*മരിക്കാതെ ജീവിക്കുന്ന മനുഷ്യനാകാം*


 *റമളാൻ ചിന്ത 25*


Dr. Jayafar ali Alichethu


*മരിക്കാതെ ജീവിക്കുന്ന മനുഷ്യനാകാം*


പ്രവിശാലമായ തൻ്റെ സാമ്രാജ്യത്തിൻ്റെ പ്രസിദ്ധിയിൽ അഭിമാനം കൊണ്ട ചക്രവർത്തി ഒരു ദിവസം സഭയിൽ തൻ്റെ ഒരാഗ്രഹം അറിയിക്കുന്നു. തനിക്കീ ലോകത്തിൻ്റെ ചരിത്രം പഠിക്കണം. ഉടൻ തന്നെ കൊട്ടാര പണ്ഡിതന്മാരും, മന്ത്രിസഭാംഗങ്ങളും ലോക സംസ്കൃതിയുടെ വേരുകൾ തേടുന്ന ഗ്രന്ഥ കെട്ടുകൾ മഹാരാജാവിൻ്റെ മുന്നിലെത്തിക്കുന്നു.


 ഒരായുസ്സ് മുഴുവനിരുന്നാലും വായിച്ചു തീരാത്തത്ര പുസ്തക കൂമ്പാരം കണ്ട് ദേഷ്യം വന്ന മഹാ രാജാവ് പറഞ്ഞു. "ഇതെല്ലാം വായിച്ചെടുത്ത് ലോക ചരിത്ര പാണ്ഡിത്യമാർജ്ജിക്കാൻ ഈ ഒരു ജന്മം തികയില്ലല്ലോ!. വളരെ സംക്ഷിപ്തമായൊരു വിവരണം മാത്രം കിട്ടിയാൽ മതി." ഒരാഴ്ച സമയമനുവദിച്ച് സഭ പിരിച്ചുവിട്ടു. 


മഹാരാജാവിനെ തൃപ്തിപ്പെടുത്താൻ, ലോക ചരിത്രത്തിൻ സംക്ഷേപം തേടി പണ്ഡിതർ പുസ്തപ്പുരകളിൽ അടയിരുന്നു. ഒരാഴ്ചയുടെ വായനയും, എഴുത്തുമായി മിനുക്കിയൊതുക്കിയ മഹത് തത്വങ്ങളുമായി കൊട്ടാരത്തിലേക്കോടി. ഖണ്ഡക്കണക്കിന് ഗ്രന്ഥങ്ങൾ പേജുകളിലേക്ക് ചുരുക്കിയെഴുതി അഭിമാനം കൊണ്ട പണ്ഡിത ശ്രേഷ്ഠരെ നോക്കി രാജാവ് പരിഹസിച്ചു. ഏറ്റവും ചുരുങ്ങിയ വരിയിൽ ലോക ചരിത്രം പറയുക.

 എഴുത്തുകുത്തുകളുമായി നിരാശയോടെ മടങ്ങുന്നവരെ നോക്കി മഹാരാജാവ് ആക്രോശിച്ചു. "രണ്ട് ദിവസത്തിനകം ഉത്തരം നൽകിയില്ലെങ്കിൽ തുറുങ്കുകളിൽ കാലം കഴിച്ചുകൂട്ടാം."


രാജ്യം, ലോക ചരിത്രത്തിൻ്റെ സംക്ഷേപം തേടിയലഞ്ഞു. മന്ത്രിമാർ ജ്ഞാനികളെയും, അധ്യാത്മിക ഗുരുക്കന്മാരെയും തേടി യാത്രയാരംഭിച്ചു. അവസാനം കേട്ടറിഞ്ഞ മഹാനായ സൂഫിവര്യനടുത്തെത്തി തങ്ങളുടെ സങ്കടം ബോധിപ്പിച്ചു. ചെറുപുഞ്ചിരിയോടെ ഒരു കഷണം പേപ്പറെടുത്ത് ഗുരു എഴുതി.


