റമളാൻ ചിന്ത - 17


Dr.ജയഫർ അലി ആലിച്ചെത്ത്


*വ്യത്യസ്ത്യത*


പരസ്പര പൂരിതവും, വിരുദ്ധവുമായ ഒരു ലോകത്ത് ജീവിക്കുമ്പോൾ, വ്യത്യാസങ്ങളെ മാനിക്കാനും, ബഹുമാനിക്കാനും നാം പഠിക്കേണ്ടതുണ്ട്. *ഒന്ന് മറ്റൊന്നിനേക്കാൾ മൂല്യമുള്ളതും, മേൽക്കോയ്മ കൽപ്പിക്കേണ്ടതുമല്ല എന്ന ശരി അംഗീകരിക്കുന്നതോടെ തീർന്നില്ലാതാകും നമ്മിലെ കാപട്യങ്ങൾ.* ജനന-മരണത്തിനിടക്ക് തുല്യ അവസരങ്ങൾ പ്രകൃതി നൽകുമ്പോൾ, അതിനെ ഏത് രീതിയിൽ ഉപയോഗപ്പെടുത്തുന്നു എന്നതിനനുസരിച്ചായിരിക്കുമല്ലോ വിജയ ഫലം നിശ്ചയിക്കപ്പെടുന്നത്. അതിൽ വിജയിക്കുന്നവർ പരാജയപ്പെടുന്നവരെ ബഹുമാനിക്കുന്നിടത്ത് യോജിപ്പും, എതിർക്കുന്നിടത്ത് വിയോജിപ്പും രൂപപ്പെടും.


വിജയിച്ചവർ!, എന്ന് കരുതുന്നവരുടെ പ്രവർത്തന രീതിയും, പരാജയപ്പെട്ടവരുടെ നയങ്ങളും സാഹചര്യങ്ങൾ കൊണ്ട് സത്യസ്തതയുണ്ടാകുന്നതും, പരസ്പരം തുല്യപ്പെടുത്താനാവാത്ത വിധം വൈരുദ്ധ്യാത്മകവുമാണ്.

ലോകം പിടിച്ചടക്കാൻ ഇറങ്ങിയ നെപ്പോളിയനും, അലക്ണ്ടസാണ്ടർ ചക്രവർത്തിയുമൊക്കെ ഉപയോഗപ്പെടുത്തിയത് എതിർചേരിക്കാർ ഉപയോഗിച്ച പോൽ അതത്കാലത്തെ യുദ്ധ സാമഗ്രികൾ തന്നെയാണല്ലോ?. എന്നാൽ സ്ഥായിയായി തങ്ങളുടെ വിജയം നിലനിർത്താൻ പല സമയങ്ങളിലും അവർക്ക് സാധിക്കാതിരുന്നതും പ്രായോഗികതയിലെ ഈ ചിന്താവിഭിന്നത കൊണ്ടാണല്ലോ?


*ഒരേ കാര്യത്തെ പല രീതിയിൽ ചെയ്യുക എന്നത് സ്വാഭാവികമെങ്കിലും, തുടർ വിജയങ്ങൾക്ക് ഒരേ രീതി തുടരാനാകില്ല എന്നത് അടിസ്ഥാനമായി മനസ്സിലാക്കേണ്ടതുണ്ട്.*


 *ജനിക്കുന്നതിൽ തുല്യതയുള്ള ജീവജാലങ്ങൾക്ക് മരണത്തിലും ആ സാമ്യത നിലനിർത്താനാവുന്നു. എന്നാൽ അതിനിടക്കുള്ള ജീവിതം അവയെ വേർതിരിവിലേക്ക് നയിക്കുന്നു.*  അത് പ്രസവമാണെങ്കിലും, വിത്ത് മുളക്കലാണെങ്കിലും, മുട്ട വിരിയുകയാണെങ്കിലുമൊക്കെ പ്രത്യാശയുടെ, സന്തോഷത്തിൻ്റെ സാഹചര്യം സൃഷ്ടിക്കപ്പെടുന്നു. അതുപോലെ ഒടുക്കങ്ങൾ, മരിക്കലുകൾ നിശബ്ദമായ പിന്മാറ്റത്തിൻ്റെ തുല്യത കാണിക്കുന്നു. അവിടെ താൽപര്യമില്ലായ്മയുടെ ഇഷ്ടക്കുറവിൻ്റെ ഒരന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു എന്ന് പറയാം.


സെൻ ഗുരു യാങ്ച്ചു ശിഷ്യരോട് ഒരിക്കൽ പറഞ്ഞു. " *ജീവിതത്തിൽ എല്ലാ ജീവജാലങ്ങളും ഒന്നിനൊന്ന് വ്യത്യസ്തമാണ്. മരണത്തിൽ എല്ലാം ഒന്നാണ്".* ജീവിതത്തിൽ ചിലർ ജ്ഞാനികളും, ചിലർ മണ്ടന്മാരുമാകുന്നു. ചിലർ കുലീനരെങ്കിൽ ചിലർ ദുഷ്ടർ അങ്ങനെ പോകുന്നു. അവസാനം ജീവിതത്തിൻ്റെ പൊരുൾതേടി വ്യത്യസ്ത പാത തേടുന്നവർ ഒടുക്കത്തിൽ മരണ മുഖത്ത് ഒരു സാമ്യത ഉള്ളവരാകുന്നു."


