*വാക്കും കേൾവിയും നിശ്വാസമാണ്*

 *റമളാൻ ചിന്ത 21*


Dr. Jayafar ali Alichethu


ജ്ഞാനോപാസകനായ ഒരു രാജാവുണ്ടായിരുന്നു. തൻ്റെ ദർബാറിൽ ജീവിതഗന്ധിയായ ചർച്ചകളാൽ നേരറിവ് നേടുക എന്നത് അദ്ദേഹത്തിൻ്റെ ശീലമായിരുന്നു. സംശയ ദൂരീകരണത്തിലൂടെ തൻ്റെ അറിവ് പൂർത്തീകരിക്കുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ രീതി.


 ഒരു ദിവസം തൻ്റെ മട്ടുപ്പാവിൽ ചിന്താ മഗ്നനായി ഇരിക്കുമ്പോൾ അദ്ദേഹത്തിനൊരു സംശയമുദിച്ചു. ' *യഥാർത്ഥത്തിൽ മനുഷ്യർക്ക് സന്തോഷവും, സമാധാനവും നൽകുവാനാകുന്നത് എന്തിനാവും?'.* അടുത്ത ദിവസം പണ്ഡിത സദസ്സിൽ തൻ്റെ ചോദ്യം രാജാവ് ചർച്ചക്കിട്ടു. എന്നാൽ ഒരഭിപ്രായ സമന്വയം സാധ്യമായില്ല.


അസംതൃപ്തനായ രാജാവ് ഒരു പ്രഖ്യാപനം നടത്തി : "രാജ്യത്തെ മുഴുവനാളുകളെയും ഉൾപ്പെടുത്തി അവർക്ക് ഏറ്റവും  സന്തോഷവും സമാധാനവും നൽകുന്ന വസ്തുക്കൾ പ്രദർശിപ്പിക്കുന്ന ഒരു മേള സംഘടിപ്പിക്കുക". കൂടെ അടുത്ത' പ്രദേശങ്ങളിലെ പണ്ഡിതന്മാരേയും അദ്ദേഹം ക്ഷണിച്ചു.


അങ്ങിനെ തീരുമാനപ്രകാരം ഒരുക്കങ്ങൾ പൂർത്തിയായി മേള തുടങ്ങി. രാജാവ് പണ്ഡിത സുഹൃത്തുക്കൾക്കൊപ്പം ഓരോ പ്രദർശന മുറികളിലും കയറി ഇറങ്ങി. അപൂർവ്വ വസ്തുക്കളുടേയും, ഉത്തമ കലാസൃഷ്ടികളുടേയും കലവറ. അതിസമ്പന്നതയുടെ ആഢംബര വസ്തുക്കൾ മുതൽ ദരിദ്ര ജീവിതങ്ങളുടെ കൊച്ചു കൊച്ചു സമ്പാദ്യങ്ങൾ വരെ. "പലതും അത്യാഹ്ലാദം നിറഞ്ഞവ തന്നെ", രാജാവ് കൂടെയുള്ളവരിലേക്ക് നോക്കി പറഞ്ഞു.


 എന്നാൽ എല്ലാവരിലും സന്തോഷം നൽകുന്നതായി ഒന്നും അദ്ദേഹത്തിന് കാണാനായില്ല. നിരാശാ ഭാവത്തിൽ തൻ്റെ സംശയ ദൂരീകരണം സാധ്യമല്ല എന്ന വിഷമത്തിൽ നിൽക്കുമ്പോൾ. പ്രദർശന മൈദാനത്തിൻ്റെ മൂലയിൽ ആരുടേയും ശ്രദ്ധ കിട്ടാതെ ഒരു പ്രദർശനം അദ്ദേഹത്തിൻ്റെ ശ്രദ്ധയാകർഷിച്ചു.


 രണ്ടു പേർ മുഖാമുഖം നോക്കി നിൽക്കുന്ന ഒരു കളിമൺ ശിൽപ്പമായിരുന്നത്. ആദ്യത്തെയാൾ സ്നേഹമസൃണമായ മുഖത്തോടെ അപരൻ്റെ നേരേ എന്തോ പറയുകയും അയാളത് ശ്രദ്ധയോടെ കേൾക്കുകയും ചെയ്യുന്ന ഭാവത്തിൽ.  കാണുമ്പോൾ തന്നെ അറിയാം ആ സംഭാഷണം രണ്ട് പേരിലും ഒരു പ്രത്യോകാനന്ദം നിറക്കുന്നുണ്ടെന്ന്. മാത്രമല്ല!,  ശിൽപ്പത്തിൻ്റെ താഴെ ഇങ്ങനെ കുറിച്ചിരിക്കുന്നു: *'സ്നേഹാർദ്രമായ വാക്കുകൾ'.* 


