*സ്വദേശാഭിമാനിയുടെ സവർണ്ണബോധ നിർമ്മിതി!.*



Dr. ജയഫർ അലി ആലിച്ചെത്ത്


05-05-2021- ബുധൻ



കേരള 'മുസ്ലിം നവോത്ഥാനത്തിൻ്റെ പിതാവ്', എന്ന പരിക്കൽപ്പനക്ക് അർഹനായ നവസംസ്കാര മുസ്ലിമാണല്ലോ വക്കം മൗലവി. തീണ്ടിക്കൂടായ്മയുടേയും തൊട്ടുകൂടായ്മയുടെയും സാമൂഹിക പരിസരത്ത് അധികാരസ്ഥാനമോഹികൾ തീർത്ത സാമൂഹിക ഘടന പ്രാമുഖ്യം പ്രാപിച്ച ഒരു കാലത്ത്. സാമൂഹിക ചിന്തകളിൽ മോഡേണിറ്റി ആവശ്യപ്പെട്ടുള്ള പ്രതികൃയകൾ എമ്പാടും നടന്നുകൊണ്ടിരിക്കുകയും. കീഴ്ജാതിയും മേൽജാതിയും എന്ന അസമത്വ വരകളാൽ വേർത്തിരിക്കപ്പെട്ട സാംസ്കാരിക അധപ്പതന കാലഘട്ടത്തിൽ. വക്കം മൗലവി സാമുദായികോദ്ധാരണത്തിന് ചാലകശക്തിയാകും വിധം 'സ്വദേശാഭിമാനി' പത്രത്തിന് തുടക്കം കുറിക്കുന്നു. 


ഭാഷാപരവും, സാമൂഹികപരവുമായ സ്വീകാര്യതയിൽ മേൽജാതി ബോധത്തെ അപ്പാടെ പിന്തുടരുന്നതിനാണ് വക്കവും  അദ്ദേഹത്തിൻ്റെ പത്രവും പ്രാമുഖ്യം കാണിച്ചത് എന്ന വിമർശന ചിന്ത മുന്നോട്ട് വെക്കേണ്ടി വരുന്നു. സാമ്രാജത്വ വിരുദ്ധ മനോഗതിയിൽ ചരിത്ര' ഏടുകളിൽ വലിയ സ്വീകാര്യത നേടിയ സ്വദേശാഭിമാനി പക്ഷേ സവർണ്ണ താൽപര്യങ്ങളെ ഹനിക്കപ്പെടുന്ന ഘട്ടം വരുമ്പോൾ നിശബ്ദത വരിച്ച് സവർണ്ണ വിധേയത്വ ശൈലി പുൽകിയിരുന്നു എന്ന് വേണം അനുമാനിക്കാം.



തൻ്റെ പത്രാധിപർക്ക് പരിപൂർണ്ണ പ്രവർത്തന സ്വാതന്ത്ര്യം നൽകി, മുസ്ലിം പരിഷ്കരണ യജ്ഞത്തിൽ ശ്രദ്ധയൂന്നിയ വക്കം മൗലവി സി. പി. ഗോവിന്ദ പിള്ളയും പിന്നീട് ബാലകൃഷ്ണപ്പിള്ളയേയും  പത്രത്തിൻ്റെ ചുമതല ഏൽപ്പിക്കുന്നു.  രാമകൃഷ്ണപിള്ളയുടെ ഉപരി പഠനാവശ്യാർത്ഥം  അഞ്ചുതെങ്ങിൽ നിന്ന് തിരുവനന്തപുരത്തേക്ക് പത്ര ആസ്ഥാനം മാറ്റുന്നതിനും അദ്ദേഹത്തിൻ്റെ പൂർണ്ണ പിന്തുണ ഉണ്ടായി. കേരള മാധ്യമ ചരിത്രത്തിലെ മുസ്ലിം പ്രാധിനിത്യം അടയാളപ്പെടുത്തിയ അപൂർവ്വത!.


