റമളാൻ ചിന്ത - 3



Dr. ജയഫർ അലി ആലിച്ചെത്ത്


*കണക്കു പുസ്തകമില്ലാത്ത പ്രകൃതിജീവിതം*


ജീവിതത്തിൽ അതിർവരമ്പുകൾ നിർണ്ണയിക്കുന്നത് മനുഷ്യ സഹചമായൊരു ദൗർബല്യമാണല്ലോ?. സമ്പത്തിനും, സൗഹൃദത്തിനും, സ്നേഹത്തിനുമൊക്കെ സ്വാർത്ഥമായ ചില നിബന്ധനകളാൽ വേലി തീർത്ത് സ്വാഭാവികത നഷ്ടപ്പെടുത്തുക എന്ന ദൗർഭാഗ്യകരമായ അവസ്ഥ. കണക്ക് പുസ്തകത്തിൽ ലാഭം തിരയാൻ, തനിക്ക് നേട്ടമുള്ളതിൽ മാത്രം നോട്ടം എത്തിക്കുന്ന പരിഹാസ്യത. ഭൂമിയിലേക്ക് അവതരിച്ചത് ശൂന്യതയുടെ മുഷ്ടി മടക്കിയാണെന്നും, മടക്കം, ഒന്നുമില്ലായ്മയുടെ മലർത്തിപ്പിടച്ച കരങ്ങളാലാണെന്നും മറന്നു പോകുന്നു മർത്യൻ. നശ്വരമായ ഈ ഇയ്യാം പാറ്റ ജീവിതം എക്കാലത്തേക്കും നിലനിർത്താനാവുമെന്ന മൗഢ്യധാരണയിലഭിരമിക്കുന്ന അനർത്ഥങ്ങൾ. താനായിട്ട് പടുത്തുയർത്തിയ അഹങ്കാരത്തിൻ്റെ വൻമതിലുകൾക്കുളളിൽ സാമ്രാട്ടായി വഴുന്നവരറിയുന്നില്ല! തല താഴ്ത്തി നോക്കിയാൽ കാണാവുന്ന അതിരുകളില്ലാത്ത സ്നേഹോഷ്മളതയെപ്പറ്റി. എല്ലാത്തിൻ്റെയും പരമാധികാരിയായി സ്വയം നിർണ്ണയിക്കുകയും, ഇടപെടലുകളിൽ പോലും ലാഭം കാംക്ഷിക്കുകയും ചെയ്യുന്നവരറിയുന്നുണ്ടോ, *നാൽപ്പതിനായിരത്തി എട്ട് കിലോമീറ്ററുകൾ താണ്ടി അതിനുള്ളിലെ വൈചാത്യങ്ങൾ ദർശിക്കാൻ പോലും തികയാത്ത ജീവിതത്തിൻ്റെ ജനന-മരണ ബാറ്റണുകളേന്തിയാണ് കഴിഞ്ഞുകൂടുന്നെതെന്ന്.*

