റമളാൻ ചിന്ത - 29

 

*റമളാൻ ചിന്ത - 29*

Dr. ജയഫർ അലി ആലിച്ചെത്ത്

 *സന്തോഷം*

കിഴക്കൻ സംസ്കാരങ്ങളിൽ peace, contentment, wellbeing, mindfulness, meaningful, purposeful life (eudaimonic) ആണ് സന്തോഷം. പാശ്ചാത്യ സംസ്കാരങ്ങളിൽ pleasure, comfort, enjoyment (hedonic). മറ്റെല്ലാ കാര്യത്തിലുമെന്ന പോലെ ലോകം മൊത്തം അന്ധമായി പടിഞ്ഞാറിനെ പിന്തുടരുകയാണ്. 75 വർഷം നീണ്ട, ഒരു പക്ഷേ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ, ഹാർവാർഡ് യൂണിവേഴ്സിറ്റിയുടെ മനുഷ്യരെക്കുറിച്ചുള്ള The Grant Study പഠനം പറയുന്നത് *മനുഷ്യരെ സന്തുഷ്ടരാക്കുന്നത് പണമോ പ്രശസ്തിയോ സൗകര്യങ്ങളോ അല്ല, മറിച്ച് കുടുംബവും ബന്ധങ്ങളും സാമൂഹിക ജീവിതവുമാണെന്നാണ്.*

ക്യാപ്റ്റന്‍ ജാക്ക് സ്പാരോ ഒരിക്കല്‍ പറഞ്ഞു: *'പ്രശ്‌നങ്ങളൊന്നും തന്നെ പ്രശ്‌നങ്ങളല്ല. പ്രശ്‌നങ്ങളോടുള്ള നമ്മുടെ മനോഭാവമാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്.*' അതെ നാം തന്നെയാണ് നമ്മിലെ സന്തോഷവും, സന്താപവും സൃഷ്ടിച്ചെടുക്കുന്നത്. ജീവിതത്തിന് ഏത് നിറം സ്വീകരിക്കണമെന്ന് നമ്മുടെ ചോയ്സാസാണ്. വിഷാദത്തിൻ്റെ ഇരുണ്ട വഴിയും, സന്തോഷത്തിൻ്റെ വർണ്ണനങ്ങളും നമുക്കുള്ളിലാണ് ഉടലെടുക്കുന്നത്.

ഒരു സൂഫി പുരോഹിതന്‍റെ കഥ കേട്ടിട്ടുണ്ട്. അദ്ദേഹം എപ്പോഴും സന്തോഷവാനായിരുന്നു. സന്തോഷത്തോടെയല്ലാതെ അദ്ദേഹത്തെ ആരും കണ്ടിട്ടു തന്നെയില്ല. വളരെ പ്രായമായ അദ്ദേഹത്തോട് ഒരാള്‍ ചോദിച്ചു, "അങ്ങേയ്ക്ക് എങ്ങനെ ഇത്ര സന്തോഷിക്കാന്‍ കഴിയുന്നു? അതിന്‍റെ രഹസ്യം എന്താണ്?". അദ്ദേഹം പറഞ്ഞു, "എല്ലാ ദിവസവും രാവിലെ കണ്ണു തുറക്കുമ്പോള്‍ എനിക്ക് രണ്ട് വഴികളാണുള്ളത്. ഒന്നുകില്‍ സന്തോഷവാനായി ആ ദിവസത്തെ വരവേല്‍ക്കാം. അല്ലെങ്കില്‍ ദുഖങ്ങളും ആശങ്കകളുമായി ആ ദിവസത്തെ നേരിടാം. സന്തോഷത്തിന്‍റെ വഴിയാണ് ഞാന്‍ എന്നും തെരഞ്ഞെടുക്കാറ്."

