വായനയുടെ മൂന്ന് ദിനങ്ങൾ

 


എഴുത്തിൻ്റെ വഴിയിൽ അൽപ്പം സഞ്ചരിച്ച 30 ദിനങ്ങൾ. വായനയും, ചിന്തകളും സമന്വയിപ്പിച്ച് പുതിയ വഴികളിലൂടെ അക്ഷരക്കൂട്ടങ്ങളെ ചലിപ്പിക്കാനായ നിമിഷങ്ങൾ.

റംസാൻ രാവുകൾ കഴിഞ്ഞ് മഹാമാരിയുടെ മൂന്നാം ഘട്ടത്തിലെത്തുമ്പോൾ അനിശ്ചിതമാകുന്ന സാമൂഹിക ജീവിതം. ഒറ്റപ്പെടലുകൾ അനിവാര്യമാക്കിയ നിയമ പരിപാലനത്തിന് കരുത്താകാൻ വീടകവും, പറമ്പിൽ ചുറ്റലും.

എങ്കിൽ അക്കാഡമിക് കൃത്യനിർവ്വഹണത്തിൻ്റെ ഒഴിവുവേളയെ പുസ്തകൂട്ടങ്ങളിലേക്ക് തളച്ചിടാം എന്ന തീരുമാനം. അങ്ങനെ എങ്കിൽ ചുറ്റുപാടുകളിൽ പരിചിതവും - അപരിചിതവുമായ കുറെ ആളുകളുമായി സമ്പർക്കത്തിലേർപ്പെടുന്നതിന് നിയമപാലകരുടെ വക ഫൈനടിക്കാതെ രക്ഷപ്പെടുകയുമാവാം..

കേട്ടു പരിചരിച്ച, പുസ്തക ഷെൽഫിൽ അടുക്കിയിട്ട വായിച്ചതും -വായിക്കാൻ മറന്നതുമായ ചിലതിനെ കയ്യിലെടുത്തു. റബ്ബർ മരക്കൂട്ടത്തിൻ്റെ കാനലിൽ വളർച്ച മുരടിച്ചെന്ന് വിധിയെഴുതി പൂവിട്ട പേര, മുട്ടപ്പഴ, താണി, മഞ്ചാടി; പഴറാണി റമ്പുട്ടാൻ എന്നിവയുടെ തണലിൽ, മഴച്ചാറലിൻ്റെ ഇടവേളകളിൽ ശീതളക്കാറ്റിൻ്റെ ഇളം തലോടലേറ്റുള്ള ഇരുത്തങ്ങൾ...

പാരമ്പര്യത്തിൻ്റെ അടയാളപ്പെടുത്തലുമായി മൂന്ന് തലമുറകളുടെ കൈമാറ്റങ്ങളിലൂടെ കുടുംബസ്വത്തായ ചാരുകസേരയിൽ ഭൂതകാലത്തിൻ്റെ തീക്ഷണമായ ചരിത്രത്തിലേക്ക് നീണ്ടു കിടന്നുള്ള വായന.

പെരുമാൾ മുരുകനും, ഉറൂബും, ടോൾസ്റ്റോയിയുമൊക്കെ; ഒറ്റ ഇരുപ്പിന് കുടിച്ചു തീർക്കുന്ന ഏലാച്ചി ചായയുമായി മത്സരത്തിലായോ എന്ന സംശയം. ചായയുടെ രുചിയും വായനയുടെ ഹരവും പ്രഭാത കിരണങ്ങളിൽ നിന്നും അസ്തമയ രശ്മികളിലേക്ക് നയിച്ചു.

സ്വന്തക്കാരും -ബന്ധുക്കളുമൊക്കേ മണ്ണിനും, പണത്തിനും പ്രാമുഖ്യം നൽകിയപ്പോൾ ബന്ധം അറുത്തു പുറം ദേശത്തേക്ക് സഞ്ചരിച്ചു. സ്വന്തമെന്ന് അവകാശപ്പെടാൻ ഒരു പിടി മണ്ണിന് സ്വപ്നവും, അദ്ധ്വാനവും സമർപ്പിക്കുന്ന മുത്തു കൗണ്ടറുടെ ജീവിതനെരിപ്പോടിനെ ചേർത്തുവെച്ച തമിഴ് എഴുത്തുകാരനു പെരുമാൾ മുരുകൻ്റെ 'അളണ്ടാപ്പക്ഷി'.

വായനയുടെ ഒഴുക്കിൽ ഉല്ലസിച്ചിരിക്കുമ്പോൾ ഒഴുക്കു വറ്റിയ തോടുപോലെ ഒരവസാനിപ്പിക്കൽ സംഭവിപ്പിച്ചോ എന്നൊരു ശങ്ക!...

മുത്തുവിനൊപ്പം പുറപ്പെട്ട കുപ്പനും, ഗ്രാമാന്തരീക്ഷത്തിനും വികസിക്കാൻ ധാരാളം സാധ്യതയുണ്ടായിട്ടും വായനാ ദൈർഘ്യം ഭയപ്പെട്ട് നിറുത്തിയ പോലെ. സ്വന്തമാക്കിയ മണ്ണു കാണാൻ വെമ്പൽ കൊള്ളുന്ന പെരുമാഴിയുടെ വ്യാകുലതകൾ ബാക്കിയാക്കിയുള്ള പിന്മാറ്റം. അതിൻ്റെ ശരി - ന്യായങ്ങൾ നോവലിസ്റ്റിന് വിട്ടുകൊണ്ട്. വായിക്കുന്നവനിൽ അദ്ധ്വാനബോധം വളർത്തുന്ന പച്ചയായ ആവിഷ്കാരമെന്നാനന്ദിക്കാം.

