*കുറ്റം പറയാൻ കുറ്റമറ്റതല്ല നാം*

 *റമളാൻ ചിന്ത 26*


Dr. Jayafar ali Alichethu


മനുഷ്യർ വല്ലാതെ സ്വാർത്ഥത നടിക്കുന്നവരാണല്ലോ. താന്നെ പൊക്കാനും അപരനെ പഴിചാരാനും കാണിക്കുന്ന വ്യഗ്രത വല്ലാത്ത പരിഹാസ്യം തന്നെ!. *ന്യായീകരണങ്ങളുടെ അപ്പോസ്തലന്മാരായി സ്വന്തം ദുർബലതകൾ മറച്ചുവെച്ച് ലോകത്തെ നോക്കി പരിഹസിച്ചാനന്ദം കണ്ടെത്തുന്ന അസുര ജന്മങ്ങൾ.* 



*എല്ലാത്തിനും  ന്യായങ്ങളുണ്ട് പക്ഷെ നീതിയുക്തമാണോ എന്നാലോചനയില്ല.* 


തനിക്കു വന്നിട്ടുള്ള പിഴവുകൾ പോലും മറ്റുള്ളവരിൽ കെട്ടിവെക്കാൻ കാണിക്കുന്ന ആവേശത്തോളം വേണ്ടി വരില്ല വന്ന പിഴവ് തിരുത്താൻ. എന്നാൽ ചെയ്യാൻ മുതിരത്തില്ല, അല്ലെങ്കിൽ വല്ലാത്തൊരു ചളിപ്പാണ്, അവനു മുന്നിൽ തോറ്റു പോയാല്ലോ!. 


*മറ്റുള്ളവരെ അപകീർത്തിപ്പെടുത്താൻ നാം അയക്കുന്ന വിഷവാണി അപരന് ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതത്തേക്കാൾ നമ്മിൽ തന്നെ വന്നു പതിച്ചേക്കാം.* പിന്നീടൊരിക്കലും തിരുത്താനാകാത്ത വിധം അവ നമുക്കു മുകളിൽ ഒരു ഖഡ്ഗമായി. 


*വികാരപ്പുറത്തേറി തൊടുത്തുവിടുന്ന വാക്കിൻ ശരങ്ങൾ മുറിപ്പെടുത്തിയ എത്രയോ ഹൃദയങ്ങൾ ആജീവനാന്ത ശത്രുത തീർക്കുന്നു.* വെറുപ്പിൻ്റെയും, കുടിപ്പകയുടേയും ഭാരം പേറി അവ തീർക്കുന്ന പ്രതികാരങ്ങൾ തലമുറകൾ പേറേണ്ടി വരുന്നു. തുടക്കക്കാരൻ തന്നെ തിരുത്താനാഗ്രഹിച്ചിട്ടും തിരുത്താനാകാതെ വിനാശം വിതച്ചത് യുഗങ്ങൾ താണ്ടാം.


ഒരാളുടെ തെറ്റിദ്ധാരണകൾ, അല്ലെങ്കിൽ ബോധപൂർവ്വമുള്ള അപഹാസ്യപ്പെടുത്തലുകൾ ഒടിച്ചിടുന്നത് ബന്ധങ്ങളേയും, സൗഹൃദക്കളേയും മാത്രമല്ല, സ്വന്തം സ്വസ്ഥതയെക്കൂടിയാണല്ലോ?. *അപര വിരോധം തീർക്കുന്ന അന്ധതയുടെ തീച്ചൂളയിൽ ചാടി ആത്മഹുതി നടത്തേണ്ടി വരുന്ന എത്രയോ മനുഷ്യർ!.* സ്വസ്ഥത പണയപ്പെടുത്തി, ആയുസ്സ് സമ്മർദ്ദത്തിനടിമപ്പെടുത്തി, ചിന്താഭാരം ചുമന്ന് വാടിക്കൊഴിയേണ്ടി വരുന്നവർ. മഹാദുരന്തം എന്നല്ലാതെ എന്ത് പറയാൻ.


*വിരോധം,  വെക്കാൻ എളുപ്പവും, തീർക്കാൻ കഠിനവുമായൊരു പ്രതിഭാസം തന്നെ.* സൂഫി പരമ്പര്യത്തിലെ ഒരു കഥയിലെ ഗുണപാഠം പോൽ, *അപരനെ അപഹാസ്യനാക്കാൻ നമ്മളുയർത്തിയ ആരോപണങ്ങൾ അന്യ ദേശം താണ്ടിയിട്ടുണ്ടാവും നമുക്ക് തിരിച്ചറിവെത്തുമ്പോഴേക്കും.*


ആത്മ ഗുണങ്ങളാൽ അഭിവൃദ്ധി നേടിയ സൂഫി ഗുരുവിൻ്റെ അടുക്കൽ നാട്ടിലെ പ്രമാണിയായ ഒരു ജന്മി വന്നു.  തൻ്റെ അയൽക്കാരനെ അപകീർത്തിപ്പെടുത്തി സംസാരിക്കുന്നതിൽ ആനന്ദം കൊള്ളുന്ന തൻ്റെ ചര്യയിൽ കുറ്റബോധം അറിയിക്കാൻ. 


