*മതൃദിനം ഒരു ഓർമ്മപ്പെടുത്തലാണ്*


 *റമളാൻ ചിന്ത 27*


Dr. Jayafar ali Alichethu


*മതൃദിനം ഒരു ഓർമ്മപ്പെടുത്തലാണ്*


മലയാളത്തിൻ്റെ പ്രണയാക്ഷരങ്ങളുടെ കൂട്ടുകാരി കമലാ സുരയ്യയുടെ തൂലികയിൽ പിറന്ന ഒരു ചെറു കഥയാണല്ലോ *അമ്മ.*


*''എത്ര തുണികൾ ഞാൻ അലക്കി കഴിഞ്ഞു, എത്ര ഊണുകൾ ഉണ്ടാക്കി ഊട്ടി, എത്ര തവണ ഉറക്കമൊഴിച്ചിരുന്നു കുട്ടികളെ വളർത്തി..." ഇപ്പോൾ പ്രായമായപ്പോൾ അവർക്കാർക്കും വേണ്ട...*


ജീവിതത്തിൻ്റെ ഒറ്റപ്പെടലിൽ പാഹഡ് ഗഞ്ചിലെ ഒറ്റമുറിയിലേക്ക് കയറി വന്ന ആ അമ്മയുടെ ആത്മഗതം.  മക്കൾക്ക് ഭാരമാകുന്നെന്ന ബോധത്തിൽ, വാർദ്ധക്യ ഭാരവുമേന്തി ജീവിതത്തിൻ്റെ അവസാന ഭാഗം തള്ളി നീക്കുന്ന എത്രയോ ആളുകളെ ചിത്രീകരിക്കുന്ന ഒരു ചെറുകഥ.


 ലളിത ആഖ്യാന ശൈലിയിൽ കഥാകാരി വരച്ചിടുന്ന ഒരു ചോദ്യമുണ്ട്. ആ വൃദ്ധയുടെ മനസ്സിൽ ആനന്ദം നിറക്കുന്ന ഒരു ചോദ്യം!. അതുപോലെ അമ്മേ... എന്ന വിളി വീണ്ടും കേൾക്കുമ്പോൾ ഉൾക്കിടിലം കൊള്ളുന്ന ഹൃദയത്തിൻ്റെ സ്പന്ദനവും... അതെ ഈ കഥ വല്ലാത്തൊരനുഭൂതിയാണ്...


 റോഡരികിൽ വണ്ടി തട്ടി കാലിന് മുറിവ് പറ്റി രക്തം വാർന്നപ്പോൾ സഹായിക്കാനെത്തിയ പാൽക്കാരനും, ടാക്സി ഡ്രൈവറും വിളിച്ചത്, ജീവിത സുഖ-സ്വസ്ഥതക്ക് താനൊരു ഭാരമാണെന്ന് കരുതി ഉപേക്ഷിച്ച മക്കളകന്നപ്പോൾ കേൾവിയറ്റു പോയ രണ്ടക്ഷരം... 


മുറിവ് വെച്ചു കെട്ടുമ്പോൾ ജീവിതത്തിലാദ്യമായി കാണുന്ന ആ ഡോക്ടറുടെ " അമ്മക്ക് വേദനിക്കുന്നുണ്ടോ?. എന്ന ചോദ്യം ഓർമ്മകളെ പിറകോട്ടടിപ്പിക്കുന്നു.

ഒരിക്കൽ തലവേദനയെടുത്തപ്പോൾ ഒന്നു വിശ്രമിക്കാനായി കിടക്കുമ്പോൾ, പത്തു വയസ്സുള്ള മോൻ അരികിലിരുന്നു നെറ്റിയിൽ തലോടി ചോദിച്ച അതേ ചോദ്യം!.  ജീവിതത്തിലെ നല്ല ഓർമ്മയിൽ സൂക്ഷിച്ചിവെച്ച, വർഷങ്ങൾക്ക് മുന്നേ കേട്ട അതേ ചോദ്യം വീണ്ടും കേട്ടിരിക്കുന്നു. അതോർത്തോർത്ത് വാർദ്ധക്യത്തിലുപേക്ഷിച്ച മകനിൽ മനസ്സിലെ വാത്സല്യം പ്രകടിപ്പിക്കുന്ന ഒരമ്മ.


ഹൃദയത്തിൽ വല്ലാത്ത ഒരു നോവായി കേരള നീർമാതളം പടച്ച  ഈ വൃദ്ധയായ അമ്മ... അതുപോലെ കണ്ണുനീർ നോവാകുന്ന 'പാൽപായസ'ത്തിലെ മറ്റൊരമ്മയും... അങ്ങനെ എത്ര എത്ര അമ്മമാർ കഥകളിൽ നൊമ്പരം തീർക്കുന്നു...


