ശുഭ പ്രതീക്ഷ പ്രശോഭിതമാക്കും

 *റമളാൻ ചിന്ത 30*


Dr. Jayafar ali Alichethu



ജീവിതത്തിൽ പരീക്ഷണങ്ങൾ നേരിടാതെ ഒരു ജീവിക്കും മുന്നേറാനാവില്ലല്ലോ!. വേട്ടമൃഗത്തിനും, ഇരയാക്കപ്പെടുന്നതിനും ശരിതെറ്റുകൾക്കപ്പുറം ചിലപ്പോൾ ജയ -പരാജയങ്ങൾ ഉണ്ടാകുന്നു. എല്ലാം നിശ്ചയിച്ചുറപ്പിച്ച പോലെ നടക്കുന്നതല്ലല്ലോ പ്രപഞ്ചമെന്ന സത്യം.


കാലവും, കാലവർഷവും മാറ്റത്തിനു വിധേയമാകുന്നു. ഏതൊരപ്രതീക്ഷിത ഘട്ടത്തെയും സമചിത്തതയോടെ നേരിടാനാവുക എന്നതാണ് മുഖ്യം. *അപ്രതീക്ഷിത പ്രതിസന്ധികളുടെ ഗുണ-ദോഷങ്ങളെ ഉൾക്കൊണ്ടു ആഹ്ലാദകരമായ ജീവിതം നയിക്കാം.*


സെൻ പരമ്പരയിലെ *'കരയുന്ന വൃദ്ധ'* യുടെ അനുഭവം പോലെയാണ് ഭൂരിപക്ഷം ആളുകളും. വൃദ്ധയുടെ പ്രത്യേകത എന്തെന്നാൽ, മഴ പെയ്യുന്ന സമയത്തും, മഴയില്ലാത്ത നേരത്തും അവർ കരഞ്ഞുകൊണ്ടിരിക്കും. മഴയെ പഴിച്ചു കരഞ്ഞു കലങ്ങിയ കണ്ണുമായവർ വഴിവക്കിലിരിക്കുന്നത് ഒരു നിത്യ കാഴ്ചയാണ്. കണ്ണീരൊലിപ്പിച്ചു മഴയെ കുറ്റപ്പെടുത്തി ദിനങ്ങൾ തള്ളി നീക്കുന്ന വൃദ്ധയേക്കുറിച്ചറിഞ്ഞ്  അലിവ് തോന്നിയ ഒരു സെൻഗുരു അവരുടെ മനോദുഖത്തിൻ്റെ കാരണമന്വേഷിച്ചടുത്തു വന്നു. ഗുരുവിൻ്റെ ചോദ്യത്തിന് വൃദ്ധ കൊടുത്ത മറുപടി: "എനിക്ക് രണ്ട് പെൺമക്കളാണുള്ളത്. മൂത്തവൾ തുണികൊണ്ടുള്ള കാലുറകൾ വിൽക്കുന്നു രണ്ടാമത്തവൾ കുടകളും." അൽപ്പമൊന്ന് നിർത്തിയൊരു ദീർഘനിശ്വാസത്തോടെ അവർ തുടർന്നു. "കാലാവസ്ഥതെളിഞ്ഞിരിക്കുമ്പോൾ എൻ്റെ ഇളയ മകളുടെ കുടകൾ ചെലവാകില്ലല്ലോ എന്നോർത്ത് കരയും, മഴ തിമിർത്തു പെയ്യുമ്പോൾ ഞാനെൻ്റെ മൂത്ത മകളെ ഓർക്കും. മഴക്കാലത്ത് അവളുടെ കാലുറകൾ വാങ്ങാൻ ആരും വരില്ലല്ലോ എന്നോർത്തു കരച്ചിൽ വരും."


എന്നാൽ വൃദ്ധയുടെ മനപ്രയാസത്തിൻ്റെ കാതലായ പ്രശ്നം കാഴ്ചപ്പാടിൻ്റേതാണെന്നു മനസ്സിലാക്കിയ ഗുരു സമാധാനത്തോടെ പറഞ്ഞു: "കാലാവസ്ഥ തെളിഞ്ഞിരിക്കുമ്പോൾ മുത്തവൾക്ക് കച്ചവടം നന്നായി വരുമെന്ന് വിചാരിക്കുക. മഴക്കാലത്ത് ഇളയവളുടെ കുടകർക്ക് നല്ല വിൽപ്പനയുണ്ടാവുമെന്നും ചിന്തിക്കുക." ഗുരുവിൻ്റെ നിർദ്ദേശം പാലിച്ചു തൻ്റെ ചിന്തയെ മാറ്റിയതിൽ പിന്നെ വൃദ്ധയുടെ കരച്ചിലടങ്ങി, മുഴുവൻ സമയവും ചിരിച്ചുകൊണ്ടിരിന്നു. 


