ശൂന്യതയിൽ നിന്ന് ശൂന്യതയിലേക്കുള്ള യാത്ര

 *റമളാൻ ചിന്ത 29*


Dr. Jayafar ali Alichethu



മഹാനായ സൂഫീ വര്യൻ അബൂയസീദില്‍ ബിസ്ത്വാമിയോട് ഒരു സന്ദർശകൻ്റെ ചോദ്യം: "അങ്ങേക്കെത്ര വയസ്സായി?", വളരെ പെട്ടെന്ന് മറുപടി: ‘നാല്’. ആശ്ചര്യത്തോടെ നിന്ന ചോദ്യകര്‍ത്താവിനോട് ബിസ്ത്വാമി തുടര്‍ന്നു: ‘നാലു വര്‍ഷം മുമ്പാണ് ജ്ഞാനപ്രകാശം കൈവന്നത്. അതിനുമുമ്പുള്ള എഴുപതോളം വര്‍ഷങ്ങള്‍ ഞാന്‍ ദൈവത്തെ കുറിച്ചുള്ള വ്യര്‍ത്ഥമായ ചര്‍ച്ചകളില്‍ നഷ്ടപ്പെടുത്തുകയായിരുന്നു. അതെന്റെ വയസ്സായി ഞാന്‍ ഗണിക്കുന്നില്ല.’


ഒരു സത്യത്തിൻ്റെ കാമ്പു തേടിയുള്ള അന്വേഷണ യാത്രകളില്‍, കഴിച്ചുകൂട്ടുന്ന ആണ്ടുകള്‍ വെറും പുറംതോട് നിര്‍മിതിക്കുവേണ്ടി മാത്രം നീക്കിവെക്കേണ്ടിവരുന്നു. യഥാർത്ഥ്യത്തിലേക്ക് എത്തുന്നതിന് മുമ്പുള്ള ഒരുക്കങ്ങളുടെ നാളുകളെന്ന് പറയാം. അതൊരിക്കലും ആയുസ്സായി ഗണിക്കരുത്. ശരാശരി അറുപത് എഴുപത് കൊല്ലം ഭൂമിക്കൊരു ഭാരമാകുന്നതിനെ ആയുസ്സായി ഗണിക്കുന്നവൻ, ലക്ഷ്യപ്രാപ്തി കണ്ടെത്തുന്നുണ്ടോ?.


ഒരു ചക്കക്ക് അതിൻ്റെ പൂർണ്ണത രൂപപ്പെടുന്നതിന് പുറന്തോടും തണ്ടും പശയും ഉണ്ടായേ പറ്റൂ. ദിനങ്ങളെടുത്ത് പാകമായ ഫലത്തിൽ പക്ഷേ, ചക്കച്ചുളകള്‍ മാത്രമേ നമുക്കു വേണ്ടൂ. മനുഷ്യായുസ്സിൽ *എല്ലാം ഗുണകരമാണ് എന്ന ധാരണ വെക്കരുത്. തിരിച്ചടികൾ കരുത്താകുന്നത് വിജയത്തിനാണ്.*


 *അനാവശ്യമെന്നതും ആവശ്യമാക്കിയാണ് ഓരോ ആവശ്യങ്ങളും രൂപപ്പെടുന്നത്.*


ഒരു വസ്തു രൂപപ്പെടുന്നതിന് എടുക്കുന്ന വളർച്ചാ സമയം പ്രധാനപ്പെട്ടതാണെങ്കിലും, അതിൻ്റെ യഥാർത്ഥ ലക്ഷ്യപ്രാപ്തി കാണിക്കുന്നത് അവസാന ഘട്ടത്തിലാണ്. 

*ദിവസങ്ങളോളം അദൃശ്യതയില്‍ കിടന്നാല്‍ മാത്രമേ പുറത്തേക്കു വരാന്‍ നാം പാകമാവുകയുള്ളൂ...*


*ഒരു പ്രവർത്തി പൂർത്തിയാക്കാൻ ചില നിശ്ചലത ഉണ്ടായേ പറ്റൂ. ആ നിശ്ചലതയാണ് കുതിക്കാനുള്ള ഊർജ്ജസംഭരണി*


 സ്വർണ്ണ തളികയിൽ സൂക്ഷിച്ചാലും ഒരു മാങ്ങയണ്ടി ആ അവസ്ഥയില്‍ മുളക്കാറില്ല. അത് മണ്ണിനുള്ളിലേക്ക്, അദൃശ്യതയിലേക്ക് അതിനെ അവഗണിക്കുമ്പോഴാണ് വീര്യത്തോടെ കഠിന മണ്ണുതുരന്ന്, ബലഹീനമായ തണ്ട് മുളപൊട്ടി വരുന്നത്; ഗര്‍ഭസ്ഥ ശിശുവിനെ പോലെ.


