റമളാൻ ചിന്ത - 2
*റമളാൻ ചിന്ത - 2*
Dr.ജയഫർഅലി ആലിച്ചെത്ത്
*മനോഭാവം*
എല്ലാം ഉണ്ടങ്കിലെ പ്രവർത്തിക്കൂ എന്ന ചിന്താഗതി നല്ലതല്ല. നന്മ ചെയ്യുന്നെങ്കിൽ നാലാളറിയണം എന്ന മനോഗതിയോളം അധപതനം മറ്റെന്തുണ്ട്?. സാഹചര്യങ്ങൾ എല്ലാം ഒത്തുചേർന്നിട്ടെ പ്രവർത്തിക്കൂ എന്ന് കരുതിയാൽ കാര്യ പൂർത്തീകരണത്തിന് സമയം കിട്ടണമെന്നില്ല. അതുപോലെ തന്നെയാണ് സദുപകാരപ്രദമായ കാര്യങ്ങൾ ജനശ്രദ്ധയാകർഷിക്കാൻ വേണ്ടിയുള്ളതായാൽ, ആരെങ്കിലുമൊക്കെ കാണാനുണ്ടെങ്കിലെ നന്മ ചെയ്യൂ എന്ന പരിമിതി ഉണ്ടാകാം. അങ്ങനെയായാൽ നാം ചെയ്യുന്ന ഗുണപരമായ കർമ്മത്തിൻ്റെ ഫലമളക്കാൻ ഇത്തരം സ്വാർത്ഥ വശങ്ങൾക്ക് സാധിക്കാതെ വരും.
*ജീവിതത്തോടുള്ള നമ്മുടെ മനോഭാവം നമ്മോടുള്ള ജീവിത മനോഭാവത്തെ നിർണ്ണയിക്കുന്നു* എന്ന് പറയാറുണ്ട്. നാം ചെയ്യുന്ന കർമ്മങ്ങൾ പരിമിതമെങ്കിലും ആത്മസംതൃപ്തി ലഭിക്കുന്നതാണെങ്കിൽ അതിനോളം വലിയ നേട്ടമെന്ത്?
ദാന ധർമ്മങ്ങളിൽ തൽപരനായ ഒരു വ്യാപാരി തൻ്റെ ദാനം നൽകാനുള്ള താൽപ്പര്യത്തെ സുഹൃത്ത്ക്കളുടെ മുന്നിൽ വിവരിച്ചു. അങ്ങനെ ദാനം നൽകുന്നതിനായി ഒരവകാശിയെത്തേടി നടക്കുന്ന അദ്ദേഹത്തിൻ്റെ മുന്നിൽ ഒരു കള്ളനാണ് എത്തപ്പെട്ടത്. അങ്ങനെ തൻ്റെ ദാനം കൈമാറി മടങ്ങിയ അയാളെ ആളുകൾ കളിയാക്കാൻ തുടങ്ങി. അനർഹനായ കള്ളന് പണം കൊടുത്തതിൻ്റെ പേരിൽ. അടുത്ത ദിവസം വീണ്ടും തൻ്റെ പിഴവ് നികത്താൻ അയാൾ ദാന തുകയുമായി തെരുവിലെത്തി. ഇപ്രാവശ്യം ഒരു സ്ത്രീ അദ്ദേഹത്തിൻ്റെ മുന്നിൽ യാചകയായെത്തി. പണം കൊടുത്തു മടങ്ങുമ്പോൾ ആളുകൾ അദ്ദേഹത്തെ വേശ്യക്ക് ദാനം നൽകിയവനെന്ന് പറഞ്ഞ് മോശപ്പെടുത്തി. ധർമ്മ സങ്കടത്തിലായ അയാൾ മൂന്നാമതും ദാനം നൽകാൻ ആളെത്തേടിയിറങ്ങി. ഇപ്രാവശ്യം ജനങ്ങൾ അദ്ദേഹത്ത പരിഹസിച്ചത് പണക്കാരന് ദാനം നൽകി എന്ന് പറഞ്ഞായിരുന്നു. ആളുകളുടെ കുത്തുവാക്കുകളിൽ മനപ്രയാസം തോന്നിയ അയാൾ തന്നെ ആത്മീയ ഗുരുവിൻ്റെ സമീപത്തെത്തി. സംഭവിച്ചതെല്ലാം ഗുരുവിനോട് പറഞ്ഞയാൾ കണ്ണീർ വാർത്തു. എല്ലാം കേട്ട ഗുരു സമാധാനപ്പെടുത്തിയിട്ട് ഇങ്ങനെ മറുപടി പറഞ്ഞു. മറ്റുള്ളവർ അറിയാൻ വേണ്ടി നീ ദാനധർമ്മം നൽകിയപ്പോൾ അവരുടെ അഭിപ്രായങ്ങൾക്കാണ് പ്രാധാന്യം കൊടുത്തത്. പരിഹാസങ്ങൾക്കിടയിൽ നിൻ്റെ നന്മയെ നീ കാണാൻ ശ്രമിച്ചില്ല എന്ന് മാത്രമല്ല, നിൻ്റെ പ്രവർത്തിയുടെ ഗുണഫലം മനസ്സിലാക്കിയതുമില്ല. കള്ളനും, വേശ്യക്കും പണം നൽകിയത് വളരെ ശരിയായ കാര്യം തന്നെയാണ്. നിൻ്റെ ദാനം കിട്ടിയത് കൊണ്ടവർ ഒരു ധാർമ്മിക ജീവിതം കണ്ടെത്തിയിരിക്കാം. പണക്കാരന് തൻ്റെ സമ്പാദ്യം ദാനം നൽകണമെന്ന ബേധ്യം നിൻ്റെ പ്രവർത്തനം കൊണ്ട് ഉണ്ടായേക്കാം.
ചുറ്റുപാടുകളുടെ കാഴ്ചപ്പാടുകളും, നമ്മുടെ ദുർ വ്യാഖ്യാനങ്ങളുമാണ് പലപ്പോഴും ഒരു പ്രവർത്തനത്തിൻ്റെ ഗുണഫലത്തേക്കാളേറെ ദോശം നൽകുന്നത്. അതിനാൽ ആളുകളുടെ അഭിപ്രായങ്ങൾ മാനിക്കാൻ വേണ്ടി മാത്രം സൽകർമ്മങ്ങൾ ചെയ്യാതിരിക്കുക. എല്ലാം തികഞ്ഞിട്ടെ പ്രവർത്തിക്കൂ എന്ന മനോഗതിയും മാറ്റിവെക്കാം.
ശുഭദിനം
അഭിപ്രായങ്ങള്‍