റമളാൻ ചിന്ത - 12

Dr.ജയഫർ അലി ആലിച്ചെത്ത്


*പ്രതീക്ഷകൾ*



ആദ്യ ശ്രമത്തിൽ തന്നെ വിജയിക്കണമെന്ന ദുർവാശിയാണ് പലപ്പോഴും ജീവതത്തിൽ വമ്പൻ പരാജയം വരുത്തുന്നത്. ഉന്നത കാഴ്ചപ്പാടുകളിലൂടെ വലിയ പ്രതീക്ഷകൾ നട്ടുവളർത്തി എല്ലാം പെർഫെക്ട് എന്ന മനോഗതിയിൽ നാം തുടക്കം കുറിക്കുന്ന ഒരു സ്വപ്ന പദ്ധതി, നമ്മുടെ തന്നെ അപരിചിതത്വം കൊണ്ടോ, ശ്രദ്ധക്കുറവിനാലോ വിജയിച്ചില്ലെങ്കിൽ പിന്നെ നിരാശയായി, സ്വയം പഴിചാരലായി, പരിതപിക്കലായി, ഭാവി ഇരുട്ടടഞ്ഞു എന്ന തോന്നലാണ്. യഥാർത്ഥത്തിൽ ഒരു പരിശ്രമത്തിൻ്റെ ഫലമില്ലായ്മ; (നമ്മൾ പ്രതീക്ഷിച്ച വിധം) തകർത്തു കളിയേണ്ടതാണോ നമ്മിലെ പ്രയത്ന ത്വരയെ?. അങ്ങനെയെങ്കിൽ *ചരിത്രത്തിൽ എങ്ങിനെ ഒരു എബ്രഹാം ലിങ്കൺ ഉണ്ടാവും, തോമസ് ആൽവാ എഡിസന് ശാസ്ത്ര വിജയം വരിക്കാനാവും, ഗാന്ധിജിയെപ്പോലെ അഹിംസയെ ആയുധമാക്കിയ ഒരാൾക്ക് ബ്രിട്ടീഷ് അധിനിവേശ ശക്തികളെ മുട്ടുകുത്തിക്കാനാവുമായിരുന്നു?.*


ഒരു പ്രവർത്തി കൊണ്ട് ജീവിതത്തിൽ എല്ലാം സ്വായത്തമാക്കാം എന്ന് മിഥ്യാധാരണ പുലർത്തരുത്. ഒരു പക്ഷെ നമ്മുടെ സ്ഥായിയായ വിജയമാസ്വദിക്കാൻ; വിത്ത് പാകാൻ ഉഴുതു പരുവപ്പെടുത്തിയ മണ്ണും, അതിൽ ലയിപ്പിക്കുന്ന വളവും, പ്രകൃതി കനിയുന്ന ജലവുമെല്ലാം സമാസമം ചേർന്ന്  വിളവ് ലഭിക്കും പോലെ; ഒരു രസതന്ത്രം പ്രവർത്തിക്കേണ്ടതുണ്ട്. 


പ്രാഥമിക വിദ്യഭ്യാസത്തോടെ പാഠശാലയോട് വിട ചൊല്ലി,  മതാവിൻ്റെ സ്നേഹ നിർബന്ധത്തിന് വഴങ്ങി വിവാഹം കഴിച്ച്, ജീവിത മാർഗ്ഗത്തിന് അടുത്തുള്ള പ്രൈമറി സ്കൂളിൽ ജോലിക്ക് ചേർന്ന്, കഴിവില്ലായ്മ പറഞ്ഞ് അവിടെ നിന്ന് പിരിച്ചുവിട്ട്, പിന്നീടു കിട്ടിയ പല ജോലികളിലും സാമർത്ഥ്യക്കുറവിനാൽ നിലനിൽക്കാനാവാതെ വന്നപ്പോഴെല്ലാം "നമുക്ക് മറ്റൊരു ജോലി നോക്കാം, ഇത് നിങ്ങൾക്ക് പറ്റിയതല്ല'', എന്ന് പറഞ്ഞ് കൂടെ നിന്ന ഭാര്യയുടെ പിന്തുണ കൊണ്ട് തളരാതെ പോയ ജോൺ ഡോയുടെ ജീവിതം മോട്ടിവേഷൻ ക്ലാസുകളിലെ സ്ഥിരം ഉദാഹരങ്ങളിലൊന്നാണല്ലോ?. 


തൻ്റെ പ്രാപ്തിയില്ലായ്മ നഷ്ടപ്പെടുത്തിയ ധാരാളം അവസരങ്ങളിൽ തളരാതെ അദ്ദേഹത്തെ നില നിർത്തിയത് ഭാര്യയുടെ പക്വമായ സമീപനമാണ്. തൻ്റെ പരാജയ ഘട്ടങ്ങളിൽ നിരാശയോടെ പിന്മാറാതെ തുടങ്ങിയ ഭാഷാ നൈപുണ്യമാർജ്ജിക്കലും, തന്നിൽ ആരോപിക്കപ്പെട്ട കുറവുകൾ പരിഹരിക്കാനുള്ള പരിശ്രമവും തുടർന്നുകൊണ്ടിരുന്നു. 

അവസാനം നിരാശാജീവിതം മറ്റുള്ളവർക്ക് തണലാകാൻ അദ്ദേഹം നിശ്ചയിച്ചു, അംഗ പരിമിതർക്കുള്ള ഒരു സ്ഥാപനത്തിന് തുടക്കം കുറിച്ച് തൻ്റെ പരിമിതികളെ കുറ്റപ്പെടുത്താത്ത ഒരു സാഹചര്യത്തിലേക്കദ്ദേഹം ചേക്കേറി. സ്ഥാപനത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാർക്ക് ആവശ്യമുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ഒരു സംരംഭവും തുടക്കം കുറിച്ചു. 


