*വിമർശനം വിവേക മാണ് വിയോജിപ്പല്ല*
*റമളാൻ ചിന്ത -23*
Dr. Jayafar ali Alichethu
ആദർശങ്ങളും, ആശയങ്ങളും വല്ലാതെ നമ്മെ വലയം ചെയ്തിരിക്കുന്നു. ആദർശ വ്യതിയാനങ്ങൾ തീർക്കുന്ന സമ്മർദ്ധങ്ങൾ വ്യക്തിയേയും, സമൂഹത്തേയും ബാധിക്കുന്നത് വിത്യസ്ഥ തലങ്ങളിലാണ്. വ്യക്തിയുടെ ആശയപരമായ മാറ്റങ്ങൾ യഥാർത്ഥ്യങ്ങളിൽ നിന്നോ അല്ലെങ്കിൽ സ്വ- അനുഭവത്തിൻ്റെ വെളിച്ചത്തിലോ ആവാം. എന്നാൽ പൊതു സമൂഹത്തിൻ്റേത് സോകോൾഡ് എത്തിക്കൽ വ്യവസ്ഥ വേലികളുടെ കുടിലതയിൽ നിന്നോ, പാരമ്പര്യ നിശ്ചലമനോഗതിയിൽ നിന്നോ ആവാം.
മേൽ പൊതു സാമൂഹിക ബോധത്തിനോട് *വ്യക്തി ആശയങ്ങൾ നടത്തിയിട്ടുള്ള നിഷേധങ്ങളാണ് ചരിത്ര വാഴ്ത്തലുകളായ പരിവർത്തനങ്ങൾ അല്ലെങ്കിൽ സാമൂഹിക പരിഷ്കരണങ്ങൾ പ്രയത്നങ്ങൾ.
തൻ്റെ പരിസരങ്ങളുടെ *നിയന്ത്രണ ചങ്ങലകളെ ചെറു പ്രതിഷേധങ്ങളാൽ തിരുത്താൻ ശ്രമിച്ച് പരാജയപ്പെടുമ്പോൾ നീതി നിഷേധത്തിൻ്റെ വേലിക്കെട്ടുകളെ പൊളിച്ചിടുക്കി തീർക്കുന്ന റിബലിസം. മാറ്റം സാധ്യമാണെന്ന ഉറച്ച പ്രയത്നം തീർക്കുന്ന വിപ്ലവങ്ങൾ*
ഒരു സമൂഹത്തിൽ ഇടപഴകി ജീവിക്കുമ്പോൾ, അതിലുൾപ്പെടുന്ന സഹജീവികൾക്കിടയിൽ നമ്മുടെ സ്ഥാനം അടയാളപ്പെടുത്തുന്നതു പ്രധാനമായും മൂന്നു ഘടകങ്ങളാണ്. സ്വഭാവം (Behaviour), വ്യക്തിത്വം (Personality), തത്വങ്ങൾ, (Principle) എന്നിവയാണവ.
ഇവയിൽ *സ്വഭാവവും, വ്യക്തിത്വവും വ്യക്തി കേന്ദ്രീകൃതമെങ്കിൽ തത്വങ്ങൾ സാമൂഹിക പരിസരത്തിൻ്റെ കൂടി പരികൽപ്പനയാണ്.* സ്വഭാവവും, വ്യക്തിത്വവും അളക്കുന്നതിനുള്ള മാനദണ്ഡമായി അയാളുടെ ആശയങ്ങൾ നിവർത്തിക്കുമെന്നത് നിസ്തർക്കമാണ്. എന്നാൽ തൻ്റെ സ്വഭാവത്തിനും, വ്യക്തി വികാസത്തിനും നൽകുന്ന സൂക്ഷ്മത പലപ്പോഴും നമ്മുടെ ആശയ സ്വാംശീകരണത്തിൽ പുലർത്താറില്ലേ എന്നൊരു സംശയം!.
