നതാണ്. എല്ലാത്തിലും കുറ്റവും, കുറവും കണ്ടെത്തി ജീവിതത്തിൻ്റെ നശ്വര സംതൃപ്തിയെ എറിഞ്ഞുടച്ച് മാനസിക സമ്മർദ്ദങ്ങളുടെ ചുഴിയിലകപ്പെട്ട് അമ്പേ പരാചയപ്പെട്ട നെഗറ്റീവ് മനോഗതിക്കാർ.. എന്നാൽ മറ്റൊരു വിഭാഗം തങ്ങൾക്ക് ലഭ്യമായ അവസരങ്ങളിൽ നന്മ കാണാനോ, അവനൽകുന്ന പ്രതിസന്ധികളിൽ തളരാനോനിൽക്കാതെ നിർവികാരമായി അത്തരം സാഹചര്യങ്ങളെ നേരിടുന്ന ന്യുട്രൽ മനോഗതിക്കാർ.  എന്നാൽ മൂന്നാം തരക്കാർ ജീവിതത്തിലെ ഓരോ നിമിഷങ്ങളെയും അത്യാഹ്ലാദത്തോടെ സമീപിച്ച്, നേരിടേണ്ടി വരുന്ന പ്രതിസന്ധികളിൽ എല്ലാം കൂടുതൽ സാധ്യത കണ്ടെത്തി സന്തോഷകരമായി ജീവിക്കുന്ന വളരെ പോസിറ്റീവ് മനോഗതിക്കാർ.

മൂന്ന് വിഭാഗത്തിനും തങ്ങളുടെ ഭൗതിക സാഹചര്യങ്ങളെ നോക്കി കാണാനും, അതിനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താനുമുള്ള അവസരങ്ങൾ തുല്യമായി ലഭിക്കുമ്പോഴും, ആദ്യത്തെ രണ്ട് വിഭാഗങ്ങൾ നിസ്സാര കാരണങ്ങളാൽ ഒഴിഞ്ഞുമാറുകയോ, അതുമൂലം ഉണ്ടാകാവുന്ന റിസ്കിൽ നിന്ന് മാറി നിന്നുകൊണ്ടോ, ലഭ്യമാക്കേണ്ടിയിരുന്ന സാധ്യതകളെ നഷ്ടപ്പെടുത്തുന്നു.

 നമുക്കറിയാം കോവിഡ് 19 കാലം ലോകമാകമാനം പുതിയൊരു സംജ്ഞ രൂപപ്പെടുത്തിയിരിക്കുന്നു. രാഷ്ട്രീയ അന്തപുരങ്ങൾ മുതൽ തെരുവ് ജീവിതങ്ങൾ വരെ പ്രയാസകരമായ ഒരവസ്ഥയിലൂടെ കടന്ന് പോകുന്നു. തൊട്ടടുത്ത ചെറു കച്ചവടക്കാരൻ മുതൽ ലോക വ്യവസായങ്ങൾ വരെ വിനാശകരമാം പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുന്നു. ലോക രാഷട്രങ്ങളെ തങ്ങളുടെ സൈനികവും, സാമ്പത്തികവുമായ മേൽകോയ്മ കൊണ്ട് ചൂഷണ വിധേയരാക്കിയിരുന്ന വൻ രാജ്യങ്ങൾ പ്രകൃതിയുടെ ചെറിയ വികൃതിയിൽ വിറങ്ങലടിച്ചിരിക്കുന്നു. ആഢംബര സൗധങ്ങളിലെ ശീതളിമയിലഭിരമിച്ചവരും, റോഡ് വക്കിൽ നരകിച്ചവരും നിസ്സഹായമാം ഒരു ഘട്ടത്തിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നു. എങ്ങും, എവിടേയും പേടിപ്പെടുത്തുന്ന അനുഭവങ്ങൾ... ജീവിതം വഴിമുട്ടുന്ന, പ്രത്യാശനഷ്ടപ്പെടുന്ന ഒരവസ്ഥ. പ്രമുഖ രാഷ്ട്രങ്ങളുടെ ഭരണ കേന്ദ്രങ്ങളിൽ അഭിരമിച്ചിരുന്നവർ മുതൽ ജനിച്ചു മാസങ്ങൾ കഴിഞ്ഞ പിഞ്ചു പൈതൽ വരെ നിസ്സഹായാവസ്ഥയിൽ മറമാടപ്പെടുന്നയവസ്ഥ...