സ്വാർത്ഥതയുടെ അപ്പോസ്തലന്മാരായി കഴിഞ്ഞുകൂടുന്ന നാം നായയിൽ നിന്ന് ഗുണപാഠം ഗ്രഹിച്ച സൂഫിയുടെ ജീവിതം മനസ്സിലാക്കേണ്ടതുണ്ട്. ആശ്രമത്തിലെ ആത്മീയാരാമത്തിൽ ലളിത ജീവിതം നയിച്ചുകൊണ്ടിരുന്ന അദ്ദേഹം, തൻ്റെ കൈവശമുണ്ടായിരുന്ന ധർമ്മ പാത്രത്തിന് വലിയ പ്രാധാന്യം കൽപ്പിച്ചിരുന്നു. ആത്മീയ ജീവിതത്തിൻ്റെ അലങ്കാരമായ പാനപാത്രം തൻ്റെ നിലവിൽപിൻ്റെ ആധാരമാണെന്ന ധാരണ വെച്ചു പുലർത്തിയ സൂഫി. യാത്രകളിലും, നിദ്രാവേളയിലുമെല്ലാം അത് സൂക്ഷിച്ചു വെച്ചു. ഒരിക്കൽ തൻ്റെ അദ്ധ്യാത്മിക യാത്രക്ക് പുറപ്പെട്ട അദ്ദേഹം വഴിമധ്യേ ദാഹം കൊണ്ട് പൊറുതിമുട്ടി. വിശ്രമവേളയിലെവിടെയോ വെച്ച് മറന്ന തന്നെ പാനപാത്രം നഷ്ടപ്പെട്ടതിൽ കുണ്ഡിതപ്പെട്ട് നദിക്കരയിലേക്ക് നടന്ന് കൊണ്ടിരിക്കുകയായിരുന്നയദ്ദേഹം, തൻ്റെ മുന്നിലൂടെ നദിയിലേക്കിറങ്ങി വെറും നാക്കുകൊണ്ട് ദാഹം ശമിപ്പിക്കുന്ന നായയെ കണാനിടയായി. സൂക്ഷിപ്പുകളൊന്നുമില്ലാതെ, സ്വാഭാവിക ജീവിതമെന്ന മഹത് സന്ദേശം ഉൾകൊള്ളാൻ പ്രാപ്തമാക്കിയ സാഹചര്യത്തിന് നന്ദിയർപ്പിച്ചു കൊണ്ട് അദ്ദേഹം കരങ്ങിൽ മുക്കിയെടുത്ത തെളിനീരിനാൽ ദാഹം ശമിപ്പിച്ചു. പിന്നീടൊരിക്കലും, ഒന്നിനു വേണ്ടിയും ഒരിക്കിക്കൂട്ടലുകൾ നടത്താനും, അതിർവരമ്പുകൾ നിർണ്ണയിക്കാനും അദ്ദേഹം മുതിർന്നിട്ടില്ല. 


*ജീവിതത്തിൻ്റെ പരിമിതമായ സൗകര്യത്തിലും സൂക്ഷിപ്പുകളിൽ, കണക്കുകൂട്ടലുകളിൽ അമിത പ്രാധാന്യം കാണുന്ന, സ്വാർത്ഥലാഭങ്ങൾക്കായി അക്രമ വഴി തേടുന്ന,  കപട മനസ്സിനാൽ കച്ചവടവത്കരിക്കുന്ന ബന്ധങ്ങളും, ജീവിതങ്ങളും പഠിക്കേണ്ട ധാർമ്മി കോദാഹരണങ്ങൾ മഹത്തരമായി ഉൾക്കൊള്ളാനാവുന്ന ഗുണപാഠം.* കാത്തുവെപ്പുകളും, പിടിച്ചടക്കലുകളും, വെട്ടിപ്പിടിക്കലുമെന്നും ഇല്ലാതെ തന്നെ ജീവിക്കാൻ പഠിപ്പിക്കുന്ന പ്രകൃതി നിയമങ്ങളെ മനസ്സിലാക്കാം. *എല്ലാം സ്വായത്തമാക്കുവാൻ പെടാപ്പാട് പെടുമ്പോഴും, ആത്മശാന്തിക്കായി പിന്നെയും കോടികൾ ചിലവഴിക്കേണ്ടി വരുന്ന നിരാശാ ജീവിതത്തിന് ഒരു തിരിച്ചറിവാകട്ടെ, കണക്കു പുസ്തകങ്ങളില്ലാത്ത പ്രകൃതി നിയമങ്ങളിൽ സന്തോഷം കണ്ടെത്തുന്ന മനുഷ്യേതര ജീവജാലങ്ങൾ.*


ശുഭദിനം

അഭിപ്രായങ്ങള്‍

MR sharqui പറഞ്ഞു…
ചിന്തിപ്പിക്കുന്ന ചിന്ത

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Tarikh-i-Firoz Shahi