*പാഴ്ജന്മമെന്നൊന്നില്ല പാരിൽ*


 *റമളാൻ ചിന്ത 20*


Dr. Jayafar ali Alichethu

*"ഒരു കത്തുന്ന വിളക്കിൻ്റെ കടമ ചുറ്റും പ്രകാശം പരത്തുക എന്നുള്ളതാണ്. ആ വെളിച്ചം മറ്റുള്ളവർക്ക് ഗുണപ്രദമാണോ അല്ലയോ എന്ന് അവിളക്ക് ആലോചിക്കാറില്ല, എണ്ണ തീരും വരെ അതു ജ്വലിക്കും, എണ്ണ തീർന്നു പോകുമ്പോൾ അത് സ്വയം അണഞ്ഞുപോകും"*


അണയും മുമ്പ് തൻ്റെ ദൗത്യം പൂർത്തീകരിച്ച് കൃതാജ്ഞനാകുക എന്നതാണ് ഓരോരുത്തർക്കും ചെയ്യാനാവുന്ന ഉത്തമ മാതൃക. തൻ്റെ പ്രവർത്തനത്തിൻ്റെ ഗുണ -ദോശ ഫലങ്ങൾ അലോജിച്ച്, ചെയ്തു തീർക്കേണ്ട കടമകളിൽ നിന്ന് വിട്ടു നിൽക്കുന്നതിൽ പരം നിർഭാഗ്യമെന്തുണ്ട്?. 


*ഓരോ വസ്തുവിൻ്റെ സൃഷ്ടിപ്പിനും ഒരു കാരണമുണ്ട് എന്നാൽ പലരും അതിൻ്റെ ഉൾക്കാമ്പറിയാതെ പോകുന്നു.*


*ജ്ഞാനപാനയിൽ ഇപ്രകാരം പറയുന്നു...*


"അത്ര വന്നു പിറന്നു സുകൃതത്താല്‍

എത്ര ജന്‍മം മലത്തില്‍ കഴിഞ്ഞതും

എത്ര ജന്‍മം ജലത്തില്‍ കഴിഞ്ഞതും

എത്ര ജന്‍മങ്ങള്‍ മണ്ണില്‍ കഴിഞ്ഞതും

എത്ര ജന്‍മം മരങ്ങളായ്‌ നിന്നതും

എത്ര ജന്‍മം മരിച്ചു നടന്നതും

എത്ര ജന്‍മം മൃഗങ്ങള്‍ പശുക്കളായ്‌

അതു വന്നിട്ടീവണ്ണം ലഭിച്ചൊരു

മര്‍ത്ത്യ ജന്‍മത്തില്‍ മുമ്പേ കഴിച്ചു നാം!

എത്രയും പണിപ്പെട്ടിങ്ങു മാതാവിന്‍

ഗര്‍ഭപാത്രത്തില്‍ വീണതറിഞ്ഞാലും

പത്തു മാസം വയറ്റില്‍ കഴിഞ്ഞുപോയ്‌

പത്തു പന്തീരാണ്ടുണ്ണിയായിട്ടും പോയ്‌

തന്നെത്താനഭിമാനിച്ചു പിന്നേടം

തന്നെത്താനറിയാതെ കഴിയുന്നു

ഇത്രകാലമിരിക്കുമിനിയെന്നും

സത്യമോ നമുക്കേതുമെന്നില്ലല്ലോ;

നീര്‍പ്പോള പോലെയുള്ളൊരു ദേഹത്തില്‍

വീര്‍പ്പുമാത്രമുണ്ടിങ്ങനെ കാണുന്നു

ഓര്‍ത്തറിയാതെ പാടുപെടുന്നേരം

നേര്‍ത്തുപോകുമതെന്നേ പറയാവൂ

അത്രമാത്രമിരിക്കുന്ന നേരത്തു

കീര്‍ത്തിച്ചീടുന്നതില്ല തിരുനാമം!


നരജന്മമെന്തിനെന്ന് മനസ്സിലാക്കാതെ, ജീവിത ലക്ഷ്യങ്ങൾ കണ്ടറിയാതെ ചുഴിലാണ്ടവനെപ്പോലെ ബലഹീനനാകുന്നതിൽപ്പരം ഹതഭാഗ്യതയുണ്ടോ?!. ജീവിതം ചക്കിൽ കെട്ടിയ കഴുതയെപ്പോലെ നിയന്ത്രണ വിധേയമെന്നല്ല, ചിലപ്പോഴെങ്കിലും നമ്മിലെ യുക്തിസഹചമാം നിയന്ത്രണങ്ങളിൽ നിക്ഷിപ്തമാണെന്ന് മറക്കരുത്. എല്ലാം വരുംപോലെ വരട്ടെ എന്നാ കരുതല്ലോ...