അരിസ്റ്റോട്ടിലിൻ്റെ നിർവചനപ്രകാരം
*'സന്തോഷമാണ് ജീവിതത്തിന്റെ അര്‍ഥവും ഉദ്ദേശ്യവും, അതാണ് മനുഷ്യ നിലനില്‍പിന്റെ ലക്ഷ്യവും'.* ജെയിംസ് മോണ്‍ടിയര്‍ എന്ന പ്രശസ്ത മനഃശാസ്ത്രജ്ഞന്‍ 'സന്തോഷത്തിന്റെ മനഃശാസ്ത്രം' എന്ന വിഷയത്തില്‍ നടത്തിയ ഗവേഷണ റിപ്പോര്‍ട്ടില്‍ സന്തോഷത്തിന്റെ മൂന്ന് ഘടകങ്ങളെക്കുറിച്ച് പറയുന്നുണ്ട്.  സന്തോഷത്തിൻ്റെ പകുതിയോളം (50%) നമ്മുടെ പാരമ്പര്യ ഘടകങ്ങളായ നിറം, ആകാരം, ധിഷണത, പരിമിതികൾ പോലുള്ളവയുമായി
ബന്ധപ്പെട്ടിരിക്കുന്നു. ബാക്കിയുള്ളതിൽ 10% നമ്മുടെ ഭൗതിക  ചുറ്റുപാടുകളോ, നേട്ടങ്ങളിലോ അടിസ്ഥാനപ്പെട്ടിരിക്കുന്നു. സാമ്പത്തികം, ജീവിത സാഹചര്യങ്ങൾ, സാമൂഹിക സ്വീകാര്യത പോലുള്ളവയാണ് അതിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ രണ്ട് ഘടകങ്ങളും നമ്മുടെ പരിധിയിൽപ്പെട്ടതല്ല എന്ന് പറയാം.  എന്നാൽ ഭൗതികതക്ക് നൽകാനാവാത്ത ഒരാത്മസംതൃപ്തി ആത്മീയ വഴികളിൽ സമർപ്പിക്കുമ്പോൾ നേടാനാകുന്നതാണ് മൂന്നാമത്തേത്. ആത്മീയനിർവൃതിയിൽ സംതൃപ്തി കണ്ടെത്തുന്ന ഒരാൾക്ക് പരമ്പര്യ, ഭൗതിക സാഹചര്യങ്ങളിലെ നിരാശാ ബോധത്തെ മറികടക്കനവുന്നു. ഉദാഹരണത്തിന് സൗന്ദര്യക്കുറവുള്ള  ഒരാളോ, ദരിദ്രനായ ഒരു വ്യക്തിയോ തങ്ങളുടെ നിർഭാഗ്യാവസ്ഥയിൽ പരിതപിച്ചിരിക്കാതെ ദൈവനിശ്ചയമായി അതിനെ കാണാൻ പറ്റുന്നത ചിന്താ വ്യാപ്തി നേടുന്നു. അതോടെ ആത്മീയ സന്തോഷത്തിനൊപ്പം, പാരമ്പര്യ, ഭൗതിക സന്തോഷങ്ങൾ കൂടി കൈവരിക്കാനയാൾക്ക് സാധിക്കുന്നു. ഒരു രാത്രി മുഴുവൻ ഉറക്കമൊഴിച്ച് മദ്യവും, മയക്കുമരുന്നുപയോഗിച്ചാനന്ദം കണ്ടെത്തുന്നവനും, ആത്മീയ സംതൃപ്തി തേടി ഉറക്കം ഒഴിച്ചവനേയും ഒന്ന് താരതമ്യം ചെയ്താൽ, ലഹരിയുടെ കെട്ടിറങ്ങിയാൽ ഉണ്ടാവുന്ന നഷ്ടബോധവും, പ്രാർത്ഥിച്ചവനിലുണ്ടാകുന്ന  പരമാനന്ദവും തന്നെയാണതിൻ്റെ വിത്യാസം. ഭൗതിക സന്തോഷങ്ങൾ നൈമിഷികവും, ആത്മീയ സന്തോഷങ്ങൾ സുദീർഘവുമാണ്.

ഒരിക്കൽ സൂഫി ഗുരിവിനടുത്തെത്തി സന്തോഷത്തിൻ്റെ നിർവചനം തേടുന്നു ഒരാൾ. വന്നയാളുടെ കൈകൾ നീട്ടിപ്പിടിക്കാൻ പറഞ്ഞ് അൽപ്പം നാണയ തുട്ടുകൾ കയ്യിൽ വെച്ച് കൊടുക്കുന്നു. വന്നയാക്ക് വല്ലാത്ത സന്തോഷം തോന്നി, ഉടനെ കൂടുതൽ നാണയങ്ങൾ കയ്യിൽ വെച്ച് നൽകുന്നു. എന്നാൽ കൂടുതൽ നാണയങ്ങൾ വന്നപ്പോൾ കൈകളിൽ നിന്നുതിർന്ന് വീഴാൻ തുടങ്ങുന്നു. അയാളുടെ ചിരി മാറി താഴെ വീഴുന്ന നാണയങ്ങളെപ്പറ്റി ആശങ്ക ഉണ്ടാവുന്നു. സൂഫി ചിരിച്ച് ഒന്നും ഉരിയാടാതെ ധ്വാനത്തിൽ മുഴുകുന്നു. *ഉള്ളതിൽ തൃപ്തിയടയുക എന്നതാണ് സന്തോഷം, അധികമാഗ്രഹിച്ച് ഉള്ളതിനെ കാണാതിരിക്കരുത്.*

സന്തോഷം നിങ്ങൾക്ക് എന്ത് നൽകാൻ കഴിയും എന്നതിനെ ആശ്രയിച്ചാണ്, നിങ്ങൾക്ക് എന്ത് ലഭിക്കും എന്നതിനെ ആശ്രയിച്ചല്ല എന്ന സ്വാമി ചിന്മയാനന്ദയുടെ വചനം ചിന്തനീയം തന്നെ. എല്ലാം ഒരുക്കി കൂട്ടുന്ന മനസ്സിനേക്കാൾ പകുത്തു നൽകുന്നതിലാണ് നാം കൂടുതൽ ആഹ്ലാദഭരിതരാകുന്നത്.

*മറ്റുള്ളവർ സന്തുഷ്ടരായിരിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അനുകമ്പ പരിശീലിക്കുക. നിങ്ങൾക്ക് സന്തോഷമായിരിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, അനുകമ്പ പരിശീലിക്കുക* എന്ന ദലൈലാമയുടെ നിർവചനവും സന്തോഷത്തിൻ്റെ ലാളിത്യത്തെ കാണിക്കുന്നു. സന്തോഷത്തിൻ്റെ വഴികൾ വ്യത്യസ്ഥമാണ്, വ്യതിരിക്തവുമാണ്. താന്‍ സന്തോഷവാനായിരിക്കും എന്ന് ഒരുവന്‍ എപ്പോള്‍ തീരുമാനിക്കുന്നുവോ, അവൻ എന്നും സന്തോഷവാനായിരിക്കും. അവനെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ആര്‍ക്കും ആവില്ല. അത്രയും ലളിതമായൊരു പ്രക്രിയയാണ് സന്തോഷം.

ശുഭദിനം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Model Question by Dr. JR