*നീതി നമ്മോട് പുലർത്താം*
*റമളാൻ ചിന്ത 22*
Dr. Jayafar ali Alichethu
നീതിയും, നീതികേടിൻ്റെയും ഇടയിൽ വിവേകം നഷ്ടമായൊരവസ്ഥയിലാണ് ലോകം. നീതിയുടെ സങ്കൽപ്പങ്ങൾ വല്ലാതെ മാറിയിരിക്കുന്നു. പരമ്പരാഗത നീതിബോധം അറുപഴഞ്ചമെന്ന് പൊതുധാരാ നിർവ്വചനങ്ങൾ രൂപപ്പെടുന്നു.
ഒരേ പ്രവർത്തി തന്നെ ശരിയും, തെറ്റുമായി രണ്ട് സാഹചര്യങ്ങളിൽ വ്യാഖ്യാനിക്കപ്പെടുന്നത് സ്വാഭാവികമാകുന്നു. ശരിയേക്കാൾ തെറ്റുകൾ മുൻതൂക്കമെടുത്ത് നീതി നിഷേധത്തിൻ്റെ വിജയാരവം നടത്തി കൊണ്ടിരിക്കുന്നു.
രാഷ്ട്രീയ മതാശയങ്ങളുടെ വേലിക്കെട്ടുകളിൽ ഇത്തരം പക്ഷപാതപരമായ നീതി - നീതികേടിൻ്റെ വിവക്ഷകൾ വർദ്ധിച്ചു വരുന്നു. *യുക്തിയോടു പോലും മല്ലടിച്ച്, വാദങ്ങൾ വിജയിപ്പിച്ചെടുക്കേണ്ട അടിമത്വ ഭീരുത്വം ഒരു കലയായി രൂപപ്പെട്ടിരിക്കുന്നു.*
*നീതികേടിന് വഴിപ്പെട്ട് സ്വർത്ഥലാഭങ്ങൾ കുന്നുകൂട്ടുന്ന വൃത്തിഹീനമായ ശൗചാലയങ്ങളായി മനുഷ്യ മനസ്സുകൾ മാറിയിരിക്കുന്നോ?.* അധാർമ്മിക വാഴ്ചയിൽ ആഘോഷിക്കപ്പെടുന്ന പൈശാചികത നമ്മെ വല്ലാണ്ടെ ഗ്രസിച്ചിരിക്കുന്നു!. സ്വന്തത്തേപ്പോലും ബോധ്യപ്പെടുത്താനാവാത്ത വിധം അസ്വസ്ഥത പുലർത്തുന്ന ചെയ്തികൾ.
അപരനെ വഞ്ചിച്ചും, കുടില തന്ത്രങ്ങളിലൂടെയും സ്വന്തം കാര്യം നടത്താൻ വെമ്പൽ കൊള്ളുമ്പോൾ നഷടപ്പെടുന്ന ആത്മ തല മൂല്യബോധം തിരിച്ചെടുക്കാനാവുമോ ഒരിക്കൽ കൂടി?. *അനീതിയെ കവചമാക്കി ജീവിതം പുഷ്ഠിപ്പെടുത്താൻ വെമ്പൽ കൊള്ളുന്ന ഉത്തരാധുനികതയുടെ സ്വാർത്ഥത നമ്മിലെ വിവേചനാധികാരത്തെ നഷ്ടപ്പെടുത്തിയിരിക്കുന്നു.*
മാർഗ്ഗം ഏതായാലും ലക്ഷ്യം നേടണമെന്ന പിടിവാശിക്കാരായി പരിവർത്തിച്ചിരിക്കുന്നു ഓരോരുത്തരും: അന്നത്തിന് പോലും അന്യായം കാണിക്കുന്ന അശ്ലീലത. എടുക്കുന്ന തൊഴിലിനോട് മാന്യത പുലർത്താനാവാത്ത നീതികേട്. സഹായിക്കുന്നവരെ ആട്ടിപ്പുറത്താക്കുന്നയവസ്ഥ.
*Work is worship* എന്ന ദര്‍ശനത്തിന്റെ ആള്‍രൂപമായിരുന്നു സൈൻ്റ് കബീര്‍. എടുക്കുന്ന തൊഴിലുകളിൽ (കർമ്മം എന്നാക്കാം) ദൈവീകത ദർശിക്കുക. *എൽപ്പിക്കപ്പെടുന്ന ഉത്തരവാദിത്വങ്ങൾ ഉത്തമ കർമ്മമാക്കുവാൻ സാധിക്കണം എന്നാൽ സംതൃപ്തമാകും ഈ ചെറുജീവിതം.
*അദ്ധ്വാനത്തേക്കാൾ ആയാസത്തോടെ ജീവിച്ചു കാലം നീക്കാൻ സൂത്രം തിരയുന്ന കലികാലക്കൂട്ടങ്ങളായി തരം താഴ്ന്നിരിക്കുന്നു പുതു ലോകത്ത് പലരും.*
ഏറ്റെടുക്കുന്ന തൊഴിൽ മേഖലകളിൽ അഴിമതി രഹിതവും, നീതിയുക്തവുമായി ഇടപെടുക എന്നത് വലിയ ഭാരമായി കൊണ്ടു നടക്കുന്നു!. *ആർക്കും ആരോടും കടപ്പാടില്ലാതെ മാറുന്ന യാന്ത്രികത!.*
ആത്മാചാര്യനായ കൺഫ്യൂഷസ് ശിഷ്യരുമായി തൻ്റെ അദ്ധ്യാത്മിക സംവാദം നടത്തി കൊണ്ടിരിക്കുകയായിരുന്നു. ഇടയിൽ ഒരു ശിഷ്യൻ ചോദിച്ചു; *"എല്ലാവരുടേയും ജീവിതത്തിൽ തെറ്റിക്കാതെ പാലിക്കേണ്ട ഒരാശയം പറഞ്ഞു നൽകാമോ?."*
കൺഫ്യൂഷസ്സ് അൽപ്പനേരത്തെ ആലോചനയ്ക്ക് ശേഷം പറഞ്ഞു: *"മറ്റൊരാൾ നിങ്ങളുടെ നേരേ ചെയ്യേണ്ടതില്ലെന്ന് നിങ്ങൾ വിചാരിക്കുന്നത്, അന്യനൊരാൾക്ക് നേരേ നിങ്ങളും ചെയ്യരുത്"!.*
ലളിതമായ നീതിമന്ത്രം; പദവി ഏതായാലും പുലർത്തേണ്ട മാന്യമായ ഇടപെടൽ. *സ്വയം അതൃപ്തി തോന്നുന്ന കാര്യങ്ങൾ മറ്റുള്ളവരോട് ചെയ്യാതിരിക്കുക. സ്വന്തത്തേ വേദനിപ്പിക്കുമെന്ന് വിശ്വസിക്കുന്ന പറച്ചിലുകൾ അന്യന് നേരേയും പറയാതിരിക്കുക.* നാം നമുക്ക് നൽകുന്ന പ്രാധാന്യം അപരന്നു കൂടി വകവെച്ചു നൽകി സംതൃപ്തി നേടാം. ശുഭദിനം
അഭിപ്രായങ്ങള്‍