റമളാൻ ചിന്ത - 25
Dr. ജയഫർ അലി ആലിച്ചെത്ത്
*പാരമ്പര്യ മൂല്യങ്ങൾ*
പഴമക്കാർ പറയാറുള്ളതാണല്ലോ, 'കാലത്തിനൊത്ത് വേഷം കെട്ടുക'; അല്ലെങ്കിൽ ' നാടോടുമ്പോൾ നടുവെ ഓടുക', ഇല്ലെന്നാൽ നമ്മൾ ഔട്ട് ഓഫ് ഫാഷനാകും.
ലോകം ട്രൻ്റുകളിൽ അഭിരമിക്കുകയാണല്ലോ? *എല്ലാത്തിലും പുതുമ കണ്ടെത്തി ആഘോഷിക്കാനുള്ള വ്യഗ്രത.* *പാരമ്പര്യ മൂല്യങ്ങളെ പ്രാകൃതമാക്കാനും, കാലത്തിനൊപ്പം വളരാൻ ബുദ്ധിയുറക്കാത്തതെന്ന് പഴിചാരാനും വളരെ പെട്ടെന്ന് സാധിക്കുന്നു.* അങ്ങിനെ കാലങ്ങളായി അത്തരം മൂല്യങ്ങൾ പിന്തുടരുന്നവർ പോലും ക്രമേണ തങ്ങളുടെ വാദങ്ങൾ ഉപേക്ഷിച്ച് പുതിയ ട്രൻ്റുകൾക്കൊപ്പം കുടിയേറുന്നു.
*കൗമാരക്കാരുടെ ആവേശങ്ങളെ സാമൂഹിക സമസ്യയായി അംഗീകരിക്കാനും, അതിൻ്റെ അപകടങ്ങളെ തിരുത്തി നേർ വഴിനടത്താനുള്ള പരിശ്രമം ഉപേക്ഷിക്കാനുമൊന്നും ഇന്നത്തെ മുതിർന്ന തലമുറക്ക് മടിയില്ല.* 'ചേര തിന്നുന്ന നാട്ടിലെത്തിയാൽ നടുക്കണ്ടം തിന്നണ'മെന്ന് അറിയാതെ അവരും ആഗ്രഹിക്കുന്നു. പ്രത്യേകിച്ച്, നൈമിഷിക ആവേശപ്രകടനങ്ങളാണ് ജീവിതമെന്നും, ആത്മാർത്ഥതയില്ലായ്മയും, സോഷ്യൽ മീഡിയ ഷെയറിംഗ് മാനിയയുമൊക്കെയാണ് യഥാർത്ഥ മൂല്യങ്ങളുടെ പരിഛേദമെന്നും ഉറച്ച് വിശ്വസിക്കുന്നു. അത്തരം ഒരു തലമുറയുടെ 'പൊളി വൈബിനോട്' ലയിക്കാതിരിക്കാൻ പക്വമതികൾക്കു പോലും സാധിക്കുന്നില്ല എന്നതാണ് വാസ്തവം!.
പുരാതനമായൊരു കഥയിലെ രാജാവിനെപ്പോൽ നാം ഈ നവലിബറൽ കാലത്തിൻ്റെ ട്രൻ്റുകളിൽ അഭിരമിക്കുകയാണ്. ഒന്നിലും തൃപ്തി കിട്ടാതെ അലയുന്ന പുതു തലമുറകൾക്കൊപ്പം, ജീവിത നിസ്സാരതയിൽ അഭയം തേടുന്നു.