ഭൂമിയിൽ ഓരോരുത്തർക്കും ലഭ്യമാകുന്ന അവസരങ്ങളിലും വ്യത്യാസം കാണാമല്ലോ?. ചിലർ ചുരുങ്ങിയ കാലത്ത് ജീവിച്ച് മടങ്ങുമ്പോൾ, ചിലർ വർഷങ്ങളോളും ആരോഗ്യത്തോടെയോ, രോഗാവസ്ഥയിലോ കഴിയുന്നു. രാജാവും, പരിചാരകനുമായി വ്യത്യസ്ഥ ഭാഗങ്ങൾ ആടിത്തിമിർക്കേണ്ടി വരുന്ന നിയോഗങ്ങൾ!.


*എല്ലാ ബഹുമാനംഗീകാരങ്ങളും, സ്ഥാനപ്പേരുകളും ജീവിച്ചിരിക്കുമ്പോൾ സ്വീകാര്യമെങ്കിലും, മരണത്തോടെ മായ്ക്കപ്പെടുന്നു. ശവവും, ജഡവും, മയ്യിത്തുമൊക്കെയായി ഒരു പൊതു നാമകരണം ലഭ്യമാകുന്നു എന്നർത്ഥം.*


*ഇവിടെ സുഭിക്ഷ ഭക്ഷണം ഉറക്കം കെടുത്തിയവനും, വിശപ്പിൻ്റെ കാഠിന്യം കൊണ്ട് വയർ ആളിയവനും, അസ്ഥികൂടമായി പരിവർത്തിക്കുന്നു. ആഢംബര ബെഡുകളിൽ, ശീതീകരണ സംവിധാനത്തിൽ സായൂജ്യം കൊണ്ടവൻ, തെരുവിൽ വെറും തറയിൽ ഉറങ്ങിയവനെപ്പോൽ പച്ചമണ്ണിലവശേഷിക്കുന്നു.* മമ്മിയായൊരുക്കിയതും, ചിതയിലലിഞ്ഞതും, പുണ്യതീർത്ഥത്തിൽ ഒഴുക്കിയതും, വന്യമൃഗങ്ങൾ കൊത്തിയതുമെല്ലാം അവശേഷിപ്പിൽ തുല്യരാകുന്നു; വെറും അസ്ഥികൂടങ്ങൾ.


തൊലിയുടെ നിറത്തിനാലും, മതത്തിൻ്റെ ആചാരങ്ങളാലും വേർതിരിക്കപ്പെടുന്നതിൻ യുക്തിയെന്താണ്?. കൊടിയുടെ നിറങ്ങൾ അപരൻ്റെ മേൽ അതിക്രമം കാണിക്കാനാണെങ്കിൽ, ജാതിയും, മതവും, സ്ഥാനവും, നിറവും നോക്കി വേർതിരിക്കാനാവാത്ത വെറും അസ്ഥികൂടങ്ങളായി മണ്ണിലവശേഷിക്കുന്നൊരു കാലം വരുമെന്ന യാഥാർത്ഥ്യം മറക്കുന്നു നാം നിത്യവും.

പരസ്പരം തിരിച്ചറിയാൻ വേണ്ടി വേർതിരിക്കപ്പെട്ടവൻ, ഇന്ന് തിരിച്ചടിക്കാൻ വേണ്ടി വേർതിരിവ് തീർക്കുന്ന ദൗർഭാഗ്യകരമായ അവസ്ഥ വലിയ ദുരന്തമാണ്. കാരണമറിയാതെ കൊല്ലാനും, കൊല്ലപ്പെടാനും വിധിക്കപ്പെടുന്നത് എന്ത് യുക്തിയുടെ മറവിലാണാവോ?. 


തിരിച്ചറിവ് നേടേണ്ട സംസ്കാര ബോധം തിരിച്ചറിയാനാവാത്ത വിധം അധ:പതിക്കുന്നത് അറിവില്ലായ്മ കൊണ്ടല്ലല്ലോ?.ഈ വ്യത്യസ്തതകളെ മാനിക്കാൻ, ബഹുമാനിക്കാൻ മടിക്കുന്നതു കൊണ്ടല്ലേ?. എല്ലാത്തിനും അതിൻ്റേതായ മൂല്യങ്ങൾ കാണാനായാൽ, വ്യത്യസ്തകൾ ഉൾക്കൊള്ളാനായാൽ എത്ര മനോഹരമാണ് ഈ ജീവിതം.


ശുഭദിനം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Tarikh-i-Firoz Shahi