റമളാൻ ചിന്ത - 6
തിരുത്ത്
Dr.ജയഫർ അലി ആലിച്ചെത്ത്
തെറ്റുകൾ മനുഷ്യ സഹചമാണ്. ഒരാൾക്ക് തെറ്റു പറ്റുക എന്നത് ഒരപരാധമല്ല.എന്നാൽ താൻ ചെയ്ത തെറ്റുകൾ മറ്റുള്ളവരിൽ നിന്ന് മറച്ചു പിടിക്കുകയും, അതിലൂടെ നിരപരാധികൾ ക്രൂശിക്കപ്പെടുകയും ചെയ്താല്ലോ?. മറ്റൊരാൾ ചെയ്ത പിഴവുകൾക്ക് പഴി കേൾക്കേണ്ടി വന്നിട്ടുണ്ടോ നിങ്ങൾക്ക്? അത്തരം സാഹചര്യങ്ങളിൽ നമുക്കുണ്ടായിട്ടുള്ള മനോവിഷമം പറഞ്ഞറിയിക്കാനാവുമോ?
ജീവിത സാഹചര്യങ്ങളിൽ സംഭവിക്കുന്ന പിഴവ് സ്വഭാവികമാവാം, എന്നാൽ ആ പിഴവ് തിരുത്താൻ ശ്രമിക്കാതെ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളല്ലെ മഹാവിപത്ത്.
രഹസ്യമായി ചെയ്യുന്ന തെറ്റുകൾക്കും പരസ്യമായ ചില പ്രതിഫലനങ്ങൾ ഉണ്ടാകാമെന്ന് ചിന്തിച്ചിട്ടുണ്ടോ? കൂട്ടമായിരിക്കുമ്പോൾ മറ്റൊരാൾ ചെയ്ത തെറ്റിന് നിരപരാധി ക്രൂശിക്കപ്പെടുന്നതിനോളം വലിയ അപരാധം മറ്റെന്ത്? അത്തരം സാഹചര്യങ്ങൾ ഒരു പക്ഷേ ഒരു നിത്യ കുറ്റവാളിയെ സൃഷ്ടിക്കാനും, തിരുത്താനാവാത്ത തെറ്റായി പരിവർത്തിക്കാനും കാരണമാകാം.
സ്വയം വാർത്തെടുക്കുന്ന തോന്നലുകളാണ് ആത്യന്തിക ശരി എന്ന് തീരുമാനിക്കരുത്, ആ ശരിക്കകത്ത് വലിയൊരു തെറ്റുണ്ടാകാം. എത്ര ആലോചിച്ചാലും കാണാൻ കഴിയാത്ത ഒന്ന്. അറിയാതെയോ, അറിഞ്ഞു കൊണ്ടോ അത്തരം തെറ്റുകൾ കാരണം അപമാനം ഏറ്റു വാങ്ങേണ്ടി വരുന്ന ഒരു ഇര കാണാമറയത്ത് രൂപപ്പെട്ടേക്കാം. തെറ്റുകൾ നൈമിഷിക അശ്രദ്ധകളിൽ നിന്നാവാം, എന്നാൽ ആ തെറ്റിനെ തിരുത്താൻ നമുക്ക് എത്രയോ വലിയ മുന്നൊരുക്കവും,മനോബലവും വേണം . നിസാരമായ ഒരു തെറ്റിനെ മറച്ചുവെക്കുന്നതിലൂടെ സംജാതമാകുന്ന പ്രത്യാഘാതങ്ങൾ എന്താണെന്ന് ചിന്തിക്കാവുന്നതല്ലെ?.
പൂജാധികർമ്മങ്ങൾ ചെയ്യാൻ സമയമായപ്പോൾ തൻ്റെ പൂജാമുറിയിൽ എത്തിയ സന്യാസി അത്ഭുതപ്പെട്ടു പോയി. പൂജ മുറിയിൽ ഉണ്ടായിരുന്ന സ്വർണ്ണതളിക നഷ്ടപ്പെട്ടിരിക്കുന്നു. തൻ്റെ ശിഷ്യന്മാരിൽ ആരെങ്കിലുമാകും അതെടുത്തിരിക്കുന്നത് എന്ന് ഗുരുവിന് ബോധ്യമായി. അദ്ദേഹം ശിഷ്യരെ വിളിച്ചു കൂട്ടി, സംഭവങ്ങൾ വിശദീകരിച്ചു. തെറ്റിന് ഉത്തരവാദിയായവർ രഹസ്യമായി അതേറ്റു പറയാവുന്നതാണെന്ന് ഗുരു നിർദ്ദേശിച്ചു. അന്ന് വൈകുന്നേരം എല്ലാവരുടെയും മുമ്പിൽ വെച്ച് ഒരു ശിഷ്യൻ ഗുരുവിൻ്റെ കാൽക്കൽ വീണ് കുറ്റം ഏറ്റ് പറഞ്ഞ് ക്ഷമ ചോദിച്ചു. വാത്സല്യത്തോടെ ഗുരു ശിഷ്യനെ പിടിച്ചുയർത്തി ആശ്വസിപ്പിച്ചു ഗുരു ചോദിച്ചു, "നീ എന്തിനാണ് പരസ്യമായി ക്ഷമ ചോദിച്ചത്?." ശിഷ്യൻ പറഞ്ഞു, '' പരസ്യമായി ഞാനിത് പറഞ്ഞില്ലെങ്കിൽ പലരും പരസ്പരം സംശയിക്കാനിട വരികയും, നിരപരാധികളിൽ കുറ്റം ചാർത്തപ്പെടുകയും ചെയ്യാം." ഗുരുശിഷ്യനെ ആശ്ലേഷിച്ച്, തൻ്റെ പിൻഗാമിയായി പ്രഖ്യാപിക്കുകയുണ്ടായി.
തെറ്റുകളും, പിഴവുകളും സംഭവിച്ചിട്ടുള്ളവരിൽ തിരുത്താനുള്ള മനോഗതിയുണ്ടെങ്കിൽ അവരാണ് യഥർ ത്ഥ ഗുരു.കാരണം അവർക്കെ വീണവൻ്റെ മനസ്സ് വായിക്കാനാവൂ. മാത്രമല്ല, വീണിടത്ത് നിന്ന് പിടിച്ചുയർത്താനും, ഏത് പാതയിലൂടേയാണ് തിരുത്തലിനായി മുന്നേറേണ്ടതെന്നും പറയാനാവൂ. അങ്ങനെ കുറ്റപ്പെടുത്തുന്നവരേക്കാൾ, കുറ്റമറ്റവരാകാൻ പ്രചോദനം നൽകുന്ന വഴികാട്ടിയായി ഗുരു മാറേണ്ടതുണ്ട്.
ചെയ്ത തെറ്റുകൾ മറച്ചു പിടിച്ച് നിഷേധിക്കുന്നത് തൻ്റേടമായി തോന്നാം, അത് സ്വയം പരിഹരിക്കുന്നുവെങ്കിൽ അത് തന്ത്രമായി കാണാം.എന്നാൽ തെറ്റുകൾ ഏറ്റുപറയുന്നത് താഴ്മയും തിരുത്തുന്നതിലൂടെ ആർജ്ജവമുള്ളവനുമാകുന്നു. സംഭവിക്കാവുന്ന തെറ്റുകൾ അംഗീകരിക്കാനും, അതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും പ്രാപ്തമാകുന്നത് അപമാനമായി കാണരുത്. അത് തിരുത്തലുകളിലേക്കുള്ള ആദ്യപടിയാണ്.
അഭിപ്രായങ്ങള്‍