രാജാവ് കൗതുകത്തോടെ അതുണ്ടാക്കിയ ശിൽപ്പിയെ വിളിപ്പിച്ചു കൂടുതൽ വിവരണങ്ങൾ ആരായുന്നു. അതിന് മറുപടിയായി ശിൽപ്പി പറഞ്ഞു: *"സ്നേഹാർദ്രമായ മനസ്സോടെ, അനുകമ്പയോടെ നടത്തുന്ന സംഭാഷണം കേൾക്കുന്നതിനോളം സന്തോഷം മറ്റെന്തിനും നൽകാനാവില്ല. മാത്രമല്ല, ദുഖവും, നിസ്സഹായതയും, പ്രതീക്ഷയില്ലായ്മയും, പ്രതിസന്ധിയും, രോഗാവസ്ഥയിലുമൊക്കെയുള്ളപ്പോൾ ഒരാളുടെ വ്യഥകൾ കേൾക്കാനും, സമാശ്വാസ വാക്കുകൾ പറയാനുമാകുമ്പോൾ ഏതൊരാളിലും സന്തോഷം പകരാനാകും.* 


തൻ്റെ സംശയങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകിയ ആ കലാകാരന് രാജാവ് വലിയ സമ്മാനങ്ങൾ നൽകി ആദരിച്ചു.


ഒരു വാക്ക്, ഒരു നോക്ക് ഇവയുണ്ടാക്കുന്ന പരിവർത്തനം അനിർവചനീയമാണ്. *ലോകത്തെ ഏറ്റവും വിസ്ഫോടാത്മകമായ വസ്തു മനുഷ്യ മനസ്സാണെന്ന് പറഞ്ഞാൽ തെറ്റിദ്ധരിക്കേണ്ട!.* അതിനകത്ത് കുത്തിനിറക്കപ്പെടുന്ന വികാര, വിചാരങ്ങളോളം മഹത്തരവും, നികൃഷടവുമായ മറ്റെന്തുണ്ട്?. *അതിലുടലെടുക്കുന്ന സംതൃപ്തിയും, സമാധാനക്കേടും മതി ലോകം പ്രകാശപൂരിതമാക്കാനും, നിത്യാന്തത നിറക്കാനും.*


ആ മനസ്സിൻ്റെ താളം വാക്കിലും, കേൾവിയിലുമാണല്ലോ കടിഞ്ഞാണിട്ടിരിക്കുന്നത്. പ്രതിസന്ധിയുടെ തീക്ഷണാവസ്ഥയിൽ തൻ്റെ സമ്മർദ്ദങ്ങൾ ഒന്നിറക്കി വെക്കാൻ ഒരാൾക്കാവുന്നത് തൻ്റെ വ്യഥകൾ ഉൾക്കൊള്ളാനാകുന്ന ഒരു പഥികനെ കിട്ടുക എന്നതിലാണ്. *സ്വാതന്ത്ര്യത്തോടെ പറയാനുള്ളത് പറയാനും, ഹൃദ്യമായത് കേൾക്കാൻ മനസ്സു കാണിക്കുന്ന ഒരു പരിസരം നൽകുന്ന സംതൃപ്തിയോളം വലുതെന്താണ് ഭൂമിയിൽ?.*


*' കേൾവി തന്നെ ശ്വസനം; അതായത് കേൾക്കുക എന്നത് ശ്വാസം നൽകുക'* എന്നതാണെന്ന് പറയാറുണ്ട്. പറയാവുന്നതിനപ്പുറം കേൾക്കാനുള്ള മനസ്സാണല്ലോ കൗൺസിലിംഗിനടിസ്ഥാനം. *വാക്കും, കേൾവിയും  വലിയൊരായുധമാണ്. മനസ്സിലെ ഭാരങ്ങൾ ഇറക്കി വെക്കാൻ ഒരാളെ സഹായിക്കുന്നതിനുള്ള വജ്രായുധം.*  ഒരു നാക്കും, രണ്ട് കാതും, കുറഞ്ഞ നിമിഷമെങ്കിലും അപരന് നൽകാനായാൽ അതിനോളം മൂല്യമുള്ളത് മറ്റൊന്നില്ല മാനവ സമ്പാദ്യത്തിൽ.


ആശ്വാസവാക്കുകളും, കേൾക്കാൻ ഒരു മനസ്സും ആവശ്യക്കാരന് പകരുവാൻ സാധിക്കുന്നതിനോളം മഹാത്മ്യം മറ്റൊന്നില്ല മാനവ സഹകരണത്തിൽ. *സംവേദനക്ഷമതയും, സഹനശക്തിയും കൊണ്ടനുഗ്രഹീതരായ നമുക്ക് അപര സംതൃപ്തിക്കായ് കുറഞ്ഞ വാക്കും, അൽപ്പം കേൾവിയും പകരാൻ സാധിക്കട്ടെ.* 


*ഒരു വാക്കിനാൽ ഒരാളുടെ ജീവനപഹരിക്കാനും, പകരാനുമാകും. ഒരു കേൾവി കൊണ്ട് ജീവിത പ്രതീക്ഷകളെ വിതയ്ക്കാനും, കൊതിയാനുമാകും.* അപര സുഖത്തിന്  നല്ല വാക്കുകൾ പകരാനും, മനസ്സിൻ കെട്ടുപാടുകളഴിക്കാൻ ക്ഷമയോടെ കേൾക്കാനുമാകട്ടെ എന്നാശംസിക്കുന്നു. ശുഭദിനം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Model Question by Dr. JR