മഹാനായ ചിന്തകനും ശാസ്ത്രജ്‍ഞനുമായിരുന്ന ആൽബർട്ട് ഐൻസ്റ്റീൻ ഒരിക്കൽ ഇങ്ങനെ പ്രസ്താവിച്ചു: *‘‘വൃത്തികെട്ട വസ്ത്രങ്ങളെയും ഗൃഹോപകരണങ്ങളെയും പറ്റി നാം ലജ്ജിക്കുന്നു. യഥാർഥത്തിൽ നാം ലജ്ജിക്കേണ്ടത് വൃത്തികെട്ട ആശയങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും പറ്റിയാണ്.’’* ആശയ പ്രത്യയശാസ്ത്രങ്ങളുടെ അനിയന്ത്രിതമായ അടിച്ചേൽപ്പിക്കലുകൾ പലപ്പോഴും അന്ധമായ അടിമത്വത്തിലേക്ക് നയിക്കപ്പെടുന്നു.
*ഒരു തരം നേതൃത്വപൂജയിൽ തളച്ചിട്ട് ശരി തെറ്റുകളെ വിഭജിച്ചറിയാനുള്ള സാമാന്യയുക്തി കൈമോശം വന്ന്, നുകങ്ങളിൽ തളച്ചിട്ട കാളകളെപ്പോൽ നിയന്ത്രണരേഖകളിൽ ഒതുങ്ങുന്നു.*
സ്വാമി വിവേകാനന്ദൻ ഇങ്ങനെ കുറിച്ചു: *‘‘ആദർശം താഴ്ത്താനും പാടില്ല പ്രായോഗികത മറക്കാനും പാടില്ല. ഉന്നതമായ ആദർശവും പ്രായോഗികതയും സ്വജീവിതത്തിൽ സമ്മേളിപ്പിക്കാൻ ശ്രമിക്കണം.’’* ആദർശത്തെ വിവേകിച്ചറിയാനും, അനുകൂല - പ്രതികൂല സമീപനങ്ങൾ പ്രായോഗികവത്കരിക്കാനും ശ്രമിക്കുക.
പലപ്പോഴും വ്യക്തിയേയും, ആശയത്തേയും ഒന്നായി കണ്ട് ഭർത്സിക്കുന്ന പ്രവണതയും നന്നല്ല!. ഉദാഹരണമായി, ആശയപരമായ സംവാദങ്ങളിൽ ഒരാൾക്ക് പരാജയം നേരിട്ടെന്ന് കരുതി അത് ആ വ്യക്തിയുടെ പരാജയമെന്ന നിലയിൽ അഭിമാന ക്ഷതം ഏൽപ്പിക്കുന്നത് തികച്ചും തെറ്റാണ്. *ആദർശ പരാജയം സാന്ദർഭികമായ ഒരു പ്രതിഭാസമാണ്, അത് നികത്തി വരാൻ അധികം സമയം വേണ്ടി വരില്ല.എന്നാൽ അതിനെ വ്യക്തിപരമായ അതിക്രമമാക്കിയാൽ തിരുത്താൻ സാധിക്കാത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കും.* അതിനാൽ സത്യമെന്നത് വിവേചിച്ചറിഞ്ഞ് പ്രവർത്തിക്കുക.
*താത്വിക വലയത്തിൽ വിവേകം പണയം വെച്ച് മനുഷ്യ നന്മയെ ക്രൂശിക്കുന്ന അൽപ്പത്തരങ്ങൾ തകർത്തെറിയേണ്ടതുണ്ട്.* ആശയ വിത്യാസങ്ങൾ അനുവദിക്കപ്പെടേണ്ടതും. സത്യവും, മിഥ്യയും വേർത്തിരിച്ചറിഞ്ഞു സംവാദ ക്ഷമത കൈവരിക്കേണ്ടതുമുണ്ട്.
പ്രശസ്തനായൊരു ജൂത പണ്ഡിതൻ്റെ ആത്മീയ വചസ്സിനാൽ ഭകതി സാന്ദ്രമായ ആശ്രമത്തിൽ ധാരാളമാളുകൾ മുറതെറ്റാതെ ആദവോടെ ജ്ഞാനം തേടി വരാറുണ്ട്.
