റമളാൻ ചിന്ത - 19
Dr. ജയഫർ അലി ആലിച്ചെത്ത്
*ദാനതിലുത്തമം അന്നദാനം*
‘ഗജതുരംഗസഹസ്രം
ഗോകുലം കോടി ദാനം കനകരചിത പാത്രം മേദിനിസാഗരാന്തം; ഉദയകുല വിശുദ്ധം കോടി കന്യാപ്രദാനം
നഹി നഹി ബഹുദാനം അന്നദാനസുസമാനം’. ശിവപുരാണത്തിലെ ഈ ശ്ലോകം വലിയൊരു സന്ദേശം മുന്നോട്ടു വെക്കുന്നു. ഈ വരികളുടെ അർത്ഥം നമുക്കിങ്ങനെ ഗ്രഹിക്കാം, *ആയിരം കൊമ്പനാനകള്‍, ആയിരം പടക്കുതിരകള്‍, ഒരു കോടി പശുക്കള്‍, നവരത്‌നങ്ങള്‍ പതിച്ച അനവധി സ്വര്‍ണ്ണാഭരണങ്ങള്‍, പാത്രങ്ങള്‍, സമുദ്രത്തോളം ഭൂമീ എന്നിങ്ങനെ നിരവധി ദാനങ്ങള്‍ ചെയ്താലും അതൊന്നും അന്നദാനഫലത്തിന് തുല്യമാകില്ല.*
വിശപ്പ് വല്ലാത്തൊരു വികാരമാണല്ലോ?. അഭിമാനവും, അന്തസ്സുമെല്ലാം ഒരു പിടി വറ്റിനു മുന്നിൽ കുരുതി കൊടുക്കേണ്ടി വരുന്നു മനുഷ്യർക്ക്. വിശക്കുന്നവന് ഉപദേശം കൊടുത്തു കൊണ്ടിക്കുന്ന ശിഷ്യനെ ശാസിച്ച്, " ആദ്യം അവൻ്റെ വിശപ്പ് മാറ്റാൻ ഭക്ഷണം കൊടുക്കൂ" എന്ന് കൽപ്പിക്കുന്ന ഗുരു ; ആത്മീയ ഉപദേശത്തേക്കാൾ വയർ എരിയുന്നവന് അന്നമാണ് മുഖ്യം എന്ന മഹത്തായ സന്ദേശം നൽകപ്പെടുന്നു.
വിശന്ന് വരുന്നവന് ഒരു നേരമെങ്കിലും ആശ്വാസം പകരാനായാൽ അത് എത്ര മഹനീയമായ കർമ്മമാണ്!. *അത്യാഗ്രഹിയായ മനുഷ്യവർഗ്ഗത്തിന് പൂർണ്ണ സംതൃപ്തി നൽകുന്ന ഏക സംവിധാനമാണ് വിശക്കുമ്പോൾ മതിയായ ആഹാരം കഴിക്കാനാവുക എന്നത്.* സമ്പത്തും, ആഢംബരങ്ങളും, ആക്രാന്തങ്ങളുമൊക്കെ കൂടുതൽ നിരാശയിലേക്കാനയിക്കുമ്പോൾ, വിശന്ന് വലയുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം നൽകിയാൽ, അതിലൂടെ ഒരാളുടെ വിശപ്പ് മാറ്റുന്നതിലൂടെ പൂർണ്ണ സന്തുഷ്ടി കൈവരിക്കാനാകുന്നു, എന്ന് മാത്രമല്ല അത്യാഗ്രഹിക്കു പോലും ആവശ്യത്തിൽ കൂടുതൽ ആവശ്യപ്പെടാനോ, കൂടുതൽ കഴിക്കാനോ വേണ്ടാത്ത വിധം പൂർണ്ണ തൃപ്തി ലഭിക്കുന്നു. സ്നേഹവും, പ്രാർത്ഥനകളും ആവോളം ചൊരിയാൻ ഒരു പിടി വറ്റിനാകുന്നു എന്നത് എത്ര മഹനീയം. ലോകത്തിലെ ഏറ്റവും ആർദ്രമായ ഒരു വികാരമാണല്ലോ വിശപ്പ്. അതിന് പരിഹാരം കാണാനാരെങ്കിലും സഹായിക്കുന്നെങ്കിൽ അവരായിരിക്കും ആ മനുഷ്യന് ഏറ്റവും വലിയ കടപ്പാടുള്ളവൻ.
