റമളാൻ ചിന്ത - 10

 

Dr.ജയഫർ അലി ആലിച്ചെത്ത്


*ഐക്യമത്യം മഹാബലം*



കഴിഞ്ഞ ഓഗസ്റ്റ്  25 ന് ഇന്ത്യൻ ഫോറസ്റ്റ് ഓഫീസറായ  സുശാന്ത നന്ദ (IFS) തൻ്റെ ട്വിറ്ററിൽ പങ്കുവെച്ച ഒരു വീഡിയോയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു, *"Unity & Victory are Synonymous".* (ഐക്യത്തിൻ്റെ പര്യായമാണ് വിജയം). 56 സെക്കൻ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, മേച്ചിൽ പുറത്ത് തീറ്റയെടുക്കുന്ന ഒരു കൂട്ടം പോത്തുകളെ അക്രമിച്ചു വേട്ടയാടാൻ അവസരം കാത്തിരിക്കുന്ന രണ്ട് സിംഹങ്ങളെ കാണാം. സിംഹങ്ങളെ കണ്ട് ഭയപ്പെട്ട പോത്തുകൾ ആദ്യം ചിതറി ഓടുന്നുണ്ട്. എന്നാൽ വളരെ പെട്ടെന്ന് ഒരുമിച്ച് ചേർന്ന് സിംഹങ്ങൾക്ക് നേരേ കൂട്ടമായി വരുന്നതും, സിംഹങ്ങൾ പ്രാണരക്ഷാർത്ഥം ഓടിയകലുന്നതുമായ രസകരമായ ഒരു രംഗമാണതിൽ. 


വളരെ മനോഹരമായ ഒരു സന്ദേശത്തിന് അനുയോജ്യമായ വീഡിയോ! 

സിംഹത്തിൻ്റെ കരുത്തിന് മുന്നിൽ കീഴടങ്ങുകയോ, ഭയപ്പെട്ട് ഓടുകയോ ചെയ്യുന്ന ഇര ജന്തുക്കളുടെ എത്രയോ രംഗങ്ങൾ നമ്മൾ പല വീഡിയോകളിലും കാണുന്നതാണ്.  എന്നാൽ *ദുർബലരെന്നറിഞ്ഞിട്ടും, സഖ്യബലം കൊണ്ട് ശത്രുവിനെ നേരിടാനാവുമെന്ന വലിയ പാഠം പഠിപ്പിക്കുകയാണിതിലൂടെ പ്രകൃതി*


ജീവിത പ്രശ്നങ്ങളെ ശരിയായി മനസ്സിലാക്കാനും, അതിനനുയോജ്യമായി നേരിടാനും പലരും നിസ്സഹായരാണല്ലോ? തനിക്കതിനുള്ള പ്രാപ്തിയില്ല,  അശക്തരാണെന്ന ബോധ്യം നമ്മിൽ കെട്ടിക്കിടക്കുന്നതിലാണ് പലപ്പോഴും ഇത്തരം നിഷേധചിന്തകളിൽ നിന്ന് മോചനം നേടാനാകാത്തത്. ആത്മബലം നൽകാൻ ആളുണ്ടെങ്കിൽ, "ഞാനുണ്ടാവും നിൻ്റെ കൂടെ ഏതറ്റം വരെയും", "നമുക്ക് ഒരുമിച്ച് നേരിടാം മച്ചാ"; പോലുള്ള കരുത്തുറ്റ പിൻബലം കിട്ടിയാൽ, അത്തരം കൂട്ടിപ്പിടുത്തങ്ങൾ ആഗ്രഹിക്കാത്തവരല്ലല്ലോ നമ്മൾ?. ആത്മാർത്ഥമായുള്ള അത്തരം പിന്തുണകൾ നൽകാനും, കൊടുക്കാനും കഴിയേണ്ടതുണ്ട് ഒരു സാമൂഹിക ജീവി എന്ന നിലയിൽ മനുഷ്യർക്ക്. 