മതാ അമൃതാനന്ദമയിയുടെ അമൃതവാണിയിൽ കേട്ട മറ്റൊരമ്മയുടെ കഥ ഓർമ്മ വരുന്നു...

വാർദ്ധക്യ സഹചമായ അസുഖങ്ങൾ അലട്ടുന്ന അമ്മയെ ഒറ്റപ്പെടുത്തുന്ന മകനും, ഭാര്യയും. നിശബ്ദതയോടെ തനിക്കനുവദിച്ച ഒറ്റമുറിയിൽ പരാതിയും, പരിഭവവുമില്ലാതെ കഴിച്ചുകൂട്ടുന്ന വൃദ്ധമതാവ്. അവഗണനയുടെ നീറ്റലുകളിൽ ആശ്വാസ കിരണമായി ഇടക്കൊക്കെ അടുത്തു വന്നിരുന്നു കുസൃതിത്തരങ്ങൾ കാണിക്കുന്ന കൊച്ചു മകൻ. എന്നാൽ ആ സന്തോഷത്തിൽ പോലും മകനും, മരുമകൾക്കും അതൃപ്തിയുണ്ടെന്ന ബോധ്യം തീർക്കുന്ന ഭയം. 


 എങ്കിലും കൊച്ചു കഥകളും, നല്ല ഓർമ്മകളും പങ്കുവെച്ച് തൻ്റെ വാർദ്ധക്യ ഏകാന്തതയെ അവർ കൊച്ചുമോനാൽ കിട്ടുന്ന സമയത്തേ ആനന്ദകരമാക്കി രോഗാവസ്ഥയെ മറക്കുന്നു.


ഒരിക്കൽ ടീച്ചറുടെ ജന്മദിനത്തിന് നൽകാൻ മകനു പൂക്കൾ വാങ്ങിക്കാൻ പോയപ്പോൾ അവൻ മുത്തശ്ശിക്ക് ഒരു റോസാപ്പൂവ് വാങ്ങിച്ചു തരാൻ അച്ചനമ്മമാരോട് പറയുന്നു. എന്നാൽ ടീച്ചർ പാഠഭാഗങ്ങൾ പകർന്നു നൽകുന്നതിനുള്ള ബഹുമാനത്തിനാണെന്നും, മുത്തശ്ശിക്കെന്തിനു നൽകണം എന്ന മറുചോദ്യം. നിഷ്കളങ്കതയോടെ ആ ബാലൻ പറഞ്ഞു; "മുത്തശ്ശി കഥകൾ പഠിപ്പിച്ചു തരുന്നുണ്ടല്ലോ?" എത്ര കെഞ്ചിപ്പറഞ്ഞിട്ടും, മകൻ്റെ ആവശ്യം കേൾക്കാതെ തിരിച്ചു പോരുന്ന രക്ഷിതാക്കൾ. 


ദിവസങ്ങൾക്കകം രോഗിയായ മുത്തശ്ശി മരണപ്പെടുന്നു. ഒരിക്കൽ അച്ചൻ മുത്തശ്ശിയുടെ കുഴിമാടത്തിൽ പൂക്കൾ സമർപ്പിക്കുന്നത് കണ്ട മകൻ ചോദിച്ചു എന്തിനാണിതെന്ന്?. തൻ്റെ സ്നേഹത്തിൻ്റെ പ്രതീകമായ പൂക്കൾ മുത്തശ്ശിയുടെ ആത്മാവിന് സന്തോഷം പകരാനെന്ന മറുപടി കേട്ടപ്പോൾ.  ജീവിച്ചിരുന്നപ്പോൾ ഞാൻ ഒരു പൂവ് ചോദിച്ചപ്പോൾ നൽകിയില്ല. അന്നത് കൊടുത്തിരുന്നെങ്കിൽ മുത്തശ്ശി എത്ര സന്തോഷവതിയായിരിക്കുമെന്ന മകൻ്റെ മറുപടിയും നൽകുന്ന ചിന്ത വലുതല്ലേ?. *ജീവിച്ചിരിക്കുമ്പോൾ നോക്കാൻ മറക്കുന്ന കണ്ണുകൾ, മരണശേഷം പൊഴിക്കുന്ന കണ്ണുനീരിനെന്തർത്ഥം?!.*


 *ജീവിക്കുമ്പോൾ പകർന്നേകട്ടെ കടമകൾ, മരിച്ചടക്കിയിട്ട് പരിഹാസമാകാതെ...*

ലോക മാതൃ ദിനം മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച. ഗ്രീക്ക് ദേവ മാതാവ് റിയോയുടെ ഓർമ്മയിൽ തുടങ്ങി, അമേരിക്കൻ ഐക്യനാടുകളിലെ ആചാരമാക്കി ലോകത്തോളം വളർന്ന ദിനം. പല നാടുകളും, പല രീതിയിൽ കൊണ്ടാടുന്ന കൃതജ്ഞതാ നാൾ...


