റമളാൻ ചിന്ത - 27

 



Dr.ജയഫർ അലി ആലിച്ചെത്ത്


*കോപം*


സെൻറ് പോളിൻ്റെ പ്രസക്തമായൊരു വചനം ഇങ്ങനെ വായിക്കാം, *"നിങ്ങളുടെ കോപത്തിന്മേൽ സൂര്യൻ അസ്തമിക്കരുത്".*  ഒരാൾക്ക് കോപം ഉണ്ടാകുന്നെങ്കിൽ അതിനെ നിയന്ത്രിക്കാൻ പഠിക്കേണ്ടതുണ്ട്. അനിയന്ത്രിത കോപം വരുത്തുന്ന ഭവിഷ്യത്തുകൾ മാറാൻ സമയമെടുക്കുമെന്നത് സ്വാഭാവികമെങ്കിലും, കൂടുതൽ സമയദൈർഘ്യം കൂടാതെ അത് തീർക്കേണ്ടതുണ്ടെന്ന ഗുണപാഠമാണ് മേൽവചനം.


*തെരുവുയുദ്ധം ജയിക്കുന്നതിനെക്കാൾ ബലവാൻ കോപത്തെ നിയന്ത്രിക്കാൻ സാധിക്കുന്നവനാണെന്ന്* പുണ്യ വചനങ്ങളിൽ പറയുന്നു. *ദൂരവ്യാപകമായ നാശങ്ങളുടെ കവാടങ്ങള്‍ തുറക്കാനുള്ള ഒരു താക്കോലാണ് കോപം എന്നതു തത്വവും.*


ദേഷ്യാവസ്ഥയിൽ ഉപയോഗിക്കുന്ന വാക്കുകളും, ചെയ്തുകൂട്ടുന്ന പ്രവർത്തികളും വിവേകപൂർവ്വമാകില്ലല്ലോ?. മനുഷ്യനെ അപക്വമതിയാക്കുന്നതിനും, വലിയ ദുരന്തങ്ങളിലേക്ക് തള്ളിവിടുന്നതിനും കോപം ഹേതുവാകാം. ഒരു നിമിഷത്തെ *കോപാവസ്ഥയിൽ പറഞ്ഞു കൂട്ടുന്ന വാക്കുകൾ വരുത്തുന്ന മുറിവുകൾ ഉണക്കാൻ ഒരായുസ്സ് മുഴുവനും തികഞ്ഞെന്ന് വരില്ല.* ദേഷ്യം പേറുന്നവനെക്കാൾ ബുദ്ധിമുട്ടു സഹിക്കേണ്ടിവരുന്നത് ദേഷ്യത്തിന് ഇരയാകുന്നവനാണ് . ദേഷ്യക്കാരൻ ദേഷ്യം തീർന്നുകഴിയുന്നതോടെ ശാന്തനാകും. പക്ഷേ അതിന് ഇരയായ വ്യക്തിയാവട്ടെ ദേഷ്യത്തിന്റെ മുഴുവൻ തിക്തഫലങ്ങളും അനുഭവിക്കേണ്ടിവരികയും, അതിൻ്റെ ഭീതിപ്പെടുത്തലുകളിൽ ബന്ധിതനായി ജീവിതകാലം മുഴുവൻ നിരാശയിൽ കഴിയേണ്ടി വരുകയും ചെയ്യും.


ദേഷ്യത്തെ അധീനപ്പെടുത്തുന്നവനാണ് ഏറ്റവും ശക്തനെന്ന് കാണാനാവും.തൻ്റെ സൈനിക വിജയത്തിൽ ആഹ്ലാദഭരിതനായ അലക്സാണ്ടർ ചക്രവർത്തി സ്വദേശത്തേക്ക് മടങ്ങാനൊരുങ്ങുമ്പോൾ പ്രദേശത്തെ മഹാഗുരുവിനെ തന്നെ അനുഗമിക്കാൻ ക്ഷണിക്കുന്നു. എന്നാൽ ഗുരു ചക്രവർത്തിയുടെ ക്ഷണം നിരസിക്കുന്നു. താൻ അധീനപ്പെടുത്തിയ പ്രദേശത്തു നിന്ന് അത്തരം ഒരു അപമാനം ചക്രവർത്തിക്ക് സഹിക്കാനാവുന്നതിലും അപ്പുറമായിരുന്നു. ഉള്ളിൽ നുരഞ്ഞു പൊന്തിയ ദേഷ്യം അടക്കി, ചക്രവർത്തി കാരണം അന്വേഷിക്കുന്നു. ശന്തനായി ഗുരു പറഞ്ഞു, *"ഞാൻ അടിമപ്പെടുത്തിയ അടിമയുടെ അടിമപ്പെട്ട അടിമയാകുന്നു താങ്കൾ".* വ്യക്തത വരുത്താൻ ചക്രവർത്തി ആവശ്യപ്പെട്ടപ്പോൾ ഗുരു പറഞ്ഞു. " കോപത്തെ നിയന്ത്രിക്കാൻ ഞാൻ വർഷങ്ങളായി പരിശീലിച്ചിരിക്കുന്നു. അതായത് കോപം എൻ്റെ അധീനതയിലുള്ള ഒരടിമയാണ്. എന്നാൽ ആ അടിമയായ കോപത്തിന് കീഴടങ്ങുന്ന അങ്ങ് എന്നെ അടിമയാക്കാൻ അർഹനാകുന്നത് എങ്ങനെയാണ്?." ചക്രവർത്തിക്ക് കാര്യം ബോധ്യമായി. അദ്ദേഹം തൻ്റെ  സ്വഭാവദൂഷ്യത്തിന് ക്ഷമ ചോദിച്ചു.


*എത്ര ഉന്നത സ്ഥാനീയനെങ്കിലും, അയാളുടെ പദവിക്ക് അനുഗുണമായ ദൂഷ്യമാണ് ദേഷ്യം എന്ന് മനസ്സിലാക്കണം.* നിസ്സാര കാര്യങ്ങളുടെ പേരിൽ വിട്ടുവീഴ്ച കാണിക്കാൻ പിടിവാശി കാണിക്കുമ്പോൾ തകർന്നടിയുന്നത് നമ്മുടെ തന്നെ സ്വസ്ഥതയാണ്. മാത്രമല്ല കുടുംബ ബന്ധങ്ങൾ തകരുന്നതിനും, സൗഹൃദങ്ങളിൽ വിള്ളൽ വരാനും, അപരനിൽ പോലും, ശത്രുത വളർത്താനും

 അത് കാരണമാകുന്നു -

ദേഷ്യം നിയന്ത്രിക്കാനും, സൗഹാർദ്ദ മനോഭാവം ഉയർത്താനും സാധിക്കുന്നതാവട്ടെ നമ്മിലെ നന്മക്ക് എന്നാശംസിക്കുന്നു.



ശുഭദിനം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Tarikh-i-Firoz Shahi