എങ്ങിനെ ഈ ഘട്ടത്തെ മറികടക്കാനാവുമെന്ന് കൂലങ്കുശമായി ചിന്തിച്ചു പരിഹാരമന്വേഷിക്കുന്ന ലോകാരോഗ്യ സംവിധാനങ്ങൾ മുതൽ, പ്രദേശിക ആരോഗ്യ പ്രവർത്തകർ വരെ... പതിനായിരങ്ങൾ മരിച്ചുവീണിട്ടും ഒന്നും ചെയ്യാനാവാതെ നിസ്സഹായതയോടെ പ്രജകളെ തരം തിരിച്ച് മരണത്തിന് വിടുന്ന വൻ രാജ്യങ്ങൾ മുതൽ, രോഗവ്യാപന സാധ്യതകളെ കൃയാത്മകമായ ഇടപെടൽ കൊണ്ട് നിയന്ത്രിച്ച് നിർത്തുന്ന കൊച്ചു കേരളം വരെ..

 ഇങ്ങനെ ഒരേ പ്രശ്നത്തിൻ്റെ വിവിധോന്മുഖമായ ഘട്ടങ്ങൾ നാം കാണുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ പതറിപ്പോയി തൻകോയിമ പ്രകടിപ്പിക്കുന്ന ട്രംപ് മുതൽ, സ്വന്തം പിഞ്ചോമന പൈതലിൻ്റെ   സമീപ്യം നഷ്ടപ്പെട്ടിട്ടും സംയമനം കൈക്കൊള്ളുന്ന ആരോഗ്യ പ്രവർത്തക വരെ എത്ര എത്ര രംഗങ്ങൾ...

ഒരേ പ്രശ്നം വിത്യസ്ഥ സമീപനങ്ങൾ, ചിലർ തകർന്നു പോകുമ്പോൾ, ചിലർ കേവല ആൾക്കൂട്ടങ്ങളായി നിയമ ലംഘനങ്ങളിലാനന്ദം കണ്ടെത്തി നിസ്സംഗത കാണിക്കുന്നു. എന്നാൽ മറ്റൊരു വിഭാഗം ഈ പ്രതിസന്ധി ഘട്ടങ്ങളെ പ്രവർത്തനക്ഷമത കൊണ്ട് പരാചയപ്പെടുത്തുന്നു. ഒരേ പ്രശ്നം വിത്യസ്ഥ മനോഭാവങ്ങൾ.

 മനുഷ്യരിങ്ങനെയാണ് തങ്ങളുടെ ചിന്തകളാൽ വിപ്ലവം സൃഷടിക്കാനും, അതേ ചിന്തയുമായി സഹപാഠിയെ കൊത്തിനുറുക്കാനും സാധിക്കുന്നവർ.

 ചിന്തകർ പറഞ്ഞ പോൽ " ഒരു മനുഷ്യൻ്റെ മസ്തിഷ്കം സ്വന്തം ലോകമാണ്.നരകത്തെ പറുദീസയാക്കാനോ സ്വർഗ്ഗത്തെ അഗാധമാക്കി മാറ്റാനോ കഴിവുള്ളവൻ ".

