റമളാൻ ചിന്ത - 8
Dr.ജയഫർ അലി ആലിച്ചെത്ത്
*പിശുക്ക്*
ഒരായുസ്സ് മുഴവൻ സമ്പാദ്യത്തിൻ്റെ പിറകെ ഓടിയിട്ട്, അവസാന ഘട്ടത്തിൽ അതനുഭവിക്കാനാവതില്ലാതെയാകുന്ന എത്രയാളുകളെ നമുക്ക് ചുറ്റും കാണുന്നു. തലമുറകൾക്ക് ഉപയോഗിക്കാനുള്ള ആസ്തി ഉണ്ടായിട്ടും മതിവരാതെ ഓടിക്കൊണ്ടിരിക്കുന്നവർ. എത്രയൊക്കെ സമ്പാദ്യമുണ്ടെങ്കിലും, പരിമിതമായ ആവശ്യങ്ങളെ അടിസ്ഥാനപരമായി മനുഷ്യനിലൊള്ളൂ എന്ന ബോധ്യം നമുക്ക് നഷ്ടപ്പെടുന്നു. വിശക്കുമ്പോൾ ആഢംബര ഭക്ഷണം ഉണ്ണുന്നവനിലും, എച്ചിൽ ഭക്ഷണം കഴിക്കുന്നവനിലും ഒരേ പ്രക്രിയയല്ലെ നടക്കുന്നത്. ദാഹത്തിന് മുന്തിയ ജ്യൂസുകൾ തേടിപ്പോകുന്നവനും, അരുവിയിൽ നിന്ന് വെള്ളം കുടിക്കുന്നവനും ലഭിക്കുന്നത് ഒരേ നിർവൃതിയല്ലെ?. അസ്വസ്ഥപ്പെടുന്ന വയറിന് സമാശ്വാസം കിട്ടാൻ ആഢംബര ശൗചാലയമുപയോഗിക്കുന്നവനും, റെയിൽവേ ട്രാക്കുകളുപയോഗിക്കുന്നവനും ലഭിക്കുന്നത് ഒരേ സംതൃപ്തിയല്ലെ?.
ദൈവാനുഗ്രഹം കൊണ്ട് സമ്പത്ത് വർദ്ധിക്കുന്ന ഒരാൾ, നന്ദിയുള്ളവനാകുന്നത് അതിൽ നിന്ന് ആവശ്യക്കാർക്ക് കൈമാറുമ്പോഴാണ്. തലമുറകളായി പാരമ്പര്യ സമ്പത്തിൻ്റെ അവകാശിയായി ജനിക്കുന്നവനും, തെരുവ് വിളക്കിൻ്റെ നിഴൽ വെളിച്ചത്തിൽ ജനിക്കുന്നവനും, കുട്ടിപ്പിടിച്ച ശൂന്യമായ കൈകൾ കൊണ്ടാണല്ലോ ഭൂമിയിലേക്ക് എത്തുന്നത്. കോടികളുടെ ആസ്തിയും, ലക്ഷ്വറി വീടും, കാറുമൊന്നും തിരിച്ച് പോകുമ്പോൾ കൂടെപ്പോരുന്നതല്ലല്ലോ?. അന്ന് മലർത്തിപ്പിടച്ച കയ്യിൽ കരുതാനായി ഒരു ഓട്ടക്കാലണ പോലും വേണ്ടയല്ലെ?.
തെരുവിൽ ഭിക്ഷ യാചിച്ചയാളും, ലോക ചക്രവർത്തിപ്പട്ടം കെട്ടിയവനും തമ്മിൽ എന്ത് അന്തരമാണുള്ളത്. മൂന്ന് കെട്ട് തുണിയിൽ ആറടി മണ്ണിലോ, ചിതയിലോ എരിഞ്ഞടങ്ങുന്നവർ!