 ഗര്‍ഭപാത്രത്തിലെ ഇരുട്ടില്‍ മാസങ്ങളോളം കിടക്കുമ്പോഴേ നമുക്ക് പുറത്തെ പ്രകാശ പ്രതികൂലതയോട് സമരസപ്പെടാനുള്ള വളർച്ചയാകുന്നൊള്ളൂ...  


ഓർക്കുക! *ഇരുട്ടിലാർജ്ജിക്കുന്ന കരുത്താണ് വെളിച്ചത്തോട് ജയിക്കാൻ പഠിപ്പിക്കുന്നത്.*


ഒരാളുടെ *ആയുസ്സ് എണ്ണുന്നത്  ഗർഭാവസ്ഥയിൽ നിന്ന് പുറത്തെത്തിയ ദിനം മുതലാണെന്നതാണ് തമാശ.* ഒരു ശരീരം തൻ്റെ സ്വരൂപം പ്രാപിക്കാൻ നിശ്ചയിക്കപ്പെട്ട പരിവർത്തന ദിനങ്ങളെ ആയുസ്സിനൊപ്പം കൂട്ടിവെക്കപ്പെടാറില്ലല്ലോ!.


*പൂർണ്ണതയിലേക്കുള്ള പ്രയാണങ്ങൾ, കണ്ടെത്തലുകളിലേക്കുള്ള അന്വേഷണങ്ങൾ, വിജയത്തിലേക്കുള്ള പ്രയത്നങ്ങൾ പലപ്പോഴും കണക്കാക്കപ്പെടാറില്ല.*  അത്തരം ഒരുക്കങ്ങളാണ് ജീവിതത്തിൻ്റെ അടിസ്ഥാനമെന്ന് ഓർമ്മിക്കണം. 


ആരോഗ്യവതിയായ ഒരമ്മയിൽ നിന്ന് പ്രസവാവസ്ഥയിലെ കഠിനതയിൽ കരുത്താർജ്ജിച്ച ഒരു കുഞ്ഞിനെപ്പോലെ, പക്ഷിയുടെ മുട്ട വിരിയിച്ചെടുക്കാനുള്ള പ്രയത്നത്തിൽ ബലപ്പെടുന്ന ചിറകുകൾ പോലെ, പ്രസവിച്ച ഉടനെ കുഞ്ഞിനെ തട്ടിയകറ്റുന്ന ജിറാഫിനെപ്പോലെ പ്രതിസന്ധികളെ അഭിമുഖീകരിച്ച് വന്നതിൻ്റെ അനുഭവജ്ഞാനം കൈവരിക്കണം. *ചെറിയൊരു ശതമാനം വിജയ സാധ്യതയും, പരാജയപ്പെടാൻ ഒത്തിരി വഴികളുമുള്ള ഒരു തുടക്കത്തെ അതിജീവിച്ചവനാണ് ആയുസ്സെണ്ണാൻ പ്രാപ്തനാകുന്നത്.* എന്നിട്ടാണ് പലരും നിസ്സാരതയോട് ഏറ്റുമുട്ടി ബലഹീനനാകുന്നത്.


 ജനിക്കും മുമ്പുള്ള ശൂന്യതയിൽ നിന്ന് പ്രപഞ്ചവെളിച്ചത്തിലേക്ക് കടന്ന് വരുന്നതിലെ പ്രതിസന്ധിയുടെ ആഴം മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതിനെ മുറിച്ചുകടന്നത് മുതലാണ് സ്വത്വം  കണക്കാക്കാനാവുന്നത്. അല്ലായിരുന്നെങ്കിൽ ചാപ്പിള്ളയായി മണ്ണിന്നടിയിലെ മൂകതയിലഭയം നൽകപ്പെടുന്നു.


