റമളാൻ ചിന്ത - 15

Dr. ജയഫർ അലി ആലിച്ചെത്ത്


*വിശപ്പ്*



ജീവിതത്തിൻ്റെ ചില ഘട്ടങ്ങൾ നൽകുന്ന തിരിച്ചറിവ് വല്ലാത്തൊരനുഗ്രഹമാണ്. ഒരു പക്ഷേ ഒരനുഭവ പങ്കു വെക്കലുകളോ, വായനയോ,കേൾവിയോ എന്തുമാകാം; നമുക്കുള്ളിലേക്ക് ആഴ്ന്നിറങ്ങി പരിവർത്തനം നൽകാൻ പാകത്തിന് അത്തരം അനുഭവങ്ങൾ വലിയ പാഠങ്ങളാണ്. ചില അവസ്ഥകൾ കേട്ടാലും, പറഞ്ഞാലും ബോധ്യം വരാൻ സാധിക്കണമെന്നില്ല, കാരണം നമ്മൾക്കൂഹിക്കാൻ സാധിക്കാത്തത്ര തീവ്രമായിരിക്കും അതിൻ്റെ യാഥാർത്ഥ്യം!.


*പട്ടിണി, വിശപ്പ്, ദാരിദ്യം എന്നതൊക്കെ ഇക്കാലത്ത് കേട്ടുകേൾവിയുടെ പഴമ്പുരാണങ്ങളായി മാറിയിരിക്കുന്നു. മുതിർന്ന തലമുറയുടെ നായക സ്ഥൈര്യ വിവരണത്തിലെ കേവല പ്രതിനിധാനമായി അല്ലെങ്കിൽ അടയാളമായി അത് ഒതുങ്ങിയിരിക്കുന്നു.* ജീവിതം ആഘോഷമാക്കിയ ഒരു തലമുറയോട് ഒരു പിടി അന്നത്തിൻ്റെ മൂല്യം പറയാൻ സാധ്യമല്ല. അങ്ങനെ *പറയുന്നതാണ് ദാരിദ്ര്യം എന്ന് കാണുന്ന തരത്തിലേക്ക് ന്യൂ ജൻ കാഴ്ചപ്പാടുകൾ വളർന്നിരിക്കുന്നുവോ* എന്നൊരു പിഴധാരണയുണ്ട് താനും. 


ഒരു സ്വപ്ന സഞ്ചാരം കണക്കെ അഭിവൃദ്ധിയിലാർമ്മാദിക്കുന്ന ഒരു തലമുറയുടെ മുന്നിൽ വിഭവങ്ങളുടെ ദൗർലഭ്യത ഒരാശങ്കയും വരുത്തില്ല. *മക്കൾ പട്ടിണി കിടക്കാതിരിക്കാൻ സുഭിക്ഷ ഭക്ഷണമെന്ന മോഹം ആഘോഷ ദിനങ്ങളിലേക്ക് മാറ്റിവെക്കുന്ന എത്രയോ പ്രവാസി പിതാക്കന്മാരുടെ നേരനുഭവം നാം കേട്ടതാണ്. അതെ പിതാവിൻ്റെ വിശപ്പിൻ്റെ ആനുകൂല്യം പറ്റി ജീവിക്കുന്ന മകൻ പാഴാക്കി കളയുന്ന ഭക്ഷണ പദാർത്ഥങ്ങളുടെ കണക്കെടുപ്പ്  നമ്മെ ആശ്ചര്യപ്പെടുത്തുന്നില്ലേ?,* എങ്കിൽ നാമും അഭിവൃദ്ധിയിലാറാടിക്കൊണ്ടിരിക്കുകയാണ്.


*പട്ടിണിയറിയാതെ വളർത്തുന്ന മക്കൾ കൊഴുത്തുവളരുന്നത് പട്ടിണി കിടന്ന് അന്നം വിളയിക്കുന്ന ഒരു ഉൾനാടൻ കർഷക കുടുംബത്തിൻ്റെ ത്യാഗമാണെന്ന കുറഞ്ഞപക്ഷ വിവരമെങ്കിലും കൈമാറേണ്ടതുണ്ട്.* എന്താണ് സുഭിക്ഷവും, ദൗർലഭ്യവും തമ്മിലുള്ള അന്തരം എന്ന് ചർച്ച ചെയ്യുന്നത് കുറച്ച് കൂടി സാമൂഹിക പ്രതിബദ്ധതയുണ്ടാക്കും. 


ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ യുദ്ധക്കെടുതിയിലും, രാഷ്ട്രീയ അരക്ഷിതാവസ്ഥകളിലും വർദ്ധിച്ചു വരുന്ന ദരിദ്ര നാരായണന്മാരുടെ കണക്കുകൾ ഭയപ്പെടുത്തുന്നതാണല്ലോ?. മതിയായ ആഹാരം കിട്ടാക്കനിയാകുന്ന ഒവസ്ഥ സംജാതമാകുന്നു നമ്മുടെ രാജ്യത്തും എന്നത് കാത്തുവെപ്പിൻ്റെ, സൂക്ഷിപ്പിൻ്റെ ആവശ്യകത മനസ്സിലാക്കിത്തരുന്നു. *"ജീവിതം എന്നും പരിവർത്തന വിധേയമായിക്കൊണ്ടിരിക്കുന്നു. എന്നാൽ ഒരു  കാര്യത്തിൽ മാത്രം ഭൂമിയിലെ സർവ്വ ചരാചരങ്ങളും തുല്യത പാലിക്കുന്നു. അതാണ്   വിശപ്പ്. ജിവിതത്തിന്റെ മൂല്യ സ്രോതസുകളെ ഇല്ലാതാക്കുവാൻ  ദാരിദ്ര്യവും വിശപ്പും കാരണമായിത്തീരാറുണ്ട്''.*


ആഘോഷങ്ങളിൽ പാഴാക്കി കളയുന്ന ഭക്ഷണ പദാർത്ഥങ്ങൾ അലോസരപ്പെടുത്താത്ത ഒരു തലമുറ വളർന്നുകൊണ്ടിരിക്കുന്നു എന്നത് യാദൃശ്ചികതയല്ല. *ഒരു കുമ്പിൾ കഞ്ഞിക്ക് സ്വന്തം പ്രാണൻ വില നൽകേണ്ടിവന്ന മധുവിൻ്റെ നീതിക്കായി മുഴക്കുന്ന മുദ്രാവാക്യങ്ങളിൽ തളർന്നവർ ക്ഷീണമകറ്റാൻ വാങ്ങിക്കൂട്ടുന്ന ഭക്ഷണത്തിൻ്റെ ബാക്കിയാക്കലുകൾ എന്ത് ധർമ്മമാണ് പുലർത്തുന്നത്,* എന്ന വിചിന്തനം തന്നെയാണഭികാമ്യം.


വിശപ്പ് ഒരു മഹനീയ, ദൗർഭാഗ്യ വികാരമാണെന്നതിൻ്റെ ധാരാളം എഴുത്തനുഭവങ്ങൾ മലയാളികളായ നമുക്കുണ്ടല്ലോ?.പത്തായപ്പുരയിൽ കുമിഞ്ഞുകൂട്ടിയ നെൽച്ചാക്കുകൾ പൂത്ത് പോയതിനാൽ നശിപ്പിച്ച് കളയുന്നതിനേൽപ്പിക്കപ്പെടുന്നത് ,  അരിയില്ലാതെ ഒരാഴ്ചയായിട്ട്  ഭക്ഷണം കഴിക്കാത്ത പട്ടിണിക്കാരായ നിർഭാഗ്യവാന്മാരോടാണെന്ന ഞെട്ടൽ നമ്മിലുണ്ടാക്കുന്ന വികാരം എന്താണ് ?. ചടങ്ങു തീർന്ന് ബാക്കിയായ ബിരിയാണി വെച്ചിരിക്കുന്നത് ഭക്ഷണം കിട്ടാതെ പട്ടിണി കിടന്ന് മരിച്ച മകളുടെ അതെ പേരിലുള്ളതാണെന്നറിയുമ്പോൾ  നീറുന്ന ഒരച്ഛൻ്റെ വ്യഥകൾ!.  അർദ്ധരാത്രി ഓടിളക്കി വീട്ടിനകത്ത് കയറിയെടുക്കുന്നത് വയർ തണുപ്പിക്കാനുള്ള ഒരു പിടി കഞ്ഞിയാണെന്നത് എത്ര മനോഹരമായ വയനാ ഭീകരതയാണ്. ജാതിമതിൽക്കെട്ടുകൾ വരിഞ്ഞിടുമ്പോഴും അയൽപക്കത്തെ കിണറ്റിൽ പടവിൽ കളയാൻ വെച്ച താഴ്ന്ന ജാതിക്കാരൻ്റെ കുടിലിലെ പഴങ്കഞ്ഞി വെള്ളം പല്ലി ചാടി ചത്തതാണെന്നറിയുമ്പോഴേക്കും മോന്തിക്കുടിച്ച് വിശപ്പ്  അടക്കിയ ബാലനുമൊക്കെ നമുക്കുള്ളിൽ തീർക്കുന്ന തീക്കനലെത്രയാണ്.  