പരിമിധമായ ആവശ്യങ്ങൾ നിറവേറ്റാൻ ഒരു ജീവിതകാലം മുഴുവൻ ഓടിയിട്ടും തികയാതെ വരുന്നതാണീ ജീവിതമെങ്കിൽ, ഇതെല്ലാം സ്വന്തമാക്കിയിട്ട് ജീവിക്കാൻ ഒരവസരം ഉണ്ടാവുമോ?. *ബേങ്ക് പാസ്സ് ബുക്കിലെ അക്കങ്ങളുടെ നിര കണ്ട് സംതൃപ്തിയടയുന്നവൻ ഓർക്കുന്നില്ല, അക്കങ്ങളൊന്നുമില്ലാത്ത ശൂന്യതയിലലിയേണ്ട കാലം വിദൂരമല്ലെന്ന്.*
ഉള്ളതിൽ നിന്ന് അൽപ്പമെങ്കിലും ഇല്ലാത്തവർക്ക് കൈമാറാൻ സാധിച്ചാൽ കിട്ടുന്ന സംതൃപ്തി സമ്പത്ത് കെട്ടിപ്പിടിക്കുന്നവന് ഉണ്ടാവണമെന്നില്ല. *ഉള്ളതിനെ കുറിച്ചുള്ള വ്യഥയും, ഉണ്ടാക്കേണ്ടതിൻ്റെ ത്വരയും നഷ്ടപ്പെടുത്തിക്കളയും ആകെയുള്ള ജീവിതം.* കൈമാറ്റം ചെയ്യപ്പെടാതെ കുന്നുകൂട്ടുന്ന സമ്പത്തും, വഴിയരികിൽ കിടക്കുന്ന കരിങ്കൽ കഷ്ണവും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്?.
ധനികനായ ഒരു വ്യാപാരി തൻ്റെ സമ്പാദ്യങ്ങൾ വർദ്ധിക്കുന്തോറും ലുബ്ധനായിക്കൊണ്ടിരുന്നു. വർദ്ധിച്ചു വരുന്ന തൻ്റെ നീക്കിവെപ്പുകളെല്ലാം കൂടെ ഒരിക്കൽ അദ്ദേഹം ഒരു സ്വർണ്ണക്കട്ടിയാക്കി മാറ്റി. സമ്പാദ്യം നഷ്ടപ്പെടുമോ എന്ന ഭയം അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടേയിരുന്നു. കള്ളന്മാർ വരുമോ എന്ന ഭയത്താൽ പറമ്പിൽ ആരും ശ്രദ്ധിക്കാത്ത ഒരിടത്ത് അത് കുഴിച്ചിട്ടു. ദിനേന തൻ്റെ സമ്പത്ത് സുരക്ഷിതമാണോ എന്നു നോക്കാൻ കുഴി തുറന്ന് പരിശോധിക്കും. യജമാനൻ്റെ സമ്പാദ്യ സൂക്ഷിപ്പ് കണ്ടെത്തിയ ഭൃത്യൻ ഒരു ദിവസം അത് കവർന്നെടുത്ത് രക്ഷപ്പെട്ടു. തൻ്റെ ജീവിതത്തിൻ്റെ ആകെ തുകയായ സമ്പാദ്യം നഷടപ്പെട്ട അദ്ദേഹം വാവിട്ടു കരയാൻ തുടങ്ങി. ഇത് കണ്ട് നിന്നിരുന്ന യോഗി അദ്ദേഹത്തിനടുത്ത് വന്നിട്ട് കയ്യിൽ കരുതിയിരുന്ന കല്ലിൻ കഷ്ണം നീട്ടിയിട്ട് പറഞ്ഞു. ഇത് കുഴിച്ചിടുക, *മനുഷ്യർക്ക് ഉപയോഗ പ്രദമല്ലാത്ത സ്വർണ്ണക്കട്ടയും, ഈ കല്ലിൻ കഷ്ണവും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്!*
വലിയൊരു ഗുണപാഠം നമുക്കിതിൽ ദർശിക്കാനാവും, തനിക്കോ, സഹജീവികൾക്കോ ഉപകാരപ്പെടാതെ സൂക്ഷിച്ചു വെക്കുന്ന സമ്പാദ്യം എന്ത് ധർമ്മമാണ് നിർവ്വഹിക്കുന്നത്. *ഒരുക്കു കൂട്ടി, എണ്ണി തിട്ടപ്പെടുത്തി വെക്കുന്ന പൊടിപിടിച്ച സമ്പത്തിനെക്കാൾ നല്ലത് പ്രകൃതിക്ക് ദോശം വരുത്താത്ത കല്ലിൻ കഷ്ണമാണ്. കെട്ടിക്കിടക്കുന്ന ജലത്തേക്കാൾ ഒഴുകുന്ന ജലത്തിനെ തെളിമ കൈവരിക്കാനാവൂ, ദാനം നിലനിർത്തിയാല്ലെ, സമൃദ്ധി കൈവരിക്കാനാവൂ എന്ന് ഓർക്കുക നാം.*
ശുഭദിനം
അഭിപ്രായങ്ങള്‍