*" പൂവു കൊഴിയുന്നു, നമുക്കതിനെ ഇഷടമാണെങ്കിലും;*

*കള വളരുന്നു, നമുക്കതിനെ ഇഷ്ടമെല്ലെങ്കിലും '* എന്ന് തത്വജ്ഞാനികൾ പറയാറുണ്ട്. അപ്പോൾ നമ്മുടെ ഇഷ്ടാനുഷ്ടമേ കാര്യങ്ങൾ നടക്കാവൂ എന്ന വാശിയിൽ കഴിയണമെന്നില്ല. ചിലപ്പോഴെങ്കിലും വഴിമാറി സഞ്ചരിക്കാം. എന്നാൽ അതിലെ ഗുണപരമായ വശത്തെ ഉൾകൊള്ളാനാവുക എന്നതാണ് പ്രധാനം.


 *ഒരു ഗുണമെങ്കിലും ലഭ്യമാക്കാതെ ഒരു പ്രവർത്തിയും സംഭവിക്കുന്നില്ല. ഒരുപകാരമെങ്കിലും നൽകാത്ത ജന്മങ്ങൾ മണ്ണിലും, വിണ്ണിലും പിറവി കൊള്ളുന്നില്ല.*


*അതിനാൽ ഓരേകാംഗ പഥികനെപ്പോൽ മുന്നോട്ട്ഗമിക്കുക, ഇന്നതെനടക്കാവൂ എന്ന ചിന്ത മാറ്റി.*


*'യാത്രക്കിടയിൽ വിശ്രമിക്കാനിടമില്ലെങ്കിൽപ്പിന്നെ, വഴി തെറ്റുമോയെന്നു ഭയക്കുകയും വേണ്ട'.* എന്ന തത്വം ഉൾക്കൊണ്ട്. 


 *ചെയ്യുന്നതിൻ്റെ ശരിതെറ്റുകളിൽ കുടുങ്ങി ചെയ്യാതിരിക്കുമ്പോഴാണ് യഥാർത്ഥ പരാജയം.* 


 ശരിയാകില്ലെന്ന് ബോധ്യമുള്ളതെന്തെങ്കിലും ചെയ്തു തീർക്കാൻ നാം സമയം മുടക്കുമോ?. ഇല്ല, ഗുണകരമെന്ന് വിചാരിച്ച് പ്രവർത്തനം തുടങ്ങുക, അത് ഗുണത്തിലെ അവസാനിക്കൂ...


 *പ്രപഞ്ചത്തിൽ ഗുണകരമായത് മാത്രമേ കാണൂ, അതിനാൽ ഗുണമുള്ളതാവാനെ ഓരോരുത്തർക്കുമാവൂ...*


ഗുരുകുല വിദ്യഭ്യാസം കഴിഞ്ഞ് മടങ്ങുന്ന ശിഷ്യർ വിടചൊല്ലാൻ ഗുരുവിനടുത്തെത്തി പറഞ്ഞു. " യാത്രയാകും മുമ്പ് അങ്ങേക്ക് ഗുരുദക്ഷിണയായി എന്തെങ്കിലും സമർപ്പിക്കാൻ ഞങ്ങളാഗ്രഹിക്കുന്നു. എന്താണങ്ങയെ തൃപ്തിപ്പെടുത്തുക എന്ന് പറയാമോ?." 


ശിഷ്യരുടെ ജ്ഞാനത്തിൻ്റെ ആഴമൊന്നുറപ്പാക്കാൻ ഗുരു പറഞ്ഞു: "ഗുരുകുലത്തിനടുത്തുള്ള വനത്തിൽ നിന്ന് ഉപയോഗശൂന്യമായ ഏതാനും കരിലകൾകൊണ്ട് വരിക." അത്ഭുതത്തോടെ ഗുരുവിൻ്റെ നിസാര ആവശ്യമംഗീകരിച്ചവർ കരിയില തേടി കാട്ടിലേക്ക് നടന്നു. 

നിഷ്പ്രയാസം കണ്ടെത്താവുന്ന ഒരു സാധനമെന്ന നിലയിൽ വനത്തിലെത്തി പരന്നു കിടക്കുന്ന കരിയിലകൾ വാരിക്കൂട്ടാൻ തുടങ്ങി. പെട്ടെന്ന് ഒരാൾ വന്ന് അതു താൻ സ്ഥിരമായി കൃഷിക്ക് വളമയായി ഇതിൻ്റെ ചാരമാണ് ഉപയോഗിക്കാറെന്നറിയിച്ചു. 



