റമളാൻ ചിന്ത - 21
Dr. ജയഫർ അലി ആലിച്ചെത്ത്
*എത്തിനോട്ടം*
സ്വയം പെർഫക്ട് ആണെന്ന് നടിക്കുകയും, മറ്റുള്ളവർ കഴിവുകെട്ടവരോ, മോശക്കാരോ ആണെന്ന് ചിന്തിക്കുകയും ചെയ്യുന്നത് മനുഷ്യരുടെ ഒരു സാമാന്യ സ്വഭാവമാണല്ലോ?. സ്വന്തത്തിനകത്ത് ഉണ്ടായേക്കാവുന്ന പരിമിതികൾ കാണാൻ നിൽക്കാതെ മറ്റുള്ളവരുടെ കുറവുകൾ ചികഞ്ഞെടുത്ത് മോശമാക്കുക എന്നതിൽ ആനന്ദം കൊള്ളുന്ന സ്വാഭാവിക സ്വഭാവ വൈകൃതം. എന്നാൽ ആലോചിച്ചു നോക്കൂ
*കുറവുകളില്ലാത്തവരായി ആരുണ്ട് പാരിൽ?. എല്ലാം തികഞ്ഞവനായി നടിക്കുമ്പോഴും നാം എത്രയോ ബലഹീനനാണെന്നത് കാണാനാവും.*
ഇങ്ങനെയൊക്കെ ആണെങ്കിലും ഈ അപര എത്തിനോട്ടത്തിൽ ആനന്ദം കാണുന്നവർ പുലർത്തേണ്ട ധാർമ്മികതയെ പറയാതിരിക്കാനാവില്ല. *മറ്റുള്ളവരുടെ സ്വകാര്യത പരിരക്ഷിച്ച്, സ്വയം ദുർബലനാണെന്ന് മനസ്സിലാക്കി ഈ മനോ വൈകൃതം തിരുത്തേണ്ടത് അത്യാവശ്യം തന്നെ.* ഇല്ലെങ്കിൽ മറ്റുള്ളവരുടെ അപ്രീതിക്കിരയാകാനും, സ്വയം മാനസിക സമ്മർദ്ദങ്ങൾക്ക് അടിമപ്പെടാനുമാണ് സാധ്യത.
സ്വന്തം പരിമിതികൾ എന്താണെന്ന് മനസ്സിലാക്കാതെ, *മറ്റുള്ളവരെ പരിഹസിച്ച് കാലം കഴിച്ചുകൂട്ടുന്നവരുടെ ജീവിത അജണ്ട തന്നെ അപരൻ്റെ വീഴ്ചകളിൽ ആനന്ദം കണ്ടെത്തുക എന്നതാണ്.* എന്നാൽ അവർ അറിയുന്നില്ല ചളിമണ്ണ് എറിയുന്നത് സ്വന്തം തലക്ക് മുകളിലാണെന്ന്. മറ്റുള്ളവരിൽ കാണാനാഗ്രഹിക്കുന്ന നന്മ നമ്മളിൽ ഉണ്ടാകുക എന്നത് പ്രോത്സാഹിപ്പിക്കേണ്ടതും, തിന്മകളെ വർജിക്കേണ്ടതുമാണ്. നിർഭാഗ്യവശാൽ നമ്മുക്കുള്ളിൽ കെട്ടിക്കിടക്കുന്ന അഹന്തത, തൻ പോരിമ, അസൂയ, അപര വിരോധമടക്കമുള്ള അഴിക്കുകൾ മറ്റുള്ളവരുടെ കുറവുകൾ കാണാനായി എത്തി നോക്കുമ്പോൾ നമ്മുടെ കണ്ണിൽ പെടാതെ പോകുന്നു. അങ്ങനെ പഴം തുണിയിൽ തിരഞ്ഞ് നിധി കാണാതെ പോയ കള്ളനെപ്പോൽ സ്വയം നഷ്ടത്തിലാകുന്നു.