പലപ്പോഴും ചിന്തയുമായി ബന്ധപ്പെടുത്തി പറയാറുള്ള ഒരു കഥയോർമ്മ വരുന്നു. ഒരു നാട്ടിൽ അതിപ്രശസ്തനായ ഒരു മജീഷ്യനുണ്ടായിരുന്നു. തൻ്റെ മാന്ത്രിക പ്രാപ്തി കൊണ്ട് ആ രാജ്യത്തിലെ ഭരണാധികാരിയുടെ വരെ പ്രശംസ പിടിച്ചുപറ്റിയ മായാജാലക്കാരൻ. അദ്ദേഹത്തിൻ്റെ പ്രധാനപ്പെട്ട മാജിക് എന്നാൽ ഏത് താഴിട്ട് പൂട്ടായാലും നിമിഷ ങ്ങൾക്കകം അതറുത്ത് അദ്ദേഹം മോചിതനാകും എന്നതാണ്. തൻ്റെ കഴിവിൽ അഹങ്കാരം നടിച്ച ആ മജീഷ്യനെ ഒന്ന് പരീക്ഷിക്കാൻ രാജാവ് തീരുമാനിച്ചു.തൻ്റെ കൊട്ടാര പണ്ഡിതന്മാരെ വിളിച്ച് ഒരു മാർഗ്ഗമാരാഞ്ഞു.അങ്ങനെ നല്ല ഒരാശയം രൂപപ്പെടുത്തി മജീഷ്യനേ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. നിബന്ധനകൾ ബോധ്യപ്പെടുത്തി കൊണ്ട്. പരമാവധി  45 മിനുട്ട് സമയത്തിനകത്ത് പുറത്ത് കടന്നില്ലെങ്കിൽ വധശിക്ഷയായിരിക്കും ഫലം എന്നറിയിച്ചു. രാജ്യത്തിൽ ലഭ്യമായ ഏറ്റെവും ചെറിയ താഴിട്ട് മജീഷ്യനെ അറക്കുള്ളിലടച്ചു. വളരെ നിസ്സാരമായി ഈ പരീക്ഷണം മറികടക്കാമെന്ന് അഹങ്കരിച്ച് തൻ്റെ അടവുകൾ പുറത്തെടുത്ത മജീഷ്യൻ പക്ഷേ ആദ്യ അരമണിക്കൂർ കഴിഞ്ഞിട്ടും താഴ് പൊളിക്കാനാവാതെ വിയർത്തു. തൻ്റെ പരമാവധി പരിശ്രമം പുറത്തെടുത്തിട്ടും 45 മിനുട്ട് കഴിഞ്ഞിട്ടും അദ്ദേഹത്തിന് തൻ്റെ ലക്ഷ്യം പൂർത്തീകരിക്കാനായില്ല. അവസാനം രാജാവിന് മുന്നിൽ ഹാജരാക്കിയ മജീഷ്യൻ തൻ്റെ നിസ്സഹായത അംഗീകരിച്ചു.അപ്പോൾ രാജാവ് പറഞ്ഞു. താങ്കളെപ്പോലെ പ്രഗൽഭനായ ഒരാൾക്ക് തുറക്കാനാവാത്ത താഴിൻ്റെ രഹസ്യം എന്താണ് എന്നറിയുമോ?. അമിതമായി താങ്കളുടെ കഴിവിൽ വിശ്വാസമർപ്പിച്ചപ്പോൾ, യഥാർത്ഥ്യം മനസ്സിലാക്കാനാകാത്തതാണ് താങ്കളുടെ ജീവൻ അപകടത്തിലാക്കിയത്. യഥാർത്ഥത്തിൽ ആ താഴിട്ട് താങ്കളെ പൂട്ടിയിരുന്നില്ല, പൂട്ടാത്ത താഴ് തുറക്കാനുള്ള പാഴ് വേലയിൽ മറ്റൊന്നും ആലോചിക്കാതെ താങ്കൾ പ്രവർത്തിച്ചതാണ് പരാചയ കാരണം... 

നമ്മളും ഇങ്ങനെയാണ് ഒരു പ്രശ്നത്തെ മുൻ വിധിക്കനുസരിച്ച് സമീപിക്കുമ്പോൾ മനോനില തെറ്റിപ്പോകും. പിന്നെ ഒരേ ദിശയിലായിരിക്കും നമ്മുടെ പ്രവർത്തികൾ. ശുഭ ചിന്തകൾ നമ്മിൽ വിവേകം ലഭ്യമാക്കും. അതിലൂടെ നാം സ്വയം ശക്തരാകും. ആ ശക്തി നാം തന്നെ രൂപപ്പെടുത്തുന്നതാണ്, നമ്മുടെ പോസിറ്റീവ് മനോഭാവം കൊണ്ട്, ഈ പവിത്രമാസത്തിലെ മഹാമാരി പ്രതിസന്ധിയെ മറികടക്കാൻ നമുക്ക് രൂപപ്പെടുത്താം ക്രിയാത്മക മാർഗ്ഗങ്ങളെ.കാരണം ഓരോ വ്യക്തിയും നിർണ്ണായകമാണെന്ന് നമ്മോട് ഓർമിപ്പിക്കുന്ന, ഓരോ വ്യക്തിയുടേയും മനാഭാവം അത്യന്താപേക്ഷിതമാണ് ഈ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യാൻ എന്ന് ഓർമ്മിപ്പിച്ച രത്തൻ ടാറ്റയുടെ പോസിറ്റീവ് ചിന്തകളെ മനസ്സിലുറപ്പിക്കാൻ നമുക്കാവട്ടെ... നന്മ നിറഞ്ഞ ഒരു ദിനമാശംസിക്കുന്നു.

Dr.jRAlichethu
9946490994

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Tarikh-i-Firoz Shahi