റമളാൻ ചിന്ത - 18

 

Dr.ജയഫർ അലി ആലിച്ചെത്ത്



*ക്ഷമയോടെ കാത്തിരിക്കാം*


‘its just a bad day, not a bad life’ (ചില ദിവസങ്ങൾ മോശമായിരിക്കും, അതിനർഥം ജീവിതം തന്നെ അങ്ങനെയായിരിക്കണമെന്നില്ല). അതെ ജീവിതത്തിൻ്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ നമ്മുടെ പ്രതീക്ഷകൾ നിറവേറ്റാൻ സാധിച്ചില്ലെങ്കിൽ, ഈ ജീവിതം മൊത്തത്തിൽ പരാജയമാണെന്ന് നാം നിനക്കരുത്. *ലക്ഷ്യങ്ങൾക്ക് പ്രവർത്തനമുണ്ടാവണം, പ്രവർത്തനങ്ങൾക്ക് പ്രായോഗിക ജ്ഞാനം കൈവരിക്കണം,  പ്രയോഗികജ്ഞാനം കൈവരിക്കാൻ ജീവിതാനുഭവങ്ങൾ ലഭ്യമാക്കണം. ജീവിതാനുഭവങ്ങൾക്ക് സുദീർഘമായ കാത്തിരിപ്പുണ്ടാകണം.* അങ്ങനെ ക്ഷമയോടെ കാത്തിരിക്കുമ്പോൾ കണ്ടെത്തുന്ന വിജയം വലിയ ആത്മ നിർവൃതി നൽകുന്നതാണ്.


ഭൂമിയിൽ ചിട്ടപ്പെടുത്തിയ മനുഷ്യജീവിതം ഒരു തുടർ വ്യവസ്ഥയിൽ നിക്ഷിപ്തമാണല്ലോ?. ജനനം തൊട്ട് ആത്മവിശ്വാസത്തോടെ നടക്കാനാകുന്നത് വരെ വളർച്ചാഘട്ടത്തിൻ്റെ സമയദൈർഘ്യം പ്രകൃതി നമ്മെ പഠിപ്പിക്കുന്നു. ജനിച്ചതിനന്നു തന്നെ മാതാവിൻ്റെ ചവിട്ടേറ്റു ഓടാൻ പഠിക്കുന്ന ജീവജാലങ്ങൾ നമുക്ക് ചുറ്റുമുണ്ടെന്നത് ഇതിനോട് കൂട്ടി വായിക്കാം. സൃഷ്ടിപ്പിൻ്റെ വൈരുദ്ധ്യങ്ങൾ പ്രകൃതി നിയമങ്ങളിലധിഷ്ഠിതമാണ്. അവ തിരുത്താനാവുന്നതാണെന്ന് പ്രതീക്ഷിക്കരുത്. *തിരുത്താനവസരം ഉണ്ടാക്കാത്ത പ്രകൃതിയിൽ ജീവിക്കുന്ന നമുക്ക് പക്ഷെ തെറ്റുകൾ തിരുത്താൻ ശ്രമിക്കുന്തോറും ഉന്നതി പ്രാപിക്കാനാവുന്നു.*


 അതിനാൽ ഒരിക്കൽ സംഭവിക്കുന്ന പിഴവ് ആജീവനാന്ത നൈരാശ്യത്തിലേക്ക് നയിക്കരുത്. എല്ലാത്തിനും ഒരു ദിവസമുണ്ടെന്ന മഹത് വചനം നമ്മെ പ്രതീക്ഷാനിർഭരരാക്കുന്നു. അത് തീർച്ചയായും അന്തിമ വിജയത്തിലേക്ക് നയിക്കുകയും ചെയ്യും.


സൂഫീ ഗുരുവിൻ്റെ ശിഷ്യനാകാൻ എത്തിയ ഒരു യുവാവിനോട് അദ്ദേഹം ചോദിച്ചു, "എന്തിനാണ് എൻ്റെ ശിഷ്യത്വം ആഗ്രഹിക്കുന്നത്?. അവൻ പറഞ്ഞു "പലതും പഠിക്കാൻ.'' അങ്ങനെ ശിഷ്യനിലേക്ക് ഒരു പാത്രം ഗോതമ്പ് നീട്ടിയിട്ട് അദ്ദേഹം പറഞ്ഞു, "ഇത് പുറത്തുള്ള പ്രാവുകളുടെ ഭക്ഷണമാണ്, നിലത്തെറിഞ്ഞ് പോരരുത്.  നിൻ്റെ കയ്യിൽ നിന്നവ കൊത്തി തിന്നോട്ടെ." കൊടും വെയിലിൽ ശിഷ്യൻ തൻ്റെ കയ്യിൽ ധാന്യം പിടിച്ച് പ്രാവുകൾക്കായി കാത്തിരുന്നു. അദ്യത്തെ രണ്ട് ദിവസവും നിരാശയായിരുന്നു ഫലം. ഗുരുവിനോട് തൻ്റെ വിഷമം പറഞ്ഞപ്പോൾ, അടുത്ത ദിവസം ശ്രമം തുടരാനറിയിക്കുന്നു. അങ്ങനെ മൂന്നാമത്തെ ദിനത്തിൽ ആദ്യമായി ഒരു പ്രാവ് ശിഷ്യൻ്റെ ചുമലിൽ വന്നിരുന്നു. ശിഷ്യൻ മറുകയ്യിലെ ധാന്യം അതിന് നീട്ടി, അത് സാവധാനം കൊത്തിയെടുക്കാൻ തുടങ്ങി. ഇത് കണ്ട് മറ്റ് പ്രാവുകളും അദ്ദേഹത്തിന് ചുറ്റും കൂടി. സന്തോഷത്തോടെ ഗുരുവിനടുത്തേക്ക് ഓടി കാര്യങ്ങൾ വിശദീകരിച്ചു. *ക്ഷമയോടെ തൻ്റെ പ്രവർത്തനത്തിൽ ശ്രദ്ധയൂന്നിയപ്പോൾ സാവധാനമെങ്കിലും വിജയം കൈവരിക്കാനാവും.*

ജിവിതത്തിൽ പല തരം നിരാശ ഘട്ടങ്ങൾ നേരിടേണ്ടി വരുമ്പോൾ പതറാതെ ക്ഷമയോടെ കാത്തിരിക്കാനായാൽ അന്തിമ വിജയം നമുക്കൊപ്പമാകും.


ശുഭദിനം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Tarikh-i-Firoz Shahi