രണ്ടാമൻ മലയാളത്തിലെ പ്രണയ സങ്കൽപ്പങ്ങളിൽ പൊളിച്ചെഴുത്ത് നടത്തിയ ഉറൂബിൻ്റെ 'ഉമ്മാച്ചു'. ബീരാനും, മായനും, അബ്ദുവും, അഹമ്മദുണ്ണിയും, ഹൈദ്രുവും, ഹസ്സനുമൊക്കെ സംഭവ്യമെങ്കിലും അമാനുഷികത തീർത്ത കഥാപാത്രങ്ങൾ. സത്രീ നന്മയും, ചാപല്യവും പകർന്നാടിയ ഉമ്മാച്ചുവും, കാര്യസ്ഥൻ ചാപ്പുണ്ണി നായരുമൊക്കെ പകർന്നു നൽകുന്ന മൂല്യങ്ങൾ. ആഗ്രഹങ്ങൾ പരിപാലിക്കാൻ അന്യായങ്ങൾ  പരിഹാരമാക്കിയവർ.


പ്രണയാർത്ഥങ്ങളെ പലവിധം വരച്ചിടുന്ന നോവൽ ചിന്നമ്മുവിലും, ആമിനയിലുമൊക്കെ ചില നടപ്പു രീതികളെ പൊളിച്ചെഴുതുന്നതിൽ സാധ്യത കണ്ടെത്തുന്നു. മനുഷ്യനാണ് മുഖ്യം, മനുഷ്യൻ്റെ ആഗ്രഹങ്ങളെ നിബന്ധനകളില്ലാതെ നയിക്കാനനുവദിച്ച്.ആദർശ ചട്ടങ്ങളെ വെറും ചട്ടുകങ്ങളാക്കി അവതരിപ്പിക്കുന്നു...

ചിന്നമ്മുവിനും, അബ്ദുവിനും പിറക്കുന്ന തൻ്റെ പേരക്കിടാവിൻ്റെ കരച്ചിലിൽ തളരുന്ന മൂപ്പിൽ നായർക്ക് ( ചാപ്പുണ്ണി) തൻ്റെ ശുഷ്കിച്ച മനോഗതിയെ തിരുത്തി, ഉമ്മാച്ചുമ്മയോടൊപ്പം പേരക്കുട്ടിയെ ചേർത്തു നിർത്താനവസരം നൽകാമായിരുന്നു എന്ന തോന്നൽ!. തീക്ഷണമായ വഴികളിലൂടെ വികസിക്കുന്ന നോവൽ ഒരിക്കൽ കൂടി വായനക്കെടുത്തതിൽ അഭിമാനം.

'യുദ്ധവും, സമാധാനവും', ടോൾസ്റ്റോയിയെപ്പോലെ ഒരു വിശ്വസാഹിത്യകാരന് തൂക്കം വെക്കാൻ ഈ വിരലുകൾക്കെന്ത്...? മനുഷ്യനിലെ അനിയന്ത്രിത അക്രമണോത്സുകതയെ പ്രണയബന്ധങ്ങളിലെ ചങ്ങലകളിൽ കോർത്ത് വരച്ചിടുന്ന അപാരത. ഫ്രഞ്ച് - റഷ്യൻ യുദ്ധങ്ങളിൽ നിന്ന് ആനന്ദകരമായ കുടുംബ പശ്ചാതലത്തിലേക്ക് കടന്നെത്തുന്ന നോവൽ. യുദ്ധത്തിൻ്റെ വക്രമുഖങ്ങളിൽ നിന്ന് യുദ്ധമില്ലാത്ത സമാധാന ലോകത്തെ സ്വപ്നം കാണുന്ന അഹിംസാവാദി. 508 കഥാപാത്രങ്ങളിലൂടെ പ്രണയവും,സംഘർഷവും വളർത്തി  നരഭോജി മനോഗതിയെ ചോദ്യം ചെയ്യുന്ന കലാസൃഷ്ടി.

എന്നിലെ പ്രാരംഭ വായന ശീലത്തിന് ഉൾക്കൊള്ളാനാകാതെ മാറ്റി നിർത്തിയ കൃതി നിർബന്ധപൂർവ്വം തീർത്തപ്പോൾ കിട്ടിയ ആനന്ദം അനിർവ്വചനീയം... ഇനിയും എത്രയോ വായനക്കായി സമർപ്പിക്കാനിരിക്കുന്നെന്ന അർദ്ധ - ബോധത്തോടെ അടുത്ത ബുക്കിലേക്ക് പ്രയാണം തുടങ്ങി...

എ. ടോൾസ് റ്റോയിയുടെ നികിതയുടെ ബാല്യം തേടിയുള്ള ഒരു സയാഹ്നത്തിൽ എത്തിയിരിക്കുന്നു. പലതും പതിറ്റാണ്ടുകൾക്ക് മുന്നേ സാഹിത്യ ചർച്ചകളിൽ പുറം തള്ളിയവ ആകാം. എങ്കിലും എന്നിലെ വായന പരിമിധിയിൽ ഇതൊരു തുടരലാണ്... വായിച്ചതും, വായിച്ചറിഞ്ഞതുമായ വിശ്വസാഹിത്യ ലോകത്തേക്കുള്ള പിച്ചവെപ്പ്....

Dr. Jayafar DrJayafar Ali Alichethu

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Model Question by Dr. JR