ഒരമ്മക്ക് ആദരവു നൽകാൻ എന്തിന് പ്രത്യേക ദിനം എന്നല്ല. പകരം അമ്മയെന്ന മഹത്തായ സംജ്ഞയുടെ ത്യാഗങ്ങളോട് ആഗോളമായി കടപ്പാട് പ്രകടിപ്പിക്കാൻ ഒരു ദിനമെങ്കിലും വേണ്ടേ?... 


*ജന്മം കൊണ്ടനുഗ്രഹിച്ചു, ത്യാഗം കൊണ്ട് പരിപാലിച്ച്, സ്നേഹം കൊണ്ട് വളർച്ചയേകി, പ്രാർത്ഥനയാൽ അനുഗ്രഹിച്ച്, കർമ്മം കൊണ്ട് കൃതാർത്തരായി,  നിഷേധത്തിലും നിശബ്ദമായി അവസാനിക്കുന്ന രണ്ടക്ഷരം, അമ്മ!.* ബന്ധങ്ങളിലെ പവിത്രമായ ഒരു മണിച്ചിത്രത്താഴ്, കരുതലിൻ്റെ, തലോടലിൻ്റെ, കാരുണ്യ സ്പർശത്തിൻ്റെ മകുടോതാഹരണം.


 എന്നാൽ പുതിയ കാലത്തെ പ്രയോജന വാദത്തിൽ ആദ്യം പുറം തള്ളപ്പെടുന്ന ഒരു വസ്തുവായി അമ്മമാർ അധ:പതിച്ചുവോ?.


 *മക്കളാൽ സനാഥരെങ്കിലും, ജീവിതം കൊണ്ട് അനാഥരാക്കപ്പെടുന്ന മതാ-പിതാക്കളധികരിക്കുന്ന കാലത്ത്.* അവഗണനയുടെ, നന്ദികേടിൻ്റെ കണ്ണീർ നോവുകൾ  നിത്യ കാഴ്ചയാകുന്ന ഒരു വ്യവസ്ഥയിൽ... ഈ ദിനത്തിനും വലിയ പ്രാധാന്യമുണ്ട്. 


*എന്തിന് ഇങ്ങനെ ഒരു ദിനം?,  എന്ന ചോദ്യത്തിനെക്കാൾ പ്രധാന്യം കൽപ്പിക്കണം, എന്തേ ഈ ദിനത്തിലേക്ക് നാം ചുരുങ്ങിയത്?, എന്നതിന്...*


*ഒറ്റപ്പെടലുകളും, അവഹേളനയും നൽകി അകറ്റി നിർത്തേണ്ടതല്ല നമ്മുടെ മോഡേനിറ്റിയെ അപരിഷ്കൃതമാക്കുന്ന, അയഞ്ഞ വസ്ത്രങ്ങളിലെ ചുളിഞ്ഞ പ്രാകൃത കോലങ്ങളെ.*


 അദ്ധ്വാനം കൊണ്ടവർ നീരാക്കിയ രക്തത്തമൂറ്റി തടിച്ച് കൊഴുത്ത നിൻ്റെ സൗകര്യങ്ങൾ അപ്പാടെ നൽകിയാലും പകരമാകില്ല.  *നിൻ്റെ ശൈശവ കാല മല - മൂത്ര നനവിനാൽ നഷടപ്പെട്ട ഒരു രാത്രിയിലെ ഉറക്കത്തിനു പോലും.*


പരാതി പറയാതെ, പാതി പട്ടിണിയിൽ നിൻ്റെ ഇളം ചുണ്ടിൻ്റെ ചിരിയിലാനന്ദം കണ്ടെത്തിയ നിസ്വാർത്ഥതക്ക് പകരം വെക്കാൻ എന്തുണ്ട് ഈ ജന്മത്തിൽ?. ഓരോ അമ്മയിലേയും സ്വയം സമർപ്പിത, സഹന ദിനങ്ങൾക്ക് കടപ്പാടറിയിക്കാൻ ഈ ദിനമെങ്കിലും നിലനിൽക്കട്ടെ...


 ജീവിച്ചിരിക്കുന്ന, സ്മൃതിയിലാണ്ട അമ്മ തൻ സ്നേഹത്താൽ അലങ്കൃതമാകട്ടെ ഇനിയുള്ള നാളുകൾ... ശുഭദിനം

അഭിപ്രായങ്ങള്‍

Unknown പറഞ്ഞു…
Great sir👍👍
Unknown പറഞ്ഞു…
Great sir👍👍
Most relevant voice for this generation 👌👏

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Model Question by Dr. JR