എന്നാൽ ഇതേ ഘട്ടത്തിൽ തന്നെയാണല്ലോ, മുസ്ലിം - ദളിത് രാഷ്ട്രീയ സമരസപ്പെടലിൽ മലബാറിൽ സാമ്രാജത്യ വിരുദ്ധ പോരാട്ടങ്ങൾ ശക്തമാകുന്നത്. ഈ യഥാർത്ഥ്യം കൂടി സ്വദേശാഭിമാനിയുടെ നിലപാട് ചർച്ചകളിൽ ചേർത്തുവായിക്കേണ്ടതാണ്.  സ്വദേശാഭിമാനി പത്രത്തിൻ്റെ ഉദയാസ്തമന കാലഘട്ടത്തിൽ മലബാറിൻ്റെ ഗ്രാമാന്തരങ്ങളിൽ കൊളോണിയൽ വിരുദ്ധ സമരങ്ങളുടെ തീക്ഷണാനുഭവങ്ങളിലൂടെ, സവർണ്ണ ജന്മികളെന്ന സാമ്രാജത്യ ദല്ലാളുകളെ നേരിട്ടു കൊണ്ട് ഒരു ദളിത്-മുസ്ലിം ഐക്യം സാധ്യമാകുന്നു. നിർഭാഗ്യവശാൽ അതേ സമയത്ത് തന്നെ കേരളത്തിൻ്റെ സവർണ്ണ ബോധ നിർമ്മിതിയുടെ അന്യായങ്ങളുടെ പ്രചാരണ വക്താവായ രാമകൃഷ്ണപിള്ള, തന്നിൽ അന്തർലീനമായ ഉന്നതകുലജാതി ചിന്തയുടെ  പ്രസരണോപാധിയാക്കി ദേശഭിമാനിയെ മാനം കെടുത്തി എന്ന് പറയാം. ജാതീയ സമവാക്യങ്ങളിൽ വർഗ്ഗ ബോധം നിലനിർത്തി താഴ്ന്ന ജാതിക്കാരെ അധിക്ഷേപിക്കുന്ന ഒരു സമീപനം തുടർന്നു പോകാൻ പലപ്പോഴും അദ്ദേഹം ശ്രമിച്ചു പോന്നു. 


ബ്രിട്ടീഷ് വിരുദ്ധ സമീപനത്തിലും, ജനാധിപത്യബോധനിർമിതി പ്രവർത്തനങ്ങളിലുമെല്ലാം ശക്തമായി തന്നെ അച്ചുകൾ നിരത്തി ദേശ സ്വാതന്ത്ര നിലപാടുകിൽ കണിശ നിലപാട് പുലർത്തിയ പത്രമാണ് ദേശാഭിമാനി എന്നംഗീകരിക്കുമ്പോഴും. പത്രാധിപരിലെ ജാതി വെറിയുടെ പ്രചാരണ ഉപാധിയായി അധപ്പതിച്ചതിൽ ലജ്ജ തോന്നുന്നു. നിലപാടിലെ ഇത്തരം ദൗർബല്യങ്ങളെ കണ്ടെത്തി, സവർണ്ണാശയ പ്രചരണത്തെ തിരുത്തുക എന്ന കർത്തവ്യത്തെ വക്കം മൗലവി എന്ന നവോത്ഥാന ചിന്തകൻ മറന്നു പോയോ?, അതോ, പ്രതികരണശേഷി സവർണ്ണ വിധേയത്വത്തിന് പണയപ്പെടുത്തിയോ എന്ന് അനുമാനിക്കുന്നതിൽ ശരികേട് കരുതേണ്ടതില്ലല്ലോ?.


 പത്രത്തിൻ്റെ പ്രവർത്തനം തന്നെ നിർത്തലാക്കിച്ച നെയ്യാറ്റിൻകര രാമകൃഷ്ണപിള്ളയുടെ ജാതി വെറി ലേഖനം സ്വദേശാഭിമാനിയുടെ അച്ചുകളിലൂടെ താളിൽ പതിഞ്ഞത് വിളിച്ചോതുന്നത് അതാ ണ്. ആദർശം മുഖമുദ്രയാക്കിയ നവോത്ഥാന നായകന് അൽപ്പം സൂക്ഷ്മത ക്കുറവ് ഉണ്ടായോ?.