ശക്തമായ വരൾച്ചാ കാലത്ത് രാജകൊട്ടാരത്തിലെത്തിയ പ്രസിദ്ധനായൊരു സൂഫി, ചക്രവർത്തിയോട് വളരെ ഉത്കണ്ഠതയോടെ, സമീപ ഭാവിയിൽ രാജ്യം നേരിടാൻ പോകുന്ന വലിയൊരു പ്രതിസന്ധി യുടെ മുന്നറിയിപ്പ് നൽകുന്നു. വരണ്ടുണങ്ങിയ രാജ്യത്തിൻ്റെ ജലക്ഷാമത്തിന് അനുഗ്രഹമായി ശക്തമായ മഴ ലഭിക്കുമെന്നും, എന്നാൽ ആ വെള്ളം കുടിക്കുന്നവരെല്ലാം ഭ്രാന്തന്മാരാകുമെന്നുമായിരുന്നു അദ്ദേഹത്തിൻ്റെ പ്രവചനം. രാജാവ് സൂഫിയോട് നന്ദിയറിയിച്ച്, തൽക്കാലം ഈ വിവരം രഹസ്യമായി സൂക്ഷിക്കാൻ കൽപ്പിക്കുന്നു. ഉടനെ തന്നെ കൊട്ടാരത്തിലെ ജലസംഭരണികളിലെല്ലാം ശുദ്ധജലം സംഭരിച്ചു വെക്കാൻ ഉത്തരവിട്ടു. രാജ്യത്തിനകത്ത് ലഭ്യമായ ശുദ്ധ ജലസംഭരണികളുടെ കാവൽ കൊട്ടാരത്തിൽ നിന്ന് നേരിട്ട് ഏറ്റെടുത്തു. ഭടന്മാർ മഴവെള്ളം തട്ടാതിരിക്കാനുള്ള മുന്നൊരുക്കങ്ങൾ തകൃതിയായി നടത്തിക്കൊണ്ടിരുന്നു. രാജാവിനും, കൊട്ടാര വാസികൾക്കും വരാനിരിക്കുന്ന പ്രതിസന്ധിയെ മറികടക്കാനുള്ള സംവിധാനങ്ങൾ ഒരുങ്ങി. ദിവസങ്ങൾക്കകം പ്രവചനം പോലെ രാജ്യത്ത് ശക്തമായ മഴ ലഭിച്ചു. പ്രളയം പോലെ ജലാശയങ്ങൾ കവിഞ്ഞൊഴുകി, കിണറുകളും, അരുവികളുമെല്ലാം നിറഞ്ഞൊഴുകി. പ്രജകൾ ആഹ്ലാദ ചിത്തരായി, വരൾച്ച മാറിയതിലെ സന്തോഷത്തിലർമ്മാദിച്ചു.
എന്നാൽ എല്ലാ സന്തോഷങ്ങളും അൽപ്പായുസ്സിലൊതുങ്ങി. വെള്ളം കുടിച്ചവരിലെല്ലാം പ്രത്യേക പെരുമാറ്റങ്ങൾ രൂപപ്പെടാൻ തുടങ്ങുകയും വസ്ത്രം ഉപേക്ഷിച്ച് നഗ്നരായി സ്വാഭാവിക ജീവിതം നയിക്കുകയും ചെയ്തു. ദിവസങ്ങൾക്ക് ശേഷം മഴ മാറി, രാജ്യം സാധാരണ നിലയിലായപ്പോൾ രാജാവിന് പ്രജകളുടെ അവസ്ഥ അറിയാൻ ആകാംക്ഷയായി. മന്ത്രിമാരോടൊപ്പം അദ്ദേഹം നാട് കാണാനിറങ്ങി. എന്നാൽ തെരുവുകളിൽ വസ്ത്രമില്ലാതെ ജീവിക്കുന്ന ആളുകളെ കണ്ട് രാജാവ് അന്ധാളിക്കുകയും, അവരോട് നഗ്നത മറക്കാൻ കൽപ്പിക്കുകയും ചെയ്തു. ആർഭാട വസ്ത്രങ്ങളിട്ട് തൻ്റെ പരിവരങ്ങൾക്കൊപ്പം വന്ന് കൽപ്പന പുറപ്പെടുവിക്കുന്ന രാജാവിനെ ജനങ്ങൾ കണ്ടത് ഒരു വിചിത്ര ജീവിയായാണ്. അവർ കൊട്ടാര വാസികളെ ആക്രമിക്കാനും, രാജാവിനെ ആട്ടിയോടിക്കാനും ശ്രമിച്ചു. ഒരു കണക്കിന് രക്ഷപ്പെട്ട രാജാവ് കൊട്ടാരത്തിലെത്തി നിരാശയോടെ രാജസദസ്സിൽ പ്രശ്നം ചർച്ച ചെയ്യുന്നു. അവസാനം പരിഹാരത്തിന് സൂഫിയെ സമീപിക്കാൻ തീരുമാനിച്ചു. അങ്ങനെ സൂഫിയുടെ നിർദ്ദേശപ്രകാരം അദ്ദേഹം കൊട്ടാരത്തിലെ ജലസംഭരണികളിൽ മഴവെള്ളം കലർത്തി കുടിക്കുകയും, രാജ്യത്തിൻ്റെ ഗതിക്കനുസരിച്ച് ഭ്രാന്തനാകുകയും ചെയ്തു എന്നും പിന്നീട് വളരെക്കാലം സൌര്യമായി രാജ്യം ഭരിക്കുകയുമുണ്ടായി.