കാഴ്ചപ്പാട് വളരെ നിർണ്ണായകമാണ് മനുഷ്യരുടെ കാര്യത്തിൽ. *നിശ്ചയമില്ലാത്ത സഞ്ചാരമാണ് ഈ നശ്വരജീവിതം. അത് അനിശ്ചിതത്തിലാക്കുന്ന അനർത്ഥ ചിന്തകൾ വെടിയാം.*


 സാമൂഹിക ജീവി എന്ന നിലക്ക്  ജീവിതത്തിൽ അതിസങ്കീർണ്ണ വഴികളിലേക്ക് എടുത്തെറിയപ്പെട്ടേക്കാവുന്ന ജന്മങ്ങൾ. എന്നാൽ ഗുഹയിലകപ്പെട്ടു, സ്വരക്ഷക്ക് ഒരു വഴിയും കാണാത്തവനെപ്പോലെ എല്ലാം അവസാനിപ്പിക്കാം എന്ന് കരുതരുത്. *എല്ലാം അടഞ്ഞിരിക്കുമ്പോഴാവും, പ്രതീക്ഷയുടെ നേർത്ത പ്രകാശം കടന്നു വരാനുതകുന്ന ഒരു ദ്വാരമെങ്കിലും തുറക്കപ്പെടുന്നത്.* 


*രക്ഷയുടെ ചെറു കവാടമെങ്കിലും തുറക്കാത്ത ഒരു പ്രശ്നവും ഉടലെടുക്കാറില്ല.* എന്നാൽ അവ ശരിയായി കണ്ടെത്താനാവുക എന്നതാണ് മുഖ്യം. *ശരിയായ കാഴ്ചപ്പാട് ജീവിതത്തിനും മരണത്തിനുമിടക്കുള്ള ഒരു ശ്വാസ്വോഛാസമാണ്. യുക്തിപരമായ ഒരാലോചന മതി വളരാനും, തകരാനും.* 


 *എന്തിനേയും നോക്കി കാണുന്ന മനോഗതിയിലാണ് ശരി - തെറ്റുകൾ തുടികൊള്ളുന്നത്.*


പ്രശ്നങ്ങളെ പ്രശ്നവത്കരിക്കാതെ, പരിഹാരമായി കരുതുക. അങ്ങനെയെങ്കിൽ ധാരാളം പ്രത്യാശയുടെവാതിലുകൾ തുറക്കപ്പെടും. എല്ലായിപ്പോലും കുറ്റപ്പെടുത്തലുകളായി ഇടുങ്ങാതെ, പ്രതീക്ഷയുടെ നാളം തെളിയിക്കാം. പ്രശ്നങ്ങളെ ലഘൂകരിക്കണം എന്നല്ല പറഞ്ഞത്. *പ്രശ്നങ്ങൾ പ്രശ്നങ്ങളായി മാത്രം അവശേഷിപ്പിക്കാതെ, പരിഹാരങ്ങൾക്കായി സമീപിപ്പിക്കുക.* അങ്ങനെയെങ്കിൽ ജീവിതം പ്രതീക്ഷാനിർഭരമാകും.