*മനുഷ്യർ ജനിക്കുന്നു,*

*മനുഷ്യർ ജീവിക്കുന്നു*

*മനുഷ്യർ മരിച്ചു പോകുന്നു.*


*ലോകത്തിനൊരഡ്രസ്സുണ്ടെങ്കിൽ തീർച്ചയായും അത് മാനവരാശിയുടെ നിർമിതിയാണ്.*


 *ജനനത്തിനും, മരണത്തിനുമിടക്ക് ജീവിച്ചു തീർക്കുന്ന കുറച്ചു ദിനങ്ങൾ*. അതിനിടയിൽ ചെയ്തു കൂട്ടുന്ന പ്രവർത്തികൾ ഒരു കാലഘട്ടത്തിനെ അടയാളപ്പെടുത്തുന്നു. എന്നാൽ ജീവിക്കേണ്ട സമയത്തിൻ്റെ ഗ്യാരണ്ടിയെത്ര എന്നത് മറുചോദ്യമാണ്. എന്നിട്ടും അതിനിടക്ക് ഉണ്ടാക്കുന്ന പുകിലുകൾ ചെറുതാണോ?.


ആയുസ്സിന് പഞ്ഞി മിഠായിയുടെ അത്രയും ദൈർഘ്യം കാണാനാകാത്ത ഈ വൈറസ് ദുരന്തകാലത്തിനിടക്ക്, ലോക ചരിത്ര നിർമ്മാതാക്കളുടെ സ്വാർത്ഥ മുഖങ്ങൾ നാം എത്ര ദർശിച്ചു!. എഴുതി തുന്നുന്ന മാനുഷിക ചരിത്ര പാഠങ്ങളിൽ കൊരുത്തിടാനാവാത്ത മാനക്കേടുകളുടെ വർത്തമാനങ്ങൾ!. 


ഗൗരി നന്ദനയുടെ *മനുഷ്യനും മരണത്തെ ഭയപ്പെടുന്നു...* എന്ന കവിതയിൽ ഇക്കാലത്തെ മനുഷ്യ ജീവിതം ഇങ്ങനെ രേഖപ്പെടുത്തുന്നു...



"മനുഷ്യനും മരണത്തെ ഭയപ്പെടുന്നു ....


രോഗത്തിന്റെ ചങ്ങലകളിൽ അവന്റെ മതഭ്രാന്ത് തളയ്ക്കപ്പെടുന്നു ....


ആശുപത്രി വരാന്തകളി ലവന്റെ വർഗ്ഗീയതയ്ക്കന്ധത ബാധിക്കുന്നു ....


അതിജീവനത്തിന്റെ ത്യാഗച്ചരടിൽ അവൻ വെറുമൊരു ജീവിയാകുന്നു ...


ഗാലപ്പഗോസിന്റെ പരിണാമ നിയമത്തിലെ യോഗ്യത തേടുന്ന ഒരു അതിസാധാരണ ജീവിയാകുന്നു ....


മരണഭയമാണ് ഏറ്റവും വലിയ സോഷ്യലിസം നടപ്പിലാക്കുന്നതെന്ന് തോന്നിപ്പിക്കും വിധം അവൻ സമത്വം സൃഷ്ടിക്കുന്നു ...


പരിധികളില്ലാതെ പരാതിപ്പെടുന്നവന്റെ നാക്കിന് വേലി വീഴുന്നു


തികയാതെ തുടർന്നവന് ലാളിത്യത്തിന്റെ ശാന്തത ...


ന്റെ കൊറോണേ, അത്രമേൽ ഭയപ്പെടുത്തുമ്പോഴും നിന്നോളമൊരു മാഷില്ല ഭൂമിയിൽ ... 


നീ പഠിപ്പിച്ച പാഠങ്ങളോളം വലുതും ചെറുതുമില്ലീ ദുനിയാവിൽ ..."