1910 ന് പത്രം കണ്ട് കെട്ടുന്നതിലേക്ക്  നയിച്ച നടപടിയുടെ വിശദീകരണങ്ങൾ തീർച്ചയായും ഒരു ദേശസ്നേഹിയുടെ പരിത്യാഗം തന്നെ. കാരണം രാജ്യ വിരുദ്ധ ഉത്തരവുകൾ പുറപ്പെടിവിക്കുന്ന സാമ്രാജത്യ റാൻമൂളികളെ കവഞ്ചിക്ക് (കുതിര ചമ്മട്ടി) അടിക്കണം എന്നെഴുതുന്നത് ദേശസ്നേഹത്തിൻ്റെ ഉത്തമ മാതൃകയല്ലാതെന്ത്?. എന്നാൽ അതിനപ്പുറം ആ ഉത്തരവിൻ്റെ ധാർമിക വശം ജാതി പിത്തത്തിൽ അംഗീകരിക്കാതിരിക്കാനും,  രാമകൃഷ്ണപിള്ളയെന്ന സവർണ്ണ പത്രാധിപരിൽ ഇത്രത്തോളം ക്ഷോപം ഉണ്ടാക്കുന്നതിനു മാത്രം ആ ഉത്തരവ് എന്തായിരുന്നെന്ന് പരിശോധിക്കേണ്ടതുണ്ട്. അപ്പോഴാണ് രാമകൃഷ്ണനെന്ന ദേശാഭിമാനിയേക്കാൾ ജാതി പ്രചാരകനിലെ പൊഴിമുഖം  തുറക്കപ്പെടുക!.


തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാളിൻ്റെ സുമനസ്സിനാൽ, ക്രിസ്തുവർഷം 1910 (കൊല്ലവർഷം 1085) മാർച്ച് - 2 തിയ്യതിയിൽ ദിവാൻസർ രാജഗോപാലാചാരി ഇറക്കിയ ഉത്തരവിൻ പ്രകാരം. ഈഴവർ, ഹരിജൻ മുതലായ തീണ്ടൽ ജാതിക്കാർക്ക് സ്കൂൾ പ്രവേശനം അനുവദിക്കപ്പെടുകയുണ്ടായി. ഈ ഉത്തരവിൽ വെറി പൂണ്ടാണ് രാമകൃഷ്ണപിള്ളയുടെ സവർണ്ണ ബോധത്തിൽ കെട്ടിക്കിടന്നിരുന്ന ജാതിഭൂതം പുറത്ത് വന്നത്. ഇതിനെതിരായി രാമകൃഷ്ണപിള്ളയുടെ ഉന്നതകുലാഭിമാനത്തിൽ നിന്ന് നിർഗളിച്ച വാക്കുകൾ സ്വദേശാഭിമാനിയിൽ അച്ചടിച്ചതിങ്ങനെ:


"ആചാര കാര്യത്തിൽ സർവ്വജനനീയനായ സമത്വം അനുഭവപ്പെടുണമെന്ന് വാദിക്കുന്നവർ ആ സംഗതിയെ ആധാരമാക്കി കൊണ്ട് പാഠശാലകളിൽ കുട്ടികളെ അവരുടെ വർഗ്ഗയോഗ്യതകളെ വക തിരിക്കാതെ നിർദേദം ഒരുമിച്ചിരുത്തി പഠിക്കണമെന്നു ശഠിക്കുന്നതിനെ അനുകൂലിക്കുവാൻ ഞങ്ങൾ യുക്തി കാണുന്നില്ല. എത്രയോ തലമുറകളായി ബുദ്ധി കൃഷി ചെയ്തിട്ടുള്ള ജാതിക്കാരെയും എത്രയോ തലമുറകളായി നിലം കൃഷി ചെയ്തു വന്നിരിക്കുന്ന ജാതിക്കാരേയും ബുദ്ധി കൃഷിക്കാര്യത്തിനായി ഒന്നായി ചേർക്കുന്നതു കുതിരയേയും, പോത്തിനേയും ഒരു നുകത്തിൻ കീഴിൽ കെട്ടുകയാണ്..." 


