*കാണുന്ന സത്യം മിഥ്യയല്ല*


 *റമളാൻ ചിന്ത 24*

Dr. Jayafar ali Alichethu


പ്രമുഖ സൂഫീ വര്യ റാബിയത് ബസരിയോട് ഒരിക്കൽ ശിഷ്യൻ ചോദിച്ചു.
*''സത്യവും മിഥ്യയും തമ്മിലുള്ള വ്യത്യാസം എന്താണ്"*
മറുപടിയായി റാബിയ പറഞ്ഞു: *"സത്യവും മിഥ്യയും നാലിഞ്ചു വ്യത്യാസമാണുള്ളത്".* എന്നാൽ കേൾവിക്കാരായ ശിഷ്യഗണങ്ങൾക്ക് പറഞ്ഞതിൻ്റെ പൊരുൾ മനസ്സിലായില്ല!. ആശ്ചര്യത്തോടെ കൂടുതൽ വ്യക്തതക്കായ് ഗുരുവിലേക്ക് കണ്ണും നട്ടിരുന്നു. ശിഷ്യരുടെ ജിജ്ഞാസ മനസ്സിലാക്കിയ മഹതി വിശദീകരിച്ചു. *"നാലിഞ്ച് വ്യത്യാസമെന്നാൽ കണ്ണും ചെവിയും തമ്മിലുള്ള ദൂരമാണ്. കാണുന്നതാണ് സത്യം കേട്ടുകേൾവി മിഥ്യയും".*

കഴിഞ്ഞ ഒരു വർഷത്തിലധികമായി ഒരു വൈറസിൻ്റെ സഞ്ചാര ദിശയിൽ ലോകം നിശ്ചലമാണ്. രാജ്യാതിർത്തികൾ ഇല്ലാതെ, ജാതി, മത, വർണ്ണ, വർഗ്ഗ വ്യത്യാസമില്ലാതെ അതിൻ്റെ രൗദ്ര താണ്ഡവം നടമാടുന്നു. 

ചൈനയിലെ ഗ്രാമങ്ങളിൽ നിന്ന് യൂറോപ്പും, അമേരിക്കൻ ഭൂഖണ്ഡങ്ങളുമെല്ലാം മനുഷ്യ നിസ്സഹായതയുടെ രോദനങ്ങൾ പടർത്തി മുന്നേറിയപ്പോൾ നമുക്കോരോരുത്തർക്കും അത് കേട്ടറിഞ്ഞ മിഥ്യയായിരുന്നു.

 എടുക്കേണ്ട മുൻകരുതലുകളെപ്പറ്റി ലോകാരോഗ്യ സംഘടനകൾ മുന്നറിയിപ്പ് നൽകിയപ്പോൾ അത് കാതങ്ങളകലെ, കടൽ കടന്നല്ലെ, എന്ന് സമാശ്വസിച്ചു!. അന്നെല്ലാം നിലപാടുകൾ കർക്കശമാക്കിയ ഗവർൺമെൻ്റ് സംവിധാനങ്ങളെ പുഛവും, അവമതിപ്പും കാണിച്ച് നിസ്സാരമാക്കി. പിന്നീട് താൽപര്യങ്ങൾക്ക് വിധേയപ്പെട്ട് വരുംവരായ്കയെ മറന്നു ആഘോഷങ്ങളും, ആചാരങ്ങളും, ആരവങ്ങളുമായി അർമ്മാദിച്ചു.

ഓരോ ഘട്ടത്തിലും മുന്നറിയിപ്പുകൾ കേൾവിയിൽ മാത്രം ഒതുക്കി നാം നിർലോഭം സഞ്ചരിച്ചു. സമ്പർക്കങ്ങളുടെ കണക്കുകൾ മിഥ്യയാക്കി, കടത്തിണ്ണ ചർച്ചകളിൽ സമയം കഴിച്ചു കൂട്ടി. എന്നാൽ കേൾവി മാത്രമായപ്പോൾ മിഥ്യയും, മായയുമായിരുന്ന സത്യങ്ങൾ ഇന്നിതാ കൺമുന്നിൽ എത്തിയിരിക്കുന്നു. *ആരവമൊഴിഞ്ഞ പൂരപ്പറമ്പുകൾ ശവപ്പറമ്പായി മാറുന്നു.* ഒരുക്കി വെച്ച ആരോഗ്യ കരുതലുകൾ മതിയാകാതെ വരുന്നു. രാജ്യത്തിൻ്റെ തെരുവുകളിൽ ഒരിറ്റു ശ്വാസത്തിനായ് പിടയുന്ന ഹതഭാഗ്യ ജന്മങ്ങൾ നൊമ്പരവും, പ്രതിഷേധവുമാകുന്നു.