ഇക്കാലഘട്ടത്തിൽ ഒരു രക്ഷിതാവാണെങ്കിലും, അധ്യാപകനാണെങ്കിലും ഒരു വേള രാജാവിനെപ്പോലെ സ്വയം ഭ്രാന്തനാകേണ്ടി വരുന്നത് ഒരു അനുവാര്യതയാണെന്ന് തോന്നുന്നു. നിത്യേന ചുറ്റുപാടുകളിൽ നിന്ന് കേട്ടുകൊണ്ടിരിക്കുന്ന വാർത്തകൾ അത്ര ശുഭകരമല്ലല്ലോ?. *മനസ്ഥൈര്യം നഷ്ടപ്പെട്ട് നിരാശാ ബോധം ബാധിച്ച ഒരു യുവതക്ക് വഴികാട്ടികളാവാൻ അവർക്ക് ചില സാമൂഹിക വിലക്കുകൾ വന്നുകൊണ്ടിരിക്കുമ്പോൾ.*
*സാധാചാര മൂല്യങ്ങൾ തങ്ങളുടെ മുൻ തലമുറയിൽ നിന്ന് സ്വായത്തമാക്കി അപ്പാടെ പകർത്തി കൊണ്ടിരുന്നതിൽ നിന്ന് വിഭിന്നമായി, താൽക്കാലിക ആനന്ദമേകുന്ന അധാർമ്മിക മൂല്യങ്ങളെ ധാർമ്മികമായി ശരിപ്പെടുത്തുകയും, അതാണ് ഈ കാലഘട്ടത്തിൻ്റെ ധർമ്മമെന്ന് സോഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് വവരുത്തുകയും, അത് നടപ്പിലാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നതാണല്ലോ ട്രൻ്റ്. *പഴമയാണ് ശരി, ആധുനികമായതെല്ലാം തെറ്റാണ് എന്ന വാദമല്ല മുന്നോട്ടു വെക്കുന്നത്.*
*സാമൂഹികമായി നിലനിന്നു കൊണ്ടിരിക്കുന്ന മൂല്യങ്ങൾ ജീവിതവ്യവസ്ഥക്കനുഗുണമാണെന്ന് തെളിയിക്കപ്പെടുകയും, നൂതനമൂല്യങ്ങൾ പലപ്പോഴും ജീവിത ദുരന്തങ്ങളായി ഭവിക്കുന്നതും കാണുമ്പോൾ ഉണ്ടാകുന്ന ബോധ്യമാണ് ചർച്ചക്ക് നിദാനം*
*കേവലതയിലല്ല പ്രകൃതിയുടെ തൃപ്തി അടങ്ങിയിരിക്കുന്നത് പകരം സ്ഥായിയായ, അനുഭവജ്ഞാനമുള്ള, പക്വമായ സാമൂഹിക മൂല്യങ്ങളിലധിഷ്ഠിതമാണതിൻ്റെ ജീവവായു. അത് ഇക്കാലത്തിനൊത്ത് പരിഷ്കരിക്കാനാകില്ലെങ്കിലും, എക്കാലത്തേക്കും അനുയോജ്യമായി നില നിൽക്കുന്ന ഒന്നാണെന്ന അവബോധം ഉണ്ടാവേണ്ടതുണ്ട്.* പഴഞ്ചവാദ നുകത്തിൽ കെട്ടി മറമാടുന്നതാവരുത്, നമ്മുടെ പാരമ്പര്യ ധാർമ്മിക മൂല്യങ്ങളെന്ന് ഓർമ്മപ്പെടുത്തട്ടെ...
ശുഭദിനം
അഭിപ്രായങ്ങള്‍