തികച്ചും വർഗീയപരവും, ഒരു സമുദായാസ്ഥിത്വത്തെ ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന ഇത്തരം വാക്കുകൾ കുറിച്ച ഒരാളെ എന്ത് വിളിക്കണം. വിദ്യനുകരുവാനുള്ള കീഴാളൻ്റെ അവകാശത്തെ മാനിക്കുന്നില്ല എന്ന് മാത്രമല്ല. അവരുടെ കുലമഹിമയെ അവഹേളിക്കുകയും ചെയ്യുന്നു.


വക്കം മൗലവിയെപ്പോലെ ഒരു ധിഷണാശാലിയുടെ ചിന്തയിൽ നിന്നുടലെടുത്ത്, അദ്ധ്വാനം കൊണ്ടുദയം ചെയ്ത സ്വദേശാഭിമാനി പത്രം. നവോത്ഥാന സംസ്കരണത്തിന് മാപ്പിള സമൂഹത്തിൽ പ്രായോഗികമാനം നൽകിയ ദീർഘവീക്ഷകന് പക്ഷേ ജാതി മേൽക്കോയ്മയുടെ വിഷ ലിഖിതങ്ങൾ പടർത്തിയ ജാതി അവഹേളനത്തെ തിരുത്താനായില്ല എന്നത് ഖേദകരം തന്നെ.


രാമകൃഷണപിള്ളയെന്ന സവർണ്ണ നിലപാടുകാരൻ്റെ ആദ്യത്തെ തെറ്റായിരുന്നില്ല ഇത്. അയിത്തോച്ചാടനവും, താഴ്ന്ന ജാതിക്കാരുടെ ഉന്നമനവും ലക്ഷ്യം വെച്ച് പണ്ഡിത് കറുപ്പൻ രചിച്ച 'ബാലകലേശം' എന്ന നാടകകൃതിക്കെതിരേയും ഇത്തരമൊരു നിലപാട് അദ്ദേഹം എടുത്തത് കാണാം. കേരളത്തിൻ്റെ സമൂഹികതയിൽ പടർന്നു പിടിച്ച ജാതി ഭ്രാന്തിനെ  നിശിതമായി വിമർശിക്കുന്ന ഈ രചനയുടെ മൂല്യത്തെ രാമകൃഷ്ണപിള്ള ചെറുത്തത് ബാലിശമായ വഴിയിലൂടെയാണ്.


 ധീവര സമൂദായംഗമായ കറുപ്പൻ്റെ കുലത്തൊഴിലും, ജാതിയെയും അപഹസിക്കുന്ന നിലപാടാണ്, ആശയ ദാരിദ്രം ബാധിച്ച ഈ സോ -കോൾഡ് സാംസ്കാരിക പ്രബുദ്ധനായകൻ പുറത്തെടുത്തത്.


നിർഭാഗ്യകരമായ ഇത്തരം സമീപനങ്ങളെ സമയബന്ധിതമായി നിർത്തിക്കുവാനോ, ആവശ്യമായ തിരുത്തൽ നടപടി എടുക്കുന്നതിനോ വക്കം മൗലവിക്ക്  സാധിച്ചില്ല എന്നത് ഭീരുത്വം തന്നെ.


 സവർണ്ണ വിധേയത്വം കഴുത്തിലണിഞ്ഞ് ജാതി വെറിയുടെ പ്രതിലോമതകളിൽ നിശബ്ദത പുലർത്തിയ വക്കം മൗലവി പിന്നീട് എന്ത് കൊണ്ട് സവർണ്ണ ബോധ നവോത്ഥാന ചരിത്രങ്ങളിലെ മുഖ്യ / ഏക മാപ്പിളയായി ഇടം നേടിയെന്നത് ഊഹിച്ചെടുക്കാം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Model Question by Dr. JR