റമളാൻ ചിന്ത - 7


Dr. ജയഫറലി ആലിച്ചെത്ത്



*സന്തോഷം*

ജീവിക്കുന്ന കാലത്തെ കുറിച്ചുള്ള സന്തോഷത്തെക്കാൾ കഴിഞ്ഞകാലത്തിൻ്റെ കെട്ടുപാടുകളിൽ കുടുങ്ങി എരിഞ്ഞടയുന്നത് മനുഷ്യരുടെ സ്വഭാവമാണ്. കഴിഞ്ഞതും, വരാനിരിക്കുന്നതുമായ സംഭവങ്ങളെ കുറിച്ചാലോചിച്ച് ശരിയായി ജീവിക്കാൻ മറക്കുന്നവരാണ് ബഹുഭൂരിപക്ഷവും. *ഭൂതകാലത്തിൻ്റെ തിക്താനുഭവങ്ങളോ, ഭാവിയുടെ പ്രതീക്ഷകളോ നിലനിൽക്കുന്നില്ല എന്ന അടിസ്ഥാന തത്വം അറിഞ്ഞിട്ടും, അറിവിലെടുക്കാത്തവരാണ് പലരും.*

അവനവനിൽ വിശ്വാസം നഷ്ടപ്പെട്ട്, അപരൻ്റെ ശരി -തെറ്റുകൾ കണക്കാക്കി സ്വയം നിരാശപ്പടുക എന്നത് ബഹുഭൂരിപക്ഷമാളുകളുടേയും സഹച സ്വഭാവമാണെന്ന് മനസ്സിലാക്കാം. തന്നിലുള്ളതിനെ കണ്ടെത്താനാകാതെ മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് എത്തി നോക്കി സ്വന്തം സന്തോഷം കെടുത്തുന്നതിൽ എന്ത് കാര്യമാണുള്ളത്?. കൂട്ടുകാരനെ, അയൽവാസിയെ, സഹപ്രവർത്തകനെ, എന്തിന്, യാത്രക്കിടയിൽ കണ്ടേക്കാവുന്ന അപരിചിതനെ വെച്ച് പോലും സ്വന്തത്തെ തുലനം ചെയ്യാൻ കാണിക്കുന്ന വ്യഗ്രത പക്ഷെ നമ്മുടെ പോസിറ്റീവുകളെ കുറിച്ച് ചിന്തിച്ചെടുക്കാൻ നാം കാണിക്കാറില്ലെന്നത് സത്യം! 


വളരെ പോസറ്റീവാണെന്ന് നാം പറയുന്നവരായിരിക്കും ഏറ്റവും കൂടുതൽ നെഗറ്റീവ് ചിന്തകളാൽ പ്രയാസമനുഭവിക്കുന്നത്. അരയന്നത്തെ കണ്ട കാക്കയെപ്പോലെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാതെയാണ് പലപ്പോഴും നമ്മുടെ ചിന്തകൾ പ്രവർത്തിക്കുന്നത്. 


 പ്രത്യേക പ്രയാസങ്ങളൊന്നുമില്ലാതെ, സ്വതന്ത്ര്യവാഴ്ച നടത്തിയിരുന്ന കാക്ക ഒരിക്കൽ തൻ്റെ പറക്കലിനിടക്ക് അരയന്നത്തെ കാണാനിടയായി. വെളുത്ത, വൃത്തിയുള്ള തൂവലുകളുള്ള ചിറക് വിടർത്തി അരുവിയിൽ ഉല്ലസിക്കുന്ന അരയന്നത്തിൻ്റെ ഭംഗി കണ്ടപ്പോൾ കാക്കക്ക് തൻ്റെ കറുത്തിരുണ്ട നിറം ഒരഭംഗിയായി അനുഭവപ്പെട്ടു. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജീവ അരയന്നമാവുമെന്ന് സ്വയം ഉറപ്പിച്ച് ആകുലതപ്പെട്ടുകൊണ്ടിരിക്കുമ്പോൾ, അരുവിയിൽ നിന്ന് ചിറക്ക കുടഞ്ഞ് കരയിൽ വന്ന അരയന്നത്തോട് തൻ്റെ നിരാശ പുറത്ത് കാണിക്കാതെ കാക്ക പറഞ്ഞു, "നീയായിരിക്കും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജീവി". അത് കേട്ട അരയന്നം ചിന്താമഗ്നനായി പറഞ്ഞു. "രണ്ട് നിറങ്ങളുള്ള തത്തയെക്കാണും വരെ എൻ്റെ ചിന്തയുമിതായിരുന്നു. പക്ഷേ ഇപ്പോൾ ആ തത്തയാണ് ഏറ്റവും സന്തോഷമുള്ള വ്യക്തി എന്ന് ഞാൻ മനസ്സിലാക്കുന്നു". 

