റമളാൻ ചിന്ത - 20

Dr.ജയഫർ അലി ആലിച്ചെത്ത്


*ചിന്ത*




ജീവിതത്തിൻ്റെ അർത്ഥ തലങ്ങൾ മനസ്സിലാക്കാതെ ആയുസ്സ് ഒടുക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്?. ജീവിക്കാൻ അവസരം ലഭിച്ചിട്ട് ജീവിച്ചിരുന്നു എന്ന് ബോധ്യപ്പെടാതെ ജീവിക്കുന്ന എത്രയോ പേർ നമുക്കിടയിൽ!. ഒരു പക്ഷേ അതിൽ ചിലപ്പോൾ ഞാനും, നിങ്ങളുമെല്ലാം ഭാഗവത്തായിരിക്കും, മാത്രമല്ല ഇത്തരം നിശ്ചലതയുടെ മുരടിപ്പ് നമ്മെയും ഗ്രസിച്ചിരിക്കാം, ജീവിതത്തിൻ്റെ അടിസ്ഥാന ലക്ഷ്യങ്ങൾ മറന്നു കൊണ്ട് സ്വപ്ന ലോകത്ത് എന്ന പോൽ ജീവിച്ചു മരിക്കുന്ന നിർഭാഗ്യകരമായ സാഹചര്യം. *ഭൂമിയിൽ ഉണ്ടായിരുന്നു  എന്നടയാളപ്പെടുത്തലുകൾ ഒന്നുമില്ലാതെ, ജീവിച്ചിരുന്നെന്നതിൻ്റെ ഒരു തെളിവുമവശേഷിപ്പിക്കാതെ കൊഴിഞ്ഞു പോകുന്നു ബഹുഭൂരിപക്ഷവും.* ജീവിതത്തിൽ വലിയ ചിന്തകൾ പുലർത്തി, ലളിതമായ യാഥാർത്ഥ്യങ്ങളിൽ നിന്നകന്ന് കെട്ടിപ്പടുക്കുന്ന സ്വപ്നാടനങ്ങൾക്ക് വിജയിക്കാനാവുമെന്ന് വിശ്വസിക്കുന്നതെങ്ങനെ?.


മറ്റുള്ളവരെ ബുദ്ധിയുപദേശിച്ച് നന്നാക്കിയെടുക്കാൻ സത്യത്തിൽ വല്ലാത്തൊരാവേശം നമ്മിലെല്ലാം ഉണ്ടാവാറുണ്ട്. എന്നാൽ സ്വയാനുഭവങ്ങളിൽ അത്തരം താത്വിക നിലപാടുകൾ പ്രായോഗിക വത്കരിക്കാൻ കൂടുതൽ പേർക്കും സാധിക്കാതെ പോകുന്നു.  *ചിലരുടെ ഉന്നത കാഴ്ചപ്പാടുകൾ തന്നെ ജീവിത പരാജയത്തിൻ്റെ അടിസ്ഥാന ഘടകമായി മാറാറുമുണ്ടല്ലോ?.* കാരണം നിത്യജീവിതത്തിൻ്റെ ചലനങ്ങൾക്കനുസരിച്ച് പദ്ധതികൾ ആവിഷ്കരിക്കാൻ പലപ്പോഴും സാധിക്കുന്നില്ല. ചിന്തിച്ച് കൂട്ടുന്നതൊക്കെ ഒരു മനുഷ്യായുസ്സിന് പൂർത്തീകരിക്കാനോ, എത്തിപ്പിടിക്കാനോ സാധിക്കുന്നതല്ല എന്നതാണതിൻ്റെ കാരണം. 


*ചെറിയ ചിന്തയും വലിയ ജീവിതവും നമ്മുടെ കൈപ്പിടിയിലൊതുങ്ങുമെന്നതിൽ സംശയം ഇല്ല. എന്നാൽ ഒരാൾക്ക് എടുത്താൽ ഉയർത്താനാകാത്തത്ര വലിയ ആശയങ്ങൾ കൊണ്ട് രൂപപ്പെടുത്താവുന്നതാണ് ജീവിതം എന്ന് കരുതിയാൽ എന്ത് പറയാൻ?.* ഏറ്റവും ലളിതമായി എത്തിപ്പിടിക്കാമായിരുന്ന ആനന്ദങ്ങളേയും, സംതൃപ്തികളേയും ബലികൊടുത്ത് നിത്യ നിരാശയിലേക്ക് സ്വയം എടുത്തെറിയപ്പെടുകയാണ് അത്തരക്കാർ. 


*ജീവിതം എന്ന തത്വം എത്രയോ ലളിതമാണ്; ഒരു ശ്വാസമെടുപ്പിനിടയിൽ ഒതുക്കി നിർത്താവുന്ന മൂന്നക്ഷരം.* ജനിക്കുമ്പോൾ എടുക്കുന്ന ആദ്യ ശ്വാസം തിരിച്ചുവിടാനാകുന്നില്ലെങ്കിൽ, അല്ലെങ്കിൽ പുറത്ത് വിട്ട ശ്വാസം തിരിച്ചെടുക്കാനാവുന്നില്ലെങ്കിൽ തീർന്നെന്ന് വിധിയെഴുതുന്ന നിസ്സാര വസ്തുത!. അതിനായി എന്തെല്ലാം ഒരുക്കങ്ങളാണ് മനുഷ്യർ നടപ്പാലിക്കിക്കൊണ്ടിരിക്കുന്നത്. *ആകാശത്തെ അമ്പിളിയെ പിടിക്കാൻ നടന്ന് കയ്യിലെ വിളക്ക് നഷ്ടപ്പെടുന്നവൻ്റെ അവസ്ഥ* യോടുപമിക്കാനാണ് തോന്നുന്നത്.