വളരെ ചെറിയ കാലം കെണ്ട് തന്നെ തൻ്റെ പരാജയ കാലത്തിൻ്റെ മുറിവുകളെ മായ്ച്ചു കളയാനദ്ദേഹത്തിന് സാധിച്ചു. ആ മേഖലയിൽ വലിയൊരു സംരംഭകനായി വികാസം പ്രാപിക്കാൻ അദ്ദേഹത്തിൻ്റെ കമ്പനിക്കു ചുരുങ്ങിയ സമയമെ വേണ്ടി വന്നൊള്ളൂ...

അങ്ങനെ ഒരു ദിവസം വീട്ടിലെത്തി ഭാര്യയുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അദ്ദേഹം ചോദിച്ചു;" പരാജയത്തിൻ്റെ പടുകുഴിയിൽ വീണ് പ്രതീക്ഷ നഷ്ടപ്പെട്ട ആ പ്രതിസന്ധി ഘട്ടത്തിലും, നിനക്ക് എങ്ങിനെ ഇത്ര ക്ഷമയോടെ എനിക്ക് ഊർജ്ജമേകാൻ സാധിച്ചത്"?. ഭാര്യയുടെ മറുപടി നമ്മുടെ ചിന്തകളിൽ ആഴ്ന്നിറങ്ങേണ്ടതുണ്ട്, ചെറിയ തിരിച്ചടികൾ കിട്ടുമ്പോഴേക്കും ജീവിതം ഇനി ഇല്ല, എല്ലാം അവസാനിപ്പിക്കാം എന്ന ധാരണ പുലർത്തുന്ന മന:ശ്ശക്തിയില്ലാത്ത ഒരു തലമുറക്ക് പ്രചോദനമേകാനെങ്കിലുമുപകരിക്കും. അവരുടെ മറുപടി ഇങ്ങനെയായിരുന്നു; "ഒരു തരിശ് ഭൂമി ഉഴുത് മറിച്ച് കൃഷിയോഗ്യമാക്കിയ കർഷകൻ നടാനുള്ള മുന്തിരി വള്ളികളുമായി തൻ്റെ ആദ്യ കൃഷിയിറക്കുമ്പോൾ അയാളിൽ എന്തെല്ലാം പ്രതീക്ഷകളുണ്ടാവും?. എന്നാൽ മുന്തിരി വിളക്ക് അനുയോജ്യമല്ലാത്ത മണ്ണിനാലും, കാലാവസ്ഥയിലും കൃഷി നശിക്കുമ്പോൾ, നിരാശപ്പെട്ട് എല്ലാം ഉപേക്ഷിച്ച് കൃഷിയവസാനിപ്പിച്ച് പോകാറുണ്ടോ?. അയാൾ അനുയോജ്യമായ കലാവസ്ഥക്ക് കാത്തിരിക്കും, അല്ലെങ്കിൽ കൂടുതൽ ഫലപ്രദമായ മറ്റൊരു കൃഷിയിലേക്ക് മടങ്ങും. *അങ്ങനെ ഓരോ വിളനഷ്ടത്തിലും പുതിയ ഒരറിവ്  ആർജ്ജിച്ചെടുക്കാനും, കൃഷിക്ക് പ്രതികൂലമായ സാഹചര്യങ്ങളെ കണ്ടെത്തി കൂടുതൽ അനുയോജ്യമായ രീതിയിൽ കൃഷിയിറക്കി കൂടുതൽ ഫലം കൊയ്യുന്നു. അപ്പോൾ മുന്നേ പരാജയപ്പെട്ട ശ്രമങ്ങൾ അദ്ദേഹത്തിന് നഷ്ടമാണോ, ലാഭമാണോ വരുത്തിയത്?.* അതുപോലെയാണ് നമ്മുടെ ജീവിതവും, *ഓരോ പ്രതികൂല സാഹചര്യങ്ങളും അനുകൂലമാക്കാൻ പരിശ്രമിക്കാനാവസരം നൽകുന്നതാണ് പരാജയങ്ങൾ. അവിടെ പ്രതീക്ഷ നഷ്ടപ്പെടുകയല്ല, പകരം കൂടുതൽ കരുത്താർജ്ജിക്കുകയാണ് ചെയ്യുന്നത്. അതു പോലെ ഓരോ തിരച്ചടിയും നിങ്ങളിൽ പരാജയങ്ങൾ മറികടക്കാനുള്ള അനുഭവജ്ഞാനം ഉണ്ടാക്കുമെന്ന ഉറപ്പ് എനിക്കുണ്ടായിരുന്നു.അതാണിപ്പോൾ സംഭവിച്ചതും.

 തിരിച്ചടികൾ ജീവിതത്തിൻ്റെ അവസാനവാക്കല്ല, അവ മുന്നോട്ടു കുതിക്കാനുള്ള ഊർജ്ജമാണ്. അനുഭവ പാഠങ്ങളോളം വലിയ വിദ്യാലയം വേറെന്തുണ്ട്?, അനുഭവത്തോളം വലിയ ഗുരു മറ്റെവിടെയുണ്ട്?. ഒന്നോ, രണ്ടോ തിരിച്ചടികൾ വരുമ്പോഴേക്കും തകർന്നു പോവുന്നതാവരുത് നാം പടുത്തുയർത്തുന്ന പ്രതീക്ഷകൾ.*


ശുഭദിനം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Tarikh-i-Firoz Shahi