നിശ്ചയം, ലോക നിയന്ത്രണാവകാശം കൈവശപ്പെടുത്തിയ, ചരിത്ര മഹാനുഭാവികൾ വിറങ്ങലടിച്ചു നിൽക്കുന്നു. ആകാശത്തിനും, ആഴക്കടലിനുമിടക്കുള്ള  കൊടുമുടി മുതൽ, മണൽ തരിവരെ വിധേയപ്പെട്ടെന്നവകാശപ്പെട്ടിട്ടും, *ഒരു സൂക്ഷ്മ വൈറസിനാൽ രചിക്കപ്പെടുന്ന ചരിത്രത്തിൽ മനുഷ്യർ നിസ്സഹായതയോടെ മരിച്ചു വീഴുന്നവനാകുന്നു.*


പോരാട്ടങ്ങൾ, പ്രതിരോധ വിജയങ്ങളെല്ലാം പ്രതീക്ഷ പറയുമ്പോഴും, ആന്തരിക പ്രത്യാശ കിരണങ്ങൾ അണഞ്ഞുപോയി, ജീവ വായുത്തേടിയലയുന്ന ഭയാനകപ്രയാണം. പാതയോരങ്ങളിൽ പരസഹായമില്ലാതെ പ്രാണൻ വെടിയുന്ന പ്രതിഭാസം!.


ഇതര ജീവജാലങ്ങളെ ബാധിച്ച വൈറസാണ് മനുഷ്യനെന്ന ചിന്ത മനുഷ്യര്‍ക്കിടയില്‍ തന്നെ ഒരുൽബോധനമാകുന്നു. മനുഷ്യർ നിവർത്തികേടിൻ്റെ ബന്ധനാവസ്ഥയിലായപ്പോൾ പ്രപഞ്ചവും, പ്രകൃതിയും തെളിമ കൈവരിക്കുന്നു.  നാട്ടിലും - കാട്ടിലും കയ്യേറ്റ വിധേയത്വം പേറിയിരുന്ന  ജൈവ - സസ്യജാലങ്ങൾ സ്വാതന്ത്ര്യ വിജയം കൊണ്ടാടുന്നു.  *ജനിച്ചു മരിക്കുന്ന മനുഷ്യന്മാര് ജീവിച്ചsയാളപ്പെടുത്തുന്നതാണ് ചരിത്രം എന്നത് തിരുത്തിച്ചു.*


പ്രപഞ്ചവും, പ്രകൃതി നിലനിൽപ്പുമില്ലാത്ത എന്ത് വ്യവസ്ഥയാണ് മനുഷ്യനുള്ളത്?. *മാതാവിൻ്റെ ഉദരത്തിൽ ഉരുവം ചെയ്തു, മണ്ണിലലിയുന്നവൻ പടുത്തുയർത്തുന്ന അഹന്തതയുടെ യഥാർത്ഥ്യമല്ലെ മരണം.* 


*മരണമെന്ന നിജസ്ഥിതിയെത്തും വരെ വളമിട്ട് വളർത്തുന്ന ദിവാ സ്വപ്നമല്ലാതെ മറ്റെന്താണ് ജീവിതം.*

 മനുഷ്യനാഗരികതയുടെ പ്രത്യയശാസ്ത്രങ്ങളെ താല്‍ക്കാലികമായെങ്കിലും റദ്ദ് ചെയ്തുകൊണ്ടുള്ള ഈ *കൊറോണ സഞ്ചാരത്തിന് അറുതി വരുമ്പോഴും മരിക്കാതെ ജീവിക്കുന്ന ചരിത്ര മഹാത്ഭുതങ്ങളിൽ ബാക്കിയാകുക എന്നതാണ് ചരിത്രം.* അതെ, അതിജീവിച്ചവർ തീർക്കുന്ന ചരിത്രാദ്ധ്യായം.

 അതിനുള്ള കരുതലും, പ്രാർത്ഥനയും ജീവിതചര്യയാക്കാം. കാവലാകാം, കരുത്തേകാം...ശുഭദിനം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Model Question by Dr. JR