ഗുരു തൻ്റെ മുഖ്യ ശിഷ്യനെ വിളിച്ച് തൂവൽ നിറച്ച ഒരു ചാക്ക് കൊണ്ടുവരാൻ പറയുന്നു. അത് ജന്മിയെ ഏൽപ്പിച്ച് പർണ്ണശാലക്കടുത്തുള്ള കുന്നിൻ മുകളിൽ പോയി പുറത്തെടുക്കണമെന്ന് ഓർമ്മിപ്പിച്ചു.


ഗുരുവിൻ്റെ ആജ്ഞപ്രകാരം കുന്നിൻ മുകളിലെത്തിയ ജന്മി നിർദ്ദേശിച്ച പോൽ ചാക്ക് തുറന്ന് തൂവ ലുകൾ പുറത്തെടുക്കുന്നു. ശക്തമായ കാറ്റിൽ പെട്ട് തൂവലുകൾ പറന്നുയരാൻ തുടങ്ങി. താഴ്‌വാരത്തിൻ്റെ അഗാധതയിലേക്ക് നിമിഷങ്ങൾക്കകം ചിതറിത്തെറിച്ചവ അപ്രത്യക്ഷമായി.


 ജന്മി ആനന്ദകരമായ ആ കാഴ്ച കണ്ടാസ്വദിച്ച് ഗുരു സന്നിധിയിൽ മടങ്ങിയെത്തി.  ചാക്ക് ഉയർത്തി  കാണിച്ച് നിർദ്ദേശം പ്രാവർത്തികമാക്കിയതറിയിച്ചു.


 അൽപ്പനേരത്തേ മൗനത്തിന് ശേഷം ജന്മിയുടെ കയ്യിൽ ചാക്കിനെ ചൂണ്ടി ഗുരു പറഞ്ഞു, "ഇനിയാ തൂവലുകൾ തിരികേ ശേഖരിച്ച് വരിക." നിർദേശം ആശ്ചര്യമുളവാക്കിയെങ്കിലും, ജന്മി പരിവാര സമേതം താഴ് വരയിലേക്ക് പുറപ്പെട്ടു. മണിക്കൂറുകളുടെ ശ്രമം നടത്തിയിട്ടും ചിന്നിച്ചിതറിയ തൂവലുകളിൽ പകുതി പോലും കണ്ടെത്താൻ സാധിക്കാതെ ജന്മിയും, സംഘവും നിരാശയോടെ മടങ്ങി വന്നു.


പരവശനായി വന്ന ജന്മിയെ നോക്കി ശാന്തനായി ഗുരു പറഞ്ഞു: "നാം ഒരാൾ അനായാസം തൊടുത്തുവിടുന്ന അവഹേളനത്തിൻ്റെ ഒരു വാക്കു പോലും പിന്നീട് ഒരു കൂട്ടം ആളുകൾ പരിശ്രമിച്ചാലും തിരിച്ചെടുക്കാനാവണമെന്നില്ല. അപരന് പ്രയാസകരമായ വാക്കുകൾ ഉപയോഗിക്കുമ്പോൾ വൈകാരിക നിയന്ത്രണം കൈവരിക്കുക. അവ പരത്തുന്ന ദുർഗന്ധം മോശമാക്കുന്നത് നമ്മെ തന്നെയായിരിക്കുമെന്ന ബോധ്യത്തോടെ. അപരൻ ക്ഷമിച്ചാൽ പോലും മറ്റാനാകാത്തത്ര ദുർഗന്ധം വമിപ്പിച്ചത് നമ്മെ തന്നെ മാനം കെടുത്തി പടർന്നു പന്തലിച്ചിട്ടുണ്ടാവും..."


മറ്റുള്ളവരുടെ അഭിമാനത്തെ മുറിപ്പെടുത്തുന്ന പദപ്രയോഗങ്ങൾ സൂക്ഷ്മതയോടെയാവണം. ഒരു ഇംഗ്ലീഷ് പഴമൊഴി ഓർമ്മ വരുന്നു; *"Think before you speak, Read before you think".*


നല്ല വാക്കുകൾ പറഞ്ഞില്ലെങ്കിലും, പറയുന്ന വാക്കുകൾ നല്ലതല്ലാതിരിക്കാൻ ശ്രദ്ധിക്കാം. *ചിന്തിച്ച് സംസാരിക്കാനും, സംസാരിക്കും മുമ്പ് ബോധ്യം വരുത്താനും ശ്രമിക്കുക."* 


*പരനിൽ നമുക്കും, നമ്മിൽ പരനും ഗുണം കാംക്ഷിക്കാം".* അങ്ങനെ ഒരു ധർമ്മ യജ്ഞനത്തിൽ പങ്കാളിയാകാം. ശുഭദിനം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Tarikh-i-Firoz Shahi