റമളാൻ ചിന്ത - 5
*ആരോഗ്യവും, സമയവും*
Dr.ജയഫർഅലി ആലിച്ചെത്ത്
സമയവും, ആരോഗ്യവും സൃഷ്ടി ജാലങ്ങൾക്ക് ലഭിച്ച മഹത്തരമായ രണ്ട് അനുഗ്രഹങ്ങൾ! പലപ്പോഴും ഒന്നിൽ മറ്റൊന്ന് നിക്ഷിപ്തം. പക്ഷേ മനസ്സിലാക്കിയെടുത്ത് ക്രിയാത്മകമായി ഉപയോഗപ്പെടുത്തുവാൻ മറന്നു പോകുന്നു പലരും. *ആരോഗ്യമുള്ളപ്പോൾ സമയത്തിൻ്റെ മൂല്യവും,സമയമുള്ളപ്പോൾ ആരോഗ്യത്തിൻ്റെ പ്രാധാന്യവും നമുക്ക് മനസ്സിലാകണമെന്നില്ല!*
പ്രവാചക അനുയായി ഇബ്നു മസൂദ് ഒരിക്കൽ ഇങ്ങനെ പറയുകയുണ്ടായി, *"ആയുസ്സില്‍ നിന്ന് ഒരു ദിവസം കുറഞ്ഞു പോകുകയും അതില്‍ കര്‍മ്മങ്ങളൊന്നും ചെയ്യാന്‍ കഴിയാതെ പോകുകയും ചെയ്ത ഒരു ദിവസത്തെ കുറിച്ച് ഖേദിച്ചത്ര ഞാന്‍ മറ്റൊന്നിനെക്കുറിച്ചും ഖേദിച്ചിട്ടില്ല"*
സമയവും, ആരോഗ്യവും എക്കാലത്തും നിലനിൽക്കുമെന്ന മൗഢ്യ ധാരണയിലാണ് ബഹുഭൂരിപക്ഷം ആളുകളും. എന്നാൽ *ആയുസ്സിൻ്റെ മൂന്നിൽ ഒരു ഭാഗം മാത്രമാണ് ആരോഗ്യത്തോടെ ജീവിക്കാനാവുന്നതെന്നും, ആരോഗ്യമുള്ള കാലത്താണ് സമയത്തിൻ്റെ വില മനസ്സിലാകാത്തതെന്നും നാം ചിന്തിക്കാറുണ്ടോ?.*
ബാല്യത്തിനും വാർദ്ധക്യത്തിനുമിടക്ക് അനുഗ്രഹമായി ലഭിക്കുന്ന ആരോഗ്യ ഘട്ടം എത്രത്തോളം നിർമ്മാണാത്മകവും, ജീവിതോപകാരപ്രദവുമാണെന്ന പുന:പരിശോധന നടത്തേണ്ടതുണ്ട്.
മനുഷ്യന്‍ വഞ്ചിക്കപ്പെടുന്ന രണ്ട് അനുഗ്രഹങ്ങള്‍ ആരോഗ്യവും ഒഴിവു സമയവുമാണെന്ന പ്രവാചക വചനം പുതിയ കാലത്ത് പകല്‍ വെളിച്ചം പോലെ പ്രകടമാണ്.
*ആരോഗ്യമുള്ളപ്പോൾ സമയനഷ്ടം വരുത്താൻ മടി കാണിക്കാതിരിക്കുകയും, ആരോഗ്യം ക്ഷയിക്കുമ്പോൾ സമയ ദൈർഘ്യത്തിൽ പരിതപിക്കുകയും ചെയ്യുക എന്നത് ദൗർഭാഗ്യകരം തന്നെ!* ആരോഗ്യ ചിട്ടയും, സമയക്രമീകരണവും ജീവിത വിജയത്തിൻ്റെ അടിസ്ഥാന തത്വങ്ങളാണെന്നത് നാം മറന്നു കൂടാ... സമയത്തിനും, ആരോഗ്യത്തിൻ്റെയും മഹത്വമറിയിക്കുന്ന ഒരു സംഭവം പറയട്ടെ?