*കൂട്ടായ്മകളുടെ ഭാഗമാവുക എന്നത് നിസ്സാര കാര്യമാണ്, എന്നാൽ വേരറ്റ് പോകാതെ ആ ആത്മബന്ധം നിലനിർത്താനാവുക എന്നത് അതികഠിനവും.* യോജിപ്പിലിരിക്കാനാവണം ഓരോ ഘട്ടങ്ങളിലും, *വിയോജിപ്പുകളിൽ പോലും യോജിപ്പിൻ്റെ ഒരു സാധ്യത നിലനിർത്തിയാവണം നമ്മുടെ ഇടപെടലുകൾ,* അങ്ങിനെയല്ലെങ്കിൽ ദുർബലനായി സ്വയം വിനാശത്തിലേക്ക് എടുത്തുചാടും. 


ജപ്പാനിലെ പ്രായമായ ഒരു കർഷകൻ്റെ വലിയ വിഷമം മക്കൾ തമ്മിൽ യോജിപ്പില്ല എന്നതായിരുന്നു. ഏത് സമയത്തും, നിസ്സാര കാര്യത്തിനു പോലും വഴക്കിടുന്ന മക്കളെ പല വിധത്തിൽ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും, പരാജയപ്പെട്ടു. ഒരു ദിവസം അദ്ദേഹം മക്കളെ വിളിച്ച് ചുറ്റും ഇരുത്തിയിട്ട്, തൻ്റെ ശാരീരികാവശതകൾ വിവരിച്ച ശേഷം, ഇത്ര വിശാലമായ കൃഷിയിടങ്ങൾ പരസ്പര യോജിപ്പില്ലാതെ നഷ്ടപ്പെടുത്തരുതെന്ന് ഓർമ്മിപ്പിച്ചു. ശേഷം നാലു പേരോടും കാടിനുള്ളിൽ പോയി കുറച്ച് വിറക് ശേഖരിക്കാൻ ആവശ്യപ്പെട്ടു. എന്തിനാണീ അസാധരണ ആവശ്യം എന്ന് മനസ്സിലായില്ലെങ്കിലും അൽപ്പസമയത്തിനകം സ്വരൂപിച്ചു കൂട്ടിയ വിറക് കെട്ടുകളുമായി അവർ പിതാവിനു മുന്നിലെത്തി. ഉടനെ അദ്ദേഹം മക്കളുടെ നേരേ നോക്കിയിട്ട് പറഞ്ഞു, "നിങ്ങൾ പൊറുക്കിയുണ്ടാക്കിയ വിറക് കെട്ടിൽ നിന്ന് ഒരു വിറക് ചുള്ളികയ്യിലെടുത്ത് കഷ്ണിക്കുക". നാലു പേരും വളരെ അനായാസം ആ ഉദ്യമം പൂർത്തിയാക്കി, അടുത്തത് നാലാളുകളും കൊണ്ട് വന്ന കെട്ടുകളിൽ നിന്ന് അൽപ്പം വിറക് എടുത്ത് കൂട്ടിക്കെട്ടി അവരുടെ കൈകളിൽ വെച്ച് കൊടുത്തു. എന്നാൽ ഈ പ്രാവശ്യം ആ കമ്പുകൾ വളച്ചൊടിക്കാനുള്ള അവരുടെ ഓരോരുത്തരുടേയും ശ്രമം പരാജയപ്പെട്ടു. ഇത് കണ്ട് നിന്ന ആ പിതാവ് മക്കളോടായി പറഞ്ഞു, "എപ്പോഴാണോ നാം *തനിച്ചാകാനും, തന്നിഷ്ടം കാണിക്കാനും ശ്രമിക്കുന്നത്  അത് സ്വയം ദുർബലപ്പെടലാണ്. കൂട്ടത്തോടൊപ്പം നിൽക്കുമ്പോൾ നാം അശക്തരെങ്കിലും നമുക്ക് ബലമുണ്ടാകും",* ഈ മഹത് സന്ദേശം ഉൾക്കൊള്ളാനും ചേർന്നിരിന്നു ബലം നേടാനുമാകട്ടെ എന്നാശംസിക്കുന്നു.


ശുഭദിനം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Model Question by Dr. JR