ദീർഘയാത്ര ചെയ്യുന്നതിനൊരുങ്ങി പുറപ്പെട്ടതായിരുന്നു തെന്നാലിരാമൻ, കാലോ മീറ്ററുകൾ താണ്ടിയുള്ള യാത്ര വൈകുന്നേരമായപ്പോൾ വനാതിർത്ഥിയിലുള്ള ഗ്രാമത്തിൽ എത്തി. ഇനിയുള്ള യാത്ര തനിച്ച്തു ടരുന്നത്
അപകടരമാണെന്ന മുന്നറിയിപ്പുമുണ്ട്. ആലോചിച്ചിരിക്കുമ്പോൾ ഒരപരിചിതൻ
വന്നു പരിചയപ്പെടുകയും, വനത്തിലൂടെയുള്ള യാത്രക്ക് ഒരാളെ തേടി നിൽക്കുകയാണെന്നും, രാമനെ കിട്ടിയതിൽ സന്തോഷമറിയിക്കുകയും ചെയ്തു. കള്ളന്മാർ കൊള്ളയടിക്കുമെന്ന ഭയം സഹയാത്രികനൊപ്പം ചേർന്നുള്ള തുടർ യാത്രയിൽ ഇല്ലാതെയായി. യാത്ര മധ്യേ അദ്യ ദിവസം ഒരു സത്രത്തിൽ ഉറങ്ങാനാണവസരം കിട്ടിയത്. യാത്രാ ക്ഷീണം കാരണം തെന്നാലി രാമൻ പെട്ടെന്നുറങ്ങിപ്പോയി. അതു മനസ്സിലാക്കിയ മറ്റെയാൾ രാമൻ്റെ ഭാണ്ഡകെട്ടുകൾ പരിശോധിക്കാൻ തുടങ്ങി.എന്നാൽ വിലപിടപ്പുള്ളതൊന്നും കണ്ടെത്താനാവാതെ നിരാശയോടെ കിടന്നുറങ്ങി. അടുത്ത ദിവസം രാമനോട് പണക്കിഴി എവിടെ എന്ന് പറയിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട അയാൾ യാത്ര തുടർന്നു. അവസാനം അന്നുമദ്ദേഹം ഉറങ്ങാതെ രാമൻ്റെ ഭാണ്ഡം മൊത്തത്തിൽ പരിശോധിച്ച് പരാജയപ്പെട്ടു. കാലത്ത് എണീറ്റ രാമനോട്, താൻ യഥാർത്ഥത്തിൽ കള്ളനാണെന്നും, മോഷ്ടിക്കാനാണ് കൂടെക്കൂടിയത് എന്ന് പറഞ്ഞു. രാമൻ പുഞ്ചിരിച്ച് പറഞ്ഞു, "അതെനിക്ക് അദ്യം തന്നെ ബോധ്യപ്പെട്ടിരുന്നു, അതിനാൽ കിടക്കുന്നതിന് മുമ്പ് എൻ്റെ പണക്കിഴി താങ്കളുടെ തലയണക്കടിയിലാണ് സൂക്ഷിച്ചിരുന്നത്. എനിക്ക് ഉറപ്പുണ്ടായിരുന്നു താങ്കൾ എൻ്റെ പണം തേടി അവിടെ തിരയില്ലെന്ന്". രണ്ട് പേരും യാത്ര പറഞ്ഞ് പിരിഞ്ഞു.
ഇതു പോലെയാണ് മനുഷ്യന്മാര്, സ്വന്തം തലയിണക്കിടയിലുള്ള നിധി കാണാനാവാതെ അന്യൻ്റെ പഴംതുണികളിൽ തിരയാൻ വ്യഗ്രത കാണിക്കും. *അവനവനിലെ നന്മ- തിന്മകളെ വ്യക്തമായി മനസ്സിലാക്കി, അപരൻ്റെ ഗുണത്തിലേക്ക് നോക്കാനും, പിഴവുകൾ മറക്കാനും കഴിയുമ്പോഴാണ് ഒരുത്തമ വ്യക്തിത്വം രൂപപ്പെടുന്നത്.*
ശുഭദിനം
അഭിപ്രായങ്ങള്‍