ഒരിക്കൽ വേട്ടക്കിറങ്ങിയ രാജാവ് തൻ്റെ കുതിരപ്പുറത്ത് ഇരയെത്തേടി പോകുകയായിരുന്നു. പെട്ടെന്ന് ഒരു കല്ല് തലയിലേക്ക് വീണ് അദ്ദേഹത്തിന് അസഹനീയ വേദന അനുഭവപ്പെട്ടു. ദേഷ്യം കൊണ്ട് ചുറ്റുപാടും നോക്കിയപ്പോൾ ഒരു കുട്ടി പേടിച്ചരണ്ട് നിൽക്കുന്നു. ഭയം കാരണം അവന് സംസാരിക്കാൻ പോലും സാധിക്കുന്നില്ല, രാജാവ് കിങ്കരന്മാരോട് അവനെ പിടിച്ച് കൊട്ടാരത്തിൽ കൊണ്ടുവരാൻ കൽപ്പിക്കുന്നു. അങ്ങനെ വിശ്രമമെല്ലാം കഴിഞ്ഞ് സഭകൂടി പല ചർച്ചകളും വരുന്നു. രാജ നിന്ദ ചെയ്തവന് കഠിനശിക്ഷ വേണമെന്ന അഭിപ്രായങ്ങൾ എങ്ങും. അവസാനം രാജഗുരുവിനോട് വിധി കൽപ്പിക്കാൻ രാജാവ് നിർദ്ദേശിച്ചു. അദ്ദേഹം ഭയന്ന് നിൽക്കുന്ന കുട്ടിയോട് കല്ലെറിയാനുണ്ടായ കാരണം അന്വേഷിക്കുന്നു. വിശന്ന് വലഞ്ഞപ്പോൾ അടുത്തുള്ള മാവിലേക്ക് കല്ലെറിഞ്ഞപ്പോഴാണ് രാജാവിൻ്റെ തലയിൽ പതിച്ചെതെന്ന യാഥാർത്ഥ്യം മനസ്സിലാക്കിയ ഗുരു രാജാവിനോട് പറഞ്ഞു. "പ്രഭോ, തൻ്റെ നേരേ വരുന്ന കല്ല് മുറിവേൽപ്പിക്കുമെന്നറിഞ്ഞിട്ടും സന്തോഷത്തോടെ മാവ് മാങ്ങ പൊഴിച്ച് നൽകുന്നെങ്കിൽ, അതതിൻ്റെ ധർമ്മം നിർവ്വഹിക്കുന്നു, എന്നാൽ ഭരണാധികാരിയായ അങ്ങ് വിശപ്പിനാൽ അന്നം തേടിയവന് ശിക്ഷ നൽകാനാലോചിക്കുന്നു. ആ കുട്ടിയോട് ക്ഷമിച്ച് അവൻ്റെ വിശപ്പിന് പരിഹാരം ഉണ്ടാക്കാനാവുന്നതല്ലെ യഥാർത്ഥ ധർമ്മം. അന്നമേകുന്നതോളം മഹത്തരമായ ദാനം മറ്റെന്തുണ്ട്?". അങ്ങനെ ക്ഷമിക്കാനും, അവന് വേണ്ട സൗകര്യങ്ങൾ ചെയ്യുന്നതിനും രാജാവ് കൽപ്പന നൽകി.
*പ്രകൃതിയിലേക്ക് നോക്കിയാലറിയാം ആവശ്യക്കാരന് എടുക്കാൻ പാകത്തിന്, കൊടുക്കൽ മനോഭാവം പുലർത്തിയാണല്ലോ മരങ്ങളിൽ ഫലങ്ങൾ വളരുന്നത്.* ഏറെക്കുറെ താഴേക്ക് തൂങ്ങി നിൽക്കുന്നതും, വെളിവാക്കപ്പെട്ടതുമാണല്ലോ അവ?. മനുഷ്യർ പൂഴ്ത്തിവെക്കുന്നിടത്ത്, പ്രകൃതി തുറന്ന് കാണിക്കുന്ന മാതൃക. വിശന്നിട്ട് ഭക്ഷണം ലഭിക്കാതെ ഇരക്കേണ്ടി വരുന്നതോളം വലിയ മാനക്കേട് എന്തുണ്ട് പാരിൽ?. ഉള്ളപ്പോൾ *ആർഭാടത്തോടെ നാം കഴിച്ചുപേക്ഷിക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ, കിട്ടാക്കനിയായുള്ള ഒരു ജനത നമുക്കിടയിൽ ഉണ്ടെന്നോർക്കുക,* അവർക്കന്നം നൽകാൻ സാധിക്കുമെങ്കിൽ അതിനോളം മഹത്തരമായ മറ്റെന്ത് കർമ്മമുണ്ടീ പാരിൽ.
ശുഭദിനം
അഭിപ്രായങ്ങള്‍