ഒരിക്കൽ ധനികനായ ഒരു വ്യാപാരി തൻ്റെ വിശ്വസ്തനായ ഭൃത്യനുമായി ഒരു യാത്ര പുറപ്പെടുന്നു. രാത്രി വഴിയിൽ കണ്ട ഒരു സത്രത്തിൽ കഴിച്ചു കൂട്ടാൻ അവർ തീരുമാനിച്ചു. ഉറങ്ങാൻ നേരം തൻ്റെ പക്കലുള്ള വില പിടിപ്പുള്ള ചരക്കുകൾ മോഷ്ടിക്കപ്പെടുമോ എന്ന ഭയം വ്യാപാരിക്കുണ്ടാവുന്നു. ഭൃത്യനോട് ഉറങ്ങരുതെന്നും, അതിനായി വലിയ കാര്യങ്ങൾ ചിന്തിച്ചുകൊണ്ടിരിക്കുക എന്നു പദേശിക്കുന്നു. 


അങ്ങനെ ഭൃത്യനെ ചരക്കുകൾക്ക് കാവൽ നിർത്തിയ ആശ്വാസത്തിൽ വ്യാപാരി ഉറങ്ങുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ഉറക്കമുണർന്ന വ്യാപാരി ഭൃത്യൻ എന്ത് ചിന്തിക്കുന്നെന്നന്വേഷിക്കുന്നു. അപ്പോൾ നക്ഷത്രങ്ങളെ ആകാശത്ത് പിടിപ്പിക്കാൻ ദൈവം ഉപയോഗിച്ച ഏണി ഏതാണെന്ന് ആലോചിക്കുകയാണെന്ന് പറയുന്നു. വ്യാപാരി സന്തോഷത്തോടെ ഉറക്കത്തിലേക്ക് വഴുതി. അൽപ്പസമയത്തിന് ശേഷം വീണ്ടും ഉറക്കമെണീറ്റ് ഭൃത്യൻ എന്താണ് ആലോചിക്കുന്നെതെന്നന്വേഷിക്കുന്നു. അപ്പോൾ ഭൃത്യൻ പറഞ്ഞു, "ഈ നദികൾ കുഴിച്ചെടുത്തപ്പോൾ കിട്ടിയ മണ്ണ് ദൈവം എവിടെ നിക്ഷേപിച്ചു" എന്നതാണ്. വ്യാപാരി തൻ്റെ ഭൃത്യൻ്റെ ഉന്നത ചിന്താ കാഴ്ചപ്പാടുകളിൽ അഭിമാനം കൊണ്ട് വീണ്ടും ഉറങ്ങി. പ്രഭാതത്തിൽ ഉറക്കമെണീറ്റ വ്യാപാരി ഭൃത്യനെ നോക്കിയപ്പോൾ ഗഹനമായ ചിന്തയിലാണ്ടിരിക്കുകയായിരുന്നു. കാര്യം എന്താണെന്ന് അന്വേഷിച്ചപ്പോൾ ഭൃത്യൻ പറഞ്ഞു. "അല്ല, ഇതിനിടയിൽ ഒരനക്കവുമില്ലാതെ നമ്മുടെ പെട്ടികൾ ആര് മോഷ്ടിച്ച് കൊണ്ടുപോയി എന്ന് ചിന്തിക്കുവായിരുന്നു ഏമാനെ". വ്യാപാരി ഞെട്ടിപ്പോയി.


പലപ്പോഴും നമ്മുടെ ജീവിതകാഴ്‌ചപ്പാടുകളും, ചിന്തകളും ഇത്തരത്തിൽ യഥാർത്ഥ്യബോധമില്ലാത്തവയാകുന്നു. *പ്രായോഗിക വശങ്ങളെ കുറിച്ച് തെല്ലും ആലോചിക്കാതെ, അയാതാർത്ഥ്യ ജീവിതത്തിനായി നമ്മുടെ മൂല്യവത്തായ ജീവിതായുസ്സ് മെഴുക് പോൽ ഉരുകിത്തീർക്കുന്നു.* സ്വപ്ന ലോകത്തെ ഈ നിശാ പ്രയാണങ്ങൾക്ക് പക്ഷെ പ്രായോഗിക ജീവിതവുമായി ഒരു ബന്ധവും ഉണ്ടാവുന്നില്ല എന്നതാണ് വസ്തുത.  ഇത്തരം വസ്തുനിഷ്ഠമല്ലാത്ത ചിന്തകൾ കൊണ്ട് മഹനീയമാം ജീവിതം നഷ്ടത്തിലാകാതിരിക്കട്ടെ എന്നാശംസിക്കുന്നു.


ശുഭദിനം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Tarikh-i-Firoz Shahi