റമളാൻ ചിന്ത -24
Dr. ജയഫർ അലി ആലിച്ചെത്ത്
*പ്രതീക്ഷയാകാം*
നമ്മുടെ ഒരു വാക്കോ, ഒരു നോക്കോ, ഒരു പുഞ്ചിരിയോ-പലര്‍ക്കും അത്രയും മതി. പക്ഷേ നമുക്കതു ആവശ്യാനുസരണം നല്‍കാന്‍ കഴിയുന്നുണ്ടോ?. ഇല്ലല്ലേ! *സ്വന്തത്തിലേക്ക് ചുരുങ്ങിയ നാം അപരൻ്റെ സന്തോഷത്തിനുള്ള ചിലത് നമ്മിലാണെന്നത് പലപ്പോഴും മറന്ന് പോകുന്നു.* അതിനാൽ മറ്റുള്ളവർക്ക് വേണ്ടി ഒന്നും ചെയ്യാനില്ലാത്തവരായി നമ്മൾ സ്വയം മാറുന്നു.
എവിടെയോ വായിച്ച ഒരു ഇംഗ്ലീഷ് കവിയുടെ വരികൾ ഇങ്ങനെ മലയാളീകരിക്കാം:
"അവരെന്നില്‍ നിന്നു പ്രോല്‍സാഹനത്തിന്റെ
ഒരു വാക്കു പ്രതീക്ഷിച്ചു, ഞാനെന്നില്‍ തന്നെ മുഴുകിയിരുന്നതിനാല്‍ അതു നല്‍കിയില്ല. അവരെന്നില്‍ നിന്നൊരു പുഞ്ചിരിക്കായി കാത്തു, ഞാനപ്പോള്‍
ദൈവത്തോടു സ്പര്‍ശ്യതയില്ലാതിരുന്നതിനാല്‍ അതു നല്‍കിയില്ല.''
അപരനെ സഹായിക്കാൻ നാം വലിയ സമ്പാദ്യങ്ങളുടെ ഉടമസ്ഥനൊന്നും ആകേണ്ടതില്ല, കാരുണ്യത്തിൻ്റെ ഒരു നോട്ടമോ, സ്നേഹത്തോടു കൂടിയുള്ള ഒരു വാക്കോ മതിയാവും. അത് അയാളിലെ പ്രതീക്ഷയും, പ്രത്യാശയും വളർത്തിയേക്കാം, അറിയാതെയെങ്കിലും തനിച്ചല്ല എന്ന സ്ഥൈര്യം കൈവരിച്ചേക്കാം.
തക്ക സമയത്തു പറയുന്ന വാക്കിനെ ‘വെള്ളിത്താലത്തില്‍ വച്ച ഒരു പൊന്‍നാരങ്ങ’ എന്നു ജ്ഞാനിയായ സോളമന്‍ വിശേഷിപ്പിച്ചത് എത്ര അർത്ഥവത്താണ്!. പ്രതീക്ഷ നഷ്ടപ്പെട്ടവന് ജീവിതത്തിൻ്റെ പുതുനാമ്പ് വിടർത്താൻ ഒഴിക്കുന്ന തെളിനീരാകും അത്. പ്രയാസപ്പെടുന്നവന് ഒരു തലോടൽ നൽകാൻ, രോഗമുള്ളവനടുത്തെത്തി സുഖമാവട്ടെ എന്ന് പറയുവാൻ. മാനസിക സമ്മർദ്ദങ്ങളിൽ പെട്ടുഴറുന്നവനോട് "എല്ലാത്തിനും പരിഹാരമുണ്ടന്ന് "പറഞ്ഞാശ്വസിപ്പിക്കാൻ എല്ലാം നമുക്കാവില്ലെ ?. സഹജീവി സ്നേഹത്തിന് നഷ്ടമില്ലാത്ത ഈ ഉപകാരം ചെയ്യാൻ മറന്നു കൂടല്ലോ!
നമ്മുടെ ചെറിയ ലോകത്തു നിന്നു കൊണ്ട് വലിയ കാര്യങ്ങളൊന്നും ചെയ്യാന്‍ നമുക്കു സാധിച്ചെന്ന് വരികയില്ല. എന്നാല്‍ വിശാലമായൊരു ഹൃദയമുണ്ടെങ്കില്‍ ചെറിയ നന്മകള്‍ ചെയ്യുവാന്‍ നമുക്കു കഴിയും. അങ്ങനെ *വലിയ ലോകത്ത് ചെറിയ നന്മകളാൽ ചെറുതല്ലാത്ത ഒരിടം കണ്ടെത്താൻ നമുക്ക് സാധിക്കില്ലെ?.*
ബൈബിളിലെ ഒരു വചനത്തിൻ്റെ സാരം ഇങ്ങനെ ഗ്രഹിക്കാം *"ചെയ്യാൻ അവസരമുള്ളപ്പോള്‍ അതു ചെയ്യാതിരിക്കുന്നതാണ് പാപം".* തിന്മ പ്രവർത്തിക്കുന്നത് മാത്രമല്ല, നന്മ പ്രവർത്തിക്കാതിരിക്കുന്നതും തിന്മയാണെന്നർത്ഥം. നല്ലത് കൊണ്ട് മറ്റുള്ളവർക്ക് ആശ്വാസമാകാൻ പരിശ്രമിക്കുക.
ശുഭദിനം
അഭിപ്രായങ്ങള്‍