*അടർത്തിമാറ്റലിൽ നിന്ന് അടർത്തിമാറ്റലിലേക്കുള്ള പ്രയാണമാണല്ലോ ജീവിതം.* അമ്മയുടെ ഗർഭപാത്രത്തിൻ്റെ സുരക്ഷിത വലയത്തിൽ നിന്നടർത്തിമാറ്റി പിറവി കൊള്ളുന്നവൻ, നിശ്ചയിക്കപ്പെട്ട അവധി കഴിഞ്ഞ് പ്രപഞ്ചസത്യത്തിൽ നിന്ന് അടർത്തിമാറ്റപ്പെടുന്നു.


 *ജനനത്തിനു മുമ്പുള്ള ശൂന്യതയിൽ നിന്ന് മരണത്തിനു ശേഷമുള്ള ശൂന്യതയിലേക്ക് പ്രവേശിക്കപ്പെടുന്നതിന്നിടയ്ക്കുള്ള ഒരിടത്താവളമാണ് ജീവിതം.*

നിശ്ചിത കാലത്തെ പുറത്ത് നില്‍ക്കുന്നതിനുള്ള അവസരം നഷ്ടപ്പെട്ടാല്‍ നമ്മെ വീണ്ടും അകത്തേക്കു തന്നെ തള്ളിവിടും; കുഴിമാടത്തിലേക്ക്.


*ഗർഭ അറയിൽ നിന്ന് മണ്ണറയിലേക്കുള്ള സഞ്ചാരത്തെ ആയുസ്സെന്ന ഭംഗിവാക്കിൽ പൊതിഞ്ഞഹങ്കരിക്കുന്നവൻ മർത്യൻ.*


രണ്ടറകളിലേയും ശൂന്യതയ്ക്കിടയിലുള്ള ഇടത്താള വാസത്തെ ഉപയുക്തമാക്കുമ്പോഴേ നിൻ്റെ ജീവിതത്തിൻ്റെ ആയുസ്സ് അടയാളപ്പെടുത്തൂ. അല്ലെങ്കിൽ മരിച്ചു ജീവിച്ചെവനെന്ന പഴി കേൾക്കേണ്ടി വരും. *ഒരുപാട് കാര്യങ്ങൾ ചെയ്തു ചെറിയ ജീവിതം അടയാളപ്പെടുത്തിയവരേക്കാൾ, പരിമിധ പ്രവർത്തനങ്ങളിലൂടെ വലിയ ജീവനായി മാറിയവരുടേതാണ് മാനവ ചരിത്രം.*


ഒരു നൂറ്റാണ്ടിൽ ശ്വസിക്കാനൊരു ശരീരം മാത്രമായി ചുരുങ്ങാതെ, കർമ്മങ്ങളടയാളപ്പെടുത്തുന്നവനാകാം... എങ്കിലെ കാലം കുറിച്ചു വെക്കുന്ന ഒരു വരി ഓർമ്മയെങ്കിലും തീർത്തവസാനിക്കുന്നവനാകൂ. 


ജീവിതം ഒട്ടുക്കും ഓർക്കുന്നവനായില്ലെങ്കിലും, ഒരു നിമിഷത്തെ ചെയ്തിയെങ്കിലും ആയുസ്സിൽ ചേർത്തിടാൻ പ്രയത്നിക്കാം. അങ്ങിനെയാണ് മഹത് ജന്മങ്ങൾ.


മുളപൊട്ടിയിട്ടെ ഒരു ചെടിക്ക് കാറ്റിനേയും, കാറിനേയും പ്രതിരോധിക്കേണ്ടതൊള്ളൂ. അതുവരെ അതിൻ്റെ പരിപാലനം മറ്റാരുടെയോ ഉത്തരവാദിത്തമാണ്. കാലവും അതുപോലെയാണ്. നമ്മൾക്കു മുന്നേയും, ശേഷവും അതിനെ പരിപാലിക്കാൻ പലരും ഉണ്ടാകും.എന്നാൽ നമ്മുടെ ഊഴമാണവസാനത്തേതെന്ന മൗഢ്യത മാറ്റണം. നന്മ കൊണ്ടടയാളപ്പെടുത്തി, കരുതൽ കൊണ്ട് ആയുസ്സ് നികത്തി അരങ്ങൊഴിയാം. അങ്ങിനെ ആയുസ്സറിഞ്ഞ് തൃപ്തിയോടെ മടങ്ങാം. ശുഭദിനം

അഭിപ്രായങ്ങള്‍

Unknown പറഞ്ഞു…
Nice sir👌👌👌
Unknown പറഞ്ഞു…
👍🏻👍🏻👍🏻Wow super Sir

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Tarikh-i-Firoz Shahi