എന്നാൽ സത്സംഗത്തിനിടയിൽ നിരന്തരം റബ്ബിയെ വിമർശിക്കുകയും, വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്ന ഒരാളുണ്ടായിരുന്നു. 'പിശാചിൻ്റെ അവതാരമെന്ന്' വിളിക്കപ്പെട്ടിരുന്ന അയാൾ ഗുരുവിൻ്റെ അധ്യാപനങ്ങളിൽ ആത്മ നിർവൃതി കണ്ടെത്തുന്ന ജനസാഗരത്തിന് അലോസരമാകും വിധം എല്ലാ ദിനവും തൻ്റെ ആക്ഷേപങ്ങൾ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.
കുറച്ചു ദിനങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് കലശലായ അസുഖം പിടിപെട്ട് കിടപ്പിലായി. ഭക്തമ്മാരെല്ലാം വളരെയധികം സന്തോഷിച്ചു. അവർ ഗുരുവിനോട് തങ്ങളുടെ ആനന്ദം പങ്കുവെക്കുകയും, സ്വസ്ഥമായി ഗുരുസന്നിധിയിൽ നിന്ന് വിജ്ഞാനം തേടുകയും ചെയ്തു. എന്നാൽ ദിനംപ്രതി ഗുരുവിൻ്റെ അധ്യാപനങ്ങളുടെ തീക്ഷണത നഷ്ടപ്പെടുകയും, തികച്ചും യാന്ത്രികമായൊരു ഒത്തു ചേരലായത് മാറുകയും ചെയ്തു. ഈ മാറ്റം ശ്രദ്ധിച്ച ശിഷ്യഗണങ്ങൾ കാര്യം റബ്ബിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. തൻ്റെ ശ്രോതാക്കൾക്ക് അലോസരമായി *വിമർശനങ്ങൾ ഉന്നയിച്ചിരുന്ന വ്യക്തിയുയർത്തുന്ന വെല്ലുവിളികളാണ്, അന്ധമായ ആദരവിനാൽ അനുകരണ വലയത്തിൽ അകപ്പെട്ട നിങ്ങളിൽ നിന്ന് എനിക്ക് കവചം തീർത്തിരുന്നത്.* അദ്ദേഹത്തിൻ്റെ എതിർപ്പുകൾ എന്നെ കൂടുതൽ കാര്യബോധമുള്ളവനാക്കിയിരുന്നു. ഒരോ വിയോജിപ്പിൻ്റെയും കാരണങ്ങൾ കൃത്യമായി മനസ്സിലാക്കാനും, കൂടുതൽ കരുത്താർജ്ജിക്കാനും എന്നെ പ്രാപ്തനാക്കിയത് നിങ്ങളെല്ലാം 'പിശാചിൻ്റെ അവതാരമാക്കിയ' ആ മലാഖയായിരുന്നു.
*ഭക്ത മൂഢതയിൽ നിന്നകലം പാലിച്ച് യുക്തമായി ചിന്തിക്കാൻ എന്നെ പ്രാപ്തനാക്കിയ അദ്ദേഹത്തിൻ്റെ വിമർശനങ്ങളുടെ അഭാവം ഇന്ന് എൻ്റെ ജ്ഞാനാന്വേഷണത്തിനുള്ള ത്വര നഷടപ്പെടുത്തി.* എന്ന് പറഞ്ഞ് റബ്ബി കണ്ണുനീർ വാർത്തു.
*വിമർശനങ്ങൾ ആശയപരമായ വളർച്ചക്കും, വ്യക്തിപരമായ ഉയർച്ചക്കും കാരണമാകും.* *അന്ധമായ അനുകരണങ്ങൾ തീർക്കുന്ന ആനന്ദം കേവലമാണെന്നും അത് പിന്നീട്, നിത്യാന്ധതയിലേക്ക് നയിക്കുമെന്നും ഓർമ്മിക്കുക.*
യുക്തമായ ആദർശ വിവേചനക്ഷമത കൈവരിച്ച്, അനുകൂല - വിമർശന സാധ്യതകൾ വകവെച്ച് നൽകി മുന്നേറുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. ശുഭദിനം
അഭിപ്രായങ്ങള്‍