അബ്ബാസിയാ ഭരണാധികാരി ജഅഫർ അൽ മൻസൂറിൻ്റെ കൊട്ടാരത്തിൽ രാജ്യത്തിലെ പ്രമുഖനായ ഒരഭ്യാസി വന്ന് തൻ്റെ പ്രകടനം കാണാൻ ഖലീഫയേയും, മുഖ്യ ഉദ്യോഗസ്ഥരേയും ക്ഷണിച്ചു. തിരക്കുകൾ മാറ്റി വെച്ച് അതിഥിയുടെ കായിക പ്രകടനം കാണാൻ കൊട്ടാരയങ്കണം സജ്ജമായി. അങ്ങിനെ നിശ്ചയിക്കപ്പെട്ട സമയമടുത്തപ്പോൾ വലിയ അഭിമാനത്തോടെ തൻ്റെ കഴിവ് പ്രകടിപ്പിക്കാൻ അയാൾ ഒരുങ്ങി. ആദ്യഘട്ടത്തിൽ എണ്ണമറ്റ സ്ഫടിക പാത്രങ്ങൾ കൂട്ടിമുട്ടി ഉടയാതെ അമ്മാനമാടി അയാൾ സദസ്സിനെ കോരിത്തരിപ്പിച്ചു. കാഴ്ചക്കാരെ ആശ്ചര്യപ്പെടുത്തി അടുത്ത അഭ്യാസത്തിനായി അയാൾ തൻ്റെ ഭാണ്ഡത്തിൽ കരുതിയ സൂചികൾ പുറത്തെടുത്തു. ഓരോ സൂചിയും നിശ്ചിത അകലത്തിൽ നിലത്ത് വിരിച്ചു. നൂറു കണക്കിനായ സൂചിമുനയിലേക്ക് ഉന്നം പിഴക്കാതെ കൈകളിലെ സൂചി പതിക്കുമ്പോൾ സദസ്സിൽ കരഘോഷം മുഴങ്ങി.
തൻ്റെ കായിക പ്രകടനത്തിൽ അഭിമാന പുളകിതനായ അഭ്യാസി തലയുയർത്തി ഖലീഫയെ നോക്കി. സദസ്സ് നിശബ്ദമായി ഖലീഫയുടെ അഭിപ്രായപ്രകടനത്തിന് കാതോർത്തു. ഖലീഫ ആയിരം സ്വർണ്ണ നാണയം സമ്മാനം നൽകാൻ ഉത്തരവിട്ടപ്പോൾ സദസ്സ് ഒന്നടങ്കം ആവേശത്തിലായി.എന്നാൽ തൊട്ടടുത്ത നിമിഷം തന്നെ നൂറ് ചാട്ടവാറടികൂടി അഭ്യാസിക്ക് നൽകണമെന്ന ഉത്തരവ് സദസ്സിനെ അമ്പരപ്പിച്ചു. എന്തുകൊണ്ടാണ് ഈ വിചിത്രവിധിയെന്ന് അന്വേഷിച്ച സദസ്സിനോട്, അഭ്യാസപ്രകടനത്തിൽ അദ്ദേഹം പുലർത്തിയ മികവിനാണ് സ്വർണ്ണ നാണയമെന്നും, എന്നാൽ സമൂഹത്തിന് ഒരു ഗുണവും നൽകാത്ത ഒരഭ്യാസത്തിന് വേണ്ടി തൻ്റെ ആരോഗ്യകാലത്തെ വിനിയോഗിച്ചതിനും, നിർമാണാത്മകമല്ലാത്ത ഒരഭ്യാസത്തിന് വേണ്ടി രാജ്യത്തിൻ്റെ ഭരണ കർത്താക്കളുടെ സമയം കവർന്നെടുത്തതിനുമാണ് ശിക്ഷയെന്നും പറയുകയുണ്ടായി.
ക്രിയാത്മകവും, നിർമ്മാണാത്മകവുമല്ലാത്ത വഴിയിൽ ചിലവിടുന്ന സമയവും, ആരോഗ്യവും ജീവിത വിജയത്തിന് വിലങ്ങുതടിയാണെന്ന് മനസ്സിലാക്കി ആരോഗ്യ കാലത്ത് ഗുണകരമായ രീതിയിൽ സമയക്രമീകരണം നടപ്പിലാക്കി വിജയ പരിശ്രമം നടത്താനാവട്ടെ എന്നാശംസിക്കുന്നു.
ഏപ്രിൽ 7, ലോകാരോഗ്യദിനത്തിൻ ഭാവുകങ്ങൾ
അഭിപ്രായങ്ങള്‍