കേവല കേൾവിയനുഭവത്തിൽ നിന്ന് കൺമുന്നിലെ നേർക്കാഴ്ചയായി മാറിയിരിക്കുന്നു ഓരോ ദുരന്തങ്ങളും. കാണുന്നതൊന്നും സത്യമല്ലെന്ന് പറഞ്ഞ് കാഴ്ചകളെ മിഥ്യയാക്കി മറച്ചുവെക്കാൻ പെടാപ്പാട് പെടുന്ന അധികാര ഭീകരത നടമാടി കൊണ്ടിരിക്കുന്നു.

 കൂടപ്പിറപ്പുകളുടെ തൊണ്ടയിൽ കുരുങ്ങിയ ശ്വാസത്തിന് റോഡരികിൽ കിടന്നലമുറയിടേണ്ടി വരുന്ന സഹോദരങ്ങൾ അസ്വസ്ഥപ്പെടുത്തുന്നു... പ്രിയതമൻ്റെ ശ്വാസം തികട്ടാൻ റിക്ഷയിൽ ചുണ്ടോട് ചുണ്ടടുപ്പിച്ചു ജീവവായു പകുത്തു നൽകുന്ന പ്രയതമമാർ നമ്മുടെ നൊമ്പരമാകുന്നു... നടന്നു തളർന്ന വാർദ്ധക്യത്തിൻ്റെ കുനിഞ്ഞിരിത്തം, ഇത്ര കാലം തണലായിരുന്ന നല്ല പാതിയുടെ മരവിച്ച ശരീരഭാരം താങ്ങാനാവാതെ സൈക്കളിൽ കൊരുത്ത് വലിക്കേണ്ടി വന്നതിൻ്റെ ശപിക്കലാകുന്നു.... മകൻ്റെ ജീവനു വേണ്ടി സേവന പ്രഭുക്കളുടെ കാലുകളിൽ വീണു കരയുന്ന അമ്മമാർ തീർക്കുന്ന നിസ്സഹായതയുടെ ചിത്രങ്ങൾ. മിഥ്യലയല്ലിത്, സത്യം തന്നെ... പ്രതീക്ഷയുടെ നാളുകൾ തിരിച്ചെടുക്കേണ്ടതിന് നാം തീർക്കേണ്ട കടമകൾ ബോധ്യപ്പെടുന്ന സത്യങ്ങൾ.

*കാതുണ്ടായിട്ടും കേൾക്കാതെ, കണ്ണുണ്ടായിട്ടും കാണാതെയിരിക്കുന്ന ഈ നിസ്സാരവത്കരണം തന്നെയല്ലേ കാര്യങ്ങൾ ഇത്ര വഷളാക്കിയത്?.*

 മരണനിരക്ക് കുത്തനെ കുതിച്ചുയരുന്നു, പ്രതിദിന രോഗബാധിതർ സംസ്ഥാനാതിർത്ഥിക്കുള്ളിൽ തന്നെ അരലക്ഷം കവിയുന്നു. *വിചിത്രമെന്ന് പറയട്ടെ, രോഗവ്യാപനത്തോടൊപ്പം നിയമ ലംഘകരുടെ കണക്കും കുതിച്ചുയരുന്നു എന്ന ദൗർഭാഗ്യത മിഥ്യയല്ലല്ലോ, സത്യമല്ലേ?.* എന്താണ് നാം നന്നാവാത്തെ!.

നാലിഞ്ച് വിത്യാസം എന്ന് മഹതി റാബിയ പറഞ്ഞതിന് അമ്പത്താറിഞ്ചിൻ്റെ പരപ്പും കഴിഞ്ഞ് നിസ്സഹായത പിടിപെട്ടിരിക്കുന്നു. 

 രോഗവും, മരണവുമൊന്നും ബോധ്യമാകുന്നില്ല, ബോധ്യപ്പെടുന്നുമില്ല!. കാണുന്നതെല്ലാം മിഥ്യ എന്നു നിനച്ച് രോഗ വ്യാപനത്തിന് കോപ്പുകൂട്ടുന്ന വിഡ്ഢിത്തം!. ഉറ്റവർ, ഉടയവർ പോലും ആട്ടിയോടിച്ച്, അന്ത്യശ്വാസം വലിക്കുമ്പോൾ, അനാഥമാക്കുന്ന നിർഭാഗ്യത വിളിച്ചു വരുത്തല്ല. എത്രയെത്ര ഉദാഹരണങ്ങൾ കാണാനാകും.