*'റോഡ് ടു മെക്ക'* ഇപ്പോൾ വലിയ ചർച്ചയ്കൾക്ക് വിധേയമായി കൊണ്ടിരിക്കുന്ന ഒരു ഗ്രന്ഥമാണല്ലോ?. മേൽ സാഹിത്യ വിമർശനങ്ങളല്ല നമ്മുടെ വിഷയം. ഗ്രന്ഥ രചയിതാവ് മുഹമ്മദ് അസദ്, താൻ മരുഭൂമിയിലകപ്പെട്ട ഒരു നിർഭാഗ്യ സംഭവം വിവരിക്കുന്നുണ്ടതിൽ. മണൽക്കാറ്റിനാൽ വഴിയടയാളങ്ങൾ മായ്ക്കപ്പെട്ട്, ദിശയറിയാതെ കൊടും ചൂടിലലയേണ്ടി വന്ന ദുരവസ്ഥയെ പറ്റി. കുടിവെള്ളമില്ലാതെ, തൊണ്ട വരണ്ട് ജീവവായു പോലും തീഗോളമായനുഭവിക്കേണ്ടി വരുന്ന ഭീകരത. കയ്യിലെ തോക്കിലവശേഷിക്കുന്ന അഞ്ചു തിരകളിൽ തീർത്തേക്കാവുന്ന നേരിയ സ്പന്ദനത്തെക്കുറിച്ചാലോചിച്ച്. മരണത്തിലേക്ക് സ്വയം കാഞ്ചി വലിക്കാനിരിക്കുമ്പോൾചിന്തയിലൂടെ വേദ വാക്യം ഒരു മിന്നലാട്ടം പോലെ പോയ് മറഞ്ഞു. സ്വയംഹുതി ഒരു പരിഹാരമല്ലെന്ന തീരുമാനത്തിലുറച്ച് വിധിക്ക് കീഴടങ്ങാൻ തീരുമാനിക്കുന്നു. വരണ്ടു പൊട്ടിയ തൊണ്ടയുടെ നീറ്റലിൽ ഓർമ്മ നഷടപ്പെട്ടുറക്കത്തിലേക്ക് വഴുതി. മരണ ദേവൻ്റെ കാരുണ്യം കാത്തുള്ള ആ നിശ്ചലതയെ വകഞ്ഞു മാറ്റി കാതുകളിൽ തറച്ച ഖാഫിലകളുടെ നേരിയ സഞ്ചാരശബ്ദം. മറിഞ്ഞു പോകുന്ന ബോധ മനസ്സ് തിരിച്ചെടുത്ത്,  തൊണ്ട പൊട്ടുമാറലറാൻ ശ്രമിച്ചു. ശബ്ദം പുറത്ത് വരാൻ പോലും തന്നിൽ കരുത്തവശേഷിക്കുന്നില്ലെന്ന യാഥാർത്ഥ്യം ബോധ്യമാകുന്നു. നിസ്സഹായതയോടെ പ്രതീക്ഷയുടെ നേരിയ വഴികൾ ബോധ മനസ്സിൽ ഉടലെടുക്കുന്നു. *ജീവനണക്കാൻ നിറച്ച തിരകൾ, ജീവനാളമാകുമെന്ന പ്രതീക്ഷയോടെ അന്തരീക്ഷത്തിലേക്ക് ഉതിർക്കുന്നു.* വെടിയൊച്ച കേട്ട യാത്രാ സംഘം അസദിനെ കണ്ടെത്തി രക്ഷപ്പെടുത്തുന്നതാണ് കഥാന്ത്യം...


രക്ഷപ്പെടാനാകില്ല എന്ന ബോധ്യത്തിനെ തകിടം മറിക്കുന്ന ഒരു നിമിഷം. അത് എല്ലായിപ്പോഴും അവശേഷിക്കുമെന്ന ഉറച്ച ബോധ്യം ഉണ്ടായാൽ തന്നെ ജീവിത വിജയം നേടാനാവും. 


ശരി - തെറ്റുകൾ നിർവ്വചിക്കപ്പെടുന്നത് കാഴ്ചപ്പാടുകളാണല്ലോ. *കാഴ്ചപ്പാടുകളെ ശരിയാക്കി മാത്രം നിർത്താനായാൽ ശരിയാകുന്നതാണ് ശരിക്കുള്ള ജീവിതം.* 


*തകർന്നു പോകുമെന്നുറച്ച് വിശ്വസിച്ചപ്പോൾ പോലും, വളർന്നു വരുന്ന ശുഭപ്രതീക്ഷ.* അതേകുന്ന കരുത്താകട്ടെ ജീവിതത്തിൻ്റെ ഓരോ നിമിഷത്തിലും പോരാടാനുള്ള പ്രചോദനവും. 


 നല്ലതു നടക്കാനും, നല്ല വഴി തുറക്കാനും, നല്ലതുപുലരാനും, നല്ല ചിന്തയാണാവശ്യം. നന്മയുള്ളതിലെ നല്ലതൊള്ളു... അതിനാൽ കൈവിടാതിരിക്കാം നന്മ മനസ്സ്... ശുഭദിനം

അഭിപ്രായങ്ങള്‍

Unknown പറഞ്ഞു…
Great ✌️✌️

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Model Question by Dr. JR