*റമളാൻ ചിന്ത 4:4* *ഒറ്റ 'മുറി' ദുരന്തങ്ങളാവാതിരിക്കാം'*
Dr.ജയഫറലി ആലിച്ചെത്ത്. മനോരമ ബുക്സ്പ്രസിദ്ധീകരിച്ച ടി.പി.വേണുഗോപാലൻ നായരുടെ 'ദൈവം തിരിച്ചയച്ച പ്രാർത്ഥനകൾ' എന്ന കഥാസമാഹാരത്തിന് വലിയൊരു പ്രത്യേകതയുണ്ട്. കഥാകൃത്ത് തന്നെ വിശേഷിപ്പിച്ചപോൽ ഇതിലെ കഥകൾ ഒറ്റവരിക്കഥകളാണ്. വലിയ ആശയങ്ങളെ ചുരുങ്ങിയ വരികളിലേക്ക് ഒതുക്കി വെക്കുന്ന രചനാരീതി. ഈ പുസ്തകത്തിൻ്റെ പ്രധാന്യം പറയാനല്ല ഈ എഴുത്ത്. അതിലെ ഒരു കഥയുമായി ചേർന്ന് നിൽക്കുന്നതാണ് ഈ ദിനത്തിലെ ചിന്ത. ദൈവം തിരിച്ചയച്ച പ്രാർത്ഥനകൾ എന്ന ഒറ്റവരിക്കഥാ സമാഹാരത്തെ വിശേഷിപ്പിച്ച് ജെസ്ന നാഗൂർ പറഞ്ഞ് വെച്ച ചില വരികൾ ആദ്യമെ പകർത്തട്ടെ. *"എത്ര അക്ഷരങ്ങൾ കൂട്ടിവച്ചാലാണ് ഒരു വാക്കുണ്ടാവുക. ഇനി എത്ര വാക്കുകൾ കൂട്ടിവെച്ചാലാവും ഒരു വരിയുണ്ടാവുക. മനസ്സിലുള്ളവ മുഴുവൻ പറഞ്ഞൊപ്പിക്കണമെങ്കിൽ എത്ര പെട്ടി വാക്കുകൾ കുടഞ്ഞിടണം. പറയാതെ പോയ എത്രയോ വാക്കുകളുടെ ശേഷിപ്പുകൾ ഇപ്പോഴും മനസ്സിലുണ്ടാകും."* അതെ പലപ്പോഴും നമുക്ക് പറയാൻ ഉള്ള വാക്കുകൾ പറയാനാവാതെ പോകുന്നിടത്തോ, പറഞ്ഞു പോയ വാക്കുകളുടെ ദൈർഘ്യം കൊണ്ട് പായാനുള്ളത് പറഞ്ഞ പോലെ ഉൾക്കൊള്ളാനാവാതെ പോകുന്നിടത്തോ ആണ് ഈ കഥാ സമാഹാരത്തിലെ ചില കഥകൾക്ക് പ്രാധാന്യമുള്ളത്...