 ഹൃദയം നുറുങ്ങുന്ന കാഴ്ചകളും, കേൾവികളും വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നു. ആന്ധ്രയിലെ ശ്രീകാകുളം ജില്ലയിലെ ജി. സിഗഡം മണ്ഡൽ പ്രദേശത്തു നിന്നാണ്  ഈ കരളലിയുന്ന കാഴ്ച.
 കോവിഡ് ബാധിച്ച് വിജയവാഡയിലെ തൊഴിലിടത്തു നിന്ന് മടങ്ങിയ  44കാരൻ അസിരിനായിഡുവിനെ ഭയം കാരണം ഗ്രാമക്കാർ അടുപ്പിക്കുന്നില്ല. അസുഖ തീവ്രത വർദ്ധിച്ച് പറമ്പിൽ തർന്ന് വീണ അദ്ദേഹത്തിനടുത്തേക്ക് 17 വയസ്സുള്ള മകൾ എതിർപ്പുകൾ വകഞ്ഞു മാറ്റി ഒരു കപ്പു വെള്ളവുമായി ഓടിയടുക്കുന്നു. ഏറ്റവും ദയനീയമായത് മകളുടെ ശ്രമത്തെ അവസാനം വരെ തടയാൻ ശ്രമിക്കുന്നത് അമ്മയാണെന്നാണ്.  അച്ചനരികിലെത്തി വെള്ളം ചുണ്ടിലടുപ്പിച്ച് പൊട്ടിക്കരയുന്ന മകളിൽ നിന്ന് അവസാനത്തെ ആശ്വാസ പാനം ചെയ്തു കണ്ണടക്കുന്നയച്ചൻ. വല്ലാത്തൊരു നിസ്സഹായത. എത്ര ഭീകരമാണീ വൈറസുണ്ടാക്കുന്ന വിടവുകൾ!. 

കണ്ണടക്കും നിമിഷം അയാളിലേക്കാഴ്ന്നിറങ്ങിയ ചിന്ത എന്തായിരിക്കാം?.  പ്രതീക്ഷകളും, സ്വപ്നങ്ങളുമെല്ലാം തൻ്റെ കുടിലിൽ ബാക്കിവെച്ച് വർഷങ്ങൾ അന്യദേശത്ത് ഉരുക്കിത്തീർത്ത ആ മനുഷ്യൻ്റെ കണ്ണിൽ പതിഞ്ഞ അവസാനത്തെ രണ്ട് ചിത്രങ്ങൾ തന്നെയാവില്ലെ?.  ഒന്നിൽ നിർവൃതി: ജീവനായ് പിടയുമ്പോൾ പ്രതീക്ഷയുടെ ഒരിറ്റുവെള്ളവുമായി ഓടി വരുന്ന, രക്തബന്ധ മഹനീയതയാണ് ഏറ്റവും ഉത്തമമെന്ന് കാണിച്ച മകൾ.  മറ്റൊന്ന് നന്ദികേട്: തൊണ്ടയിൽ കുരുങ്ങിയ ജീവ വായുവിനെക്കാൾ സ്നേഹം പകുത്ത ഭാര്യയുടെ നിഷേധ സമീപനം. ഇങ്ങനെ എത്രയെത്ര മിഥ്യകളാണ് യഥാർത്ഥ്യമായനുഭവപ്പെടുന്നത്.

ബന്ധങ്ങൾ പോലും അറുത്തുമാറ്റപ്പെടുന്ന സത്യമായി. കടമകളും, കടപ്പാടുകളും ഒരണുവിനാൽ വേരറ്റുപോകുന്ന ദയനീയത കാലത്ത് *സത്യം കാണുവാൻ, ശ്രദ്ധ പുലർത്തുവാൻ, ജാഗ്രത കൈവെടിയാതിരിക്കാൻ നമുക്കോരോരുത്തർക്കും ബാധ്യതയുണ്ട്.* ഇത് കേട്ടറിവിൻ മിഥ്യയല്ല, കൺമുന്നിൽ കാണുന്ന സത്യമാണ്. *മരണം നാലിഞ്ചിനകലം പോലും ഉണ്ടാവില്ല രണ്ടാൾ അകലം പാലിച്ചില്ലെങ്കിൽ.* സുരക്ഷിതമാക്കാം നമ്മെ, രക്ഷപ്പെടുത്താം ഈ നാടിനെ. കോവിഡ് നൽകുന്ന പാഠങ്ങൾ ഉൾക്കൊണ്ട് ശുഭാപ്തി വിശ്വാസം വീണ്ടെടുക്കാം. ശുഭദിനം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Model Question by Dr. JR