വിശപ്പ് എന്താണെന്ന് നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടോ?, മദർ തെരേസയോട് ഒരിക്കൽ ഒരാൾ അന്വേഷിച്ചു. അൽപ്പനേരത്തെ ആലോചനക്ക് ശേഷം അവരൊരു സംഭവം ഓർത്തെടുത്ത മാതിരി, നിറകണ്ണുകളാൽ പറഞ്ഞു. "ഞാനവളെ കാണും വരെ എനിക്ക് വിശപ്പെന്താണെന്ന് ബോധ്യമുണ്ടായിരുന്നില്ല." ആകാംക്ഷയോടെ കാര്യത്തിൻ്റെ നിജസ്ഥിതി മനസ്സിലാക്കാൻ ശ്രമിക്കുന്നു ചോദ്യ കർത്താവ്. മദർ തുടർന്നു ഒരിക്കൽ  നഗരത്തിൻ്റെ പ്രാന്തപ്രദേശത്ത് താമസിക്കുന്നവരുടെ സാഹചര്യമറിയാൻ പോകുമ്പോൾ ഒരു പെൺകുട്ടി പട്ടിണിയാൽ ക്ഷീണിച്ച കണ്ണുകളുമായി ഞങ്ങള നോക്കുന്നു. കയ്യിൽ രണ്ട് റൊട്ടി മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. അതവൾക്ക് നൽകി. ആ കുട്ടി വളരെ സാവധാനത്തിൽ ചെറിയ കഷ്ണങ്ങളാക്കി റെട്ടി മുറിച്ചെടുത്ത് തിന്നുന്നത് കണ്ടപ്പോൾ കാര്യം തിരക്കി. അപ്പോൾ അവൾ പറഞ്ഞ മറുപടി എന്നെ തളർത്തിക്കളഞ്ഞു. ആ പിഞ്ചുമോൾ പറഞ്ഞത്, " പെട്ടെന്ന് തിന്നാൽ ഇത് തീർന്ന് പോകില്ലെ?, അപ്പോൾ എനിക്ക് വീണ്ടും വിശന്ന് വയർവേദന തുടങ്ങില്ലെ?". മദർ ആ കുഞ്ഞിനെ തന്നിലേക്ക് അണച്ചുപിടിച്ച് പൊട്ടിക്കരഞ്ഞു പോയി. *ഒരു നേരം വിശപ്പ് അകറ്റിയാലും ഇനിയെന്ന് അടുത്ത ഭക്ഷണം എന്ന ആധിയുമായി ആകാശക്കൂരക്ക് ചുവട്ടിൽ കഴിഞ്ഞ് കൂടുന്നവർ.* എങ്ങനെ നമുക്ക് സംതൃപ്തി അണയാനാവും?. അനർഹമായി ആഹാരം കഴിച്ച്, അമിത ഗ്യാസിനെ മറികടക്കാൻ റോഡരികിൽ കുമിഞ്ഞു പൊന്തിയ പലതര സോഡകളിലഭിരമിക്കുമ്പോൾ, നമുക്കെങ്ങനെ പറയാനാകും?.


രണ്ട് ദിവസം മുന്നെ റെയിവേ സ്റ്റേഷനിൽ ഒരാവശ്യത്തിന് പോയപ്പോൾ, വിശക്കുന്നു, കുറച്ചുഭക്ഷണം വാങ്ങിച്ചു തരാമോ എന്ന അപേക്ഷ കാതിലലയടിക്കുമ്പോൾ, കഴിഞ്ഞ മാസത്തിലാണ് വണ്ടൂരിൽ നിന്ന്  "ചായയും, സമൂസയും വാങ്ങിച്ച് തരാമോ? എന്ന മറ്റൊരു ചോദ്യം കേട്ടത്, നോക്കുമ്പോൾ ഒരു മധ്യവയസ്കൻ. *കിട്ടിയ ചായയും കൂട്ടി, ആ സമൂസ നുണയുമ്പോൾ ഉപ്പുരസമുള്ള കണ്ണുനീർ ആ ഗ്ലാസ് നിറക്കുന്നുണ്ടായിരുന്നു.* റംസാനിലെ കൗതുകത്തിന് കർണ്ണാടക ഗ്രാമത്തിൽ ഇഫ്താർ കൂടാൻ നടത്തിയ യാത്രയിൽ, അവിടെ വിതരണം ചെയ്യുന്ന കഞ്ഞി കുടിക്കാൻ സംഘാടകരുടെ അനുവാദം കിട്ടാൻ കാത്തു നിന്നിരുന്ന കുഞ്ഞുമക്കളുടെ കണ്ണിൽ കണ്ട ദയനീയത. ഡൽഹി കാലത്ത് ഒരു റൊട്ടിക്കായി മണിക്കൂറുകളോളം ജമാ മസ്ജിദ് തെരുവിൽ മുട്ടിലിരിക്കുന്ന നൂറു കണക്കിനാളുകൾ എല്ലാം ഒരു മിന്നായം പോലെ മനസ്സിനെ പിടിച്ചുലക്കുന്നു.


*ഭക്ഷണം ഉള്ളവന് ആഢംബരവും, ഇല്ലാത്തവർക്ക് കിട്ടാക്കനിയുമാണ്. ഉള്ളതിൽ നിന്ന് ഒരു പങ്ക് മാറ്റിവെക്കാൻ മനസ്സില്ലെങ്കിലും, ഉണ്ണാനുള്ളതിലേറെ ഉണ്ടാക്കിയവശിഷ്ടമാക്കുന്നത് കുറക്കാനെങ്കിലും നമുക്കാവേണ്ടതുണ്ട്.*


ശുഭദിനം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Model Question by Dr. JR