ശിഷ്യന്മാർ മറ്റൊരു ഭാഗത്തേക്ക് പോകുമ്പോൾ മൂന്ന് സ്ത്രീകൾ കരിയിലകൾ കൂടകളിൽ ശേഖരിക്കുന്നു. ഇതെന്തിനാണെന്നവരുടെ ചോദ്യങ്ങൾക്ക്. ആദ്യത്തെ സ്ത്രീ പറഞ്ഞു, "തണുപ്പിൽ തീ കായാനും, വെള്ളം ചൂടാക്കാനുമെന്ന്." രണ്ടാമത്തവൾ, "ഈ ഇലകൾ ക്ഷേത്ര നിവേദ്യം നൽകാനുള്ള പാത്രങ്ങൾ ഉണ്ടാക്കുന്നതിലൂടെ കിട്ടുന്ന വരുമാനമാണ് കുടുംബത്തിൻ്റെ അത്താണി എന്നറിയിക്കുന്നു." 


മൂന്നാമത്ത സ്ത്രീ പറഞ്ഞു: "തങ്ങൾ പാരമ്പര്യ ചികിത്സാരീതി പിന്തുടരുന്നവരാണ്, മരുന്നിൻ്റെ ചേരുവകൾക്കായി ഈ ഇലകൾ ഉപയോഗിക്കുന്നു."


തങ്ങളുടെ ദൗത്യ നിർവ്വഹണത്തിന് കൂടുതൽ ഉൾവനത്തിലേക്ക് നീങ്ങിയ ശിഷ്യർ, അവിടെ കണ്ട കരിയിലകൾ വാരിക്കൂട്ടാൻ തുടങ്ങി. അപ്പോഴാണ് തൊട്ടപ്പുറത്ത് ഒരു കിളി തൻ്റെ കൊക്കിലൊതുക്കിയ കരിയിലയുമായി പറന്നുയരുന്നത്. ആ കിളി നേരെ മര മുകളിലെ കൊമ്പിൽ  പറന്നിരുന്നു, ചുള്ളിക്കൊമ്പ് ചേർത്തുവെച്ചതിന് മുകളിൽ വെക്കുന്നു. അതിൻ്റെ കൂട് ഉണ്ടാക്കുകയായിരുന്നു.


ശിഷ്യർ പ്രത്യാശ നഷ്ടപ്പെട്ട് മടങ്ങുമ്പോൾ വഴിയരികിലെ കുളത്തിൽ ചിതറിക്കിടക്കുന്ന കരിയിലകൾ കാണുന്നു. സന്തോഷത്തോടെ അവ പൊറുക്കിക്കൂട്ടുമ്പോഴാണ് അവക്കു മുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഉറുമ്പുകളെ കണ്ടത്. മുകളിലെ ഇലക്കൂടിൽ നിന്ന് വെള്ളത്തിൽ വീണ ഉറുമ്പുകൾ രക്ഷക്കായി ഉപയോഗിക്കുന്ന കരിയിലകൾ കണ്ട് ശിഷ്യർക്ക് ഒരു കാര്യം ബോധ്യപ്പെട്ടു. ഗുരുതങ്ങളെ ഗുണകരമല്ലാത്ത ഒന്നും ദൈവസൃഷടിയില്ലെന്ന മഹത് ജ്ഞാനം പകർന്നിരിക്കുന്നു. 


 ഗുരുവിനടുത്തെത്തി നിരാശയോടെ തങ്ങളുടെ നിസ്സഹായവസ്ഥ വിവരിച്ചപ്പോൾ, ചെറുപുഞ്ചിരിയാൽ ഗുരു പറഞ്ഞു. നിങ്ങൾ യഥാർത്ഥ ജ്ഞാനികളായിരിക്കുന്നു. നിങ്ങളുടെ അറിവുതന്നെയാണ് എനിക്കുള്ള ദക്ഷിണ. " ഒരു ഇലയുടെ ജന്മം പോലും ഇത്ര പ്രയോജനകരമെങ്കിൽ, നിങ്ങളുടെ ശരീരത്തെ മനുഷ്യരാശിയുടെ നന്മക്കായി ഉപയോഗിച്ചാൽ അതെത്ര മഹത്തരമെന്ന് ചിന്തിക്കൂ!. 


 പ്രയോചനപ്രദമായ ജീവിതം ഐസ്ക്രീം പോലെ ഉരുകാതെ മെഴുകുതിരിയുരുക്കം പോലെ ആക്കാം. ഐസ്ക്രീം ഉരുകുന്നതോടെ അതിൻ്റെ ഫലം നഷടപ്പെടുന്നു എന്ന് മാത്രമല്ല, ഒരാൾക്കും ഉപകരിക്കാതാവുന്നു. എന്നാൽ ഉരുകുമ്പോൾ വെളിച്ചമാകുന്ന മെഴുകുതിരി നമ്മുടെ ബോധമനസ്സിൽ കെടാതെ നിൽക്കട്ടെ.

*ഉപകാരമില്ലാത്ത ഒരു ജന്മമായി ഉരുകാതിരിക്കാം ഈ ഭൂമിയിൽ ജീവിക്കുമത്രയും എന്നോർമ്മപ്പെടുത്തുന്നു*

 ശുഭദിനം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Tarikh-i-Firoz Shahi