അരയത്തോട് യാത്ര പറഞ്ഞ്, തത്തയെത്തേടി കാക്ക പറന്നകന്നു. നെൽ കതിർ കൊത്തിത്തിന്നു കൊണ്ടിരിക്കുന്ന തത്തയോട് തൻ്റെ സംശയ നിവാരണം നടത്തുന്നു കാക്ക. കാക്ക വ്യഥകളെല്ലാം കേട്ട തത്ത മറുപടിയായി ഇങ്ങനെ പറഞ്ഞു, "അതെ നീ ചിന്തിച്ചിരുന്ന പോലെയായിരുന്നു എൻ്റെ ധാരണയും, എന്നാൽ ഒരിക്കൽ മയിലിനെ കണ്ടതോടു കൂടി ഏറ്റവും സന്തോഷമുള്ള ജീവി ഞാനാണെന്ന ബോധ്യം തെറ്റായിരുന്നു എന്ന് മനസ്സിലായി. നോക്കൂ എനിക്ക് വെറും രണ്ട് നിറമല്ലെ ഒള്ളൂ, വിത്യസ്ഥ നിറമുള്ള ചിറകുകൾ വിടർത്തിയാടുന്ന മയിൽ എത്ര ഭാഗ്യവാൻ". തത്തയുടെ മറുപടി കേൾക്കേണ്ട താമസം, കാക്ക യാത്ര പറഞ്ഞ് മയിലിനെത്തേടി പറന്നു. അവസാനം പട്ടണത്തിലെ മൃഗശാലയിൽ കൂട്ടിലടക്കപ്പെട്ട മയിലിനെ കാണാനായി.  നൂറുക്കണക്കിന് സന്ദർശകരാൽ വലയം ചുറ്റപ്പെട്ട മയിലിനെ തിരക്കൊഴിഞ്ഞ് കാണാൻ കാക്ക കാത്തിരുന്നു. അവസാനം മയിലിനടുത്തെത്തി കാക്ക പറഞ്ഞു. " ആയിരക്കണക്കിന് സന്ദർശകർ നിൻ്റെ ഭംഗി കാണാനും, പീലി വിടർത്തിയുള്ള നൃത്തമാസ്വദിക്കാനും വന്നുകൊണ്ടിരിക്കുന്നു, നീ എത്ര ഭാഗ്യവതി! എന്നെ നോക്കൂ, കാണുന്നിടത്തു നിന്നെല്ലാം ഓടിച്ചു വിടുകയാണ് ആളുകൾ. നിരാശ മുറ്റിയ ഒരു ചിരിയോടെ കാക്കയെ നോക്കി മയിൽ പറഞ്ഞു, എൻ്റെ സൗന്ദര്യമാണ് എൻ്റെ സ്വാതന്ത്ര്യം ഹനിച്ചത്. ചിറകുണ്ടായിട്ടും, പറക്കാൻ സാധിക്കാതെ ഞാൻ കൂട്ടിലൊതുക്കപ്പെട്ടു. ഈ മൃഗശാലയിൽ കൂട്ടിലടയ്ക്കാത്ത ഏകപക്ഷി കാക്കയാണ്. ഇപ്പോൾ എനിക്ക് തോന്നുന്നു ഒരു കാക്കയായിരുന്നെങ്കിൽ നിന്നെപ്പോലെ സന്തോഷത്തോടെ പാറി നടക്കാമായിരുന്നു." കാക്കക്ക് തൻ്റെ ചിന്തകളിൽ ലജ്ജ തോന്നി, തിരിച്ച് കാട്ടിലേക്ക് പറന്നു.


*അക്കരപ്പച്ചകൾ തേടുന്ന മനുഷ്യ ചിന്തയ്ക്കു കടിഞ്ഞാണിടാതെ ജീവിതം സന്തോഷകരമാക്കാൻ സാധിച്ചെന്ന് വരില്ല.* സന്തോഷവും, അനുഗ്രഹങ്ങളും ഒരളവോളം എല്ലാവരിലും തുല്യമാണ്, പക്ഷെ അവ കണ്ടെത്താനാവാതെ നിരാശയിലേറി ജിവിതം ദുരിതപൂർണ്ണമാക്കുന്നു പലപ്പോഴും നാം. *നമുക്കടുത്തറിയാത്തവരുമായി താരതമ്യപ്പെടുത്താനും, നമുക്ക് മനസ്സിലാക്കാനാവാത്ത കാലത്തെ കുറിച്ചോർത്ത് ആകുലതപ്പെട്ട് ജിവിതം നരകതുല്യമാക്കാതിരിക്കുക.*


ശുഭദിനം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Model Question by Dr. JR